Friday, 11 November 2016

പഴനി ദണ്ഡായുധപാണി തിരുകോവിൽ*

*********************************************************
ക്ഷേത്രമണ്ഡപത്തിലേക്കു കടക്കുമ്പോൾ തന്നെ സുബ്രഹ്മണ്യന്റെചൈതന്യവത്തായ ശിലാവിഗ്രഹം കാണാനാകുന്ന രീതിയിലാണ് ദർശനത്തിനുളളസൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. മറ്റു ക്ഷേത്രങ്ങളിലേതു പോലെ നെയ് വിളക്കുകളുടേയുംമറ്റും ബാഹുല്യമില്ലെങ്കിലും വേറിട്ട പ്രഭയോടെ നിലകൊള്ളുന്ന ദണ്ഡായുധപാണിയുടെ വിഗ്രഹം ഭക്തരിൽ നയനാമൃതം ചൊരിയുന്നതാണ്. നാലടിയോളം പൊക്കമുള്ള വിഗ്രഹത്തിന്റെ വലംകൈയിൽ ദണ്ഡ് കാണാം. ബാലസന്യാസിയുടെ വേഷത്തിലാണ് - ആണ്ടിപ്പണ്ടാരമെന്ന് വിളിപ്പേര് - സുബ്രഹ്മണ്യവിഗ്രഹം. കൗപീനധാരിയായി ആടയാഭരണങ്ങളില്ലാതെ മുണ്ഡിതശിരസുമായി ഭഗവാൻ ആത്മീയയുടെ നിറകുടമെന്നവണ്ണം പരിലസിക്കുന്നു.അമിതമായ ആഗ്രഹചിന്തകൾ ഒഴിവാക്കി സർവം ഈശ്വരനിൽ അർപ്പിപ്പിക്കുന്നവർക്ക് ആത്മനിർവൃതി ലഭിക്കുമെന്ന ദർശനമാണ് സന്യാസിരൂപത്തിൽദണ്ഡായുധപാണി പകരുന്നത്. നവപാഷാണം - ഒൻപതു തരം വിഷക്കല്ലുകൾ - കൊണ്ടാണ് സിദ്ധഭോഗർ എന്ന ദിവ്യൻ ഈ വിഗ്രഹം നിർമിച്ചതെന്നാണ് വിശ്വാസം. ഒൻപതു വിഷക്കല്ലുകൾ ചേർത്തു നിർമിച്ച വിഗ്രഹത്തിൽ രാത്രിപൂജയ്ക്കുശേഷം(രാക്കാല പൂജ) പതിപ്പിക്കുന്ന ചന്ദനം വിശ്വരൂപദർശനത്തിനു ശേഷം രാവിലെ പ്രസാദമായി നൽകുന്നു. ഒൻപതു വിഷക്കല്ലുകൾ ചേർന്നുണ്ടാക്കിയ ശിൽപത്തിൽ പതിച്ച ഈ ചന്ദനം രാക്കാല ചന്ദനം എന്നാണ് അറിയപ്പെടുന്നത്. ഒരു മണ്ഡലകാലം(41 ദിവസം) പ്രഭാതത്തിൽ സവിശേഷ രസക്കൂട്ടായി മാറുന്ന ഈ ചന്ദനം സേവിക്കുന്നത് വിവിധ രോഗങ്ങൾ ശമിക്കാൻ ശക്തിപകരുമെന്നും ഭക്തർ വിശ്വസിക്കുന്നു. കാലപൂജ എന്നറിയപ്പെടുന്ന പ്രത്യേക ക്ഷേത്രപൂജയിൽ മാത്രമാണ് നവപാഷാണത്തിൽ പണിത വിഗ്രഹത്തിൽ അഭിഷേകം നടത്തുക. ഭക്തരുടെ നേർച്ചയായി നടത്തപ്പെടുന്ന മറ്റ് അഭിഷേകങ്ങൾ(ഉപയ അഭിഷേകം) ചെമ്പിൽ പണിത വിഗ്രഹത്തിലാണ് നടത്താറുള്ളത്. ദ്രാവിഡശൈലിയിലുള്ള വിഗ്രഹത്തിന്റെ ചെവികൾ അൽപംവലുതാണെന്ന പ്രത്യേകതയുണ്ട്. ഭക്തരുടെ ചെറിയ പ്രാർഥനകൾക്കും പഴനിയാണ്ടവൻ നൽകുന്ന വലിയ ശ്രദ്ധയുടെ സൂചകമായാണ് ഭക്തർ ഇതിനെ കാണുന്നത്.

0 comments:

Post a Comment