Saturday, 24 January 2015

ദീപാവലി

കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ്‌ ദീപാവലിയായി കണക്കാക്കുന്നത്‌. അതായത്‌ കറുത്തവാവിന്‌ തലേന്നാള്‍. ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്‌, രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്‌.
വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്‌. വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ്‌ അയോധ്യയിലെത്തുന്നത്‌.
പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു. പുഷ്‌പകവിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍. അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ്‌ സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്‌. ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ്‌ ദീപാവലി.
കൂടാതെ നരകാസുരവധത്തിനുശേഷം തിരികെയെത്തിയ ശ്രീകൃഷ്‌ണന്റെ സ്വീകരണമായും ചില ഗ്രന്ഥങ്ങള്‍ പറയുന്നു. എന്തായാലും ദീപങ്ങളുടെ ''ആവലി'' അഥവാ നീണ്ടനിരയാണ്‌ ദീപാവലി. ഉത്തരേന്ത്യയിലാണ്‌ ദീപാവലി അതികേമമായി ആഘോഷിക്കുന്നത്‌. വീഥികള്‍തോറും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു. ദീര്‍ഘനാളായി തിന്മയുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന സാധുജനത മോചനം ആഘോഷിക്കുന്നു. ദീര്‍ഘനാളായി പ്രിയമുള്ളവരുടെ വിരഹം സഹിച്ചിരുന്നവര്‍ ആനന്ദപൂര്‍വ്വം പുന:സമാഗമം ആഘോഷിക്കുന്നു. ദീര്‍ഘകാലം പലവിധത്തിലുള്ള വിഷമങ്ങളും പ്രയാസങ്ങളും മറ്റു ദുരിതങ്ങളും സഹിച്ചിരുന്നവര്‍ എല്ലാം മറന്ന്‌ ആഘോഷിക്കുന്നു. ഇതെല്ലാമാണ്‌ ദീപാവലി.
കാര്‍ത്തികമാസമെന്നത്‌ ശരത്‌കാലത്തിന്റെ സവിശേഷകാലഘട്ടമാകുന്നു. ഋതുഭേദങ്ങള്‍ക്കനുസരിച്ച്‌ ഭൂമിയിലെ ജീവിതാവസ്‌ഥകള്‍ മാറിമാറി വരുന്നത്‌ കാണാം. പ്രപഞ്ചപരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ഈ ജീവിതാവസ്‌ഥകളിലും നിഴലിക്കുന്നത്‌ നമുക്ക്‌ കാണാനാകും. സൃഷ്‌ടിയുടെ ആദിയില്‍ അവര്‍ണ്ണനീയമായ ശൂന്യതയും അന്ധകാരവും ഒരേയൊരു ബിന്ദുവില്‍ വിലയംപ്രാപിച്ച അവസ്‌ഥയെ കാണിക്കുന്നു. ആധുനികശാസ്‌ത്രം പ്രപഞ്ചാരംഭം ബിഗ്‌ബാങ്ങ്‌ തിയറിയിലൂടെയാണ്‌ വിശദീകരിക്കുന്നത്‌. കേവലം ഒരേയൊരു ബിന്ദുവില്‍ നിന്നും വിസ്‌ഫോടനം പ്രാപിച്ചാണ്‌ ഈ കാണുന്ന ദൃശ്യപ്രപഞ്ചമുണ്ടായതെന്നാണ്‌ ''ബിഗ്‌ബാങ്ങ്‌'' സിദ്ധാന്തത്തിന്റെ ഉള്ളടക്കം. വെറും ഒരു ബിന്ദുവില്‍ നിന്നും ഇക്കാണുന്ന മഹാപ്രപഞ്ചമോ എന്ന്‌ ആദ്യം കേള്‍ക്കുന്ന സാധാരണക്കാര്‍ക്ക്‌ സംശയം തോന്നാം.
അനന്തമായ സ്‌ഥലം, കാലം, ദ്രവ്യം ഇവ ഘനീഭവിച്ചുണ്ടാകുന്ന ഒരു ബിന്ദുവാണ്‌ അത്‌. ശാസ്‌ത്രലോകം അതിനെ ഗ്രേറ്റ്‌ സിന്‍ഗുലാരിറ്റി അഥവാ മഹാവൈചിത്ര്യം എന്നു വിളിക്കുന്നു. അവര്‍ണ്ണനീയമായ സാന്ദ്രത ആ ബിന്ദുവിനുണ്ട്‌. ഒരു ലഘുവായ ഉദാഹരണം പറഞ്ഞാല്‍, വെറുമൊരു കടുകുമണിയുടെ മാത്രം വലിപ്പമുള്ള ഒരു അരിമണിയില്‍ നിന്നും ഏക്കറുകള്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ആല്‍മരം ഉണ്ടാകുന്നില്ലേ? അതുപോലെ അനന്തമായ സ്‌ഥല, കാല, ദ്രവ്യ, അന്ധകാരങ്ങള്‍ ലയിച്ചു ഘനീഭവിച്ച ഒരേയൊരു ബിന്ദുവില്‍ സ്‌ഫോടനം നടക്കുന്നതോടുകൂടി സ്‌ഥലവും കാലവും ഉണ്ടാവുകയും അനുനിമിഷം വികസിക്കുവാന്‍ തുടങ്ങുകയും ചെയ്‌തു. ഈ വികാസപ്രക്രിയ ഇപ്പോഴും അനുസ്യൂതം തുടരുന്നു. അങ്ങനെയാണ്‌ ഗാലക്‌സികളും നക്ഷത്രങ്ങളുമെല്ലാം ഒന്നിനൊന്ന്‌ പരസ്‌പരം അകന്നുകൊണ്ടിരിക്കുകയാണെന്ന്‌ നാം മനസിലാക്കുന്നത്‌. പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും എല്ലാ വസ്‌തുക്കളില്‍ നിന്നും അകന്നകന്നു മാറിക്കൊണ്ടിരിക്കുന്നതായി പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്‌.
പ്രപഞ്ചവികാസമാണ്‌ ഇതിനു കാരണം. ആദിവിസ്‌ഫോടനത്തില്‍ അനുഭവപ്പെട്ട ഉഗ്രമായ ചാലകഊര്‍ജ്‌ജം (കൈനറ്റിക്‌ എനര്‍ജി)യാണ്‌ ഈ വികാസത്തിനു കാരണം. അതേസമയം പ്രപഞ്ചകേന്ദ്രത്തിലേക്ക്‌ മറ്റു സകലതിനേയും ആകര്‍ഷിക്കുന്ന തീവ്രമായ ഗുരുത്വാകര്‍ഷണവും അവിടെയുണ്ട്‌. സ്‌ഫോടനത്തിന്റെ ചലനോര്‍ജ്‌ജം കൂടുതലായി നില്‍ക്കുന്നതുകൊണ്ടാണ്‌ വികാസപ്രക്രിയ ഇപ്പോഴും തുടരുന്നത്‌. ഇതും ഗുരുത്വശക്‌തിയും തുല്യമാകുമ്പോള്‍ വികാസം നിലയ്‌ക്കും. പിന്നീട്‌ ചലനോര്‍ജ്‌ജം കുറയുകയും ഗുരുത്വാകര്‍ഷണം കൂടുകയും ചെയ്യുമ്പോള്‍ വികസിക്കുന്നതിനു പകരം പ്രപഞ്ചം ചുരുങ്ങുവാന്‍ തുടങ്ങും. വിസ്‌ഫോടനത്തിന്റെ വിപരീത പ്രക്രിയ ഇതിന്‌ മഹാവിഭേദനക്രിയ (ഗ്രേറ്റ്‌ ക്രഞ്ച്‌) എന്നു പറയും. ഒടുവില്‍ ആരംഭിച്ച ബിന്ദുവിലേക്ക്‌ എല്ലാം തിരികെ ലയിക്കുന്നു. ഇതാണ്‌ മഹാപ്രളയം.
''പ്രകൃത്യേന ലയതേ ഇതി പ്രലയ:'' ആദിമ മൂലപ്രകൃതിയില്‍ തിരികെ ലയിക്കുന്ന പ്രക്രിയയാണ്‌ പ്ര-ലയം= പ്രളയം.
ഈ ദിവസം അഥവാ മുഹൂര്‍ത്തമാണ്‌ കാലരാത്രി എന്നറിയപ്പെടുന്നത്‌. നാം അത്‌ പറഞ്ഞുപറഞ്ഞ്‌ കാളരാത്രി എന്നാക്കി മാറ്റി. കാലത്തിന്റെ രാത്രിയാണ്‌ കാലരാത്രി. അതായത്‌ കാലത്തിന്റെ അവസാനം. ഇങ്ങനെ ഒരു കാലരാത്രിക്കുശേഷം അനന്തനിദ്രയാണ്‌ തുടര്‍ന്നുവരുന്നത്‌. ആ മഹാനിദ്രയില്‍ സകലതും ഈ ബിന്ദുവില്‍ ലയിച്ചുകിടക്കുന്നു. ആ ദീര്‍ഘനിദ്രയെത്തുടര്‍ന്ന്‌ വീണ്ടും വിസ്‌ഫോടനം നടക്കുന്നു. ഇങ്ങനെ പ്രപഞ്ചസൃഷ്‌ടിയുടെ ആദിയില്‍ ഉണ്ടായ വിസ്‌ഫോടനമാണ്‌ ദീപാവലി. അവിടത്തെ ദീപങ്ങള്‍ മണ്‍ചിരാതുകള്‍ ആയിരുന്നില്ല. ഗാലക്‌സികളും അതിലെ അനന്തകോടി നക്ഷത്രഗണങ്ങളും ആയിരുന്നു. അവ വരാനിരിക്കുന്ന വിസ്‌മയസൃഷ്‌ടി മുഹൂര്‍ത്തങ്ങളെത്തന്നെ വരവേല്‍ക്കുകയാണ്‌ ചെയ്‌തത്‌. കാലമാകുന്ന വീഥിയുടെ ഇരുവശങ്ങളിലും വിശ്വനാഥനാല്‍ തെളിക്കപ്പെട്ട ദീപങ്ങളുടെ കാഴ്‌ചയാണ്‌ താരാവ്യൂഹങ്ങള്‍. അങ്ങനെ ഇപ്പോള്‍ എന്താണു ദീപാവലി എന്നു മനസ്സിലായില്ലേ?
ദീര്‍ഘകാലത്തെ തമോനിദ്ര അഥവാ ഹിമയുഗത്തിനുശേഷം സൃഷ്‌ടിയുടെ ആരംഭം കുറിക്കുന്ന വിസ്‌ഫോടനമാകുന്ന പ്രകാശാവലി തന്നെയാണ്‌ ദീപാവലി. അങ്ങനെ ദീപാവലി ആഘോഷിക്കുന്നതിലൂടെ നാം പ്രപഞ്ചാരംഭം തന്നെയാണ്‌ ആഘോഷിക്കുന്നത്‌. അത്‌ ഏറ്റവും വിശിഷ്‌ടമായ ഒന്നുതന്നെയാണ്‌. ആഘോഷങ്ങള്‍ എല്ലാതരത്തിലും വേണം. ദീപാലങ്കാരങ്ങള്‍, പടക്കങ്ങള്‍, മധുരദ്രവ്യങ്ങള്‍ തുടങ്ങിയവയെല്ലാം നല്ലതുതന്നെ. അതോടൊപ്പം നമ്മുടെയെല്ലാം മനസ്സില്‍ അറിവിന്റെ ദീപാവലി തെളിയേണ്ടിയിരിക്കുന്നു. നാം ആഘോഷിക്കുന്ന ദീപാവലി വാസ്‌തവത്തില്‍ നമ്മെയെല്ലാം ഉള്‍ക്കൊള്ളുകയും പരിപാലിക്കുകയും ചെയ്യുന്ന മഹാപ്രപഞ്ചത്തിന്റെ വരവറിയിക്കുന്ന ദീപക്കാഴ്‌ചയാണെന്ന സത്യം നമ്മില്‍ ജ്വലിച്ചു തുടങ്ങേണ്ട സമയമായിരിക്കുന്നു.
കടപ്പാട്: ഭാരത ക്ഷേത്ര

0 comments:

Post a Comment