*
*🔥🔥🙏🏻🔥🔥* ഒരു കാട്ടാളന്‍.. പോക്കിരി, ദുഷ്ടന്‍, തസ്ക്കരന്‍.. ഭാര്യ: ഒരു ശുദ്രതരുണി മക്കള്‍:പ്രത്യേകിച്ച് എണ്ണമൊന്നുമില്ല, കിട്ടിയതെല്ലാം ദൈവത്തിന്‍റെ വരദാനം ജോലി: കാട്ടിലൂടെ വരുന്നവരുടെ കൈയ്യിലുള്ളത് തട്ടി പറിക്കുക, അതു കൊടുത്ത് ഭാര്യയേയും മക്കളെയും സന്തോഷിപ്പിക്കുക. അങ്ങനെ ഒരു ദിനം.. അന്ന് കാട്ടാളന് ഇരയായി വന്നത് സപ്തമുനികളായിരുന്നു.കാട്ടാളന്‍ ഓപ്പറേഷനു തയ്യാറായി.അവന്‍ സ്ഥിരം ഐറ്റവുമായി മുനിമാരെ സമീപിച്ചു.. പൊട്ടിച്ചിരി, കത്തികാട്ടല്‍, കണ്ണുരുട്ടി കാണിക്കല്‍.. അവന്‍റെ ഫാന്‍സി ഡ്രസ്സ് മൊത്തം കണ്ടിട്ട് സപ്തമുനികള്‍ ചോദിച്ചു: "എന്ത് പറ്റി?" ഠിം!! കാട്ടാളന്‍റെ കാറ്റ് പോയി!! ഇതെന്ത് ചോദ്യം?? സാധാരണ എല്ലാവരും പേടിക്കുന്നതാ.. ഞെട്ടി നിന്ന കാട്ടാളനോട് മുനിമാര്‍ വീണ്ടും ചോദിച്ചു: "വത്സാ, നിനക്ക് എന്താണ് പറ്റിയത്?" വട്ടാണോ?? ഇത് വ്യംഗ്യാര്‍ത്ഥം!! കാട്ടാളന്‍ വിക്കി വിക്കി പറഞ്ഞു: "ഞാന്‍ വത്സനല്ല, ഒരു കള്ളനാ" ഓഹോ.. "എന്തിനാണ് കള്ളാ ഈ പരാക്രമം?" "ഭാര്യയേയും മക്കളെയും തീറ്റിക്കാന്‍" കള്ളന്‍ മറുപടി നല്‍കി. ഈ ചെയ്ത് കൂട്ടുന്ന പാപത്തിന്‍റെ ഫലം ഒറ്റക്കാണോ അതോ ഫാമിലി മൊത്തത്തിലാണോ അനുഭവിക്കുന്നത് എന്ന മുനിമാരുടെ ചോദ്യത്തിനു മുമ്പില്‍ കാട്ടാളന്‍ പരുങ്ങി.അത് അറിയുന്ന വരെ തങ്ങള്‍ ഇവിടെ നില്‍ക്കാം എന്ന മുനിമാരുടെ വാക്കിനെ മാനിച്ച് കാട്ടാളന്‍ വീട്ടിലെത്തി.എന്നിട്ട് ശുദ്രതരുണിയോട് ചോദിച്ചു: "ഡാര്‍ളിംഗ്, ഞാന്‍ ഈ ചെയ്യുന്ന പാപഫലം നീയൂടെ അനുഭവിക്കുമോ?" ആ ചോദ്യം കേട്ടതും ഡാര്‍ളിംഗ് ഒരു രണ്ട് വരി പാട്ട് പാടി: "താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരു" സംഭവം സിംപിള്‍!! താങ്കള്‍ കൊന്നോളു, കൊള്ളയടിച്ചോളു.. അങ്ങനെ കിട്ടുന്നതെല്ലാം ഞാനും കുട്ടികളും കൂടി കഴിച്ചോളാം. പിന്നെ പാപഫലം.. അതൂടെ ഞങ്ങളെടുത്താല്‍ താങ്കള്‍ ഒന്നുമില്ലാത്തവനായി പോകില്ലേ?? അതിനാല്‍ അത് താങ്കള്‍ക്ക്!! കാട്ടാളന്‍ കോമാളിയായി.. പണ്ട് ഉപദ്രവിക്കപ്പെട്ടവരെല്ലാം അദ്ദേഹത്തിനു ചുറ്റും വന്ന് കൊഞ്ഞനം കുത്തി കാട്ടി!! സപ്തമുനിമാരുടെ കാല്‍ക്കല്‍ പൊട്ടിക്കരഞ്ഞു വീണ കാട്ടാളനെ പിടിച്ച് ഒരിടത്തിരുത്തിയട്ട് മുനിമാര്‍ ഒരു മന്തം ഉപദേശിച്ചു: "മരാ മരാ" അദ്ദേഹം അത് തുടര്‍ച്ചയായി ചൊല്ലുകയും, ആ ഉച്ചാരണം 'രാമ രാമ' എന്നായി മാറുകയും ചെയ്തു.അദ്ദേഹത്തിനു ചുറ്റും ചിതല്‍പുറ്റ് നിറഞ്ഞു.വര്‍ഷങ്ങള്‍ക്ക് ശേഷം അത് വഴി വന്ന സപ്തമുനിമാര്‍ ആ വാല്മീകത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്തിറക്കുകയും, വാല്മീകി എന്ന് നാമകരണം ചെയ്യ്കയും ചെയ്തു. രാമനാമ പ്രഭാവത്താല്‍ മാമുനിയായി തീര്‍ന്ന ഈ വാല്മീകിയാണ് പില്‍ക്കാലത്ത് രാമായണം എഴുതിയത്.ഇദ്ദേഹം രാമനെ കണ്ട് മുട്ടുന്നത് ഭഗവാന്‍റെ വനവാസ കാലത്തായിരുന്നു. ഓര്‍മ്മയില്ലേ?? നഗരവാസികളെ ഉപേക്ഷിച്ച് ഗംഗാതടത്തിലെത്തിയ ശ്രീരാമനെ.. അന്ന് അവിടെ അദ്ദേഹത്തിനു സ്വീകരണം നല്‍കിയത്, പരമഭക്തനായ ഗുഹനായിരുന്നു.ഗംഗാ ദേവിയോട് വനവാസത്തിനുള്ള അനുവാദം സീതാദേവി നേടിയ ശേഷം, ഗുഹന്‍ അവരെ ഭരദ്വാജാശ്രമത്തിലെത്തിച്ചു.അവിടുന്ന് രാമലക്ഷ്മണന്‍മാരും സീതാദേവിയും വാല്മീകാശ്രമത്തിലെത്തി. അവിടെ വച്ച് വാല്മീകി തന്‍റെ പൂര്‍വ്വകഥ രാമനോട് പറഞ്ഞു, കൂട്ടത്തില്‍ ഈ കണ്ട് മുട്ടലിലെ സന്തോഷം പ്രകടിപ്പിക്കാനും മുനി തയ്യാറായി: "രാജീവലോചനം രാമം ദയാപരം രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ കാണായ മൂലം വിമുക്തനായേനഹം ത്രാണനിപുണ! ത്രിദശകുലപതേ" അതിനു ശേഷം മുനിയുടെ ഉപദേശപ്രകാരം ചിത്രകൂടത്തില്‍ ശാല കെട്ടി സീതാദേവിയോടും, ലക്ഷ്മണകുമാരനും ഒപ്പം രാമഭഗവാന്‍ വനത്തിലെ താമസം തുടങ്ങി.
0 comments:
Post a Comment