Monday, 24 August 2015

വീടിന്‌ സ്‌ഥാനനിര്‍ണ്ണയം ചെയ്യുമ്പോള്‍


ഭൂമി താമസയോഗ്യമാണോ, അല്ലയോയെന്ന്‌ അതില്‍ നിലകൊള്ളുന്ന മരം, സസ്യലതാദികള്‍, നീരൊഴുക്ക്‌, ഉയര്‍ച്ച താഴ്‌ചകള്‍ ഇവ ശ്രദ്ധിച്ച്‌ മനസ്സിലാക്കാവുന്നതാണ്‌. പശുക്കള്‍ മേയുന്നതും നല്ല മനുഷ്യര്‍ വസിക്കുന്നിടവും, ഏറെ മുള്ളുള്ള മരങ്ങള്‍ ഇല്ലാത്തതും കുഴിക്കുമ്പോള്‍ എല്ല്‌, കരി, പഴംതുണി ഇവ ഇല്ലാത്തതും, തെക്ക്‌, പടിഞ്ഞാറ്‌ ഉയര്‍ന്ന്‌, സമതലമായി നിലനില്‍ക്കുന്ന പഴങ്ങളും പൂക്കളും ഏറെയുള്ള കിഴക്ക്‌, വടക്ക്‌; ഈ ദിക്കുകളിലേക്ക്‌ ജലത്തിന്റെ ഒഴുക്ക്‌ ഉണ്ടാവുകയും ചെയ്യുന്ന ഭൂമി നന്ന്‌.
വിത്തിട്ടാല്‍ ഉടന്‍ മുളപൊട്ടുന്ന, ഒരു കുഴികുഴിച്ച്‌ ആ മണ്ണ്‌ അതില്‍ത്തന്നെയിട്ടാല്‍ മണ്ണ്‌ ബാക്കിയാവുന്നതും ചുവപ്പുള്ളതും പൊടിയാക്കാന്‍ എളുപ്പവുമായ മണ്ണ്‌, പ്രദക്ഷിണത്തില്‍ ജലം ഒഴുകുന്നയിടം, വേനലിലും ജലം നിറഞ്ഞു നില്‍ക്കുന്നയിടം ഇവയെല്ലാം ശുദ്ധഭൂമിയായി പരിഗണിക്കാം. പടിഞ്ഞാറ്‌, തെക്ക്‌ എന്നിവിടങ്ങളില്‍ ഉയര്‍ച്ചയുള്ളതും ശുദ്ധഭൂമിയായി നിലനില്‍ക്കുന്നു.
ഗോവീഥി (കിഴക്ക്‌ താഴ്‌ന്ന് പടിഞ്ഞാറുയര്‍ന്നത്‌) ഗജവീഥി (വടക്ക്‌ താഴ്‌ന്ന് തെക്കുയര്‍ന്നത്‌) ധാന്യവീഥി (വടക്ക്‌ കിഴക്ക്‌ താഴ്‌ന്ന് തെക്ക്‌ പടിഞ്ഞാറ്‌ ഉയര്‍ന്നത്‌) പൈതാമഹം സുപഥം, സ്‌ഥാവരം, സ്‌ഥണ്ഡിലം എന്നിവയെല്ലാം ഗുണപ്രദമായ ഭൂമിയായി പരിഗണിക്കണം.
നാല്‌ ഖണ്ഡം
ഏതൊരു പറമ്പാകട്ടെ (സ്‌ഥലം/ഭൂമി) ഇവയെ തെക്ക്‌ വടക്കായും, കിഴക്ക്‌ പടിഞ്ഞാറായിട്ടും നേര്‍മധ്യത്തിലൂടെ വേധിച്ചാല്‍ (വരയ്‌ക്കുക, കയര്‍ കെട്ടുക, നാലായിത്തിരിക്കുക) ഇവയില്‍ വടക്ക്‌ കിഴക്ക്‌ ഖണ്ഡത്തെ മനുഷ്യഖണ്ഡമെന്നും, തെക്ക്‌ പടിഞ്ഞാറ്‌ ഖണ്ഡത്തെ ദേവഖണ്ഡമെന്നും, തെക്ക്‌ കിഴക്ക്‌ഖണ്ഡത്തെ യമഖണ്ഡമെന്നും, വടക്ക്‌ പടിഞ്ഞാറ്‌ ഖണ്ഡത്തെ അസുരഖണ്ഡമെന്നും വിളിക്കുന്നു.
ഇതില്‍ത്തന്നെ എത്ര ചെറിയതോ, വലിയതോ ആയ ഭൂമിയാകട്ടെ കഴിവതും ആദ്യം മനുഷ്യഖണ്ഡത്തെയും, രണ്ടാമത്‌ ദേവഖണ്ഡത്തെയും പരിഗണിക്കണം. ഒരു നിവൃത്തിയുമില്ലെങ്കില്‍ അസുരഖണ്ഡത്തെയും അവസാനമായി പരിഗണിക്കാം. എന്നാല്‍ യമഖണ്ഡത്തെ ഗൃഹസ്‌ഥാനമായി ഒട്ടും പരിഗണിക്കരുത്‌.
മേല്‍പ്പറഞ്ഞ നാല്‌ ഖണ്ഡങ്ങളില്‍ യമണ്ഡത്തെ അഗ്നികോണ്‍ എന്നും, മനുഷ്യഖണ്ഡത്തെ ഈശാനകോണെന്നും, ദേവഖണ്ഡത്തെ നിര്യതികോണെന്നും, അസുരഖണ്ഡത്തെ വായുകോണെന്നും വിളിക്കാറുണ്ട്‌.
ഇതില്‍ ദേവഖണ്ഡം കന്നിമൂലാസ്‌ഥാനം, ഗണപതിസ്‌ഥാനം, കന്നിരാശിസ്‌ഥാനം എന്നിങ്ങനെ വിവിധപ്രദേശങ്ങള്‍ക്കനുസരിച്ച്‌ പറഞ്ഞുകേള്‍ക്കാറുണ്ട്‌.
വാസ്‌തുശാസ്‌ത്രപ്രകാരം മനുഷ്യഖണ്ഡത്തില്‍ ഗൃഹം പണിത്‌ താമസിച്ചാല്‍ ഐശ്വര്യവും ഉയര്‍ച്ചയും സന്താനഗുണവും അഭിവൃദ്ധിയും ഫലമായിപ്പറയുന്നു.
ദേവഖണ്ഡത്തില്‍ സകലവിധ ദേവപ്രീതിയും കാര്യസിദ്ധിയും അഭീഷ്‌ടസാധ്യതയും ഉണ്ടാവുമെന്നും പറയുന്നു.
എന്നാല്‍ അസുരഖണ്ഡം മന്ദബുദ്ധി സ്‌ഥലം എന്നാണ്‌ പൊതുവേ പറയാറ്‌.
യമഖണ്ഡം മനുഷ്യര്‍ക്ക്‌ വാസത്തിന്‌ പാടില്ലെന്നുതന്നെ പറയുന്നു. ഇവിടെ ശ്‌മശാനം, ക്ഷേത്രം, ഇവയ്‌ക്കാണ്‌ സാധാരണയായി സ്‌ഥലം മാറ്റിയിടാറുള്ളത്‌. ആയതിനാല്‍തന്നെ മനുഷ്യവാസയോഗ്യമായതിനെ ആദ്യം പണി തുടങ്ങുമ്പോള്‍ (കുറ്റിയടിച്ച്‌) തന്നെ പരിഗണിക്കണം.

0 comments:

Post a Comment