അദ്വേഷ്ടാ സര്‍വ്വഭുതാനാം മൈത്ര: കരുണ ഏവ ച നിര്‍മ്മമോ നിരഹങ്കാര: സമദുഃഖസുഖ:ക്ഷമീ: "അദ്വേഷ്ടാ സര്‍വ്വഭുതാനാം" എല്ലാ ചരാചരങ്ങളിലും ഭഗവദ് ചൈതന്യത്തെ ദര്‍ശിക്കുവാന്‍ കഴിയുന്നവന് ഒരു ജീവിയോടും വിദ്വേഷം ഉണ്ടാവുകയില്ല, എന്നുമാത്രമല്ല എല്ലാത്തിനെയും സ്നേഹിക്കുവാനും കഴിയുന്നു. അതുകൊണ്ട്, മൈത്ര: = എല്ലാ ജീവിയുടും മിത്ര ഭാവം. കരുണ = കാരുണ്യ ഭാവം. നിര്‍മ്മമോ = ഒന്നിനോടും പ്രത്യേക മമത്വം ഇല്ലാത്തവന്‍; എല്ലാം ഭാഗവാന്റെത് എന്ന് കരുതുന്നവന് 'എന്റേത്' എന്ന മമതയില്ല, കാരണം ഒന്നിന്റെയും ഉടമസ്തതാ ഭാവം ഇല്ലാത്തത് കൊണ്ടുതന്നെ. എല്ലാം ഭഗവദ് അനുഗ്രഹമായി മാത്രം കാണുമ്പോള്‍, 'ഞാന്‍' ചെയ്യുന്നു എന്ന അഹങ്കാരവും ഇല്ല അതുകൊണ്ട്, നിരഹങ്കാര: = അഹങ്കാരമില്ലാത്തവന്‍. സമദുഃഖസുഖ: = സുഖത്തിലും ദുഖത്തിലും തുല്യ ഭാവം പുലര്‍ത്തുന്നവന്‍; സുഖവും ദു:ഖവും ശരീരത്തിന്റെയും മനസ്സിന്റെയും നിലവാരത്തില്‍ മാത്രം ഉള്ളതാണ്. അവയെയൊക്കെ അതിജീവിച്ചവന്‍, അതുകൊണ്ട് തന്നെ: ക്ഷമീ = ക്ഷമാശീലമുള്ളവന്‍. സന്തുഷ്ട: സതതം യോഗീ യതാത്മാ ദൃഡനിശ്ചയ: മയ്യര്‍പ്പിത മനോ ബുദ്ധി: യോ മത് ഭക്ത സ മേ പ്രിയ: സന്തുഷ്ട: സതതം = സാദാ സന്തുഷ്ടനും, ഇഷ്ടമായുള്ളതു വരുമ്പോഴും അതിനു എതിരായുള്ളത് വരുമ്പോഴും ഭഗവദ് പ്രസാദമായി കാണുവാന്‍ കഴിയുന്നത് കൊണ്ട് സദാ സന്തുഷ്ടനും. യോഗീ = ഏകാഗ്രചിത്തനും; സാധനകള്‍ ചെയ്തു മനസ്സിനെ ഭഗവദ്പാദത്തില്‍ ഏകാഗ്രമാക്കി വച്ച് പരിശീലിച്ചിട്ടുള്ളവന്‍; അതുകൊണ്ട് തന്നെ, യതാത്മാ = ആത്മനിയന്ത്രണമുള്ളവനും, സ്വന്തം വിവേചന ബുദ്ധികൊണ്ട് നല്ലതേത് അല്ലാത്തതേത് എന്ന് വേര്‍തിരിച്ചു കൊണ്ട് വേണ്ടതിനെ ഉള്‍ക്കൊള്ളാനും വേണ്ടാത്തത് കണ്ടാലും തള്ളിക്കളയാനും കഴിവുള്ളവന്‍; മനസ്സ് തന്നെ വലിച്ചിഴക്കുന്നിടത്ത് ഒഴുകിപ്പോവാതെ മനസ്സിനെ താന്‍ തീരുമാനിക്കുന്നിടത്ത് ഉറപ്പിച്ചു നിര്‍ത്താനുള്ള കഴിവ് നേടിയവന്‍; അതുകൊണ്ട് തന്നെ, ദൃഡനിശ്ചയ: = നിശ്ചയദാര്‍ഡ്യം ഉള്ളവനും. മയ്യര്‍പ്പിത മനോ ബുദ്ധി = മനോബുദ്ധികളെ എന്നിലര്‍പ്പിച്ചവനും; പ്രപഞ്ച നിയന്താവിന്റെ ലീലകളില്‍ പൂര്‍ണ്ണ വിശ്വാസം വന്നവന്‍; എല്ലാകര്‍മ്മങ്ങളും ഭഗവദ് പാദത്തില്‍ സമര്‍പ്പിച്ചു ചെയ്യുന്നവന്‍. യോ മത് ഭക്ത സ മേ പ്രിയ: = അങ്ങനെയുള്ള എന്റെഭക്തന്‍ ആരോ, അവന്‍ എനിയ്ക്ക് പ്രിയനാകുന്നു…
0 comments:
Post a Comment