Wednesday, 22 July 2015

കൊല്ലൂര്‍ മൂകാംബിക


ദക്ഷിണകര്‍ണ്ണാടകയിലെ കൊല്ലൂരില്‍, കുടജാദ്രിയുടെ മടിയില്‍, സൗപര്‍ണ്ണികയുടെ തീരത്ത്, വിദ്യാംബികയായ മൂകാംബിക കുടികൊള്ളുന്നു. ത്രിമൂര്‍ത്തികളും പരാശക്തിയും ഒറ്റ ചൈതന്യമാണിവിടെ.
ശംഖചക്രാഭയാഭീഷ്ട ഹസ്തയായി പത്മാസനസ്ഥയായ ദേവീ വിഗ്രഹത്തിനു മുന്നില്‍ ഒരു സ്വയംഭൂലിംഗമുണ്ട് . ഇത് ഒരു സുവര്‍ണ്ണരേഖയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സുവര്‍ണ്ണരേഖയുടെ വലതുവശം ശിവവിഷ്ണുബ്രഹ്മ ചൈതന്യവും ഇടതുവശം പരാശക്തിയുടെ ത്രിവിധ ഗുണങ്ങളും അന്തര്‍ലീനമാവുന്നു. മഹാദുര്‍ഗ്ഗയും, മഹാലക്ഷ്മിയും, മഹാവാണിയുമാണ് മൂകാംബിക. ഭക്തന് ഇഷ്ടഭാവത്തില്‍ ഉപാസിക്കാം. മൂകസ്വരൂപിയായ കംഹാസുരനെ നിഗ്രഹിച്ചതിനാലാണത്രെ ദേവിക്ക് മൂകാംബിക എന്ന പേരു കൈവന്നത്. മൂകന്‍മാര്‍ക്കുപാലും ഐശ്വര്യവിദ്യാസമുദ്രം പ്രദായനം ചെയ്യുന്ന അംബ. വീരഭദ്രസ്വാമി, സുബ്രഹ്മണ്യ സ്വാമി, പ്രാണലിംഗേശ്വരന്‍, പഞ്ചമുഖഗണപതി, ചന്ദ്രമൗലീശ്വരന്‍, ആഞ്ജനേയന്‍, വിഷ്ണു എന്നീ ഉപദേവകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപം സര്‍വവിദ്യകളുടെയും ശുഭാരംഭമണ്ഡപമത്രെ. ശങ്കരാചാര്യരാണ് ഇവിടുത്തെ പൂജാവിധികള്‍ ചിട്ടപ്പെടുത്തിയത്.
മൂകാംബികയുടെ മൂലസ്ഥാനം അംബാവനം പൂണരുന്ന. കുടജാദ്രിയിലാണ്. അവിടെ രണ്ടു ചെറിയ ക്ഷേത്രങ്ങളുണ്ട്്. കുറച്ചുയരത്തില്‍ ശ്രീശങ്കരന്‍ തപസ്സനുഷ്ഠിച്ച സര്‍വജ്ഞപീഠം. സര്‍ജ്ഞപീഠത്തിനു പിറകില്‍ ശിലാഗുഹയായ ചിത്രമൂല. ശങ്കരാചാര്യര്‍ ദേവിയെ പ്രത്യക്ഷമാക്കിയ സഥലം. ഇവിടെ നിന്നാണ് സൗപര്‍ണ്ണിക ഉത്ഭവിക്കുന്നത്.
മീനമാസത്തിലാണ് ഉത്സവമെങ്കിലും നവരാത്രിയാണ് മൂകാംബികയില്‍ വിശേഷം. ജന്‍മാഷ്ടമിയും പ്രധാനമാണ്.

0 comments:

Post a Comment