Thursday, 5 March 2015

പൊങ്കല്‍

മഞ്ഞുപൊടിയുന്ന പ്രഭാതം,ഉച്ചചൂടിലലിഞ്ഞില്ലാതാകുന്ന പകലുകള്‍, അലങ്കരവെട്ടങ്ങളില്‍ കിരീടം ചൂടിയ സന്ധ്യ- ആഘോഷാരവങ്ങളില്‍ തമിഴകം പൊങ്കലിനെ വരവേല്‍ക്കുകയാണ്.

നാട്ടുരുചികളെ തിരിച്ചുകൊണ്ടുവന്ന്, വിസ്മയിപ്പിക്കുന്ന കോലമെഴുത്തുകള്‍ പ്രദര്‍ശിപ്പിച്ച്, കലാസന്ധ്യകളില്‍ വേറിട്ടതാളങ്ങള്‍ കൊട്ടി- കരിമ്പിന്‍ മധുരത്തിലും മഞ്ഞള്‍കാന്തിയും തമിഴ്മക്കളുടെ മനസ്സ് നിറയുന്നു. പരിചയമില്ലാത്ത-പേരറിയാത്ത കാഴ്ച്ചകളുടെ സമ്മേളനംകൂടിയാണ് പൊങ്കല്‍

തമിഴ്‌നാടിന്റെ പുതുവര്‍ഷാരംഭമാണ് പൊങ്കല്‍,അലങ്കരിച്ച അടുപ്പുകള്‍ക്കുമുന്‍പില്‍ നാട് കൈകൂപ്പുമ്പോള്‍ കാഴ്ച്ച കാണാന്‍ മാനത്ത് ദേവഗണങ്ങള്‍ കാത്തുനില്‍ക്കുമെന്ന് ജനതയുടെവിശ്വാസം. ഐശ്വര്യസമൃദ്ധമായ ഒരുവര്‍ഷത്തിനുള്ള അന്നമൂട്ടാണ് പൊങ്കല്‍കലങ്ങളില്‍ തിളച്ചു മറിയുന്നത്.

ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കല്‍,വേവിച്ച അരി -എന്നാണ് പോങ്കലെന്ന വാക്കിന്റെ അര്‍ത്ഥം.വ്യത്യസ്ഥ ചടങ്ങുകളിലൂടെയും ആചാരഅനുഠാനങ്ങളിലൂടെയും തമിഴകം നാലുദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്.ബോഗിപൊങ്കല്‍,തൈപൊങ്കല്‍,മാട്ടുപൊങ്കല്‍,കാണുംപൊങ്കല്‍-എന്നിങ്ങനെയുള്ള പേരുകളിലായി ആഘോഷങ്ങള്‍ കുറക്കപ്പെട്ടിരിക്കുന്നു.

വിടപറയുന്ന വര്‍ഷത്തോടുള്ള നന്ദിപറച്ചിലാണ് ബോഗിപൊങ്കലിലൂടെ ആചരിക്കുന്നത്,ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ സ്വയം മനസ്സിലോര്‍ത്ത് കനിഞ്ഞുകിട്ടിയ നല്ല കാലാവസ്ഥക്ക് ദൈവങ്ങളോടുള്ള നന്ദിചൊല്ലലാണ് ഇതില്‍പ്രധാനം .പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി പഴയവസ്തുക്കളെല്ലാം ബോഗിപൊങ്കല്‍ ദിനത്തില്‍ അഗ്നിയിലെരിക്കും.

നാടും-നഗരവും പുതുവര്‍ഷത്തെവരവേറ്റ് പുതുമോടി യിലേക്കുമാറുന്ന കാഴ്ച്ചയാണ് തൈപൊങ്കല്‍ ദിനത്തില്‍ കാണുക.വീട്ടുമുറ്റത്ത് പ്രത്യേകം തീര്‍ത്ത അലങ്കരിച്ച അടുപ്പില്‍ വര്‍ണ്ണകോലങ്ങള്‍ സാക്ഷിയാക്കി സ്ത്രീകള്‍ പൊങ്കലൊരുക്കും. പ്രകൃതിയും-മനസ്സും നന്നായിവരാനുള്ള പ്രര്‍ത്ഥന.അരിയും കരിമ്പും നാളികേരവും ചേര്‍ത്തുള്ള പൂജ സൂര്യനുള്ള സമര്‍പ്പണമാണ്.

കാര്‍ഷികസമൃദ്ധിയുടെ ഓര്‍മ്മപുതുക്കലാണ് മാട്ടുപൊങ്കല്‍. വിളവെടുപ്പിനായി തങ്ങള്‍ക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിച്ച കാലികള്‍ക്കുള്ള ആദരവാണ് മാട്ടുപൊങ്കലിലൂടെ പ്രകടമാക്കുന്നത്. കന്നുകാലികളെ ഭസ്മവും വര്‍ണ്ണപ്പൊടികളുമായി അലങ്കരി ച്ചൊരുക്കി ആരതി ഉഴിഞ്ഞും മാലചാര്‍ത്തിയും പൂജിക്കുന്നതാണ് ചടങ്ങ്.നഗരത്തിന്റെ പ്രധാനറോഡുകള്‍ പോലും മാട്ടുപൊങ്കല്‍ദിനത്തില്‍ കാളക്കൂറ്റന്‍മാര്‍ക്കുമുന്‍പില്‍ തുറന്നുകൊടുക്കും.

കാണുംപോങ്കലി ലാണ് പൊങ്കലാഘോഷങ്ങളുടെ കൊടിയിറക്കം. തമിഴ്മക്കള്‍ കുടുംബത്തോടെ നാടുകാണാനിറങ്ങുന്ന ദിനമാണിത്. തമിഴകഊരുകള്‍ മൊത്തമായി അണിഞ്ഞൊരുങ്ങി നഗരത്തിലേക്ക് ചുവടുവക്കും. കടല്‍ക്കരകളും പാര്‍ക്കുകളും തീയ്യറ്ററുകളും തെരുവുകളിലുമെല്ലാം ആള്‍ക്കടലിരമ്പുന്നതാണ് കാണുംപൊങ്കലിലെ പ്രധാനകാഴ്ച്ച.




















 

0 comments:

Post a Comment