Friday, 30 September 2016

നവരാത്രി വ്രതം തുടങ്ങേണ്ടതെന്ന്

*?*

*വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നത് പ്രധാനമാണ്*.

*2016 ഒക്ടോബർ മാസം ഒന്നാം തീയതിയാണ് വ്രതം തുടങ്ങേണ്ടത്. അന്നു മുതലുള്ള 10 രാത്രികൾ നവരാത്രികളായി ഈ വർഷം ആചരിക്കേണ്ടതാണ്*.*11ാം തീയതി വിജയദശമിയായി ആചരിക്കണം*. അതുവരെ വ്രതമെടുക്കണം. *9,10,11 അഷ്ടമി, നവമി, വിജയദശമി ദിവസങ്ങളിലെങ്കിലും വ്രതമെടുക്കണം*.

മത്സ്യമാംസാദിഭക്ഷണം ത്യജിക്കുകയും രാവിലെ ഉച്ചയ്ക്ക്, വൈകുന്നേരം ദേവി പ്രാർഥന നടത്തിയും നെയ് വിളക്കു കത്തിച്ചും പ്രാർഥിക്കുക. വടക്കേഇന്ത്യയിലുള്ളവർ പഴങ്ങൾ മാത്രമാണ് കഴിക്കുന്നത്. അത്യാവശ്യമാണെങ്കിൽ ഒരിക്കലുണ്ടാക്കാം. ലഹരി ഉപയോഗം പാടില്ല, ബ്രഹ്മചര്യം നിർബന്ധമാണ്. *മനസാ വാചാ കർമ്മണാ പ്രവർത്തിയും ശുദ്ധമായിരിക്കണം*.

*നവരാത്രിയും*, *പൂജവയ്പ്പും എഴുത്തിനിരുത്തുന്നതുമായുള്ള ബന്ധം*

മഹാലക്ഷ്മി ഐശ്വര്യവും, സമൃദ്ധിയും സൗന്ദര്യവും നൽകുന്നു.

മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ വിദ്യയും വിനയവും ഏറ്റവും വലിയ ഘടകമാണ്. *വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നതിന് നവരാത്രി പ്രാധാന്യമായി എടുത്തിരിക്കുന്നു*.

*നമ്മുടെ അമൃതസ്വരൂപികളായ തിന്മകളെ നശിപ്പിച്ച് നന്മപ്രധാനം ചെയ്യുന്ന ദിവസമാണ് വിജയ ദശമി*.

മനുഷ്യന്റെ വ്യക്തിത്വവും, ഭക്തിയും വിദ്യയും ശക്തമാക്കി തരുന്നു അന്നേ ദിവസം. ഈ സദ്ഗുണങ്ങൾ ഇല്ലായിരുന്നെങ്കിൽ ശത്രുസംഹാര ശേഷവും ധന സമൃദ്ധിയുമുണ്ടാക്കാൻ പ്രയാസമായിരുന്നു. *മാത്രവുമല്ല ഇപ്പോൾ വർഷത്തിൽ മുഴുവൻ ദിവസവും എഴുത്തിനിരുത്തുന്ന സ്ഥലങ്ങളുമുണ്ട്*.

*നവരാത്രി സമയത്ത് അഷ്ടമി, നവമി, വിജയദശമി എന്നീ ദിവസങ്ങൾക്ക് എന്താണ് പ്രത്യേകത?*

നവരാത്രി സമയത്ത് അഷ്ടമി, നവമി, ദശമിക്കാണ് പ്രാധാന്യം *അഷ്ടമി തിഥിസന്ധ്യാ വേളയിൽ ഉള്ള സമയത്തണ് പൂജവയ്ക്കേണ്ടത്*. *ഈ വർഷം ഒക്ടോബർ 9 നാണ് ഗ്രന്ഥങ്ങൾ വയ്ക്കേണ്ടത്*.

*നിത്യ കർമ്മാനുഷ്ടാനങ്ങൾക്കു ശേഷം സന്ധ്യാ സമയത്ത് പ്രത്യേക സ്ഥാനത്ത് പൂജ നടത്തി ഗ്രന്ഥങ്ങൾ വയ്ക്കേണ്ടതാണ്*. *നവമിനാളിൽ പണി ആയുധങ്ങളും ദേവിക്ക് സമർപ്പിച്ചു പ്രാർഥിക്കണം*. *ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്നേശ്വരന്മാരായ ഗണപതിയേയും ദക്ഷിണാ മൂർത്തിയേയും നവഗ്രഹങ്ങളേയും , ശ്രീകൃഷ്ണനേയും കൂടി പൂജവയ്ക്കേണ്ടതാണ്*. കാരണം *ബുദ്ധിയുടെ അധിപനായ ബുധനും, ഗുരുവും കൃഷ്ണനാണ്*.

*നവരാത്രിക്കല്ലാതെ ആദ്യാക്ഷരം കുറിയ്ക്കാമോ?*

ശുഭമുഹൂർത്തംകുറിച്ച് ഏതു ദിവസമായാലും എഴുത്തിനിരുത്താം.

*വിജയദശമി നല്ലതാണെന്നു മാത്രം. ഭൂരിഭാഗം ആൾക്കാരും കുട്ടികളെ എഴുത്തിനിരുത്തുന്നത് ഈ ദിവസമാണ്*. *മൂന്നു വയസായാലെ എഴുത്തിനിരുത്താവൂ*. കന്നി അല്ലെങ്കിൽ തുലാം മാസത്തിലാണ് സാധാരണ വിജയദശമി വരുന്നത്.

*പിന്നെ ചന്ദ്രൻ ശനിക്ഷേത്രത്തിൽ തിരുവോണം നക്ഷത്രത്തിലാണ് വരുന്നത്*. ഒരു ജാതകം പരിശോധിക്കുമ്പോൾ *ഈ ആദിത്യനും, വ്യാഴനും, ചന്ദ്രനും, ബുധനും നല്ല സ്ഥാനത്താണെങ്കിലെ നല്ല വിദ്യാഭ്യാസമുണ്ടാകൂ*.

അതുപോലെ വിദ്യാരംഭ മുഹൂർത്തത്തിലും നല്ല സ്ഥാനത്തായിരിക്കണം. *ആയതിനാൽ മേടത്തിൽ ആദിത്യൻ ഉച്ചനായി വരുന്ന സമയം നല്ലതാണ്*. കുട്ടിയുടെ മുഹൂർത്തമനുസരിച്ച് അപ്പോഴും വിദ്യാരംഭം കുറിക്കാം. ഒരു ജാതകത്തിന്റെ 4,11,12 വിദ്യാഭ്യാസ പുരോഗതിയും, വസ്തുഗ്രഹലാഭവും ചിന്തിക്കണം. 4,9,11 വിദ്യാഭ്യാസം, താമസസ്ഥലമാറ്റവും, 3,8,5 വിദ്യാഭ്യാസം മതിയാകുന്നതും ചിന്തിക്കേണ്ടതാണ്.

*ആരാണ് ആദ്യാക്ഷരം കുറിപ്പിക്കേണ്ടത്*

*മുത്തച്ഛൻ, മുത്തശ്ശി, മാതാപിതാക്കൾ, ബന്ധുക്കൾ,ആത്മീയാചാര്യന്മാർ, മാതൃകാപരമായും സദാചാരപരമായും ധാർമ്മികപരമായും യോഗ്യരായവരെകൊണ്ട് എഴുത്തിനിരുത്തിക്കുന്നത് ഐശ്വര്യപ്രദമാണ്*.
*സന്യാസി ശ്രേഷ്ഠന്മാർക്കും ചെയ്യാം*.

കുട്ടിയുടെ നക്ഷത്രവുമായി എഴുത്തിനിരിക്കുന്ന ആചാര്യൻ നല്ലതാണോ എന്ന് ശ്രദ്ധിക്കണം. *കൈരാശി ഉള്ളവരെകൊണ്ടു മാത്രമെ തുടങ്ങിക്കാവൂ*. ജീവിതത്തിന് അടിത്തറ പാകുന്നതിന് വിദ്യാരംഭം പ്രധാനപങ്കാണ് വഹിക്കുന്നത്. *ആയതിനാൽ ഉത്തമ പുരുഷനെകൊണ്ടു മാത്രമെ തുടങ്ങിക്കാവൂ*.

*ഒരു തട്ടവും ഒരുകിലോ കുത്തരിയും ഒരു സ്വർണ മോതിരവും കൊണ്ടുപോകണം*.

*ഒരാളുടെ അരിയിൽ മറ്റൊരാൾ എഴുതാൻ പാടില്ല*. *എഴുതിയ അരി ആ കുട്ടിക്കുതന്നെ പാകം ചെയ്തുകൊടുക്കേണ്ടതാണ്*. *നാവിൽ സ്വർണം കൊണ്ട് എഴുതേണ്ടതാണ്*. *ചെവിയിലൂടെ മന്ത്രം ചൊല്ലിക്കൊടുക്കേണ്ടതുമാണ്*.

കൊട്ടാരക്കര ഉണ്ണിയപ്പം

*********************************** അമ്പലപ്പുഴ പാല്‍പായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. പ്രത്യേകരുചിക്കൂട്ടില്‍ തയ്യാറാക്കി പഞ്ചസാര മേമ്പൊടി തൂവിയെത്തുന്ന ഉണ്ണിയപ്പത്തിലെ ഗണപതികടാക്ഷവും വിശ്വാസികള്‍ക്ക് ഇരട്ടിരുചിയേകുന്നു. പെരുന്തച്ചനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഗണപതി ക്ഷേത്രത്തില്‍ ആദ്യമര്‍പ്പിച്ച നൈവേദ്യം ഉണ്ണിയപ്പമായിരുന്നത്രെ. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴും തുടരുന്നതെന്നാണ് വിശ്വാസം. കൊട്ടാരക്കരയിലും പരിസരങ്ങളിലും മിക്ക വീടുകളിലെയും വിശേഷങ്ങള്‍ക്ക് ഉണ്ണിയപ്പം ഒഴിച്ചുകൂടാനാവാത്തതാണ്. കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ്‌ പ്രധാനം. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻ‌കര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്റെയും അധികാരത്തിലായിരുന്നു. പടിഞ്ഞാറ്റിൻ‌കരക്ഷേത്രത്തിന്റെ നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുംതച്ചന് ആയിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ശിവപ്രതിഷ്ഠക്കുശേഷം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്റെ അപേക്ഷ നിരസിച്ചു. ഇവിടെ ശിവനെയാണ് പ്രതിഷ്ഠിയ്ക്കേണ്ടതെന്നും ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് ദഀശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു - "ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ്‌ ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?" "കൂട്ടപ്പം" പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ്‌ പ്രശസ്തം. പ്രതിഷ്ഠയ്ക്കുശേഷം പെരുന്തച്ചൻ പോയി. ഗണപതിവിഗ്രഹത്തെകണ്ട പുരോഹിതനു ഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ്‌ എന്ന് തോന്നി. ശിവനു നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതായി അദ്ദേഹത്തിൻ അനുഭവപ്പെട്ടു. അമ്പലത്തിലുള്ള ഭക്ഷണപദാർഥങ്ങളിൽ ഓരോന്നായി അദ്ദേഹം ഗണപതിക്ക് നിവേദിച്ചു. എന്തുനൽകിയിട്ടുംഗണപതി സംതൃപ്തനാകുന്നില്ല എന്നുകണ്ട പുരോഹിതൻ വലഞ്ഞു. ഗത്യന്തരമില്ലാതെ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ (ഉണ്ണിയപ്പങ്ങൾ) ഉണ്ടാക്കി നിവേദിക്കാൻ തുടങ്ങി. ഇപ്പോഴും കൊട്ടാരക്കര ഗണപതിയമ്പലത്തിലെ പ്രധാന നിവേദ്യം ഉണ്ണിയപ്പമാണ്.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തെ കുറിച്ച്......

ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്താണ് ഈ മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. നാലേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് പടിഞ്ഞാട്ട് ദർശനമായിട്ടാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ ഒരു ഐതിഹ്യമുണ്ട്. രാവണന്റെ സഹോദരനായ ഖരൻ (അല്ലെങ്കിൽ, അതേ പേരുകാരനായ മഹർഷി) മുത്തച്ഛനായ മാല്യവാനിൽനിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്ത് ചെന്ന് ശിവനെ ഭജിച്ച് തപസ്സിരുന്നു. തപസ്സിന്റെ കാലാവധി കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശിവൻ അവന് മൂന്ന് ശിവലിംഗങ്ങൾ കൊടുത്തു. അവയിൽ ഒന്ന് വലത്തെ കയ്യിലും മറ്റേത് ഇടത്തെ കയ്യിലും ശേഷിച്ച ഒന്ന് വാകൊണ്ട് കടിച്ചും പിടിച്ച് ഖരൻ ആകാശമാർഗ്ഗേണ യാത്രയായി. യാത്ര കാരണം ക്ഷീണിച്ച അവൻ ഒരു സ്ഥലത്തെത്തിയപ്പോൾ അവിടെ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും ഇറക്കിവച്ച് ഖരൻ വിശ്രമിച്ചു. വിശ്രമത്തിനുശേഷം എഴുന്നേറ്റുപോകാൻ നിന്ന ഖരൻ ശിവലിംഗങ്ങൾ ഉറച്ചിരിയ്ക്കുന്നതായി കണ്ടു. അപ്പോൾത്തന്നെ ശിവന്റെ ഒരശരീരി മുഴങ്ങി: "ഇവിടെയാണ് ഞാൻ താമസിയ്ക്കാൻ കണ്ടുവച്ചിരിയ്ക്കുന്ന ഏറ്റവും ഉചിതമായ സ്ഥലം". തുടർന്ന് മൂന്ന് ശിവലിംഗങ്ങളും അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തി നേടി. ഖരൻ വലത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം വൈക്കത്തും ഇടത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം ഏറ്റുമാനൂരിലും വാകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ മൂന്നിടത്തും ഒരേ ദിവസം ദർശനം ഉച്ചയ്ക്കുമുമ്പ് നടത്തുന്നത് ഉത്തമമാണത്രേ. ഇന്നും പല ഭക്തരും ഈ രീതി തുടർന്നുവരുന്നുണ്ട്.

വൈക്കത്തേതുമായി നോക്കുമ്പോൾ താരതമ്യേന വളരെ ചെറിയ മതിൽക്കകമാണ് ഏറ്റുമാനൂരിലേത്. എങ്കിലും, ഏകദേശം അഞ്ചേക്കർ വിസ്തീർണ്ണം വരും. എം.സി. റോഡിന്റെ കിഴക്കുഭാഗത്ത് അതിമനോഹരമായ ക്ഷേത്രകവാടം കാണാം. ആ കവാടത്തിനകത്തുതന്നെയാണ് വാഹനപാർക്കിംഗ് സൗകര്യവും ഒരുക്കിയിരിയ്ക്കുന്നത്. ഇതും കഴിഞ്ഞ് അല്പദൂരം നടന്നാൽ ഏതൊരു ക്ഷേത്രത്തിലേതും പോലെ വലിയ ആൽമരം കാണാം. ദിവസവും രാവിലെ ഈ ആൽമരത്തെ പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന് നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും പടിഞ്ഞാറുഭാഗത്തുള്ളതാണ് ഏറ്റവും വലുതും മനോഹരവും. ഇതിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നു. 'കീഴ്തൃക്കോവിൽ ക്ഷേത്രം' എന്നാണ്

പ്രധാനമൂർത്തിയായ ഏറ്റുമാനൂരപ്പൻ പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിൽ വാഴുന്നു. ശിവലിംഗത്തിന് 3 അടി പൊക്കമുണ്ട്. ശ്രീകോവിലിൽ ഓരോ ദിവസവും മൂന്നു ഭാവത്തിൽ ഏറ്റുമാനൂരപ്പൻ വിളങ്ങുന്നു. ഉച്ച വരെ ഭക്തന്മാർ ദർശിക്കുന്നത് അപസ്മാര യക്ഷനെ ചവിട്ടി മെതിക്കുന്ന രൂപത്തിലും , ഉച്ചക്കു ശേഷം അത്താഴ പൂജ വരെ ശരഭരൂപത്തിലും , അത്താഴ പൂജ മുതൽ നിർമ്മാല്യ ദർശനം വരെ ശിവ ശക്തി രൂപത്തിലുമാണ്. ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപപ്രതിഷ്ഠകൽ. കൂടാതെ വടക്കുപടിഞ്ഞാറ് കീഴ്തൃക്കോവിലിൽ അഭിമുഖമായി മഹാവിഷ്ണുവും കിഴക്ക് പാർവതിയുമുണ്ട്.

ഇവിടെ കുംഭ മാസത്തിലെ തിരുവാതിരക്ക് ആറാട്ട് നടത്തുന്നതിനു 10 ദിവസം മുമ്പ്‌ സ്വർണ്ണ ധ്വജത്തിൽ കൊടിയേറി ഉത്സവം ആരംഭിക്കുന്നു. ഈ ദിനങ്ങളിൽ ശ്രീ പരമേശ്വരൻ അനവധി ആനകളുടെ അകമ്പടിയോടെ എഴുന്നള്ളുന്നു. എട്ടാംദിവസമാണ്‌ ചരിത്ര പ്രസിദ്ധമായ ആസ്ഥാന മണ്ഡപത്തിലെ കാണിക്ക ഇടൽ ചടങ്ങ്‌. പത്താം ദിവസം തിരുവിതാംകൂർ മഹാരാജാവ് നടയ്ക്കു വെച്ച ഏഴര പൊന്നാനകൾ ശ്രീ പരമേശ്വരന്റെ എഴുന്നള്ളത്തിനു അകമ്പടി സേവിക്കുന്നു.

കൊല്ലവർഷം 720 ഇൽ ഭഗവാൻ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. പുലർച്ചക്കുള്ള ആദ്യ പൂജയെ മാധവിപള്ളിപൂജ എന്നു പറയുന്നു. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത്.

ഉത്സവത്തിനു ആസ്ഥാന മണ്ഡപത്തിൽ കാണിക്ക അർപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഏഴരപ്പൊന്നാനയാണു ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. തടിയിൽ നിർമ്മിച്ചു സ്വർണ്ണ തകിടു പൊതിഞ്ഞ 7 വലിയ ആനകളും ഒരു കുട്ടിയാനയും കൂടുന്നതാണു ഏഴരപ്പൊന്നാന. ക്ഷേത്രത്തിലെ ഉൽസവക്കാലത്തു എട്ടാം ഉൽസവദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാൻ അഭൂതപൂർവ്വമായ തിരക്കാണു ഉണ്ടാകുന്നത്.

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഒരു മഹാക്ഷേത്രമാണ് ഏറ്റുമാനൂർ ക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് പള്ളിയുണർത്തൽ. തുടർന്ന് നാലുമണിയ്ക്ക് നടതുറക്കും. തുടർന്ന് അരമണിക്കൂർ നിർമ്മാല്യദർശനം. പിന്നീട് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകം കഴിഞ്ഞാൽ നിവേദ്യം, പിന്നീട് ഉഷഃപൂജ. ഉഷഃപൂജയ്ക്ക് 'മാധവിപ്പള്ളിപ്പൂജ' എന്നു പേരുണ്ട്. ഇതിനുപിന്നിലുള്ള ഒരു ഐതിഹ്യം ഇതാണ്: കോഴിക്കോട് സാമൂതിരിയ്ക്ക് മാധവി എന്നുപേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. യൗവനാരംഭത്തിൽ അവൾക്ക് ഒരു ഗന്ധർവന്റെ ആവേശമുണ്ടായി. അതിനെത്തുടർന്ന് വിദഗ്ദ്ധചികിത്സകൾ നടത്തിയിട്ടും കാര്യമുണ്ടായില്ല. തുടർന്ന് ഏറ്റുമാനൂരിൽ ഭജനമിരുത്തുകയും രോഗം മാറുകയും ചെയ്തു. പിന്നീട് സാമൂതിരി ഉഷഃപൂജയ്ക്ക് സഹോദരിയുടെ പേരുനൽകി, അത് തന്റെ വകയാക്കി മാറ്റി.

ഉഷഃപൂജ കഴിഞ്ഞ ഉടനെ എതിരേറ്റുപൂജ അഥവാ എതൃത്തപൂജ തുടങ്ങും. സൂര്യോദയസമയത്താണ് ഈ പൂജ നടക്കുന്നത്. പിന്നീട് തന്റെ ഭൂതഗണങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി ഭഗവാൻ ഇറങ്ങുന്നു. ഇതാണ് കാലത്തെ ശീവേലി. മേൽശാന്തി ശ്രീകോവിലിൽനിന്നിറങ്ങി ബലിക്കല്ലുകളിൽ ബലി തൂകുന്നു. തുടർന്ന് തിടമ്പ് കയ്യിലെടുത്ത് കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. ശീവേലിയ്ക്ക് എല്ലാ ക്ഷേത്രവാദ്യങ്ങളും അകമ്പടി സേവിയ്ക്കുന്നു. ശീവേലിയ്ക്ക് ഭഗവാന്റെ പിന്നാലെ ഭക്തരും പ്രദക്ഷിണം വയ്ക്കുന്നു. അവസാനപ്രദക്ഷിണം ഓട്ടപ്രദക്ഷിണമായിരിയ്ക്കും.

നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത്, അതായത് രാവിലെ എട്ടുമണിയ്ക്ക്, പന്തീരടിപൂജ തുടങ്ങും. പന്ത്രണ്ടടിനീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നു വിളിയ്ക്കുന്നത്. പന്തീരടിപൂജ കഴിഞ്ഞ ഉടനെ ധാര തുടങ്ങും. ഉഗ്രമൂർത്തിയായ ശിവന്റെ കോപം തണുപ്പിയ്ക്കുന്നതിനാണ് ധാര എന്നു വിശ്വസിയ്ക്കപ്പെടുന്നു. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ധാര പ്രധാനവഴിപാടാണ്. പിന്നീട് നവകാഭിഷേകം. ഉച്ചപ്പുജയും ശീവേലിയും കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും. അവകഴിഞ്ഞാൽ തൃപ്പുക തുടങ്ങുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലിൽ അഷ്ടഗന്ധം പുകയ്ക്കുന്ന ചടങ്ങാണിത്. തൃപ്പുക കഴിഞ്ഞാൽ നടയടയ്ക്കുന്നു.

മൂകനേയും കവിയാക്കുന്നവൾ മൂകാംബിക

പണ്ട് ഉത്തമനെന്ന മനുവിൻറെ കാലത്ത് (മൂന്നാം മന്വന്തരത്തിൽ)മഹാരണ്യപുരം എന്ന പേരിൽ പ്രസിദ്ധിയാജ്ജിച്ചിരുന്ന ഈ പ്രദേശത്ത് ഹിംസ്രജന്തുക്കളുടെ ആവാസസ്ഥാനമായിരുന്നെങ്കിലും അതിരമണീയമായിരുന്നു.അവിടെ സൗപർണ്ണികാ നദിയുടെ ചേതോഹാരിതയിൽ മനംകുളിർത്ത കോലമഹർഷി പർണ്ണാശ്രമം കെട്ടി സ്വയംഭൂവായുണ്ടായിരുന്ന ശിവലിംഗത്തിൽ നിത്യം അർച്ചനാദികൾ കഴിച്ച് വസിച്ചുപോന്നു.മഹർഷിയുടെ തപോബലത്താൽ പ്രത്യക്ഷനായ ഭഗവാനോട് ഈ സ്ഥലം തൻറെ പേരിലറിയപ്പെടണമെന്നു വരം വാങ്ങി.അങ്ങിനെ അവിടം ‘കോലാപുര’മെന്ന പേരിലറിയപ്പെട്ടു.കുറേ കാലങ്ങൾക്കു ശേഷം കംഹാസുരൻ ഈ പ്രദേശത്ത് വരികയും കോട്ടകൾ കെട്ടി താമസമാരംഭിച്ചതോടെ കോലമഹർഷിക്ക് അവനിൽ നിന്ന് പീഡകൾ അനുഭവിക്കേണ്ടി വന്നു.അങ്ങനെ മഹർഷി കുടജാദ്രിയിൽ ചെന്ന് ചിത്രമൂലയിൽ തപസ്സു തുടങ്ങി.കംഹാസുരൻറെ ഉപദ്രവം ദേവൻമാർക്കും ഉണ്ടായപ്പോൾ അവരൊത്തൊരുമിച്ച് ദേവിയോടഭ്യർത്ഥിച്ചു.ദേവിയെക്കണ്ട് ഭയന്നോടിയ കംഹാസുരൻ ‘ഋഷ്യമൂകാചലത്തിൽ ‘തപസ്സു തുടങ്ങി.അതിനുശേഷം മഹിഷാസുരൻ ഇവിടെയെത്തി അതൊരസുരപുരമാണെന്ന് മനസ്സിലാക്കി അവിടെ താമസം തുടങ്ങി.അവൻ ദേവൻമാരെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ഉർവ്വശി തുടങ്ങിയവരെ ദാസിമാരാക്കുകയും ചെയ്തു.മൂർത്തിമൂവരോടൊത്ത് ദേവൻമാർ കുടജാദ്രിയിലെത്തി തപസ്സുചെയ്യുന്ന കോലമഹർഷിയുമൊത്ത് ആദിപരാശക്തിയോട്പ്രാർത്ഥിച്ചു.അങ്ങനെ ദേവി മഹിഷാസുരനെ നിഗ്രഹിച്ചു.തേജോരൂപിണിയായി ദേവി വാനിൽ വിളങ്ങി.അങ്ങനെ ത്രിമൂർത്തികളൊരുമിച്ച്ആവിർഭവിച്ച് ഇന്നുകാണുന്ന ക്ഷേത്രകേന്ദ്രത്തിലെ ജ്യോതിർമയമായ ശ്രീചക്രം ഉണ്ടാക്കി ദേവിയെ അതിൽ പ്രതിഷ്ഠിച്ചു.അതേസമയം ഋഷ്യമൂകാചലത്തിൽതപം ചെയ്യുന്ന കംഹാസുരൻറെ തപോബലത്തിൽ ഭയപ്പെട്ട ദേവൻമാർ അവൻറെ ഇംഗിതഭംഗം വരുത്തുവാൻ ദേവിയോട് പ്രാർത്ഥിച്ചു.ബ്രഹ്മാവ് വരം നൽകാനായി വരുന്ന നേരത്ത് അവന് ബ്രഹ്മാവിനോട് ഒന്നും ചോദിക്കുവാൻ കഴിഞ്ഞില്ല.ദേവിഅവനെ മൂകനാക്കിത്തീർത്തു.മൂകരൂപിയായിഅവൻറ നാവിൽ കുടികൊണ്ടതിനാൽ ‘മൂകാംബിക’ എന്ന് ദേവിക്ക് നാമമായി.ഇച്ഛാഭംഗത്താൽ കുപിതനായ അസുരൻ മൂന്നു ലോകങ്ങളേയും തകർക്കാൻ തുടങ്ങി.അങ്ങനെ ദേവൻമാരെല്ലാവരും മൂർത്തിമൂവരും ചേർന്ന് തങ്ങളുടെ ശക്തികളിൽ നിന്നോരോ മൂർത്തികളെ സൃഷ്ടിച്ച് മൂകാസുരനുമായി അതിഭയങ്കരമായ യുദ്ധത്തിലേർപ്പട്ടെങ്കിലും അവനെ കൊല്ലാൻ സാധിച്ചില്ല.അങ്ങനെ പരവശരായ അവരെല്ലാവരും ചേർന്ന് ആദിപരാശക്തിയായ ദേവിയിൽ ലയിച്ച് ഏകമൂർത്തിയായി അവനെ വധിച്ചു.ആ സമയം അമ്മ തേജോരൂപിണിയായി വാനിലേക്കുയർന്നു.അതിനുശേഷം മൂർത്തിമൂവരുമൊരുമിച്ച് കോലമഹർഷി പൂജിച്ചിരുന്ന സ്വയംഭൂ ലിംഗത്തിൻ മദ്ധ്യേ സുവർണ്ണരേഖയിൽ ശിവശക്തിയെ ഒന്നിച്ച് മഹാലക്ഷ്മിസ്വരൂപമായുംവാമഭാഗത്തു കാളി,ലക്ഷ്മി,വാഗ്ദേവി എന്നിവരെ ഐക്യഭാവത്തോടും ദക്ഷിണഭാഗത്ത് ഹരിഹരൻമാരേയും ദേവവർഗ്ഗത്തെ ഒന്നായും നിനച്ച് സങ്കല്പപൂജ ചെയ്തു.പിന്നീട്അഗ്നികോണിൽ ആറുമുഖനേയും നിരൃതികോണിൽ പാർത്ഥേശ്വരൻ,നഞ്ചുണ്ടേശ്വരൻ,പഞ്ചമുഖഗണപതി എന്നിവരേയും വായുകോണിൽ ഹനുമാനേയും ഈശാനകോണിൽ ഗോവർദ്ധനോദ്ധാരി,വീരഭദ്രൻ തുടങ്ങിയവരേയും പ്രതിഷ്ഠിച്ച് പൂജിച്ചു.സൗപർണ്ണികാ തീർത്ഥത്തിൽ നിന്നും ശുദ്ധജലമെടുത്തുപൂജിച്ചതിനാൽ ഉത്സവാദി വിശേഷങ്ങൾക്ക് സൗപർണ്ണികാ തീർത്ഥം തന്നെ ഉപയോഗിക്കുന്നു.ശങ്കരാചാര്യസ്വാമികൾ ഇവിടെയെത്തി തപസ്സുചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശേഷം അദ്ദേഹം കണ്ട ചതുർബാഹുവായ ദേവീസ്വരൂപത്തെ ആ രൂപത്തിൽ നിർമ്മിച്ച് പ്രതിഷ്ഠിച്ചതാണ് ഇന്നുകാണുന്ന രൂപം.അതിനു മുമ്പ് സ്വയംഭൂലിംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ശങ്കരാചാര്യസ്വാമികൾ തന്നെയാണ് പൂജാവിധികളും ആരാധനാ സമ്പ്രദായങ്ങളുംചിട്ടപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നു.അദ്ദേഹത്തിൻറെ സ്മരണാർത്ഥം ശങ്കരപീഠവും ഉണ്ട്.ശുക്ലതീർത്ഥം,അഗ്നിതീർത്ഥം,ഗോവിന്ദതീർത്ഥം തുടങ്ങിയ ഉപതീർത്ഥങ്ങളും ഉണ്ട്. കുടജാദ്രി,ചിത്രമൂല,ഗണപതിഗുഹ തുടങ്ങിയവയും ദേവീഭക്തർക്ക് ആനന്ദം പകരുന്നു.”അമ്മേ നാരായണാ”

കൊടിമരം (ധ്വജം) ക്ഷേത്രത്തിന്റെ നട്ടെല്ലാണോ?

ഒരു ക്ഷേത്രത്തിലെത്തിയാല്‍ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് മുന്നിലെ കൊടിമരം (ധ്വജം) ആയിരിക്കും. ശാസ്ത്രീയമായി പറഞ്ഞാല്‍ ഗ്രാമത്തിലെ മിന്നല്‍രക്ഷാചാലകത്തിന്റെ ഗുണമാണ് കൊടിമരം നിര്‍വ്വഹിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്ര കൊടിമരത്തെക്കാള്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചാല്‍ തീപിടിക്കുമെന്നു പറയുന്നത്. ഇത്തരത്തിലുള്ള കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിന്റെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്രശരീരത്തിന്റെ അരക്കെട്ടിലാണ്. അവിടെ നിന്നും അമ്പലത്തിന്റെ അടിയിലൂടെ ശ്രീകോവിലിന്റെ മധ്യത്തില്‍ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാല്‍ ഭക്തര്‍ക്ക്‌ കാണത്തക്കവിധം ഗണിത ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ഇത് നിര്‍വര്‍ത്തി നിര്‍ത്തിയിരിക്കുന്നുവെന്നുമാത്രം. ഇത്തരത്തിലുള്ള കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവന്റെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലിനീശക്തിയുടെ പ്രതീകമായി മുകളില്‍ കൊടിക്കൂറയും കാണാം. ക്ഷേത്രത്തിലെ കൊടിയേറ്റിന് പിന്നിലും ഒരു രഹസ്യമുണ്ട്. കുണ്ഡലിനീ ശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യശൃംഖത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രതീകമാണ് കൊടിയേറ്റ്.