Wednesday, 27 May 2015

ഭഗവദ്ഗീതയിലെ യാഥാര്‍ത്ഥ്യം.............

മാനവ രാശിയെ സനാതന ധര്‍മ്മത്തിലേയ്ക്ക്‌ നയിക്കുന്ന മഹാഭാരതവും അതിലെ ഭഗവദ്ഗീതയും അതിന്റെ ആത്മാവായ ശ്രീകൃഷ്ണഭഗവാനും സാങ്കല്‍പിക കഥാപാത്രമാണെന്നു പറയുന്നത്‌ പത്മ പുരാണമനുസരിച്ച്‌ നിഷേധ്യവും അപരാധവുമാണ്‌. എന്തെന്നാല്‍ മഹാഭാരതവും അതിന്റെ അമൃതമായ ശ്രീമദ്‌ ഭഗവദ്ഗീതയും, ഭഗവാന്‍ വിഷ്ണുവിന്റെ മുഖപത്മത്തില്‍ നിന്നും നിര്‍ഗളിക്കുന്നതാണെന്ന്‌ ശ്രീപാദ ശങ്കരാചാര്യര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഭാരതാമൃത സര്‍വസ്വം വിഷ്ണുവക്ത്രാദ്‌ വിനിസൃതം (ഗീതാമാഹാത്മ്യം) ന്യൂഡല്‍ഹിയില്‍ നിന്ന്‌ ഏകദേശം നൂറുമെയില്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കുരുക്ഷേത്രം എന്ന ധര്‍മ്മ ഭൂമിയിലാണ്‌ മഹാഭാരത യുദ്ധം അരങ്ങേറിയത്‌. മഹാഭാരത യുദ്ധത്തിനു മുമ്പേ ഈ പുണ്യഭൂമിയെ ബ്രഹ്മക്ഷേത്രം, ആര്യവര്‍ത്തം, സമന്തപഞ്ചകം എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. പാണ്ഡവരുടെ പൂര്‍വികനായ കുരു എന്ന മഹാരാജാവ്‌ സത്യം, യോഗം, ദയ, പരിശുദ്ധി, ധര്‍മ്മം, ത്യാഗം, തപസ്യ, ബ്രഹ്മചര്യം എന്നീ ഏട്ട്‌ മഹാഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി ആരാധനാ കര്‍മ്മം ചെയ്ത ഭൂമി ആയതുകൊണ്ട്‌ പില്‍ക്കാലത്ത്‌ കുരുക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടു. കുരുക്ഷേത്രത്തില്‍ നിന്ന്‌ നാല്‌ മെയിലുകള്‍ അകലെ ജ്യോതിസര്‍ എന്ന സ്ഥലത്തു വച്ച്‌ മോക്ഷദ ഏകാദശി ദിവസത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്‌ ഗീതോപദേശം ചെയ്തു. സമീപത്തായി അയ്യായിരത്തില്‍പരം വര്‍ഷങ്ങളായി നശിക്കാതെ സാക്ഷിയായി നില്‍ക്കുന്ന ആല്‍മരം ഇന്നും അവിടെ കാണുവാന്‍ സാധിക്കും.

വേദവിജ്ഞാനത്തിന്റെ സാരസര്‍വ്വസ്വമാണ്‌ ശ്രീമദ്‌ ഭഗവദ്ഗീത.
ഭഗവദ്ഗീത എന്നാല്‍ ഭഗവാന്‍ എന്ന പരമമായ വ്യക്തിയുടെ പാട്ട്‌ എന്നര്‍ത്ഥം. ഭൗതിക അസ്തിത്വം എന്ന അവിദ്യയില്‍ നിന്ന്‌ മാനവ സമുദായത്തെ മോചിപ്പിക്കുക എന്നതാണ്‌ ഭഗവദ്്ഗീതയുടെ ലക്ഷ്യം. ഈശ്വരന്‍, ജീവാത്മാവ്‌, പ്രകൃതി, കാലം, കര്‍മ്മം തുടങ്ങിയ അഞ്ച്‌ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ശ്രീമദ്‌ ഭഗവദ്്ഗീത. ഭക്തി ഭാവത്തോടെയാണ്‌ ഭഗവദ്ഗീതയെ സമീപിക്കേണ്ടത്‌. ഭഗവാന്‍ ഗീതയില്‍ 4-ാ‍ം അദ്ധ്യായത്തില്‍ ഇപ്രകാരം പറയുന്നു.

ഭക്തോ അസിമേ സഖാ ചേതി രഹസ്യം ഹ്രേദദുത്തമം

അല്ലയോ അര്‍ജ്ജുന നീ എന്റെ ഭക്തനും സുഹൃത്തും ആയതുകൊണ്ടാണ്‌ നിനക്ക്‌ ഞാന്‍ ഈ രഹസ്യജ്ഞാനം ഉപദേശിക്കുന്നത്‌. ഇതില്‍ നിന്ന്‌ നമുക്ക്‌ മനസ്സിലാക്കാം അര്‍ജ്ജുനന്‌ സമാനമായ ഗുണങ്ങളുള്ള, ഭഗവാനോട്‌ നേരിട്ട്‌ ബന്ധമുള്ള ഒരു ഭക്തനു മാത്രമേ ഗീതാരഹസ്യം മനസ്സിലാകുകയുള്ളു.

ന ഹിതേ ഭഗവന്‍ വ്യക്തിം വിദുര്‍ ദേവ ന ദാനവാ

ദേവന്മാര്‍ക്കോ അസുരന്മാര്‍ക്കോ പോലും ഭഗവാന്റെ വ്യക്തിത്വം മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല അപ്പോള്‍പ്പിന്നെ മനുഷ്യരായ നമുക്ക്‌ ഭഗവാന്റെ ഭക്തനാകാതെ എങ്ങനെ ഭഗവദ്ഗീത മനസ്സിലാകും. ഭഗവാന്‍ കൃഷ്ണനില്‍ നിന്ന്‌ ആരംഭിക്കുന്ന ഗുരുശിഷ്യ സമ്പ്രദായത്തിലുള്ള ആചാര്യന്മാര്‍ക്ക്‌ മാത്രമാണ്‌ ഭഗവദ്ഗീതയെ വ്യാഖ്യാനിക്കാനുള്ള അധികാരം ഉള്ളത്‌. ബ്രഹ്മ സമ്പ്രദായം, രുദ്ര സമ്പ്രദായം, ശ്രീ സമ്പ്രദായം, കുമാര സമ്പ്രദായം എന്നീ നാല്‌ സമ്പ്രദാങ്ങളാണ്‌ കലിയുഗത്തില്‍ നമുക്ക്‌ ലഭിച്ചിട്ടുള്ളത്‌. വൈഷ്ണവ സമ്പ്രദായത്തിന്റെ ആധികാരികതയെക്കുറിച്ച്‌ പത്മപുരാണം ഇപ്രകാരം ഉദ്ഘോഷിക്കുന്നു

സമ്പ്രദായ വിഹീനാ യേ മന്ത്രാസ്തേ നിഷ്ഫലമത്‌
അഥ കലൗ ഭവിഷ്യന്തി ചാത്വരഃ സംമ്പ്രദായിനഃ

പരിപൂര്‍ണ്ണതയിലേയ്ക്ക്‌ എത്തുന്നതിനു വേണ്ടിയുള്ള വേദജ്ഞാനം, മന്ത്രം, തുടങ്ങിയവ കലിയുഗത്തില്‍ ലഭ്യമായ നാല്‌ സമ്പ്രദായങ്ങള്‍ അനുസരിച്ചിട്ടില്ലാത്തതാണെങ്കില്‍ അവ നിഷ്ഫലമാകുന്നു.
ന ഹി വൈഷ്ണവദാ കുത്ര സമ്പ്രദായ പുരഃ സര
സമ്പ്രദായത്തെ അനുസരിച്ചുള്ള വൈഷ്ണവ ധര്‍മ്മം എവിടെയും കുറവാണ്‌.

ഗുരുശിഷ്യ പരമ്പര വഴി വരുന്ന അറിവ്‌ ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമല്ല. കാരണം സമ്പ്രദായ ആചാര്യന്മാര്‍ എല്ലാം തന്നെ കൃഷ്ണ ഭക്തന്മാരാണ്‌. ഭക്തന്മാര്‍ അല്ലാതെ ജ്ഞാന, ഉഹാപോഹ മേഖലയില്‍ മാത്രം കറങ്ങുന്നവര്‍ക്ക്‌ തേന്‍കുപ്പിയുടെ പുറം നുണയുവാന്‍ അല്ലാതെ കുപ്പി തുറന്ന്‌ ഭഗവദ്ഗീതയാകുന്ന തേന്‍ രുചിക്കുവാന്‍ സാധ്യമല്ല തന്നെ.
ഇസ്കോണിന്റെ സ്ഥാപകാചാര്യനായ എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍ ബ്രഹ്മസമ്പ്രദായത്തിലെ മുപ്പത്തിരണ്ടാമത്തെ ഗുരുവാണ്‌. അങ്ങനെ ശ്രീകൃഷ്ണനില്‍ നിന്ന്‌ ആരംഭിക്കുന്ന ഗുരുശിഷ്യസമ്പ്രദായത്തിന്റെ കെട്ടുറപ്പോടെ അദ്ദേഹം ഭഗവദ്ഗീത യഥാരൂപത്തിന്‌ ആന്തരിക അര്‍ത്ഥം നല്‍കുകയുണ്ടായി. ഇത്‌ എഴുപത്തി ഒമ്പത്‌ ഭാഷകളിലൂടെ ലോകപ്രചാരം നേടി. ലോകത്ത്‌ മൊത്തം എഴുന്നൂറ്‌ കോടി ജനം വരുന്നതില്‍ ഏകദേശം നാല്‍പ്പത്തിയെട്ട്‌ കോടിയിലധികം ഭക്തിവേദാന്ത സ്വാമി രചിച്ച ആത്മീയ പുസ്തകങ്ങള്‍ വിറ്റഴിക്കുകയുണ്ടായി. എഴുപത്തിഒമ്പത്‌ ഭാഷകളിലായി വിവര്‍ത്തനം ചെയ്ത ഭഗവദ്ഗീത യഥാരൂപം പത്ത്കോടിയിലധികം വിറ്റഴിച്ച്‌ ഗിന്നസ്‌ ബുക്കില്‍ വരെ സ്ഥാനം നേടുകയുണ്ടായി. ലോക ജനതയുടെ നിത്യ ജീവിതത്തില്‍ ഇത്രയധികം ആത്മീയ സ്വാധീനം ചെലുത്തുവാന്‍ ഇസ്കോണിന്റെ ഭഗവദ്ഗീതയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ജനങ്ങളുടെ ഈ പരിവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ ഭീതിയിലാണ്ട റഷ്യന്‍ ക്രിസ്തീയസഭ റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കണമെന്നുള്ള വിമര്‍ശനവുമായി എത്തുകയുണ്ടായി. എന്നാല്‍ ഈ കാലയളവില്‍ റഷ്യയിലെ ഇസ്കോണ്‍ അംഗങ്ങളായ കൃഷ്ണ ഭക്തന്മാര്‍ ഒരുലക്ഷത്തില്‍പരം ഭഗവത്ഗീത യഥാരൂപം അവിടെ വിറ്റഴിക്കുകയുണ്ടായി.

0 comments:

Post a Comment