ശൈവക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനത്താണ് വൈക്കം മഹാദേവ ക്ഷേത്രം. ദക്ഷിണ കാശിയെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഐതീഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ രേഖകളൊന്നുമില്ല.പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. പ്രധാന മൂര്‍ത്തി ശിവന്‍. സാധാരണ ശ്രീകോവിലിൻറെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ടശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതവും. “പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ” എന്ന വരികള്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. രണ്ടടി ഉയരമുള്ള പീഠത്തില്‍ ആറടിയോളം ഉയരമുള്ള മഹാലിംഗമാണ്.കിഴക്കോട്ടു ദര്‍ശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും. ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന്‍ എന്നിങ്ങനെയാണ് ഭാവങ്ങള്‍.എട്ട് ഏക്കറിലാണ് ക്ഷേത്രം നില്‍ക്കുന്നത് . കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍.കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്.കന്നിമൂല ഗണപതി, സ്തംഭഗണപതി, ഭഗവതി, അയ്യപ്പന്‍, നാഗങ്ങള്‍, വ്യാഘ്രപാദമഹര്‍ഷി എന്നിവ ഉപപ്രതിഷ്ടകളാണ്. വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങണ് ‘ഘട്ടിയം ചൊല്ലല്‍‘. ശ്രീബലിക്ക് എഴുന്നെള്ളത്ത് നടക്കുമ്പോള്‍ ഭഗവാൻറെ സ്തുതിഗീതങ്ങള്‍ ചൊല്ലുന്ന ചടങ്ങാണിത്.12 വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രാങ്കണത്തിൻറെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ ‘വടക്കും പുറത്ത് പാട്ട്‘. ഇതേ മട്ടില്‍ മുമ്പ് തെക്കുംപുറത്ത് പാട്ട് ഉണ്ടായിരുന്നത്രെ.വാതില്‍ മാടത്തിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന ദാരുശില്പങ്ങളാണ് ഈ ക്ഷേത്രത്തിൻറെ ഒരു പ്രത്യേകത .രാമായണം കഥയാണവയില്‍ കൊത്തിവച്ചിരിക്കുന്നത്.‘മുപ്പരുമടക്കിവാഴും വൈക്കത്തു പെരും തൃക്കോവിലപ്പാ ഭഗവാനേ പോറ്റി മറ്റില്ലാശ്രയം‘. എന്ന് രാമപുരത്ത് വാരിയര്‍ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്.കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്. വാസ്തൂ വിദ്യയില്‍ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്‍പികള്‍ക്ക് മാത്രമേ ഇത്തരമൊരു അപൂര്‍വ രചന ചെയ്യാന്‍ കഴിയുകയുള്ളു. പെരുന്തച്ചന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. മറ്റൊന്ന് വാഴപ്പള്ളിയിലുമാണ്.
0 comments:
Post a Comment