ⓂⓂⓂⓂⓂⓂ മുരുകൻ, സ്കന്ദൻ, കുമാരൻ, കുഴന്തൈവേലൻ, ഷൺമുഖൻ, സ്വാമിനാഥൻ, ശരവണൻ, കുമാരസ്വാമി, കാർത്തികേയൻ എന്നെല്ലാം ഭക്തരാൽ വിളിക്കപ്പെടുന്ന ദേവനാണ് സുബ്രഹ്മണ്യൻ. ഹിന്ദുപുരാണങ്ങളിൽ ദേവസേനാധിപതിയായി വിവരിക്കപ്പെടുന്ന ഈ ശിവപാർവതി പുത്രനാണ് തമിഴ്ജനതയ്ക്ക് മറ്റേതൊരു ദേവനെക്കാളും പ്രിയങ്കരൻ. തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള പേരുകളിൽ ഏറെയും മുരുകന്റെ പര്യായങ്ങളാണ്. തമിഴ് കടവുൾ എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന മുരുകന് തമിഴ്നാട്ടിലുളളത് ആറു പ്രധാന ക്ഷേത്രങ്ങൾ അഥവാ വസതികൾ. തിരുവള്ളൂരിലെ തിരുത്തണി, തഞ്ചാവൂരിലെ സ്വാമിമലൈ, ഡിണ്ടിഗലിലെ പഴനി, മധുരയിലെ പഴമുതിർചോലൈ, മധുരയിൽ തന്നെയുള്ള തിരുപ്പറംകുൺട്രം, തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ എന്നിവയാണ് അറുപടൈവീടുകൾ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രങ്ങൾ. അസുരന്മാരുമായുള്ള യുദ്ധത്തിൽ സുബ്രഹ്മണ്യനു കീഴിൽ ദേവന്മാർ താവളമടിച്ച സ്ഥലങ്ങളാണ് പടൈവീടുകൾ എന്ന പേരിനു പിന്നിൽ. ഇവയിൽ കേരളത്തിനോടുള്ള സാമീപ്യം കൊണ്ടും വിശ്വാസപ്പെരുമ കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരം പഴനിയാണ്. മലയടിവാരത്തിലെ തിരുഅവിനാൻകുടി, മലമുകളിലെ പഴനി സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് പഴനിയിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങൾ. വ്യത്യസ്ത വിളകൾ കൃഷിചെയ്യുന്നതിലൂടെ വിവിധകാലങ്ങളിൽ നിറങ്ങളുടെ കുടമാറ്റം പകരുന്ന താഴ്വാരത്തിന് നടുവിൽ പ്രകൃതി പച്ചപ്പു പുതപ്പിച്ച മലയിലുള്ള പഴനിമലൈ ക്ഷേത്രം ഭക്തരിൽ പകരുന്നത് മനസിൽ ഭക്തിയും കണ്ണിന് ആനന്ദവും നിറഞ്ഞ തീർഥാടനമാണ്.
0 comments:
Post a Comment