Thursday, 26 March 2015

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...




''എങ്കിലുമീ കണിക്കൊന്നയെന്തിനിന്നും പൂത്തു?
മണ്ണിലുണ്ടോ നന്മകള്‍ തന്‍ തുള്ളികള്‍ വറ്റാതെ?''
(ഒ.എന്‍.വി-എന്തിനിന്നും പൂത്തു? )
വറ്റാത്ത നന്മകള്‍ മണ്ണില്‍ ശേഷിക്കുന്നതുകൊണ്ടാവാം കൊന്നകളിപ്പോഴും പൂക്കുന്നത്. കള്ളന്‍ ചക്കേട്ടു, കണ്ടാല്‍ മിണ്ടണ്ട, കൊണ്ടോയ് തിന്നോട്ടെ എന്ന് വിഷുപ്പക്ഷിയും പാടുന്നത്. ഭൂമിയുടെ നെറുകയില്‍ സൂര്യാനുഗ്രഹം ചൊരിയാനായി മേടവിഷു ഇക്കുറിയും വന്നെത്തിയിരിക്കുന്നു. വിഷുവിന്റെ ചടങ്ങുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കണിയൊരുക്കല്‍. പുതുവര്‍ഷത്തില്‍ ആദ്യം കാണുന്ന കാഴ്ച മംഗളകരമായിരിക്കണമെന്നും അന്ന് കാണുന്ന കാഴ്ച എന്നും കാണണമെന്നും അത് കണ്ണും അകക്കണ്ണും നിറയ്ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് കണിയൊരുക്കുന്നത്. കണിവെക്കുന്നത് ഓട്ടുരുളിയിലാണ്. ഇതില്‍ നിറപറ, അഷ്ടമംഗല്യം, കുങ്കുമച്ചെപ്പ്, ചക്ക, മാങ്ങ, കശുമാങ്ങ, കണിവെള്ളരി, കദളിപ്പഴം, വാല്‍ക്കണ്ണാടി, കോടിമുണ്ട്, കണിക്കൊന്ന എന്നിവ ഉണ്ടായിരിക്കും. അതിനടുത്ത് നിലവിളക്ക്, കൃഷ്ണവിഗ്രഹം, ഗ്രന്ഥക്കെട്ട്, അരിത്തിരിയിട്ട നാളികേരമുറി, വെള്ളം നിറച്ച വാല്‍ക്കിണ്ടി എന്നിവയും ഒരുക്കിയിരിക്കും. കൂടാതെ, പൊന്നും പണവും ഉണ്ടാകും. കുടുംബത്തിലെ ഓരോ അംഗത്തിനെയും കണ്ണുപൊത്തിക്കൊണ്ടുവന്ന് വിഷക്കണി കാണിക്കുന്നത് ഗൃഹനായികയാണ്. വീട്ടുകാര്‍ കണികണ്ടശേഷം കണി കന്നുകാലികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും കാണിക്കാറുണ്ട്. വിഷുത്തലേന്ന് വൈകുന്നേരം പറമ്പിന്റെ എട്ടുദിക്കിലും അടിച്ചുവാരി തീയിട്ട് പുറംകണി വെക്കുന്ന പതിവും ഉണ്ട്.

മേടത്തിലെ ദിനരാത്രം

'വിഷുവം' എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് വിഷുവിന്റെ ഉദ്ഭവം. പകലും രാത്രിയും തുല്യദൈര്‍ഘ്യമുള്ള ദിവസത്തെയാണ്
വിഷു എന്നു പറയുന്നത്. ആണ്ടില്‍ രണ്ടു തവണ സമദൈര്‍ഘ്യമുള്ള ദിനരാത്രങ്ങള്‍ ഉണ്ടാകാറുണ്ട്. മേടത്തിലും തുലാത്തിലും. മേടവിഷുവാണ് നമ്മള്‍ ആഘോഷിക്കുന്നത്.

ആഘോഷത്തിനു പിന്നില്‍

നരകാസുരനെ വധിച്ചതിലുള്ള ആഹ്ലാദമാണ് വിഷുവായി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. സൂര്യനോട് കിഴക്കുദിക്കരുതെന്ന് രാവണന്‍ ആജ്ഞാപിച്ചതുകൊണ്ട് സൂര്യന്‍ ചരിഞ്ഞാണ് ഉദിച്ചിരുന്നത്. ശ്രീരാമന്‍ രാവണനെ വധിച്ചശേഷമാണ് സൂര്യനു കിഴക്കുദിക്കാനായത്. ഈ ദിവസത്തിന്റെ ഓര്‍മയായാണ് വിഷു ആഘോഷിക്കുന്നത് എന്നതാണ് മറ്റൊരു ഐതിഹ്യം.

വിഷുക്കൈനീട്ടം

കുടുംബത്തിലെ കാരണവരാണ് വിഷുക്കൈനീട്ടം നല്‍കുക. കൈനീട്ടം കുടുംബത്തിലെ അംഗങ്ങള്‍ക്കു മാത്രമല്ല ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും കൊടുക്കാറുണ്ട്. ആശ്രിതര്‍ക്ക് വിഷുക്കൈനീട്ടത്തിനു പുറമെ വിഷുവല്ലിയും (അരി, തേങ്ങ, എണ്ണ) നല്‍കും.

വിളവിന്റെ വിഷു

കണികണ്ടശേഷം കര്‍ഷകരും തറവാട്ടുകാരണവരും പാടത്തെത്തി അട നിവേദിക്കും, പൂജ നടത്തും. പിന്നെ കലപ്പകൊണ്ട് ചാലുകള്‍ കീറി ചാണകവും പച്ചിലവളവുമിട്ട് മൂടും. വിഷുച്ചാലെടുത്ത മണ്ണില്‍ വന്‍വിളവുണ്ടാകുമെന്ന് വിശ്വ
സിച്ചു വരുന്നു.

കഞ്ഞിയും സദ്യയും

ഉണക്കലരി വേവിച്ച് തേങ്ങാപ്പാലും ജീരകവും ഉപ്പും ചേര്‍ത്തുണ്ടാക്കുന്നതാണ് വിഷുക്കഞ്ഞി. വാഴപ്പോളകൊണ്ട് തടുക്കുണ്ടാക്കി അതില്‍ വാഴയിലവെച്ച് പ്ലാവില മടക്കിക്കുത്തിയാണ് കഞ്ഞികുടി. കൂടെ കഴിക്കാന്‍ ചക്കപ്പുഴുക്കോ തോരനോ ഉണ്ടായിരിക്കും. കണികണ്ട്, ക്ഷേത്രദര്‍ശനവും കഴിഞ്ഞുവന്നാണ് കഞ്ഞികുടി.
വിഷുസദ്യയില്‍ ഓണസ്സദ്യയില്‍നിന്ന് വ്യത്യസ്തമായി ചക്ക എരിശ്ശേരി, മാമ്പഴ പുളിശ്ശേരി, വെള്ളരിക്ക കിച്ചടി, ചക്കച്ചുള വറുത്തത്, മാമ്പഴപ്പായസം എന്നിവ ഉണ്ടായിരിക്കും.

വിഷുപ്പടക്കം

വിഷുവിന്റെ ആചാരങ്ങളില്‍ കണികാണലും കൈനീട്ടവുമൊക്കെ കേരളീയര്‍ക്കെല്ലാം ഒരുപോലെയാണെങ്കിലും വടക്കന്‍ കേരളീയരാണ് പടക്കംപൊട്ടിച്ച് വിഷു ആഘോഷിക്കുന്നവര്‍. തെക്കന്‍ കേരളീയര്‍ ദീപാവലിക്കാണ് പടക്കംപൊട്ടിക്കുന്നത്.
കണികണ്ടതിനുശേഷവും ഉച്ചഭക്ഷണത്തിനുശേഷവും സന്ധ്യാദീപം കൊളുത്തിയശേഷവും പടക്കംപൊട്ടിക്കാറുണ്ട്.

പല പേരുകളില്‍

കാര്‍ഷികോത്സവമായ വിഷു പല പേരുകളിലാണ് മറുനാടുകളില്‍ അറിയപ്പെടുന്നത്.
ബംഗാളില്‍ വൈശാഖത്തിലെ ഒന്നാം തീയതി പാലാ വൈശാഖ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പഞ്ചാബില്‍ ഇത് വൈശാഖിയാണ്. ബിഹാറില്‍ ബൈഹാഗ്, കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പുതുവര്‍ഷം എന്നര്‍ഥം വരുന്ന ഉഗാദിയാണിത്. മഹാരാഷ്ട്രയില്‍ ഗുഡി പാഡ്‌വയും. വീടിന്റെ വാതിലുകളില്‍ മാവിലത്തോരണങ്ങള്‍ തൂക്കി മുറ്റത്ത് അരിമാവില്‍ കോലമിട്ട് 'പുത്താണ്ട്' എന്ന പേരിലാണ് തമിഴ്‌നാട്ടുകാര്‍ ഈ ആണ്ടുപിറവി ആഘോഷിക്കുന്നത്. അസമില്‍ വിഷു ബിഹുവാണ്. കന്നുകാലികളെയും കൃഷിഭൂമിയെയും പൂജിക്കുന്നത് ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.്
മാന്യവായനക്കാര്‍ക്ക് സ്‌നേഹം നിറഞ്ഞ വിഷുവാശംസകള്‍ .
മാതൃഭൂമി ഫോട്ടോഗ്രാഫേഴ്‌സ് പകര്‍ത്തിയ ചില വിഷുദൃശ്യങ്ങള്‍ ചുവടെ.

2003


2003


2003


ഫോട്ടോ: ആനന്ദ്.എസ്.എല്‍ , 2003


2013


2004

ഫോട്ടോ: ആനന്ദ്.എസ്.എല്‍ , 2003


ഫോട്ടോ: ആനന്ദ്.എസ്.എല്‍ , 2003


ഫോട്ടോ: അജി.വി.കെ, 2012

2005


ഫോട്ടോ: രാം നാഥ് പൈ, 2008


ഫോട്ടോ: രാം നാഥ് പൈ, 2008

ഫോട്ടോ: രാം നാഥ് പൈ, 2010

ഫോട്ടോ: ശിവപ്രസാദ്.ജി, 2010.

2011

ഫോട്ടോ: ശിവപ്രസാദ്.ജി, 2010.

ഫോട്ടോ: രാം നാഥ് പൈ, 2012

ഫോട്ടോ: ആനന്ദ്.എസ്.എല്‍. 2013

2010

ഫോട്ടോ: വി.രമേഷ്. 2013


ഫോട്ടോ: വി.രമേഷ്. 2013


ഫോട്ടോ: വി.രമേഷ്. 2013


ഫോട്ടോ: വി.രമേഷ്. 2013


ഫോട്ടോ: വി.രമേഷ്. 2013



 

Tuesday, 24 March 2015

മീനമാസത്തിലെ സുന്ദരികള്‍

എഴുത്ത്: ജ്യോതിലാല്‍, ഫോട്ടോസ്: പി. ജയേഷ്‌
അമ്പലമില്ലാതെയും മഹാക്ഷേത്രമായി മാറിയ ഓച്ചിറ, കൊല്ലം ജില്ലയിലാണ്. കൗരവര്‍ക്കും ശകുനിക്കും അമ്പലമുണ്ട് ഈ മണ്ണില്‍. പത്‌നീസമേതനായ അയ്യപ്പനെ കാണാനും, ആണുടലില്‍ പെണ്ണഴക് വിടരുന്ന ചമയവിളക്കേന്താനും ഇവിടെയെത്തണം. മഹാക്ഷേത്രങ്ങള്‍ പലതുണ്ടെങ്കിലും അപൂര്‍വ്വ ആചാരവിശേഷങ്ങള്‍ കൊണ്ട് വ്യത്യസ്തമായ ക്ഷേത്രങ്ങള്‍
തേടി ഒരു യാത്ര

വിശ്വാസങ്ങളുടെ ശക്തിസൗന്ദര്യങ്ങള്‍ മേളിക്കുന്ന ദിനം. ആണു പെണ്ണാകുന്ന ചമയത്തിന്റെ ഇന്ദ്രജാലം. മീനം പത്തിന് കൊറ്റംകുളങ്ങര ഒരു വിശേഷലോകമാവുന്നു

അപൂര്‍വ്വമായ ആചാരവൈവിധ്യം കൊണ്ട് ലോകശ്രദ്ധയിലെത്തിയ കൊറ്റംകുളങ്ങര ദേവീക്ഷേത്രം കൊല്ലം ആലപ്പുഴ ദേശീയപാതയോരത്ത് ചവറയ്ക്കടുത്താണ്. അരയാലും ഇലഞ്ഞിയും കാഞ്ഞിരവും തണലൊരുക്കുന്ന അമ്പലപരിസരം. ഉത്സവ വിഭവങ്ങള്‍ക്കു പുറമെ മേക്കപ്പ് റൂമുകളും സ്റ്റുഡിയോകളും കൂണുപോലെ മുളച്ചുപൊന്തിയിരിക്കുന്നു.

മീനമാസത്തിലെ പത്തും പതിനൊന്നും. കൊറ്റംകുളങ്ങര ദേവീക്ഷേത്ര സന്നിധി മറ്റൊരുലോകമാവുന്നു. വാലിട്ട് കണ്ണെഴുതി, പൊട്ടുതൊട്ട്, ആടയാഭരണവിഭൂഷിതരായി സുന്ദരികളെ നാണിപ്പിക്കുന്ന സുന്ദരാംഗനമാരെ കൊണ്ട് ക്ഷേത്രമുറ്റം നിറയുന്നു.

കൊല്ലംമുതല്‍ ഓച്ചിറ വരെ ബസിലും ഓട്ടോറിക്ഷയിലും ബൈക്കിലും പെണ്‍വേഷധാരികളായ പുരുഷന്‍മാരെ കാണാം. ജില്ലയിലെ എല്ലാ സഞ്ചാരപഥങ്ങളും അന്ന് കൊറ്റംകുളങ്ങരയിലേക്ക് നീളുന്നു. മറുനാടുകളില്‍ നിന്നും വരുന്നവര്‍ വേറെയും. ഈ ഉത്സവം പുരുഷാംഗനമാരുടേതാണ്.

ജ്വാലാമുഖികള്‍

ആണില്‍ നിന്നും പെണ്ണിലേക്കൊരു ചമയദൂരം. ഇത് റൂസ്‌വെല്‍ട്ടിന്റെ ചമയപുര. റുസ്‌വെല്‍ട്ട് മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒത്തൊരു പുരുഷനാണ് മുന്നില്‍. ചവറ തെക്കുംഭാഗത്തെ അജിഭവനില്‍ അജി. എഞ്ചിനിയറാണ്.

ജോലി ലഭിക്കാനും ഒരു കുഞ്ഞിക്കാലും കാണാനുമാണ് ചമയവിളക്ക് നേര്‍ന്നത്. ''''രണ്ടും ഒത്തുവന്നപ്പോ ഇനി നീട്ടിവെക്കേണ്ടെന്ന് കരുതി. ഇവിടെ എന്തു നേര്‍ന്നാലും അത് അച്ചട്ടാ.''''അജി പറഞ്ഞു.

വേഷം കെട്ടിയെത്തിയവര്‍ക്കെല്ലാം ഈ കാര്യത്തില്‍ നൂറുനാവ്, ഒരു സ്വരം. റൂസ്‌വെല്‍ട്ടിനും പറയാനുണ്ട്. ''''ഞാന്‍ എല്ലാകൊല്ലവും ഇവിടെയെത്തും. അമ്മ കൈനിറയെ പണവും തരും.'' കൊറ്റംകുളങ്ങര ദേവിയാണ് അമ്മ. സീരിയല്‍ സിനിമാരംഗത്ത് ചമയക്കാരനായി പ്രവര്‍ത്തിക്കുന്ന റുസ്‌വെല്‍ട്ട് ഏത് സിനിമയിലായാലും മീനം പത്തിനും പതിനൊന്നിനും കൊറ്റംകുളങ്ങര തന്നെയുണ്ടാവും. രണ്ട് ദിവസവും കൈയൊഴിഞ്ഞ നേരമില്ല. വിഗിന് 250 രൂപ വാടകയും ചമയത്തിന് 250 രൂപ ഫീസുമാണ് ഈടാക്കുന്നത്.

ഒരു മണിക്കൂറിനുള്ളില്‍ അജിയും സുന്ദരിയായി.




അമ്മയും മക്കളുമല്ല, ഇത് അച്ഛനും മക്കളും: ചവറ ആനന്ദഭവനത്തില്‍ ഷാജിയും
മക്കളും. ഇവര്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ചമയവിളക്ക് എടുക്കുന്നു



ഒരു മണിക്കൂറിനുള്ളില്‍ അജിയും സുന്ദരിയായി. അടുത്തയാളെത്തി. കക്ഷി ബംഗലൂരുവില്‍ നിന്നാണ്. ഫോട്ടോയെടുക്കരുതെന്നൊരു അഭ്യര്‍ഥനയോടു കൂടിയാണ് ഇരുന്നത്. അജി സാരിയുടെ അവസാന മിനുക്ക് പണികളിലായിരുന്നു. വീടിനു തൊട്ടടുത്തെ ഒരു പയ്യനവിടെയെത്തി. അജി ഹലോ പറഞ്ഞ് കൈനീട്ടിയെങ്കിലും ആരിതെന്ന അത്ഭുതത്തോടെ അവന്‍ മാറികളഞ്ഞു. ''നാളെ കാണാം, അപ്പം പറയാം ബാക്കി.'' അജിയുടെ സ്വരം കേട്ടിട്ടും അവന് ആളെ മനസിലായില്ല. ''എന്റെ വീട്ടിനടുത്താ അവന് മനസിലായിട്ടില്ല. നാളെ പറയുമ്പം അത്ഭുതമായിരിക്കും.'' അജി പറഞ്ഞു. റൂസ് വെല്‍ട്ടിന് തന്റെ ജോലി വിജയിച്ചതിന്റെ സംതൃപ്തി. ഇതുപോലെ എത്രയോ ചമയക്കാരിരുന്ന് ആണുടലുകളില്‍ പെണ്ണഴക് വിടര്‍ത്തുന്നു.

വേഷം കെട്ടിയാല്‍ അതിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഫോട്ടോ വേണം. എടുത്താല്‍ ഉടന്‍ കിട്ടുന്ന ഫോട്ടോയുമായി താല്‍ക്കാലിക സ്റ്റുഡിയോകള്‍ നിരന്നിരിക്കുന്നത് അതിനാണ്. ഫോട്ടോയെടുക്കുന്നവരുടെ തിരക്കാണ് എവിടെയും.

മൊബൈല്‍ ക്യാമറകള്‍ വന്നതില്‍ പിന്നെ എല്ലാവരും ഫോട്ടോഗ്രാഫറുമാണല്ലോ? സുന്ദരികളായ സുന്ദരന്‍മാരെ തിരഞ്ഞ് പിടിച്ച് അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനാണ് ചിലര്‍ക്ക് താത്്പര്യം. മഞ്ചേരിയില്‍ നിന്നും പാറശാലയില്‍ നിന്നുമെല്ലാം ഇതിനായി ഇവിടെയെത്തിയവരേറെ. മഞ്ചേരിയില്‍ നിന്നെത്തിയൊരു സുന്ദരിയായ സുന്ദരനു ചുറ്റും ആരാധകര്‍ വളഞ്ഞിരിക്കുന്നു. പത്രപ്രവര്‍ത്തകരാണെന്നറിഞ്ഞപ്പോള്‍ അവന്‍(ള്‍) പേര് പറയാന്‍ കൂട്ടാക്കിയില്ല. ഈ ചിത്രം മലപ്പുറം എഡിഷനിലിടരുതേയെന്നൊരപേക്ഷയും.

ഉത്സവ പുരുഷാരത്തില്‍ ആണ്‍സുന്ദരികളെ തട്ടിപോകും. സോറി പറയുമ്പോള്‍ ഓ സാരമില്ലെടേ എന്ന ഭാവം. അങ്ങിനെ ചമ്മുന്നവരുണ്ട്. ഇതിന്റെ മറവില്‍ തോണ്ടല്‍ വിദഗ്ദരും മുട്ടിയുരുമ്മലുകാരും വിളയാടുന്നതും കാണാം.

അമ്പലമുറ്റമാണെന്ന് ഓര്‍ക്കാതെ അശ്‌ളീല ചേഷ്ടകള്‍ കാണിച്ച് നടക്കുന്നവരേയും കമന്റടിക്കാരേയും കമ്മിറ്റിക്കാര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആണ്‍ ലൈംഗികത്തൊഴിലാളികളും അവരുടെ കച്ചവടമുറപ്പിക്കലും പരിസരങ്ങളില്‍ സജീവമാകുന്നതും കാണാം.

വേഷം കെട്ടി ചമയവിളക്കുമെടുത്ത് പെട്ടെന്ന് തൊഴുത് മടങ്ങുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഭക്തിയോടെ വിളക്കെടുക്കുന്നവര്‍ കുഞ്ഞാലുംമൂട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വിളക്കുമായി നില്‍ക്കും. എഴുന്നള്ളുന്ന ദേവിയില്‍ നിന്ന് അനുഗ്രഹം വാങ്ങും. ഇത് പൂര്‍ത്തിയാവുമ്പോള്‍ ഏതാണ്ട് നേരം പുലരും. കൊല്ലത്തു നിന്ന് എത്തിയ അരുണിനെ പരിചയപ്പെട്ടു. മറ്റൊരാള്‍ക്കു വേണ്ടി വിളക്കെടുക്കാന്‍ വന്നതാണ്. സ്വന്തം ആഗ്രഹപ്രകാരം വേഷമെടുക്കാന്‍ ഇതുവരെ പറ്റിയിട്ടില്ലത്രെ. ഓരോ കൊല്ലവും ആരെങ്കിലും ബുക്ക് ചെയ്യും. യഥാര്‍ഥ ഭക്തര്‍ക്ക് ഇതും പറഞ്ഞിട്ടുള്ളതല്ല.

'സുന്ദരി' നീയും 'സുന്ദരി' ഞാനും


കൊറ്റംകുളങ്ങരപ്പെരുമ കടല്‍കടന്ന് അമേരിക്കയിലും എത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വന്ന ജസ്‌ററിന്‍ ചമയവിളക്ക് ചിത്രത്തിലാക്കുന്നതു കണ്ടു. ജസ്റ്റിനേയും ഒരു പുരുഷാംഗനയേയും ചേര്‍ത്ത് ഫോട്ടോയെടുക്കാനുള്ള ശ്രമത്തിലാണ് ജയേഷ്. തൊട്ടടുത്തുകൂടെ പോയ ഒരംഗനയെ കണ്ട് ക്യാമറ തിരിച്ചു. 'അയ്യോ ഞാനൊറിജിനലാ' എന്നുപറഞ്ഞവര്‍ ഓടിമാറി. കണ്ടു നിന്നെത്തിയ അരുണ്‍ പോസ് ചെയ്തു.

ഈ ക്ഷേത്രാചാരത്തിനും പിന്നിലൊരു കഥയുണ്ട്. ക്ഷേത്രം നിന്നിരുന്ന ഇവിടം പണ്ട് കാടുപിടിച്ച് കിടക്കുകയായിരുന്നു. സമീപവാസികളായ കുട്ടികള്‍ കാലിമേയ്ക്കുമ്പോള്‍ ഒരു തേങ്ങ വീണുകിട്ടി. ഭൂതക്കുളത്തിനു തെക്ക് കിഴക്ക് ഉയര്‍ന്നിരുന്ന കല്ലില്‍ വെച്ച് അത് പൊതിക്കുമ്പോള്‍ ലോഹകഷണം കല്ലില്‍ തട്ടി. കല്ലില്‍ നിന്ന് ചോര പൊടിഞ്ഞു. പരിഭ്രാന്തരായ കുട്ടികള്‍ മുതിര്‍ന്നവരെ വിവരം അറിയിച്ചു. നാട്ടുപ്രമാണിയുടെ നേതൃത്വത്തില്‍ പ്രശ്‌നം വെച്ചപ്പോള്‍ ശിലയില്‍ സ്വാത്വിക ഭാവത്തിലുള്ള വനദുര്‍ഗ കുടികൊള്ളുന്നുവെന്നും നാടിന്റെയും നാട്ടാരുടെയും ഐശ്വര്യത്തിനുവേണ്ടി ക്ഷേത്രം നിര്‍മ്മിക്കണമെന്നും കാണാന്‍ കഴിഞ്ഞു. അന്നേ ദിവസം മുതല്‍ നാളീകേരം ഇടിച്ചുപിഴിഞ്ഞ് ദേവിക്ക് നിവേദ്യമായി നല്‍കി. കാനനപ്രദേശമായതിനാല്‍ പെണ്‍കുട്ടികള്‍ ഈ വഴി പോകാന്‍ ഭയപ്പെട്ടിരുന്നു. അതിനാലാണ് കുമാരന്‍മാര്‍ ബാലികമാരായി വേഷമണിഞ്ഞ് ദേവിയുടെ മുന്നില്‍ വിളക്കെടുത്തത്. അതിന്റെ തുടര്‍ച്ചയാണ് ഈ ചമയവിളക്ക്.

കുമാരന്‍മാര്‍ എന്നതു വിട്ട് ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരും ചമയമിട്ട് വിളക്കെടുക്കുന്നു. ദിവ്യശിലയ്ക്കു ചുറ്റും കുരുത്തോല പന്തല്‍കെട്ടി വിളക്കുവെച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഇന്നും ഉത്സവകാലത്ത് കുരുത്തോല പന്തലൊരുക്കുന്നത്. അതും കാണേണ്ടൊരു കാഴ്ചയാണ്.


ചവറ, പുതുക്കാട്, കുളങ്ങരഭാഗം, കോട്ടയ്ക്കകം എന്നീ നാലുകരക്കാരുടെയും സംഘടനകളുടെയും വ്യക്്തികളുടെയും സംയുക്താഭിമുഖ്യത്തില്‍. കേന്ദ്ര ഉത്സവകമ്മിറ്റിയുടെയും ക്ഷേത്രോപദേശകസമിതിയുടെയും കര ഉത്സവകമ്മിറ്റികളുടെയും നേതൃത്വത്തിലും ആഭിമുഖ്യത്തിലുമാണ് ഇപ്പോള്‍ ഉത്സവം കൊണ്ടാടുന്നത്.

നാലുകരക്കാരുടെയും കെട്ടുകാഴ്ചകള്‍ ഉണ്ടാവാറുണ്ട്..വിളക്കിനു മുന്നോടിയായി കാര്‍ഷിക വിഭവങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കുന്ന അന്‍പൊലിപ്പറയുമുണ്ട്.

മറ്റ് നാടുകളില്‍ ജോലി ചെയ്യുന്ന കൊറ്റംകുളങ്ങരക്കാര്‍ ഓണത്തിന് വന്നില്ലെങ്കിലും ചമയവിളക്കിന് വരാന്‍ മറക്കാറില്ല.