Monday, 27 April 2015

ഗുരുവായൂര്‍

ഗുരുവായൂര്‍ ഇന്ന് ലോകം മുഴുവനും കീര്‍ത്തികേട്ട പുണ്യഭുമിയാണ്. ഭക്തിയുടെ ലഹരിയില്‍ ദുഖങ്ങള്‍ ഇറക്കിവെക്കാനും ആശ്വാസം തേടാനും ലക്ഷങ്ങളാണിവിടെയെത്തുന്നത്. വിശ്വാസികള്‍ക്കു മാത്രമല്ല സഞ്ചാരികള്‍ക്കും ഇവിടെ കാണാനും കേള്‍ക്കാനും ഏറെയുണ്ട്.
രുദ്രനും(ശിവന്‍) പ്രചേതസ്സുകളും വളരെക്കാലം തപസ്സുചെയ്ത രുദ്രതീര്‍ഥക്കരയിലാണ് ഗുരുവായൂര്‍. ഗുരുവായൂരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്.
മഹാവിഷ്ണു വൈകുണ്ഡത്തില്‍ പൂജിച്ചിരുന്ന വിഗ്രഹം ബ്രഹ്മാവിനു കൊടുത്തു. ബ്രഹ്മാവ് അത് സുതപസ്സിനും. അദ്ദേഹത്തില്‍ നിന്ന് കാശ്യപ പ്രജാപതിയിലേക്കും കാശ്യപ പ്രജാപതിയില്‍ നിന്ന് വസുദേവരിലേക്കും കൈമാറിയ വിഗ്രഹം കൃഷ്ണന്‍ ദ്വാരകയില്‍ വെച്ച് പൂജിച്ചു. ദ്വാരക പ്രളയത്തിലാണ്ടുപോകുന്ന സമയം ജലോപരിയില്‍ ഒരു വിഗ്രഹം കാണാമെന്നും കലിയുഗത്തില്‍ എല്ലാവര്‍ക്കും ആരാധിച്ച് മുക്തിനേടാന്‍ സഹായകമാവും വിധം ഉചിതമായൊരു സ്ഥലത്ത് അതെടുത്ത് പ്രതിഷ്ഠിക്കണമെന്നും ദേവഗുരുവായ ബൃഹസ്പതിയോട് പറയാന്‍ സ്വര്‍ഗാരോഹണത്തിന് മുമ്പ് ഭഗവാന്‍ ഉദ്ധവരെ ഏല്‍പ്പിച്ചു.
വിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം പ്രതിഷ്ഠിക്കാനിടം തേടി ദേവഗുരു ബൃഹസ്പതിയും വായുവും ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. പരമശിവന്‍ തപസുചെയ്ത രുദ്രതീര്‍ഥക്കരയിലുമെത്തി. ഇവിടെ തന്നെയാണ് പ്രതിഷ്ഠ നടത്തേണ്ടതെന്ന് പരമശിവന്‍ പ്രത്യക്ഷപ്പെട്ടരുളി. ശിവ കല്‍പ്പനപ്രകാരം പരശുരാമസാന്നിധ്യത്തില്‍ ഗുരുവും വായുവും ചേര്‍ന്നു പ്രതിഷ്ഠ നടത്തി. ശിവന്‍ പൂജാദികള്‍ ചെയ്ത് ഇരുവരേയും അനുഗഹിച്ചു. ഇനി ഈ സ്ഥം നിങ്ങളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു.
അങ്ങിനെ ഗുരുവായൂര്‍ ആയി മാറിയ ഇവിടെ ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവാണ് അമ്പലം പണിതത്. വൈകുണ്ഠത്തില്‍ വിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം സര്‍വ്വചൈതന്യ സമ്പൂര്‍ണ്ണമായി ഇവിടെയുള്ളതുകൊണ്ട് ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠമായി. രുദ്രതീര്‍ഥത്തിലാണിപ്പോള്‍ ഗുരുവായൂരപ്പന്റെ ആറാട്ട്. ഗുരുവായൂരമ്പലനടയില്‍ നില്‍ക്കുമ്പോള്‍ ഈ ഐതിഹ്യകഥകള്‍ മനസില്‍ നിറയട്ടെ.

ഗുരുവായൂര്‍ ദര്‍ശനം പൂര്‍ണമാകണമെങ്കില്‍ മമ്മിയൂര്‍ മഹാദേവക്ഷേത്രം, തിരുവെങ്കിടം ക്ഷേത്രം, പാര്‍ഥസാരഥി ക്ഷേത്രം എന്നിവയില്‍ കൂടി ദര്‍ശനം നടത്തണം.

കടപ്പാട് മാതൃഭൂമി

0 comments:

Post a Comment