Thursday, 21 May 2015

അക്ഷയതൃതീയ

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ലയെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി കരുതുന്നു. വിഷ്ണുധര്‍മസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്‌നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതില്‍ പ്രസ്താവിച്ചിട്ടുണ്ട്. സര്‍വപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 23) അന്നു ചെയ്യപ്പെടുന്ന സ്‌നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതര്‍പ്പണം എന്നീ കര്‍മങ്ങള്‍ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു.

സ്‌നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതര്‍പ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്
സര്‍വം സ്യാത്തദിഹാക്ഷയം.
അദൌ കൃതയുഗസ്യേയം
യുഗാദിസ്‌തേന കഥ്യതേ.
അസ്യാം തിഥൌ ക്ഷയമുപൈതി ഹുതം ന ദത്തം
തേനാക്ഷയാ ച മുനിഭിഃ കഥിതാ തൃതീയാ'.
(ഭവിഷ്യോത്തരം 30.19)

വൈശാഖം പൊതുവേ ശുഭ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല മാസമായിട്ടാണ് കരുതുന്നത്. ദ്രൗപദിക്കു കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തിന്റെ ഫലമാണത്രേ ഈ ദിവസം ചെയ്യുന്ന കാര്യങ്ങള്‍ക്ക്. അക്ഷയതൃതീയ ദിനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഐശ്വര്യ ലക്ഷ്മി, ധനലക്ഷ്മി തുടങ്ങി അഷ്ട ലക്ഷ്മിമാരുടെ പുണ്യമുണ്ടാകും എന്നാണ് സങ്കല്പം. സമ്പത്തിന്റേയും സമൃദ്ധിയുടെയും പ്രതീകമായി കരുതുന്ന സ്വര്‍ണം പോലുള്ള ദ്രവ്യങ്ങള്‍ വാങ്ങാനും, വ്യവസായം തുടങ്ങാനും, വിവാഹത്തിനും പറ്റിയ നല്ല ദിനമായും ആധുനിക കാലത്തു പോലും അക്ഷയ തൃതീയയെ കണക്കാക്കി പോരുന്നു.

ഭഗീരഥന്‍ തപസു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കൊഴുക്കിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് സങ്കല്പം. ബലഭദ്രന്‍ (ബലരാമന്‍) ജനിച്ച ദിവസംകൂടിയാണത്. ഭൂമിയില്‍ ദുഷ്ട രാജക്കന്‍മാര്‍ വര്‍ധിച്ചപ്പോള്‍ ഭൂമീദേവി പശുവിന്റെ രൂപത്തില്‍ മഹാവിഷ്ണുവിനെ സമീപിച്ചു സങ്കടം പറഞ്ഞു. ദുഷ്ടന്‍മാരെ നിഗ്രഹിക്കാമെന്ന് ഭൂമീദേവിക്കു നല്‍കിയ ഉറപ്പിന്‍മേല്‍ മഹാവിഷ്ണു, വസുദേവപുത്രന്മാരായ ശ്രീകൃഷ്ണനും ബലരാമനുമായി പിറന്ന് ദുഷ്ട നിഗ്രഹം വരുത്താമെന്നു സമ്മതിച്ചു.

അക്ഷയതൃതീയദിനത്തിലാണ്‌ കൃതയുഗം ആരംഭിച്ചിട്ടുള്ളത് എന്നും അന്ന് അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് ആ തിഥിക്ക് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നും മേല്‍ ഉദ്ധരിച്ചതില്‍നിന്നു മനസ്സിലാക്കാം. യുഗാദിതിഥികളില്‍ ശ്രാദ്ധം പിതൃക്കള്‍ക്കു പ്രത്യേകം പ്രീതികരമായതുകൊണ്ട് അക്ഷയതൃതീയ ഈ വക കര്‍മങ്ങള്‍ക്കു ഏറ്റവും പറ്റിയതാണ്. (യുഗാദിതിഥികളില്‍ ചെയ്യുന്ന ശ്രാദ്ധത്തില്‍ പിണ്ഡം നിഷേധിക്കപ്പെട്ടിട്ടുണ്ട്.)

വര്‍ഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളില്‍ അക്ഷയതൃതീയ ഉള്‍പ്പെടുന്നു. ദേവന്‍മാര്‍ക്കുപോലും ഇതു വന്ദനീയമാണ് എന്നു പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അന്ന് യവം കൊണ്ടു ഹോമം നടത്തുകയും വിഷ്ണുവിന് അര്‍ച്ചിക്കുകയും ദ്വിജാദികള്‍ക്കു യവം ദാനം ചെയ്യുകയും ശിവന്‍, ഭഗീരഥന്‍ മുതലായവരെയും ഗംഗ, കൈലാസം എന്നിവയെയും പൂജിക്കുകയും ചെയ്യണമെന്നു ബ്രഹ്മപുരാണത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. പരശുരാമന്‍ ജനിച്ചത് അക്ഷയതൃതീയയിലാകയാല്‍ ആ ദിവസം പരശുരാമരൂപമുണ്ടാക്കി പൂജിക്കുന്ന സമ്പ്രദായം ഭാരതത്തിലെങ്ങുമുണ്ട്. അക്ഷയതൃതീയയ്ക്ക് എല്ലാ ക്ഷേത്രങ്ങളിലുംതന്നെ വിശേഷാല്‍ പൂജകള്‍ നടക്കാറുണ്ട്.

അക്ഷയ തൃതീയ, വിജയദശമി, പുതുവര്‍ഷാരംഭദിനമായ യുഗാദി തുടങ്ങിയ ദിവസങ്ങളും ബലി പഞ്ചമിയുടെ ആദ്യ പകുതി ദിനവും സ്വയം സിദ്ധമാണെന്നും, ആ ദിനങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പഞ്ചാംഗം നോക്കേണ്ടെന്നുമാണ് ഹിന്ദുക്കള്‍ക്കിടയിലെ വിശ്വാസം. അതുകൊണ്ടാണ്, അക്ഷയ തൃതീയ ദിനത്തിന്റെ മുഴുവന്‍ സമയവും ശുഭകരമായി കണക്കാക്കുന്നത്.

സ്‌കാന്ദപുരാണം വൈഷ്ണഖണ്ഡം വൈശാഖമാഹാത്മ്യം 23-ാം അദ്ധ്യായത്തില്‍ ശ്രുതദേവന്‍ അക്ഷയതൃതീയയെക്കുറിച്ച് പറയുന്നു - യാതൊരു മനുഷ്യന്‍ അക്ഷയതൃതീയാദീനത്തില്‍ സൂര്യോദയ സമയത്ത് സ്‌നാനംചെയ്ത് ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുകയും ഭഗവത്കഥകള്‍ ശ്രവിക്കുകയും ചെയ്യുന്നുവോ അവന്‍ മോക്ഷപ്രാപ്തിയ്ക്ക് അര്‍ഹനാകുന്നു. യാതൊരുവന്‍ അന്നേദിവസം മഹാവിഷ്ണുപ്രീതിയ്ക്കായി ദാനംചെയ്യുന്നുവോ, അവന്റെ ആ പുണ്യകര്‍മ്മം വിഷ്ണുഭഗവാന്റെ ആജ്ഞയാല്‍ അക്ഷയഫലം നേടുന്നു.

അക്ഷയ എന്ന വിശേഷണം ചില പ്രത്യേകവിശ്വാസങ്ങളെ ആധാരമാക്കി ചതുര്‍ഥി, സപ്തമി, അമാവാസി തുടങ്ങിയ തിഥികളോടും ചേര്‍ത്തു പ്രയോഗിക്കാറുണ്ട്. ചൊവ്വാഴ്ചയും ശുക്‌ളചതുര്‍ഥിയും കൂടിയത് അക്ഷയചതുര്‍ഥിയും ഞായറാഴ്ചയും കറുത്തവാവും ചേര്‍ന്നത് അക്ഷയഅമാവാസിയുമായി കരുതിപ്പോരുന്നു. ഈ ദിവസങ്ങളില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങളുടെ ഫലം ക്ഷയമില്ലാത്തതാണെന്ന സങ്കല്പമാണ് ഈ സംജ്ഞകള്‍ക്ക് ആസ്പദം.

0 comments:

Post a Comment