Tuesday, 4 August 2015

രാമായണപാരായണം കര്‍ക്കടകം 5


പിറ്റേ ദിവസം പ്രഭാതം..
അയോധ്യ ഉത്സവലഹരിയിലാണ്..
ശ്രീരാമചന്ദ്രന്‍റെ പട്ടാഭിക്ഷേകം, എല്ലാ നഗരവാസികളും കാത്തിരുന്ന, എല്ലാരുടെയും മനസില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തിക്കുന്ന, ആ പുണ്യസംഭവം.
അത് ഇന്നാണ്.

കൈകേയിയുടെ അന്തപുരത്തില്‍ നിന്നും ദശരഥ മഹാരാജാവ് ഇത് വരെ തിരിച്ചെത്തിയില്ല.കാരണം അന്വേഷിച്ച് ചെന്ന സുമന്ത്രരോട്, രാജാവ് രാമനെ കാത്ത് നില്‍ക്കുകയാണെന്ന് കൈകേയി ഉണര്‍ത്തിച്ചു.അതിന്‍ പ്രകാരം അവിടെത്തിയ രാമന്‍ കൈകേയിയില്‍ നിന്ന് വരത്തിന്‍റെ വിവരങ്ങളറിയുകയും കാട്ടില്‍ പോകുന്നതിനു തയ്യാറാകുകയും ചെയ്തു.

രാമന്‍റെ നിശ്ചയം കണ്ട് ദശരഥ മഹാരാജാവ് ദുഃഖിതനായി.തന്നെ കാരാഗ്രഹത്തില്‍ അടച്ചിട്ട് രാജ്യം പിടിച്ചെടുക്കാന്‍ രാമനോട് ഉപദേശിച്ചു.അതിനു മറുപടിയായി ശ്രീരാമന്‍ പറഞ്ഞു:
"പിതാവിന്‍റെ മനോധര്‍മ്മം അറിഞ്ഞ് പ്രവൃത്തിക്കുന്നവന്‍ ഉത്തമപുത്രന്‍, പിതാവ് പറഞ്ഞിട്ട് ചെയ്യുന്നവന്‍ മദ്ധ്യമന്‍, പിതാവിനെ നിഷേധിക്കുന്നവന്‍ അധമന്‍"
ഇവിടെ ധര്‍മ്മ പ്രകാരം രാമന്‍ കാട്ടിനു പോകേണം.കാരണം ദശരഥന്‍ വരം കൊടുത്തതാണ്.രാമഭഗവാന്‍ ഉത്തമ പുത്രനാണ്..
അദ്ദേഹം വനവാസത്തിനു തയ്യാറായി.

ഈ വാര്‍ത്ത അറിഞ്ഞു തളര്‍ന്ന കൌസല്യാദേവിയെ സമാധാനിപ്പിച്ച് യാത്രയ്ക്ക് ഉള്ള ഒരുക്കങ്ങള്‍ തുടങ്ങിയ ഭഗവാന്‍റെ അടുക്കലേക്ക് തിളക്കുന്ന രോഷത്തോടെ ഒരാളെത്തി,
അത് ലക്ഷ്മണനായിരുന്നു..
ശ്രീരാമ ഭഗവാന്‍റെ പ്രിയ അനുജന്‍.
ദേഷ്യത്തോടെ ലക്ഷ്മണന്‍ പറഞ്ഞു:
"ജേഷ്ഠാ, അച്ഛനെ ബന്ധിച്ചായാലും ഞാന്‍ പട്ടാഭിക്ഷേകം നടത്തും"
അത് വെറും വാക്കായിരുന്നില്ല.
ശ്രീരാമഭഗവാനു വേണ്ടി എന്തും ചെയ്യാന്‍ ലക്ഷ്മണ കുമാരന്‍ തയ്യാറായിരുന്നു.പക്ഷേ ശ്രീരാമചന്ദ്രന്‍ ലക്ഷ്മണനെ ആശ്വസിപ്പിച്ചു, ക്രോധം അടക്കാന്‍ ഉപദേശിച്ചു.രാമദേവന്‍റെ വാക്കുകളില്‍ മനസ്സ് തണുത്ത ലക്ഷ്മണന്‍ പറഞ്ഞു:
"എങ്കില്‍ ജ്യേഷ്ഠനോടൊപ്പം ഞാനുമുണ്ട്, ഈ വനവാസത്തിന്"

അടുത്ത ഊഴം സീതയുടെതായിരുന്നു..
വനത്തിന്‍റെ ഭീകരതയെ കുറിച്ചുള്ള രാമന്‍റെ വാക്കുകള്‍ക്ക് സീത മറുപടി നല്‍കി:
"രാമനെവിടാണോ, അതാണ്‌ സീതയ്ക്ക് അയോധ്യാ"

അങ്ങനെ മൂന്ന് പേരും യാത്രയ്ക്ക് തയ്യാറായപ്പോള്‍, സുമിത്രാദേവി തന്‍റെ മകനായ ലക്ഷ്മണനോട് പറഞ്ഞു:

"രാമനെ നിത്യം ദശരഥനെന്നുമി
ലാമോദമോടു നിരുപിച്ച് കൊള്ളണം
എന്നെ ജനകാത്മയെന്നുറച്ച് കൊള്‍
പിന്നെയയോദ്ധ്യയെനോര്‍ത്തീടടവിയെ"

രാമനെ ദശരഥനായും, സീതയെ സുമിത്രാദേവിയായും, വനത്തെ അയോദ്ധ്യയായും കരുതണം എന്ന ഈ ഉപദേശമാണ്‌ രാമായണത്തിലെ ഏറ്റവും മഹത്തായ ഭാഗമായി കരുതി പോകുന്നത്.

വനവാസ യാത്രയ്ക്ക് മുമ്പേ മൂന്ന് പേര്‍ക്കും ധരിക്കാന്‍ വല്ക്കലം കൊടുത്തത് കൈകേയി ആയിരുന്നു.രാമനും ലക്ഷ്മണനും അത് ധരിച്ചു.സീതാ ദേവിയെ കൊണ്ട് വല്ക്കലം ധരിപ്പിക്കാന്‍ തയ്യാറായ കൈകേയിയുടെ മനോനിലയെ വസിഷ്ഠമുനി ശാസിക്കുകയും, അപ്രകാരം സര്‍വ്വാഭരണവിഭൂഷിതയായി സീതാ ദേവി യാത്രക്ക് ഒരുങ്ങുകയും ചെയ്തു.

ആ യാത്രയില്‍ നഗരവാസികളും രാമനോടൊപ്പം കൂടി.അന്ന് രാത്രി തമസാനദി തീരെ എല്ലാരും വിശ്രമിക്കുകയും, പിറ്റേന്ന് സൂര്യോദയത്തിനു മുമ്പേ, ഉറങ്ങി കിടക്കുന്ന നഗരവാസികളെ അറിയിക്കാതെ രാമനും ലക്ഷ്മണനും സീതയും വനത്തിലേക്ക് യാത്രയാകുകയും ചെയ്തു.
ഉണര്‍ന്നപ്പോള്‍ ഭഗവാനെ കാണാഞ്ഞ് നഗരവാസികളും, രാമന്‍റെ യാത്രക്ക് കൂട്ട് നിന്ന സുമന്ത്രരും തിരികെ അയോധ്യയിലേക്കും യാത്രയായി.

0 comments:

Post a Comment