Saturday, 18 June 2016

ആശ്രിതവാത്സല്യത്തിന്റെ നേര്‍ക്കാഴ്ചയായി ഘട്ടിയം ചൊല്ലല്‍


പതിവായി ദീപാരാധനയ്ക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനും ഉളള പ്രത്യേക ചടങ്ങാണ്‌ ഘട്ടിയം ചൊല്ലല്‍. കേരളത്തിലെ മറ്റൊരു ക്ഷേത്രങ്ങളിലും ഇത്തരമൊരു ചടങ്ങ്‌ നടന്നു വരുന്നതായോ, നടന്നിരുന്നതായോ കേട്ടുകേള്‍വി പോലും ഇല്ല. ഏകദേശം അഞ്ചടിപൊക്കം വരുന്ന, വെളളി പൊതിഞ്ഞ്‌ മുകളില്‍ ഋഷഭവാഹനം ഘടിപ്പിച്ച ഒരു വടിയും കൈയ്യില്‍ പിടിച്ചുകൊണ്ട് അഞ്ജലീബദ്ധനായി നിന്ന്‌ ഭഗവാന്റെ സ്‌തുതിഗീതങ്ങള്‍ ചൊല്ലുക എന്നതാണ്‌ ഘട്ടിയം ചൊല്ലല്‍ ചടങ്ങ്‌. തിരുവിതാംകൂര്‍ മഹാരാജാവായ ആയില്യം തിരുനാളിന്റെ കാലത്താണ്‌ ആയിരത്തിമുപ്പത്തൊമ്ബതാം ആണ്ട് തുലാമാസം ഇരുപത്തിയേഴാം തീയതി ഈ ചടങ്ങിന് സമാരംഭം കുറിച്ചത്‌. വൈക്കത്തപ്പന്റെ ആശ്രിതവാത്സല്യത്തിന്റെയും, ദീനാനുകമ്ബയുടെയും ഉത്തമദൃഷ്ടാന്തം കൂടിയാണ്‌ ഒന്നരനൂറ്റാണ്ടു പോലും പഴക്കമില്ലാത്ത ഈ അനുഷ്‌ഠാനം. ശിവഭക്തനും നിര്‍ദ്ധനനും അനന്യശരണനുമായ ഒരു വൃദ്ധബ്രാഹ്‌മണന്‍ വൈക്കത്തപ്പനെ ഭജിച്ചുകൊണ്ട് കാലംകഴിക്കവേ ഒരു ദിവസം പ്രാതലിനു ഊണു കഴിക്കാനിരിക്കുന്ന അദ്ദേഹത്തിന്റെയടുത്ത്‌ ഇരുന്ന്‌ ഊണുകഴിക്കുവാന്‍ ഇത്തിരി സ്ഥലം ചോദിച്ച്‌ മറ്റൊരു ബ്രാഹ്‌മണന്‍ വന്നു നിന്നു. തല്‍ക്ഷണം വൃദ്ധ ബ്രാഹ്‌മണന്‍ ആഗതനും കൂടി സ്ഥലം കൊടുക്കുകയും കുശലപ്രശ്‌നങ്ങള്‍ നടത്തി ഊണുകഴിച്ചുകൊണ്ടിരിക്കെ സ്വന്തം ശോച്യാവസ്‌ഥ ആഗതനോടു പറയുകയും ചെയ്‌തു. തല്‍സമയം 'മഹാരാജാവ്‌ താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളാണെന്നും ആയതിനാല്‍ നാളെത്തന്നെ തിരുവനന്തപുരത്തു വന്ന്‌ മഹാരാജാവിനെ മുഖം കാണിക്കണമെന്നും, ബാക്കിയെല്ലാം ഞാന്‍ ശരിയാക്കിക്കൊളളാമെന്നും പറഞ്ഞ്‌' സ്ഥലം ചോദിച്ചു വന്ന ബ്രാഹ്‌മണന്‍ ഊണു കഴിഞ്ഞ്‌ എഴുന്നേറ്റ്‌ എങ്ങോ അപ്രത്യക്ഷനായി. ഒട്ടു ശുഭാപ്‌തിവിശ്വാസമില്ലാതെയാണെങ്കിലും വൃദ്ധബ്രാഹ്‌മണന്‍ പിറ്റേ ദിവസം തന്നെ തിരുവനന്തപുരത്തേയ്ക്കു പോയി മഹാരാജാവിനെ മുഖം കാണിച്ചു. വൈക്കത്തുനിന്നും വരുന്ന വൃദ്ധബ്രാഹ്‌മണനെ കണ്ട് ആശ്ചര്യപരതന്ത്രനായ ആയില്യംതിരുനാള്‍ മഹാരാജാവ്‌ തനിക്ക്‌ തലേദിവസം രാത്രിയിലുണ്ടായ ദിവ്യ സ്വപ്‌നത്തെപ്പറ്റിയും ആ സ്വപ്‌നത്തിലൂടെ വൈക്കത്തപ്പന്‍ എന്റെ ക്ഷേത്രത്തില്‍ ഘട്ടിയം ചൊല്ലല്‍ ഇല്ല എന്നും ആയതിനാല്‍ നാളെ വൈക്കത്തു നിന്നും വന്നെത്തുന്ന വന്ദ്യവയോധികനായ ബ്രാഹ്‌മണനെ വേണ്ടവിധം സല്‍ക്കരിച്ച്‌ ഋഷഭവാഹനം ഉറപ്പിച്ച ഒരു വെളളിവടിയും കൊടുത്ത്‌ ഘട്ടിയം ചൊല്ലല്‍ ചുമതലപ്പെടുത്തി വിടണം' എന്ന്‌ തന്നോട്‌ അരുളി ചെയ്‌ത കഥയും പറഞ്ഞു. അനന്തരം അന്നുതന്നെ ഒരു വെളളിവടിയുണ്ടാക്കി ഋഷഭവാഹനം ഘടിപ്പിച്ച്‌ വാദ്യമേളങ്ങളോടും ആ‌ര്‍ഭാടങ്ങളോടും കൂടി തിരുവൈക്കത്തപ്പന്റെ സന്നിധാനത്തില്‍ വന്ന്‌ ഘട്ടിയം ചൊല്ലാനുളള ചുമതല ബ്രാഹ്‌മണനെയേല്പിച്ച്‌ വെളളിവടികൊടുക്കുകയും അതിനു പ്രതിഫലമായി ഒരു തുക മാസം തോറും ദേവസ്വത്തില്‍ നിന്ന്‌ വൃദ്ധബ്രാഹ്‌മണനു കൊടുക്കാന്‍ ഏര്‍പ്പാടാക്കി തിരിച്ചു പോവുകയും ചെയ്‌തു. ഇന്നും മുടങ്ങാതെ ഈ ചടങ്ങ്‌ ക്ഷേത്രത്തില്‍ നടന്നുവരുന്നു

0 comments:

Post a Comment