Monday, 7 September 2015

വില്വമംഗലം സ്വാമിയും കുറൂറമ്മയും


വലിയ കൃഷ്ണ ഭക്തനായിരുന്ന വില്വമംഗലം സ്വാമിക്ക് , ഭഗവാൻ കൃഷ്ണനെ അദ്ദേഹം ആഗ്രഹിക്കുന്ന രൂപത്തിൽ കാണാൻ കഴിയുമായിരുന്നു.വില്വമംഗലം സ്വാമിയുടെ ഒരു ബന്ധുവാണ് കൃഷ്ണ ഭക്തയായ കുറൂറമ്മ. കുറൂറമ്മയുടെ നിർമ്മലമായ ഭക്തിയിൽ ഭഗവാൻ കൃഷ്ണന് ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു ഇതു പലപ്പോഴും വില്വമംഗലത്തിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
എപ്പോഴും തന്റെ ആരാധനയ്ക്ക് ശേഷം വില്വമംഗലം സ്വാമിക്ക് കൃഷ്ണ ദർശനം ഉണ്ടാവാറുണ്ട് .ഒരു ദിവസം വില്വമംഗലത്തിന്റെ പൂജയ്ക്ക് ശേഷം കൃഷ്ണ ഭഗവാൻ ഒരു ചെറിയ കുട്ടിയുടെ രൂപത്തിൽ പതിവിലും വൈകി വന്നു , ദേഹത്ത് മുഴുവൻ മണ്ണും ചെളിയുമായിരുന്നു.എന്ത് സംഭവിച്ചു എന്ന വില്വമംഗലത്തിന്റെ ചോദ്യത്തിന് ഭഗവാന്റെ ഉത്തരം , വികൃതി കാണിച്ചതിന് കുറൂറമ്മ തന്നെ ഒരു പഴയ ഭരണിയിൽ ഇട്ടു അടച്ചു വെച്ചൂ എന്നായിരുന്നു. കുട്ടികൾ ഇല്ലാത്ത കുറൂറമ്മയുടെ കൂടെ സാക്ഷാൽ കൃഷ്ണ ഭഗവാൻ ഒരു കുട്ടിയുടെ രൂപത്തിൽ വന്നു സ്വന്തം മകനെ പോലെ ഇടപഴകുമായിരുന്നു .സ്വന്തം മകൻ അമ്മയ്ക്ക് സഹായിക്കുന്നതുപോലെ വീട്ടിലെ പല കാര്യങ്ങളിലും കുറൂറമ്മയെ കൃഷ്ണ ഭഗവാൻ സഹായിച്ചിരുന്നു.
ഒരു ദിവസം കുറൂറമ്മ ,വില്വമംഗലം സ്വാമിയേ വിരുന്നിനായി ക്ഷണിച്ചു.സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാന്റെ സഹായത്തോടെ നല്ല ഒരു വിരുന്ന് തയ്യാറാക്കി ,സ്വയം ആഹാരം കഴിക്കാതെ കുറൂറമ്മ വില്വമംഗലത്തിനെ പ്രതീക്ഷിച്ച് ഇരുന്നു.വിരുന്നിനു വരാം എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു വില്വമംഗലം സ്വാമി കൃഷ്ണാരാധനയിൽ മുഴുകി പോയി.ആരാധനയ്ക്ക് ശേഷം സാധാരണ പതിവായി വരാറുള്ള കൃഷ്ണ ഭഗവാനെ സ്വാമിക്ക് അന്ന് ദർശിക്കാനായില്ല.പിറ്റേ ദിവസവും വില്വമംഗലത്തിന് കൃഷ്ണ ദർശനം കിട്ടാതിരുന്ന വില്വമംഗലം സ്വാമി ,ഭഗവാനെ അന്വേഷിച്ചു നടക്കുന്നതിനിടെ," "തലേ ദിവസം സ്വാമി കുറൂറമ്മയുടെ വിരുന്നിന് പോകാത്ത കാരണം കുറൂറമ്മ അത്യധികം ദുഖിതയാണ്" എന്ന് ആരോ കാതിൽ പറയുന്നതായി തോന്നി വില്വമംഗലം സ്വാമി അപ്പോഴാണ്‌ അതിനെ കുറിച്ച് ഓർത്തത്‌ ,അദ്ദേഹത്തിന് തനിക്ക് പറ്റിയ അബദ്ധം മനസിലായി. അപ്പോൾ തന്നെ കുറൂറമ്മയുടെ വീട്ടിലേക്ക് പോയി ,കുറൂറമ്മയോട് മാപ്പ് അപേക്ഷിച്ചു.
നിർമ്മലവും നിഷ്കളങ്കവും ആയിരുന്നു കുറൂറമ്മയുടെ ഭക്തി.സാക്ഷാൽ ഭഗവാനെ പുത്ര ഭാവത്തിൽ ദർശിക്കാൻ സാധിച്ചത് മക്കൾ ഇല്ലായിരുന്ന കുറൂറമ്മയുടെ മാതൃ ഭാവം തുളുമ്പുന്ന മനസ്സിനാണ്‌ .നമ്മൾ ഏതു രൂപത്തിൽ ആണോ ഈശ്വരനെ ദർശിക്കാൻ ആഗ്രഹിക്കുന്നത് ആ രൂപത്തിൽ ഈശ്വരൻ നമ്മുടെ മുന്നിൽ എത്തും ,അതിനു വേണ്ടത് നിർമ്മലവും നിഷ്കളങ്കവുമായ ഭക്തി മാത്രമാണ്.

0 comments:

Post a Comment