വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.
ഐതിഹ്യം
വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. ആദ്യത്തേത് നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷു എന്നതാണ്.
അഹങ്കാരിയും അതിശക്തനുമായ അസുരനായ നരകാസുരന്റെ ശല്യം സഹിക്കാൻ കഴിയാതെ ശ്രീകൃഷ്ണൻ, ഗരുഡൻ, സത്യഭാമ എന്നിവർ നരകാസുര നഗരമായ പ്രാഗ് ജ്യോതിഷത്തിൽ പ്രവേശിച്ചു. ശ്രീകൃഷ്ണൻ, സത്യഭാമ, ഗരുഡൻ എന്നിവർ അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ അവർ നരകാസുരൻ, മുരു, താമ്രൻ, അഥർവ്വൻ, ശ്രാവണൻ, വാസുവിഭസു, നഭസ്വാൻ, അരുണൻ തുടങ്ങിയ പ്രമുഖരായ എല്ലാ അസുരന്മാരെയും കൊന്നു. വസന്തകാലം ആരംഭിച്ചതോടെ ഭഗവാൻ കൃഷ്ണൻ അസുരശക്തിയുടെ മേൽ വിജയം നേടി. ഈ ദിവസം വിഷു എന്നറിയപ്പെടുന്നു.
രണ്ടാമത്തെ ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്. രാവണൻ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷം സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷമാണ് വിഷു എന്നതാണ് രണ്ടാമത്തെ ഐതിഹ്യം., അസുരരാജാവായ രാവണൻ ലങ്ക ഭരിച്ചിരുന്നപ്പോൾ, സൂര്യനെ നേരിട്ട് ഉദിക്കാൻ അനുവദിച്ചിരുന്നില്ല. സൂര്യൻ കൊട്ടാരത്തിൽ പ്രവേശിച്ചതിനാൽ രാവണന് അത് ഇഷ്ടപ്പെട്ടില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമൻ രാവണനെ കൊന്നതിനുശേഷം മാത്രമാണ് സൂര്യൻ നേരിട്ട് ഉദിച്ചത്. ഈ അവസരത്തിൽ ജനങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിന്റെ തലേദിവസം വീടുകളുടെ പരിസരത്തുള്ള ചപ്പുചവറുകൾ അടിച്ചുവാരി കത്തിച്ചുകളയുന്ന പതിവും ചിലയിടങ്ങളിലുണ്ട്. രാവണവധത്തിനെ തുടർന്ന് നടന്ന ലങ്കാദഹനത്തിന്റെ പ്രതീകമാണ് ഇതെന്നും വിശ്വാസമുണ്ട്.
ഒരു ഐതീഹ്യം ഇങ്ങനെയാണ്. കണ്ണനെ തന്റെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുഞ്ഞിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ശ്രീകൃഷ്ണ ഭഗവാന്റെ ബാലരൂപം കാണണം. കണ്ണനോടൊപ്പം കളിക്കണം. അവൻ അതിന് വേണ്ടി മാത്രം പ്രാർത്ഥിച്ചു. ആ കുഞ്ഞിന്റെ പ്രാർത്ഥനയിൽ മനം നിറഞ്ഞ ശ്രീകൃഷ്ണൻ ഉണ്ണിക്കണ്ണന്റെ രൂപത്തിൽ ആ ബാലന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. സന്തോഷംകൊണ്ട് ആ കുട്ടി കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ശ്രീകൃഷ്ണൻ ബാലനോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നാണ് ആ കുട്ടി കണ്ണീരോടെ മറുപടി പറഞ്ഞത്. ബാലന് തന്നോടുള്ള സ്നേഹത്തിൽ മനസ്സ് നിറഞ്ഞ ശ്രീ കൃഷ്ണൻ തന്റെ അരയിൽ അണിഞ്ഞിരുന്ന അരഞ്ഞാണം ആ ബാലന് സമ്മാനമായി നൽകി. ബാലൻ തനിക്ക് കണ്ണനിൽ നിന്നും കിട്ടിയ സമ്മാനം എന്ന പേരിൽ പലരെയും ആ അരപ്പട്ട കാണിച്ചു കൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല. അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോൾ കണ്ണന്റെ അരയിലെ അരപ്പട്ട കാണാതായത് ശ്രദ്ധിക്കുകയും ആ വാർത്ത നാട്ടിൽ പരക്കുകയും ചെയ്തു. പലരും ആ ബാലൻ കള്ളനാണെന്ന് മുദ്രകുത്തി അപമാനിക്കാൻ തുടങ്ങി. എന്നാൽ ആളുകൾ തന്റെ കുട്ടിയെ കള്ളനെന്ന് വിളിക്കുന്നത് കുട്ടിയുടെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടികരഞ്ഞുകൊണ്ട് ബാലനെ അടിച്ച് ചങ്ങല വലിച്ചെറിഞ്ഞു. ചങ്ങല ഒരു കൊന്ന മരത്തിൽ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കൾ കൊണ്ട് വിരിഞ്ഞു. ശോഭനമായി. ഈ മരമാണ് കണിക്കൊന്ന എന്നറിയപ്പെടാൻ തുടങ്ങിയത്. ആ ദിവസമാണ് വിഷു എന്ന് ഐതീഹ്യം.