Friday, 31 July 2015

ആരാധ്യരായ സ്ത്രീരത്‌നങ്ങള്‍



പഞ്ചകന്യകമാരായി അറിയപ്പെടുന്ന സ്ത്രീകളില്‍ രാമായണത്തില്‍ നിന്നുള്ളവര്‍ അഹല്യ, താര, മണ്ഡോദരി എന്നിവരത്രെ. എന്തുകൊണ്ടാണ് ഈ മൂന്നു സ്ത്രീരത്‌നങ്ങളെ ഈ പദവിയിലേക്കുയര്‍ത്തിക്കാട്ടിയിരിക്കുന്നത്? 

 അഹല്യ ലോകത്തിലെ ഏറ്റുവും സുന്ദരിയായ സ്ത്രീയും ഗൗതമ ഹര്‍ഷിയുടെ ഭാര്യയുമായിരുന്നു. ഇന്ദ്രന്‍ അഹല്യയില്‍ ആകൃഷ്ടനായി ഗൗതമനോട് സാദൃശ്യം തോന്നുന്ന തരത്തില്‍ രൂപം ധരിച്ച് ആശ്രമത്തിലെത്തി, സന്ന്യാസി സന്ധ്യാവന്ദനത്തിന് പോയ തക്കം നോക്കി അഹല്യയെ പ്രാപിക്കുന്നു. ഒരു സ്ത്രീക്ക് എത്രയായാലും തന്റെ ഭര്‍ത്താവല്ലാത്ത പുരുഷനെ തിരിച്ചറിയാതിരിക്കാനാകുമോ? ഒരു പക്ഷേ, തന്റെ സ്ത്രീത്വത്തിന്റെ പരിപൂര്‍ണതയ്ക്കായി അഹല്യ അത്തരമൊരു സമാഗമത്തിനു മൗന സമ്മതമേകിയതാകുമോ? ഏതായാലും കുപിതനായ മഹര്‍ഷി അഹല്യയെ ഉപേക്ഷിക്കുന്നു. യുഗങ്ങളോളം ഭര്‍ത്താവിന്റെയോ മറ്റാരുടെയെങ്കിലുമോ തുണയില്ലാതെ നിരന്തര തപസ്സിലേര്‍പ്പെട്ട അഹല്യ ആത്മീയതയുടെ ഒരുപാട് ഉയരങ്ങളിലെത്തിച്ചേര്‍ന്നു. അഹല്യാശ്രമത്തിനരികിലൂടെ കടന്നു പോയ ശ്രീരാമചന്ദ്രന്‍ ആ പുണ്യമാതാവിനെ വന്ദിച്ചു. ശ്രീരാമനു വന്ദ്യയായ ആ സ്ത്രീരത്‌നത്തെ സ്വാഭാവികമായും ഗൗതമമഹര്‍ഷി സ്വീകരിക്കുന്നു. സ്വന്തം തപസ്സിലൂടെ, ജീവിതത്തിലൂടെ അതിജീവനത്തിന്റെ ഉദാത്തമാതൃക ലോകത്തിനു കാണിച്ചു കൊടുത്ത അഹല്യ അങ്ങനെ ആരാധ്യയാകുന്നു.


ലോകത്തിലെ ഏറ്റവും ബലവാനായ പുരുഷനായി എണ്ണപ്പെട്ടുവരുന്ന ബാലിയുടെ ഭാര്യയായിരുന്നു താര. അനുജന്‍ സുഗ്രീവനെ പിണക്കി വിടേണ്ട എന്ന താരയുടെ ഉപദേശം ശ്രവിക്കാതിരുന്നതിനാലാണ് ബാലിക്ക് രാമനുമായി യുദ്ധം ചെയ്യേണ്ടി വന്നതും ജീവന്‍ തന്നെ നഷ്ടപ്പെടാനിടയായതും. ജീവന്‍ നഷ്ടപ്പെടുന്ന സമയത്ത് സുഗ്രീവന്‍ പറയുന്നതു കേള്‍ക്കാന്‍ ബാലി മകന്‍ അംഗദനെ ഉപദേശിക്കുന്നു. സ്വന്തം മകന്റെ ജീവനും ഭാവിയും ഓര്‍ത്ത് താര സുഗ്രീവന്റെ ഭാര്യയാകുന്നു. മദ്യാസക്തനായ സുഗ്രീവനെ മുന്‍നിര്‍ത്തി രാജ്യകാര്യവിചാരം ചെയ്യുന്നതും ലക്ഷ്മണന്റെ കോപത്തെ അടക്കി, സീതാന്വേഷണത്തിനായുള്ള തയ്യാറെടുപ്പിലാണ് കിഷ്‌കിന്ധ എന്ന പ്രതീതി ലക്ഷ്മണനില്‍ ഉണ്ടാക്കാനും താരയ്ക്കു കഴിയുന്നു. അച്ഛനെ കൊന്നവനോടുള്ള പകയടക്കി സീതാന്വേഷണത്തിനു നേതൃത്വം നല്‍കാന്‍ മകന്‍ അംഗദനു താര നിര്‍ദേശം നല്കുന്നു. കൗമാരം വിടാത്ത മകനും മദ്യാസക്തനായ ഭര്‍ത്താവും മാത്രം ഉള്ളപ്പോഴും നയകോവിദത്വത്തോടെ യുദ്ധപ്പുറപ്പാടു നടത്തുന്നതും കിഷ്‌കിന്ധയെ തങ്ങള്‍ക്ക് യാതൊരു താത്പര്യവുമില്ലാത്ത ഒരു കാര്യത്തിനായി യുദ്ധ സജ്ജരാക്കുന്നതും താരയുടെ രാജ്യ തന്ത്രജ്ഞതയുടെ വിജയമല്ലാതെ മറ്റെന്താണ്? ഭര്‍ത്താവിന്റെ മരണത്തോടെ വൈധവ്യത്തെ വരിച്ചു കരഞ്ഞുകഴിയുന്ന ഒരു സ്ത്രീയായിരുന്നു താരയെങ്കില്‍ അവര്‍ തീര്‍ച്ചയായും പ്രാതസ്മരണീയയാകുമായിരുന്നില്ല. മറിച്ചു വിധിയെ മറികടന്ന് മകനു കിരീടവും രാജ്യത്തിനു ശ്രേയസ്സും നേടുന്നതില്‍ വിജയിച്ചവളായതിനാല്‍ താര ആരാധിക്കപ്പെടേണ്ടവളായി മാറി.

കൈകേയി


ദശരഥമഹാരാജാവ് ദക്ഷിണകോസല രാജാവിന്റെ പുത്രി കൗസല്യയില്‍ അനുരക്തനായി അവരെ വിവാഹംചെയ്ത് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരാണ്‍കുഞ്ഞ് ജനിക്കാത്തതിനാല്‍, തന്റെ മിത്രമായ കേകയരാജാവ് അശ്വപതിയോട് പുത്രിയെ തനിക്ക് വിവാഹം ചെയ്തുതരാന്‍ ആവശ്യപ്പെട്ടു. കൈകേയിയില്‍ ജനിക്കുന്ന പുത്രനെ രാജാവായി ഭാവിയില്‍ വാഴിക്കണം എന്ന വാഗ്ദാനത്തോടെ അശ്വപതി അതിന് സമ്മതംമൂളി. അങ്ങനെ ദശരഥ മഹാരാജാവിന്റെ പത്‌നിയായി കോസലത്തിലെത്തിയ കൈകേയിയോടൊപ്പം മന്ഥര എന്ന വളര്‍ത്തമ്മയായ ദാസിയും എത്തി. ദശരഥമഹാരാജാവ് നയിച്ച പല യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ തേരാളിയായി ഒരു നല്ല കുതിരസവാരിക്കാരികൂടിയായ കൈകേയി കൂടെയുണ്ടായിരുന്നു. ഒരു യുദ്ധത്തില്‍ സ്വന്തം കൈവിരല്‍ ആണിയായി യുദ്ധം കഴിയുന്നതുവരെ നിര്‍ത്തി ഭര്‍ത്താവിനെ മരണത്തില്‍നിന്ന് രക്ഷിക്കുകയും യുദ്ധത്തില്‍ വിജയിക്കാന്‍ സഹായിക്കുകയും ചെയ്ത ബുദ്ധിമതിയും ത്യാഗശീലയുമായ ഭാര്യയായിരുന്നു കൈകേയി. ദശരഥന്‍ ആ യുദ്ധവിജയസമയത്തുനല്കിയ രണ്ട് വരങ്ങളെക്കുറിച്ച് തക്കസമയത്ത് മന്ഥര അവരെ ഓര്‍മിപ്പിക്കുന്നു. രാമായണത്തിന്റെ പ്രത്യേകത മന്ഥരയിലും കാണാം. ദാസിയാണെങ്കില്‍ അവള്‍ പരിപൂര്‍ണ വിശ്വസ്തയായ ദാസി!

കൈകേയിയോടുള്ള സത്യം പാലിക്കുന്നതില്‍ ദശരഥമഹാരാജാവ് ഏറെ വെമ്പല്‍കൊണ്ടതിനുപിന്നില്‍ കൈകേയിയോടുള്ള പ്രേമവും സത്യപാലനത്തിലുള്ള വ്യഗ്രതയുമല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? കേകയരാജാവ് അശ്വപതിയുടെ പുത്രനായ യുധാജിത് തന്റെ സഹോദരി കൈകേയിയോടും അവരുടെ പുത്രന്‍ ഭരതനോടും ഏറെ സ്‌നേഹവും വാത്സല്യവും പുലര്‍ത്തിയിരുന്നു. വിവാഹസമയത്ത് താന്‍ നല്കിയ വാക്ക് പാലിച്ചില്ലെങ്കില്‍ യുധാജിത് പടപ്പുറപ്പാടുമായിവന്ന് അയോധ്യ കീഴടക്കി രാമനെ തടവിലാക്കി ഭരതനെ അയോധ്യാധിപതിയായി വാഴിക്കുമോ എന്ന പേടി ഒരുപക്ഷേ, ദശരഥനുണ്ടായിരുന്നോ?

ദശരഥന് ഏറ്റവും പ്രിയമേറിയ പത്‌നി എന്നും കൈകേയിയായിരുന്നു. ദശരഥന്‍ ഏറെസമയവും ചെലവഴിച്ചത് കൈകേയിയുടെ അന്തഃപുരത്തില്‍ തന്നെ. ബുദ്ധിയും സൗന്ദര്യവും പ്രേമവും ഒരുപോലെ നിറഞ്ഞ കൈകേയിയില്‍ സദാ അനുരക്തനായിരുന്ന ദശരഥന്‍ അവര്‍ക്ക് നല്കിയ വാക്കുപാലിക്കാതിരിക്കുക തികച്ചും അസാധ്യമായിരുന്നിരിക്കണം. എങ്കിലും ഇത്തരമൊരു വലിയ പ്രശ്‌നത്തില്‍ ചെന്നുചാടിയ ദശരഥന്‍ ഒരു ഉപദേഷ്ടാവിനോടും അഭിപ്രായം ചോദിക്കുന്നതായി കാണുന്നില്ല. പ്രജ്ഞയറ്റതുപോലെ വീണുപോയ ദശരഥന്‍ അന്തഃപുരത്തില്‍ കിടന്നുവിലപിക്കുക മാത്രം ചെയ്യുന്നു.

രാമായണം എന്ന കഥയുണ്ടാകാന്‍ അങ്ങനെ പ്രധാന കാരണക്കാരിയായിമാറുകയാണ് കൈകേയി.

രാമസേതു

''സൗമ്യ നിരാമയാ നീ ഉഴിഞ്ഞാല്‍...''
രാമസേതു നിര്‍മ്മാണ സമയം.. വാനരസേനാംഗങ്ങള്‍ എല്ലാം വലിയ കല്ലുകള്‍ ശേഖരിച്ചു കൊണ്ടുവന്നു രാമനാമം ഉരുവിട്ടുകൊണ്ട് അവ സമുദ്രത്തില്‍ നിക്ഷേപിക്കുകയാണ്.. ഇതെല്ലം കണ്ടുകൊണ്ടു ശാന്തമായി ഇരിക്കുകയാണ് ഭഗവാന്‍.. പെട്ടന്നാണ് ശ്രീരാമചന്ദ്രന്‍ ആ കാഴ്ച കണ്ടത് ഒരു കുഞ്ഞു അണ്ണാറക്കണ്ണന്‍ സമീപത്തുള്ള ഒരു കുളത്തില്‍ മുങ്ങി നനഞ്ഞു കുതിര്‍ന്നതിനു ശേഷം മണലില്‍ കിടന്നുരുളുകയും ദേഹമാസകലം മണല്‍തരികളുമായി പാലത്തിലൂടെ വന്നു ശരീരം കുടഞ്ഞു ഉടലില്‍ പറ്റിപിടിച്ചിരിക്കുന്ന മണല്‍ തരികളാകെയും സമുദ്രത്തിലേക്കു ഇടുകയാണ്.. ഈ പ്രവര്‍ത്തി പല തവണ അവന്‍ ആവര്‍ത്തിക്കുന്നത് ഭഗവാന്‍ കാണുകയുണ്ടായി.. ദയാലുവായ രാമന്‍ അവനടുക്കലെത്തി...
''കുഞ്ഞേ നീ എന്താണി ചെയ്യുന്നത്..നിന്നെ കൊണ്ട് സാധിക്കുമോ ഇതും.. നിന്നില്‍ ഞാന്‍ സംതൃപ്തനാണ് മടങ്ങിപോകു നീ വിശ്രമിച്ചാലും..'' ഭഗവാന്‍റെ അരുളപ്പാടുണ്ടായി.. പക്ഷെ ആ അണ്ണാന്‍ കുഞ്ഞിന്‍റെ മറുപടി ഇപ്രകാരമായിരുന്നു.. ഭഗവാനേ അങ്ങെന്നോട് കനിവ് കാണിച്ചിരിക്കുന്നു.. ദേവാ അങ്ങയുടെ കൃപ അതില് കവിഞ്ഞു ഇനി എനിക്കെന്താണ് വേണ്ടത്.. പ്രഭോ എനിക്ക് വിശ്രമിക്കാന്‍ കഴിയില്ല.. എന്‍റെ ഈ ചെറിയ ജന്മം കൊണ്ട് ഇങ്ങനെയെങ്കിലും എനിക്ക് അവിടുത്തേക്ക്‌ സേവ ചെയ്യണം എന്നാണു എന്‍റെ ആഗ്രഹം..ഞാനിതില്‍ വളരെയധികം സന്തോഷം കണ്ടെത്തുന്നു..'' അണ്ണാറക്കണ്ണന്‍റെ എളിയ വാക്കുകള്‍ ഭഗവാന്‍റെ മനം കുളിര്‍പ്പിച്ചു എന്ന് വേണം പറയാന്‍..പൂര്‍ണ്ണ സംതൃപ്തനായ ഭഗവാന്‍ അണ്ണാന്‍കുഞ്ഞിനെ തന്‍റെ കൈകളില്‍ എടുത്തു തലോടി. നിസ്സാര ജീവി ആണെങ്കില്‍ കൂടിയും തന്നോടുള്ള ഭക്തിയിലും അതിന്‍റെ പ്രവര്‍ത്തിയിലും സംപ്രീതനായ ഭഗവാന്‍റെ ആ തലോടല്‍ തൃകൈയിലെ മൂന്നു വിരല്‍ പാടുകള്‍ ആയി മൂന്ന് വരകള്‍ പോലെ അണ്ണാന്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ പതിഞ്ഞു.. അന്ന് മുതല്‍കാണത്രേ ഈ മൂന്നു വരകള്‍ ഭാരതത്തില്‍ കാണപെടുന്ന ഒരു കൂട്ടം അണ്ണാന്‍റെ (Indian palm Squirrel ) ശരീരത്തില്‍ കാണാന്‍ തുടങ്ങിയതെന്നും വിശ്വാസം...
രാമായണം ഇതിവൃത്തമാക്കിയിട്ടുള്ള രചിച്ചിട്ടുള്ള ഒരു കൂട്ടം രാമകഥകളില്‍ നിന്നും...
ശ്രീരാമ രാമ രാമ..!! ശ്രീരാമചന്ദ്ര ജയ..!!!

സമ്പാതി

ജടായുവിന്റെ സോദരനായ ഈ ഗൃദ്ധ്രപ്രവരന്‍ ശ്രീരാമഭക്തനും പരോക്ഷമായെങ്കിലും ഭഗവത്സേവാനിയോഗമുള്ളവനുമാണ്. സോദരനുമായുണ്ടായ ഒരു ബലപരീക്ഷണവേളയില്‍ സൂര്യസന്നിധിയോളം പറന്നുയരാനുള്ള ഉദ്യമത്തിനിടയില്‍ ജടായുവിന്റെ ചിറകുകള്‍ അഗ്നിക്കിരയാവാതെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ സ്വന്തം പക്ഷങ്ങളറ്റ് ദൂരെ ഭൂമിയില്‍ പതിച്ച്, സോദരനേയും പുറംലോകത്തേയും കാണാതെ മഹേന്ദ്രാചലപര്‍വതപാര്‍ശ്വേയുള്ള ഒരു ഗുഹയില്‍ ഏകാന്തജീവിതം നയിയ്ക്കുകയായിരുന്നു സമ്പാതി. ഒരു മഹാമുനിയില്‍ നിന്നു ജ്ഞാനോപദേശം നേടി, ദേഹാഭിമാനങ്ങള്‍ നശ്വരവും പലപ്പോഴും നിത്യശോകകാരണവുമാണെന്നു മനസ്സിലാക്കി ഭഗവത് സേവയിലൂടെ മോക്ഷത്തിനായി പ്രാര്‍ത്ഥനാനിരതനായിരിയ്ക്കുന്ന സമ്പാതിയുടെ തത്വ ബോധനാവചനങ്ങള്‍ തികച്ചും അര്‍ത്ഥവത്താണ്. ജനനമരണ സങ്കീര്‍ണ്ണതകളെ ലളിതമായ വരികളില്‍ വിസ്തരിയ്ക്കുന്നു. ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ് വരുമാഹന്ത! നൂനമാത്മാവിനുമായയാ!!സീതാന്വേഷണവ്യഗ്രരായ വാനരരില്‍നിന്നു ജടായൂ മരണവാര്‍ത്ത കേട്ട് ശോകാര്‍ദ്രനായി അവരുടെ സഹായത്തോടെ സോദരനായുള്ള ഉദകക്രിയകള്‍ ചെയ്തശേഷം തന്റെ ദീര്‍ഘഗൃദ്ധ്രനേത്രങ്ങളാല്‍ ലങ്കാപുരിയില്‍ അശോകാവനിയില്‍ ശിംശപാവൃക്ഷത്തണലില്‍ നിശാചരികള്‍ക്കിടയില്‍ ശോകഗ്രസ്ഥയായ് സീതാദേവിയിരിപ്പുണ്ടെന്ന വൃത്താന്തവും സമുദ്രോപരി ചാടി ലങ്കയിലെത്തുകയേ ദേവിയെക്കണ്ടുകിട്ടാന്‍ ഏകമാര്‍ഗമുള്ളൂ എന്നതും കപികളെ ധരിപ്പിയ്ക്കുന്നു. ഈ ദുഷ്ക്കരകര്‍മ്മം ചെയ്യാനായി അവരില്‍ ആത്മവിശ്വാസമുണര്‍ത്തുന്നതും തന്റെ സോദരനെക്കൊന്ന ദുഷ്ടനാം രാവണന്‍ രാഘവനാല്‍ വധിയ്ക്കപ്പെടുമെന്ന് ദീര്‍ഘദൃഷ്ടിയോടെ ശുഭപ്രതീക്ഷയേകുന്നതും സമ്പാതി തന്നെ. സീതാവൃത്താന്തം വാനരരോട് പറഞ്ഞതോടെ നവപക്ഷങ്ങള്‍ മുളച്ച സമ്പാതി ഊര്‍ജ്ജസ്വലനായി പറന്ന് വിഹായസ്സില്‍ മറയുകയാണ്. ഭഗവത്ഭക്തരെ സഹായിയ്ക്കുക എന്നതും ഒരുമോക്ഷസാധനയാണെന്ന് സമ്പാതി സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. രാമനാമത്തിനുസമാനമായ് മാമകേ മാനസേ മറ്റു തോന്നീലഹോ...നല്ലതുമേന്മേല്‍വരേണമേ നിങ്ങള്‍ക്കു കല്യാണഗാത്രിയെ കണ്ടുകിട്ടേണമേ!!....എന്നുപറഞ്ഞു പറന്നു മറഞ്ഞിതത്യുന്നതനായ സമ്പാതി വിഹായസാ....ശ്രീരാമ രാമരാമ ശ്രീരാമഭദ്രാ

നരസിംഹാവതാരം


ഭഗവാന്റെ ദശാവതാരങ്ങളില്‍ ഒന്നാണ്
നരസിംഹാവതാരം. പകുതി മനുഷ്യനും പകുതി സിംഹവും ആയ അതി ഭീഭത്സമായ സ്വരൂപം. കനല്‍ക്കട്ടപോലെ ചുവന്നു തിളങ്ങുന്ന കണ്ണുകള്‍, സിംഹത്തെപോലുള്ള സടകള്‍, കൂര്‍ത്തുമൂര്‍ത്ത ദംഷ്ട്രകള്‍ , രക്തം ഒലിച്ചിറങ്ങുന്ന വായ്‌, രക്തം നക്കി നുണയുന്ന നീണ്ട നാക്ക്, വളഞ്ഞ പുരികം, രോമം നിറഞ്ഞ ശരീരം , കഴുത്തില്‍ കുടല്‍മാല ആഭരണം. സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണ് ഈ രൂപത്തില്‍ അവതരിച്ചിരിക്കുന്നത്. വൈകുണ്ഡത്തിലെ ദ്വാരപാലകന്മാരായ ജയവിജയന്മാര്‍ ശാപമേറ്റ് അസുരന്മാരായി കശ്യപന്റെയും ദിതിയുടെയും പുത്രന്മാരായി പിറന്നു. അതില്‍ ഒരുവനായ ഹിരണ്യാക്ഷനെ ഭഗവാന്‍ വരാഹരൂപം ധരിച്ച് കൊന്നു. അവന്റെ സഹോദരനായ ഹിരണ്യകശുപുവിനെ വധിക്കാന്‍ വേണ്ടിയാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. സഹോദരനെ കൊന്നതിന്റെ പകരം വീട്ടാനായി, ഹിരണ്യകശിപു ദേവന്മാരെയും മുനികളെയും പീഡിപ്പിച്ചു . കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി ഹിരണ്യകശിപു മന്ദര പര്‍വതത്തില്‍ പോയി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ നൂറു സംവത്സരം കഠിനതപസ്സനുഷ്ടിച്ചു. തപസ്സിന്റെ കാഠിന്യം കൊണ്ട് ബ്രഹ്മാവ്‌ പ്രത്യക്ഷപെട്ടു . "തനിക്ക് ബ്രഹ്മാവ്‌ സൃഷ്ടിച്ച ജീവജാലങ്ങളില്‍ നിന്നൊന്നും മരണം പാടില്ല; ആകാശത്തിലും ഭൂമിയിലും വച്ച് മരണം പാടില്ല; രാത്രിയും പകലും മരണം പാടില്ല; ഒരു തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ടും മരണം സംഭവിക്കാന്‍ പാടില്ല; പോരില്‍ തനിക്കു തുല്യരായി ലോകത്ത് ആരും ഉണ്ടാകരുത്" എന്നീ വരങ്ങളാണ് ആവശ്യപ്പെട്ടത് . ബ്രഹ്മാവ്‌ ഈ വരങ്ങളെല്ലാം നല്‍കി അപ്രത്യക്ഷമായി.

വരബലത്താല്‍ മത്തനായ അസുരന്‍ മൂന്ന്
ലോകങ്ങളെയും കീഴടക്കി ഭരിക്കാന്‍ തുടങ്ങി. "ആരും വിഷ്ണുവിനെ പൂജിക്കരുത് ; ഹിരണ്യായ നമ! എന്ന് ജപിക്കണം " എന്നായിരുന്നു ആജ്ഞ. ചാരന്മാരെ വിട്ട് അന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. നാരായണ നാമം ജപിക്കുന്നവരുടെ നാവു പിഴുതെടുക്കുകയും ചെയ്തിരുന്നു. സജ്ജനങ്ങളും, ദേവന്മാരും, ഋഷിമാരും വിഷ്ണുവിനോട് പരാതി ബോധിപ്പിച്ചു. ഭഗവാന്‍ അവരെ സമാധാനപ്പെടുത്തി പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പും കൊടുത്തു. ഹിരണ്യ കശിപിന്റെ നാല് പുത്രന്മാരില്‍ മൂത്ത പുത്രനാണ് പ്രഹ്ലാദന്‍. അതായത് കശ്യപന്റെയും ദിതിയുടെയും പൌത്രന്‍. ഈ കുട്ടി സത്യസന്ധനും, സദാചാരനിഷ്ടനും, ജിതേന്ദ്രിയനും, സര്‍വ്വഭൂത സുഹൃത്തും , വിഷ്ണു ഭക്തരില്‍ അഗ്രഗണ്യനും ആയിരുന്നു. ജനിച്ചു വീണ നിമിഷം മുതല്‍ കുട്ടിക്ക് നാരായണാ നാരായണാ എന്നാ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നേരത്തെ പറഞ്ഞപോലെ, ഹിരണ്യകശിപു തപസ്സിനു പോകുന്ന സമയത്ത് ഭാര്യ കയാധു പ്രഹ്ലാദനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഈ തക്കം നോക്കി ഇന്ദ്രന്‍ അസുരന്മാരെ തോല്‍പ്പിച്ച് കയാധുവിനെ പിടിച്ചു കൊണ്ട് പോവുകയായിരുന്നു. ഇത് കണ്ട നാരദന്‍ ഇന്ദ്രനോട് താന്‍ ചെയ്യുന്നത് തെറ്റാണന്നും, കയാധുവിന്റെ ഗര്‍ഭത്തില്‍ കിടക്കുന്ന കുഞ്ഞ് മഹാഭാഗവതനും ബാലവാനുമാണ് എന്ന് പറഞ്ഞു. ഇതുകേട്ട ഇന്ദ്രന്‍ കയാധുവിനെ വിടുകമാത്രമല്ല പ്രദക്ഷിണം വച്ച് മാപ്പപേക്ഷിക്കുകയും ചെയ്തു . നാരദന്‍ കയാധുവിനെ തന്റെ ആശ്രമത്തില്‍ കൂട്ടിക്കൊണ്ടുപോകയും ഉള്ളില്‍ കിടക്കുന്ന കുട്ടിയെ ഉദ്ദേശിച്ച് മുനി അമ്മക്ക് ധര്‍മ്മസ്വരൂപവും ആത്മജ്ഞാനവും ഉപദേശിച്ചു കൊടുത്തു. കുട്ടി ഇതെല്ലാം നല്ലവണ്ണം പഠിച്ചു. ഇങ്ങനെയാണ് പ്രഹ്ലാദന്‍ ജന്മനാ ഭാഗവതോത്തമാനായത്.

ഹിരണ്യകശിപു തന്റെ മകനെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി
അസുരഗുരുവായ ശുക്രമുനിയുടെ പുത്രന്മാരായ ശണ്ഡന്റെയും അമര്‍ക്കന്റെയും പക്കല്‍ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞ് മകനോട്‌, ഇതുവരെ പഠിച്ചതില്‍ ശ്രേഷ്ഠമായിട്ടുള്ളത് എന്താണ് എന്ന് ചോദിച്ചു. അതിനു മറുപടിയായി പ്രഹ്ലാദന്‍ "നല്ലത് നാനാജഗദ്ഗുരു മാധവന്‍, കല്യാണവാരിധി താന്‍ പാദസേവയില്‍ മീതെ നമുക്കേതുമില്ലെന്നതെന്നുടെ ചേതസി നന്നായുറച്ചിതു കേവലം" എന്ന് പറഞ്ഞു. അതായത് ഭഗവാന്റെ പാദസേവക്കു മീതെയായിട്ടൊന്നുമില്ല എന്ന് അര്‍ത്ഥം. ക്രുദ്ധനായ ഹിരണ്യകശിപു മകനെ ശാസിക്കുകയും, വിഷ്ണുഭക്തി മാറ്റിയെടുക്കാന്‍ ശുക്രപുത്രന്മാരോടു ആജ്ഞാപിക്കുകയും ചെയ്തു. ഇതിനിടയില്‍ പ്രഹ്ലാദന്‍ തന്റെ കൂട്ടുകാരേയും ഭഗവദ് ഭക്തരാക്കി മാറ്റി.
ഹിരണ്യകശിപു പ്രഹ്ലാദനെ കൂടുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. രാക്ഷസന്മാരുടെ കൈയ്യില്‍ വാളുകള്‍ കൊടുത്ത് കുട്ടിയെ കൊല്ലാന്‍ നോക്കി. എന്നാല്‍ രാക്ഷസര്‍, ഭഗവാന്റെ മായയാല്‍ തങ്ങളില്‍ തങ്ങളില്‍ വെട്ടി മരിച്ചു. ആനയെകൊണ്ടു കുത്തി കൊല്ലാനും ശ്രമിച്ചു.
പക്ഷെ ഭഗവാന്റെ മായയാല്‍ ആനകളുടെ കൊമ്പോടിഞ്ഞു പോയി. അഷ്ടനാഗങ്ങളെ കൊണ്ട് കടിപ്പിക്കാനും നോക്കി. പക്ഷെ അവിടെയും പ്രഹ്ലാദന് വിഷബാധയേറ്റില്ല . കൈയും കാലും കെട്ടി അഗ്നിയിലിട്ടു. അവിടെയും കുട്ടി കൂടുതല്‍ ശോഭയുള്ളതായി മാറി. ഒടുവില്‍ കുട്ടിയെ നാഗപാശം കൊണ്ട് കെട്ടി സമുദ്രത്തിന്റെ ആഴങ്ങളില്‍ താഴ്ത്തി, മുകളില്‍ വലിയ പാറക്കല്ലുകള്‍ കയറ്റിവച്ചു . നാരായണ ഭക്തനായ കുട്ടിയുടെ കെട്ടുകളൊക്കെ പൊട്ടി; പാറക്കല്ലുകള്‍ ഉരുണ്ടുപോയി. സമുദ്രനാഥനായ വരുണന്‍ കുട്ടിയെ എടുത്തു കരയില്‍ കൊണ്ട് നിര്‍ത്തി.

ഭ്രുത്യന്മാരെക്കൊണ്ട് ആയിരം യോജന ഉയരമുള്ള
മലമുകളില്‍ കയറ്റി കൊണ്ടുപോയി കൈ കാലുകള്‍ ബന്ധിച്ച് താഴേക്കെറിഞ്ഞു. ഭൂമിദേവി സ്ത്രീ രൂപം പൂണ്ടു കീഴ്പ്പോട്ടു വരുന്ന ബാലനെ തൃക്കൈയ്യിലെടുത്തു മടിയില്‍വച്ച് താലോലിച്ചു. പ്രഹ്ലാദന്‍ ദേവിയെ സ്തുതിച്ചു. ഇതെല്ലാം കണ്ട് മറ്റുള്ളവര്‍ ഭഗവദ് ഭക്തരായിത്തീര്‍ന്നു. തന്റെ ഗുരുക്കളെയും പ്രഹ്ലാദന്‍ ആത്മോപദേശം നല്‍കി ആനന്ദത്തിലാക്കി. കലിപൂണ്ട ഹിരണ്യകശിപു പ്രഹ്ലാദനോട് ക്രോധത്തില്‍ എവിടെയാണ് ഈശ്വരന്‍ ഉള്ളത് എന്ന് ചോദിച്ചു. അതിനുത്തരമായിട്ട് ശാന്തസ്വരത്തില്‍ " ഈ കാണുന്ന സകല ചരാചരങ്ങളിലും, തൂണിലും, തുരുമ്പിലും ഈശ്വരന്‍ നിറഞ്ഞിരിക്കുന്നു" എന്ന് പറഞ്ഞു. ഹിരണ്യകശിപു ഇതുകേട്ട് തന്റെ വാളൂരി മുന്നില്‍ക്കണ്ട തൂണില്‍ ആഞ്ഞു വെട്ടി. അത്ഭുതം! തൂണ് പൊട്ടിപ്പിളര്‍ന്ന് ഭീകര രൂപത്തില്‍ നരസിംഹം പുറത്തു ചാടി. ഉടനെ ആകാശത്തില്‍ ദേവന്മാര്‍, യക്ഷന്മാര്‍, കിന്നരന്മാര്‍, ബ്രഹ്മാവ്‌ തുടങ്ങിയവരെല്ലാം നിരന്നുനിന്നു.
നേരം സന്ധ്യയോടടുത്തിരിന്നു (രാത്രിയും പകലും അല്ല). നരസിംഹരൂപിയായ സാക്ഷാല്‍ വിഷ്ണുഭഗവാന്‍ (ബ്രഹ്മാവിന്റെ സൃഷ്ടിയില്‍ പെട്ടതല്ല ) അസുരനെ പിടിച്ചു പടിയിലിരുന്ന്
(അകത്തും പുറത്തുമല്ല), തന്റെ തുടയില്‍ അസുരനെ കിടത്തി നഖം കൊണ്ട് (ആയുധം കൊണ്ടല്ല) ഉടല്‍ കുത്തിക്കീറി ചോര കുടിച്ച് കുടല്‍മാലയെടുത്ത് കഴുത്തില്‍ ധരിച്ചു. അങ്ങനെ മൂന്ന് ലോകവും വിറപ്പിച്ച അസുരന്റെ കഥ കഴിഞ്ഞു.

ശിവനും ബ്രഹ്മാവും ദേവേന്ദ്രനും ഹരിയെ സ്തുതിച്ചു.
ആര്‍ക്കും നരസിംഹത്തിന്നടുത്തെക്ക് ചെല്ലാന്‍ ധൈര്യമുണ്ടായില്ല . അത്രയ്ക്ക് ഭയമായിരുന്നു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം പ്രഹ്ലാദന്‍ ഭഗവാന്റെ സമീപത്തു ചെന്ന് സ്തുതിച്ചപ്പോള്‍ ഭഗവാന്‍ ശാന്തസ്വരൂപനായി . പ്രഹ്ലാദനെ ആശ്ലേശിച്ചിട്ട് അപ്പോഴത്തെ മന്വന്തരക്കാലം അസുരാധിപനായി വാഴാനും അനുഗ്രഹം നല്‍കി. അങ്ങനെ ബ്രഹ്മാവ്‌ പ്രഹ്ലാദനെ അസുര ചക്രവര്‍ത്തിയായി അഭിഷേകം ചെയ്തു.

"ശ്രീം ശ്രീവിദ്യേ മഹാ വിഭൂതയേ സ്വാഹാ"

"ശ്രീം ശ്രീവിദ്യേ മഹാ വിഭൂതയേ സ്വാഹാ"

ഈ മന്ത്രം 9 അല്ലെങ്കില്‍ 9 ന്‍റെ ഗുണിതങ്ങളായി ജപിക്കാവുന്നതാണ്.
പൊതുവേ, ശുക്രദശയോ ശുക്രാപഹാരമോ ഉള്ളവര്‍ക്ക്‌ ഇത് ജപിക്കുന്നത് ഉത്തമം ആണ്. ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാര്‍ക്കും, ശുക്രന്‍ കേന്ദ്രാധിപത്യദോഷത്തോടെ നില്‍ക്കുന്ന ജാതകക്കാര്‍ക്കും, ശുക്രന് പാപമദ്ധ്യസ്ഥിതിയോ, ശുക്രന്‍റെ നാലിലും എട്ടിലും പാപഗ്രഹങ്ങള്‍ നില്‍ക്കുകയോ ചെയ്യുന്നവര്‍ക്കും, ശുക്രന്‍ കന്നി രാശിയില്‍ നില്‍ക്കുന്നവര്‍ക്കും മഹാലക്ഷ്മീമന്ത്രജപം അത്യുത്തമം ആകുന്നു.

വെള്ളിയാഴ്ച സൂര്യോദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ശുക്രകാലഹോരയില്‍ നെയ്‌വിളക്കിന്‍റെ മുമ്പിലിരുന്ന് ഭക്തിയോടെ മഹാലക്ഷ്മിയെ ധ്യാനിച്ചുകൊണ്ട് മഹാലക്ഷ്മീമന്ത്രം ജപിക്കുന്നത് വളരെ ഉത്തം ആകുന്നു.

രാമായണത്തിലൂടെ അറിയാം


ശ്രീരാമന്‍ താമസിച്ചത്: പഞ്ചവടിയില്‍
പഞ്ചവടിയില്‍ വന്ന രാക്ഷസി – രാവണസഹോദരിയായ ശൂര്‍പ്പണഖ
ശൂര്‍പ്പഖയുടെ മൂക്കും ചെവിയും അരിഞ്ഞത് – ലക്ഷ്മണന്‍
ശബരിയെ കണ്ടപ്പോള്‍ ശ്രീരാമന് നല്‍കിയ ഉപദേശം-ഋഷ്യമൂകാചലത്തില്‍ പോയി സുഗ്രീവനെ കാണാന്‍ ശ്രീരാമനും സുഗ്രീവനും തമ്മിലുള്ള ഉടമ്പടി- സീതാന്വേഷണത്തില്‍ സുഗ്രീവന്‍ സഹായിക്കാമെന്നും പകരം ബാലിവധാനന്തരം സുഗ്രീവനെ കിഷ്‌കിന്ധയിലെ രാജാവാക്കാമെന്നും.
സുഗ്രീവനെ തിരിച്ചറിയാന്‍ ലക്ഷ്ണന്‍ ചെയ്തത്- സുഗ്രീവനെ ഗജപുഷ്പമാല അണിയിച്ചു.
ബാലിയെ ഒളിയമ്പെയ്തു വധിച്ചത് – ശ്രീരാമന്‍
രാവണന്‍ പുഷ്പകവിമാനത്തിലൂടെ സീതയെകൊണ്ടുപോയെന്ന വിവരം ശ്രീരാമനെ അറിയിച്ചത് – ജടായു
ശ്രീരാമ-ലക്ഷ്മണന്മാരെ കാണാന്‍ ഹനുമാന്‍ പോയത്- ബ്രാഹ്മണബാലന്റെ വേഷത്തില്‍
സീത വഴിയില്‍ അടയാളമായി താഴെയിട്ട ആഭരണങ്ങള്‍ ശ്രീരാമനെ കാണിച്ചത്- സുഗ്രീവന്‍
സീതയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രീരാമന്‍, ഹനുമാന്‍ വശം കൊടുത്തയച്ച അടയാളം- സ്വന്തം പേരെഴുതിയ മോതിരം ശ്രീരാമന്‍ സ്ഥാപിച്ച ശിവക്ഷേത്രം – രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രം
സേതുബന്ധനത്തെ എതിര്‍ത്തത് – വരുണന്‍ സേതുബന്ധനത്തിന് സഹായിച്ച വാനരന്മാരുടെ നേതാവ്- വിശ്വകര്‍മ്മാവിന്റെ മകനായ നളന്‍
സേതുബന്ധനം പൂര്‍ത്തീകരിച്ചത്- അഞ്ചുദിവസം കൊണ്ട് അണ്ണാന്റെ ശരീരത്തില്‍ മൂന്ന് വെളുത്തവരകള്‍ ഉണ്ടായത്- സേതുബന്ധനവേളയില്‍ അണ്ണാനും തന്നാലാകുംവിധം സഹായിച്ചിരുന്നു. ഇതുകണ്ട് ശ്രീരാമന്‍ സ്‌നേഹവാത്സല്യത്തോട അണ്ണാന്റെ പുറത്ത് തലോടിയപ്പോഴാണ് മൂന്ന് വരകള്‍ ഉണ്ടായത്.
ശ്രീരാമന്‍ യുദ്ധത്തിനായി ലങ്കയിലേക്ക് പുറപ്പെട്ടത് – ഉത്രം നാളില്‍
യുദ്ധത്തില്‍ വിജയമുണ്ടാകാന്‍ ഏത് പക്ഷിയുടെ കൂജനമാണ് കേള്‍ക്കേണ്ടത്- വഞ്ജുളകം എന്ന പക്ഷിയുടെ സൂര്യന്‍ ആകാശമദ്ധ്യേ വരുന്ന സമയം- വിജയമുഹൂര്‍ത്തം

ശ്രീ കൃഷ്ണനെ ഏന്തുകൊണ്ട്‌ കള്ളകണ്ണാ ഏന്നു വിളിക്കുന്നു

ശ്രീ കൃഷ്ണനെ ഏന്തുകൊണ്ട്‌ കള്ളകണ്ണാ ഏന്നു വിളിക്കുന്നു
ഹിന്ദുമത വിശ്വാസികള്‍ അല്ലാത്ത പലവരുടെയും മനസ്സില്‍ ഇങ്ങനെ ഒരു ചോദ്യം കടന്നുവരാറുണ്ട് ദയവായി തുടര്‍ന്ന് വായിക്കുക

ഭാഗവതം വായിച്ചിട്ടുള്ളവര്‍ക്ക് ഒരു കാര്യം മനസ്സിലാവും . ഭഗവാന്‍ തന്‍റെ അവതാരത്തില്‍ ഒരേ ഒരു വസ്തു മാത്രമെ മോഷ്ടിച്ചിട്ടുള്ളൂ അതാണ്‌ നവനീതം , അതായത് "വെണ്ണ" . എന്ത് കൊണ്ടു ഭഗവാന് വെണ്ണയോട് ഇത്ര പ്രിയം എന്ന് അധികം ആരും ചിന്തിച്ചിട്ടുണ്ടാവില്ല .

ക്ഷീരപൂരിതം ആണ് മനുഷ്യ ശരീരം. അമ്മയുടെ മുലപ്പാല്‍ ആണ് ഓരോ കുഞ്ഞിന്‍റെയും ശരീര വളര്‍ച്ചയ്ക്ക് അടിസ്ഥാനം .മഹാവിഷ്ണു ക്ഷീര സാഗരത്തില്‍ ശയിക്കുന്നതിനു പിന്നില്‍ ഉള്ള ശാസ്ത്രീയ തത്വവും ഇതു തന്നെ . അങ്ങനെ ഉള്ള ശരീരത്തെ വെറുതേ വച്ചിരുന്നാല്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ ബാഹ്യ മായയാല്‍ അത് കേടുവന്നു പോകും . എന്നാല്‍ അതില്‍ ഒരു തുള്ളി ഭക്തി രസം ആകുന്ന മോര് ചേര്‍ത്താല്‍ അത് ആത്മജ്ഞാന സുഖത്തിനാല്‍ കട്ട പിടിക്കുന്നു . അതിനെ അങ്ങനെ തന്നെ വയ്ക്കാതെ നിരന്തര സാധന (പ്രാര്‍ത്ഥന ) ആകുന്ന കടക്കോല്‍ കൊണ്ട് കടഞ്ഞാല്‍ അതില്‍ നിന്നു ആത്മാവ് ആകുന്ന വെണ്ണ പുറത്തു വരുന്നു.
ഇത്രയും ചെയ്‌താല്‍ ഭഗവാന്‍ വേറെ ആരുടെയും അനുവാദം കാത്തു നില്‍കാതെ അത് വന്നു മോഷ്ടിച്ച് തന്നില്‍ ലയിപ്പിക്കും. അതിനാലാണ് ഭഗവാന്‍ വെണ്ണക്കള്ളന്‍ ആയത്‌ .
ഇനി നമുക്കു ഒരു സംശയം തോന്നാം , ഭഗവാന്‍റെ സ്വന്തം സ്വരൂപം ആണ് ഏവരുടെയും ആത്മാവ് , അത് മോഷ്ടിക്കേണ്ട കാര്യം ഇല്ല എങ്കിലും മോഷണം എന്നതിന്‍റെ തത്വം എന്ത് ?

നമുക്കു ഒരു കല്യാണ വീട്ടിലേയ്ക്ക്‌ കടന്നു ചെല്ലാം. കല്യാണത്തിനു ആഭരണം എടുക്കാന്‍ ചുമതല ഉള്ള ഒരു പറ്റം സ്ത്രീജനങ്ങള്‍ പുതിയ ഫാഷനില്‍ കുറെ സ്വര്‍ണ ആഭരണങ്ങള്‍ വാങ്ങുന്നു. കല്യാണ തലേന്ന് നാട്ടുകാരുടെ മുന്‍പില്‍ പുതിയ ഫാഷന്‍ മാത്രം കാണിക്കുന്നു . വീട്ടിലെ ആരെങ്കിലും പഴയ ആഭരണങ്ങളെ ക്കുറിച്ച് ചോദിച്ചാല്‍ "അതൊക്കെ പഴയത് ആയില്ലേ .. അതൊക്കെ കാണിക്കാന്‍ കൊള്ളുമോ" എന്നൊക്കെ ചോദിക്കുന്നു.

എന്നാല്‍ അന്ന് രാത്രി അവിടെ ഒരു "കള്ളന്‍" കയറി എന്ന് വയ്ക്കുക . അവന് അത് പുതിയത് എന്നോ പഴയത് എന്നോ ? നിറം മങ്ങിയത് എന്നോ ? ഡിസൈന്‍ കൊള്ളില്ല എന്നോ ? വല്ലതും പറഞ്ഞു സ്വര്‍ണ്ണം വേണ്ട എന്ന് വയ്ക്കുമോ ? സ്വര്‍ണം ആണോ എന്ന് മാത്രം നോക്കി അതിന്‍റെ പുറം മോടി നോക്കാതെ അവന്‍ അത് മോഷ്ടിക്കുന്നു

അത് പോലെ തന്നെ .. ഓരോ ഭക്തന്റെയും ആത്മാവ് ആകുന്ന നവനീതം അവന്റെ ശരീരത്തിന്‍റെ പുറംമോടിയോ ,ധനമോ, ജാതിയോ , വര്‍ണ്ണമോ നോക്കാതെ മോഷ്ടിക്കുന്ന ജഗദീശ്വരനും ഭാഗവത സ്വരൂപിയും ആയ ഭഗവാനേ അങ്ങേക്ക് പ്രണാമം

Thursday, 30 July 2015

വ്യാസപൂർണ്ണിമ (ഗുരു പൂർണിമ)

ഹിന്ദുക്കൾ പുരാതനഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു. ഗുരുക്കന്മാരുടെ ഗുരുവാണ് അദ്ദേഹം . ദത്താത്രേയന്‍റേയും അയ്യപ്പന്‍റെയും ഗുരു വ്യാസനണെന്നണ്‍ വിശ്വാസം.നാളെയാണ് വ്യാസസ്മരണക്കായി ഉള്ള വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ . ബ്രഹ്മാവ് 18 വ്യാസന്മരായി അവതരിച്ചു എന്ന് പുരാണങ്ങളില്‍ കാണുന്നു.
ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ വിഭജിച്ചതായാണ് ഐതിഹ്യം പറയുന്നത്. ആദ്യവേദം നാലു പാദങ്ങളുള്ളതും നൂറായിരം ഗ്രന്ഥങ്ങള്‍ ഉള്ളതുമായിരുന്നു. അതിനെ വ്യാസന്‍ ഋഗ്വേദമെന്നും യജൂര്‍വേദമെന്നും സാമവേദമെന്നും അഥര്‍വ്വവേദമെന്നും നാലായി വ്യസിച്ചു- അഥവാ വിഭജിച്ചു. ദ്വാപരയുഗത്തില്‍ കൃഷ്ണദ്വൈപായനനന്‍ എന്നപേരില്‍ പിറന്ന മുനി ഇപ്രകാരം ചെയ്തതുകൊണ്ടാണ് "വേദവ്യാസനായി' അറിയപ്പെടുന്നത്.
ഇദ്ദേഹം ഭാരതത്തിന്‍റെ പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്‍റെ കര്‍ത്താവാണ്‍്. 18 പര്‍വ്വത്തില്‍ 2000ത്തില്‍ അധികം അധ്യായങ്ങളുള്ള . ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഒന്നുംഈ ലോകത്തില്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്നാണ് വിശ്വാസം.
വ്യാസന്‍ എന്നാല്‍ വ്യസിക്കുന്നവന്‍ പകുക്കുന്നവന്‍, വിഭജിക്കുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം.ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തെട്ട് വ്യാസന്മാര്‍ കഴിഞ്ഞുപോയതായി പുരാണങ്ങളില്‍ പരമാര്‍ശിക്കുന്നു....
ഓം ഗുരുര്‍ ബ്രഹ്മ, ഗുരു വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വര, ഗുരു സാക്ഷാല്‍ പരബ്രഹ്മ തസ്മായ് ശ്രീ ഗുരുവേ നമ: ഓം

ഗുരുപരമ്പരകളെ നമിച്ചുകൊണ്ട് എല്ലാവര്ക്കും പ്രണാമം

നന്ദികേശ്വരന്‍


പുരാണ കഥാപാത്രം. ശിവന്റെ ഭൂതഗണങ്ങളില്‍ പ്രമുഖന്‍. നന്ദി, നന്ദികേശന്‍, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ശിവപാര്‍ഷദന്‍ കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരന്‍ ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നതിപ്രകാരമാണ്:
ശാലങ്കായന്റെ പുത്രനായ ശിലാദനന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്‍. കൈകള്‍ നാല്. ശിരസ്സില്‍ ജടാമകുടങ്ങള്‍. ശിലാദനന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹമഭ്യര്‍ഥിച്ചു. 'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി 'ദീര്‍ഘായുസ്സു നല്‍കണം' എന്നഭ്യര്‍ഥിച്ചു. 'ദീര്‍ഘായുസ്സുമാത്രമല്ല, കൈലാസത്തില്‍വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്‍ഘജീവിതസുഖം അനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.
നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.
നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്‍ത്തിരുന്നു. തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി ശിവനെ അഭയം പ്രാപിച്ചു.
കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്. ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന്‍ തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന്‍ തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്‍ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല്‍ രുഷ്ടനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന്‍ സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.
മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു