Monday, 14 September 2015

ഭക്‌തിയുടെ പ്രദക്ഷിണ വഴികള്‍



ക്ഷേത്രങ്ങളില്‍ ഭക്‌തിസാന്ദ്രമായ ഒരു അന്തരീക്ഷമാണുള്ളത്‌. അതിന്‌ ഭംഗം വരുത്തുന്ന യാതൊരു പ്രവൃത്തിയും ചെയ്‌തുകൂടാ. നാമം ജപിച്ചുകൊണ്ട്‌ ദര്‍ശനം നടത്തിയെങ്കില്‍ മാത്രമേ ആ ദര്‍ശനത്തിന്‌ ഫലപ്രാപ്‌തിയുണ്ടാകൂ.


ശ്രീകോവിലിന്റെ ഇടത്തോ, വലത്തോ കൂപ്പുകരങ്ങളുമായി നിന്നുകൊണ്ട്‌ ദര്‍ശനം നടത്തുകയാകും നല്ലത്‌.


ക്ഷേത്രങ്ങള്‍ മാനവികതയുടെ പ്രതീകങ്ങളാണ്‌. ഭക്‌തന്‌ ഭഗവാനിലുള്ള വിശ്വാസം; ഭഗവാന്‌ ഭക്‌തനോട്‌ തോന്നുന്ന വാത്സല്യം തുടങ്ങിയവ ക്ഷേത്രദര്‍ശന വേളയില്‍ പ്രതിഫലിക്കും.


എത്രയെത്ര ദുഃഖങ്ങളും ദുരിതങ്ങളുമുണ്ടെങ്കിലും ക്ഷേത്രത്തിലെത്തുന്ന വേളയില്‍ത്തന്നെ അതെല്ലാം വിസ്‌മരിക്കാനാവും.


ക്ഷേത്രദര്‍ശനമെന്നത്‌ വെറും ഔപചാരികമായ ചടങ്ങ്‌ മാത്രമാകരുത്‌. സതീര്‍ത്ഥ്യനെങ്കിലും പരമകാരുണികനായ ഭഗവാനെ ദര്‍ശിക്കാനെത്തുമ്പോള്‍ പണ്ട്‌ കുചേലന്റെ കരങ്ങളില്‍ ഭഗവാന്‌ സമര്‍പ്പിക്കുവാന്‍ ദാരിദ്ര്യത്തില്‍ പൊതിഞ്ഞ ഒരവല്‍ക്കിഴിയാണ്‌ കരുതിയിരുന്നതെങ്കിലും അതില്‍ നിറഞ്ഞു നിന്നത്‌ ഭക്‌തിമാത്രമായിരുന്നു.


അതേ ഭക്‌തിയാണ്‌ ഈ യുഗത്തിലും ഭക്‌തര്‍ പിന്തുടരേണ്ടത്‌. ക്ഷേത്രത്തിലെത്തുന്ന ഭക്‌തന്‍ സ്വര്‍ണ്ണമോ, പണമോ, വിലകൂടിയ മറ്റ്‌ ദ്രവ്യങ്ങളോ കാണിക്കയായി സമര്‍പ്പിക്കണമെന്നില്ല. മറിച്ച്‌ തന്നാലാവുംവിധം വഴിപാടുകള്‍ സമര്‍പ്പിച്ച്‌ (അത്‌ പുഷ്‌പമോ, ചന്ദനത്തിരിയോ, കര്‍പ്പൂരമോ, എണ്ണയോ ആകാം) ദര്‍ശനത്തിന്റെ പുണ്യം നേടാവുന്നതാണ്‌.


ക്ഷേത്രങ്ങളില്‍ ഭക്‌തിസാന്ദ്രമായ ഒരു അന്തരീക്ഷമാണുള്ളത്‌. അതിന്‌ ഭംഗം വരുത്തുന്ന യാതൊരു പ്രവൃത്തിയും ചെയ്‌തുകൂടാ.


നാമം ജപിച്ചുകൊണ്ട്‌ ദര്‍ശനം നടത്തിയെങ്കില്‍ മാത്രമേ ആ ദര്‍ശനത്തിന്‌ ഫലപ്രാപ്‌തിയുണ്ടാകൂ.


ശ്രീകോവിലിന്റെ ഇടത്തോ, വലത്തോ കൂപ്പുകരങ്ങളുമായി നിന്നുകൊണ്ട്‌ ദര്‍ശനം നടത്തുകയാകും നല്ലത്‌.


ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ്‌ പുരോഹിതര്‍. പൂജാവിധികള്‍ യഥാവിധി ചെയ്യുന്ന ഇവരെ 'തിരുമേനി'യെന്നോ, തിരുമനസ്സെന്നോ, പോറ്റിയെന്നോ വിളിക്കപ്പെടുന്നു. ഇവരാണ്‌ ഭഗവത്‌ പ്രസാദം ഭക്‌തനിലേക്ക്‌ എത്തിക്കുന്നത്‌. പ്രസാദം വാങ്ങുന്ന സന്ദര്‍ഭത്തില്‍ ദീപം, ധൂപം, തീര്‍ത്ഥം, ചന്ദനം, പുഷ്‌പം എന്നിവ നിറഞ്ഞ മനസ്സോടെ വിധി പ്രകാരം സ്വീകരിക്കേണ്ടതാകുന്നു.


രോഗദുരിതങ്ങളില്‍ നിന്നും ജീവിതത്തിലെ പല പ്രതിസന്ധികളില്‍നിന്നുമുള്ള മോചനത്തിന്റെ, ഇച്‌ഛാശക്‌തിയുടെ ഒരു പ്രതിഫലനം അതിലടങ്ങിയിരിക്കുന്നു.


തീര്‍ത്ഥം വലതുകരത്താല്‍ സ്വീകരിച്ച്‌ അല്‌പം സേവിച്ചതിനുശേഷം ബാക്കിവരുന്നത്‌ തലയില്‍ തളിക്കാവുന്നതാണ്‌.


ക്ഷേത്രദര്‍ശനവേളകളില്‍ നടത്തപ്പെടുന്ന അര്‍ച്ചനകള്‍, മറ്റ്‌ പൂജകള്‍ മുതലായവയുടെ പ്രസാദം സ്വീകരിക്കുമ്പോള്‍ യഥാശക്‌തി ദക്ഷിണ നല്‍കേണ്ടതാണ്‌. ദക്ഷിണ നല്‍കാതെ നടത്തപ്പെടുന്ന പൂജകള്‍ക്കോ കര്‍മ്മങ്ങള്‍ക്കോ ഫലപ്രാപ്‌തി ലഭിക്കില്ല.


യജ്‌ഞപുരുഷനാണ്‌ മഹാവിഷ്‌ണു. അദ്ദേഹത്തിന്റെ പത്നിയാണ്‌ ദക്ഷിണാദേവി. ആ ദേവിയെ സങ്കല്‍പ്പിച്ചാണ്‌ ദക്ഷിണകൊടുത്തുവരുന്നത്‌.


ദക്ഷിണ നല്‍കാന്‍ വെറ്റില, പാക്ക്‌, നാണയം മുതലായവയാണ്‌ വേണ്ടത്‌. വെറ്റില ത്രിമൂര്‍ത്തി സ്വരൂപത്തെയും (ബ്രഹ്‌മ-വിഷ്‌ണു- മഹേശ്വരന്മാര്‍) പാക്കും പണവും ലക്ഷ്‌മി സ്വരൂപത്തെയും സൂചിപ്പിക്കുന്നു.


ഈ യുഗത്തില്‍ മനുഷ്യ മനസ്സുകള്‍ നിറയേണ്ടത്‌ ഭക്‌തിയാലാവണം. അവിടെ അസൂയയ്‌ക്കും കുടിലതകള്‍ക്കും സ്‌ഥാനമുണ്ടാകരുത്‌.


ദ്വാപരയുഗത്തിലെ കുചേലന്റെ നിസ്വാര്‍ത്ഥമായ ഭക്‌തി, അതില്‍ അടിയുറച്ചു നിന്നുകൊണ്ട്‌ ഈ കലിയുഗത്തിലും ഭക്‌തിയുടെ പ്രദക്ഷിണ വീഥികളിലൂടെ ഭഗവത്നാമങ്ങള്‍ ജപിച്ചുകൊണ്ട്‌ സാവധാനം സഞ്ചരിക്കുക. കാരുണ്യവാനായ ഭഗവാന്റെ അനുഗ്രഹപ്രസാദം എല്ലാവര്‍ക്കും ഉണ്ടാകുമാറാകട്ടെ.

0 comments:

Post a Comment