ശ്രീനഗറില്‍ നിന്നും 145 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 4175 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് സ്ഥിതിചെയ്യുന്നത്. അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ദൈവത്തെ സൂചിപ്പിക്കുന്ന നാഥ് എന്ന വാക്കും ചേര്‍ന്നാണ് അമര്‍നാഥ് എന്ന പേര് ജന്മംകൊണ്ടത്.
അമര്‍നാഥ് ചിത്രങ്ങള്‍, അമര്‍നാഥ് തീര്‍ത്ഥാടനം
മഞ്ഞില്‍ രൂപപ്പെടുന്ന ശിവലിംഗമാണ് അമര്‍നാഥിന്‍റെ ഏറ്റവും പ്രധാന ആകര്‍ഷണം. സംഹാരമൂര്‍ത്തിയായ ശിവനെ തൊഴുത് പുണ്യം നേടാന്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും ഇവിടെയെത്തുന്നു.
മനോഹരമായ ഒരു ഐതിഹ്യ കഥ അമര്‍നാഥ് ക്ഷേത്രത്തിന് പുറകിലുണ്ട്. ഒരിക്കല്‍ പാര്‍വ്വതി ശിവനോട് അമരത്വത്തിന്‍റെ രഹസ്യം തന്നോട് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ആ രഹസ്യം മറ്റാരും അറിയാതിരിക്കാന്‍ വേണ്ടി ശിവന്‍ പാര്‍വ്വതിയെയും കൂട്ടി ഹിമാലയത്തിലെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചു.
പോകും വഴി ശിവന്‍ തന്‍റെ ശിരസ്സിലെ ഇന്ദുകല ചന്ദന്‍വാരിയില്‍ ഉപേക്ഷിച്ചു. തന്‍റെ വാഹനമായ നന്ദിയെ പഹല്‍ഗാമിലും. തുടര്‍യാത്രയില്‍ ഗണപതിയെ മഹാഗുണാസ് പര്‍വ്വതത്തിലും പാമ്പിനെ ശേഷ്നാഗിലും ഉപേക്ഷിച്ചു. ഒടുവില്‍ പഞ്ചഭൂതങ്ങളെ പഞ്ച്തര്‍ണിയില്‍ ഉപേക്ഷിച്ച ശേഷം പാര്‍വ്വതിയെയും കൂട്ടി അമര്‍നാഥ് ഗുഹയില്‍ പ്രവേശിച്ചു. അതിനുശേഷം തീകത്തിച്ച് പരിശോധിച്ച് ആ മഹാരഹസ്യം കേള്‍ക്കാന്‍ ഗുഹയില്‍ ആരും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി.
എന്നാല്‍ മാന്‍ തോലിനടിയിലായി രണ്ട് പ്രാവിന്‍റെ മുട്ടകള്‍ ഉണ്ടായിരുന്നത് ശിവന്‍റെ ശ്രദ്ധയില്‍ പെട്ടില്ല. ശിവന്‍ പാര്‍വ്വതിയോട് രഹസ്യം വെളിപ്പെടുത്തുന്ന സമയത്ത് ആ മുട്ടകള്‍ വിരിയുകയും അമരത്വത്തിന്‍റെ രഹസ്യം കേള്‍ക്കുകയും ചെയ്തുവത്രെ.
അമര്‍നാഥിലേക്ക് പോകും വഴി ഇപ്പോഴും ആ പ്രാവുകളെ കാണാം. മഹാരഹസ്യം കേട്ടതിനാല്‍ അവയ്ക്ക് വീണ്ടും വീണ്ടും ജന്മമെടുക്കേണ്ടി വരികയും അമര്‍നാഥ് ഗുഹ തങ്ങളുടെ സ്ഥിര താവളമായി സ്വീകരിക്കേണ്ടി വരികയും ചെയ്തതിനാലാണത്രെ ഇത്.
വളരെ പുരാതനമായ ഗ്രന്ഥങ്ങളില്‍ പോലും അമര്‍നാഥ് ഗുഹയെ പറ്റി പരാമര്‍ശമുണ്ട്. ആറാം നൂറ്റാണ്ടിലെ നിളമാത പുരാണത്തില്‍ അമര്‍നാഥിനെ കുറിച്ച് പറയുന്നുണ്ട്. ഇതിനുപുറമേ കാശ്മീരിലെ സംസ്കാരത്തെ കുറിച്ചും ആരാധനാ രീതികളെ കുറിച്ചും ഇതില്‍ കാണാം. BCE 34ല്‍ കാശ്മീരിന്‍റെ രാജാവായിരുന്ന ആര്യരാജയെയും അമര്‍നാഥിനെയും ചേര്‍ത്ത് ഒരു കഥയും പ്രചാരത്തിലുണ്ട്. രാജാധികാരം ഉപേക്ഷിച്ച് അദ്ദേഹം ശിവഭക്തനായിതീര്‍ന്നു.
അമര്‍നാഥിലെ മഞ്ഞു ശിവലിംഗത്തില്‍ പൂജ നടത്തുന്നത് അദ്ദേഹം ഒരു പതിവാക്കിതീര്‍ത്തു. കല്‍ഹാനയുടെ രാജതരംഗിണിയില്‍ അമരേശ്വര എന്ന പേരിലും അമര്‍നാഥ് അറിയപ്പെടുന്നുണ്ട്. സുല്‍ത്താന്‍ സൈനുലാബ്ദ്ധീന്‍ തന്‍റെ അമര്‍നാഥ് യാത്രക്കിടെ പണിത ഷാ കോള്‍ കനാലിനെ പറ്റിയും ചില ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.
അമര്‍നാഥില്‍ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കാണേണ്ട കാഴ്ച 3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹയാണ്. മഞ്ഞില്‍ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതിചെയ്യുന്നത് ഈ ഗുഹയുടെ ഉള്‍ഭാഗത്താണ്. വിശ്വാസങ്ങള്‍ അനുസരിച്ച് ഏതാണ്ട് 5000 വര്‍ഷത്തെ പഴക്കം ഈ ഗുഹയ്ക്കുണ്ട്.
ചന്ദ്രമാസത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ശിവലിംഗം തെളിയുകയും മങ്ങുകയും ചെയ്യുന്നു. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്താണ് ശിവലിംഗം ഏറ്റവും വളര്‍ച്ച പ്രാപിക്കുന്ന സമയം. ഈ ഗുഹയില്‍ വെച്ചാണ് ശിവന്‍ പാര്‍വ്വതിയ്ക്ക് അമരത്വത്തിന്‍റെ രഹസ്യം വെളിപ്പെടുത്തിയത്.
മഞ്ഞില്‍ രൂപം കൊള്ളുന്ന രണ്ട് ലിംഗങ്ങള്‍ കൂടി അമര്‍നാഥിലുണ്ട്. പാര്‍വ്വതിയുടെയും ഗണപതിയുടെയും ലിംഗങ്ങളാണിത്. ഇന്ത്യന്‍ ആര്‍മിക്കാണ് അമര്‍നാഥിന്‍റെ സുരക്ഷയുടെ പ്രധാന ചുമതല. ഇന്ത്യന്‍ പരാമിലിട്ടറി ഫോര്‍സും, CRPFഉം ആണ് സുരക്ഷാചുമതലയുള്ള മറ്റ് വിഭാഗങ്ങള്‍. കര്‍ശന സുരക്ഷ ഉള്ളതിനാല്‍ അമര്‍നാഥ് സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടമാണ് അമര്‍നാഥ് സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം.
0 comments:
Post a Comment