Monday, 18 May 2015

ഓജസ്സ്

മനുഷ്യനും മനുഷ്യനും തമ്മില്‍ അന്തരമുണ്ടാകുന്നതാണ് ഓജസ്സ്. അധികം ഓജസ്സുള്ളവനാണ് ജനനായകന്‍. അത് അതിഭയങ്കരമായ ആകര്‍ഷണശക്തിയെ കൈവരുത്തുന്നു. ഓജസ്സ് നാഡീധാരകളില്‍ നിന്നു സംസ്കരിക്കപ്പെടു ന്നു. യൌനശക്തികളായി വെളിപ്പെടുന്നു. ബലത്തില്‍നിന്നാണ് ഇത് ഏറ്റവും എളുപ്പം ഉളവാക്കപ്പെടുന്നത്. യൌനകേന്ദ്രങ്ങളുടെ ശക്തികള്‍ ചിതറിക്കളയാതെയും അവയുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്താതെയും ഇരിക്കാമെങ്കില്‍-ക്രിയ വിചാരത്തിന്റെ ഒരു സ്ഥൂലതരഭാവംമാത്രമാണ്. അവയെ ഓജസ്സായി സംസ്കരിക്കുന്നു.

ശരീരത്തിലെ രണ്ടു വലിയ പ്രാണധാരകള്‍ മസ്തിഷ്കത്തില്‍നിന്നു പുറപ്പെട്ടു നാഡീപാശത്തിന്റെ ഇരുവശത്തൂടെ താഴോട്ടു ചെന്നു തലയുടെ പിന്നില്‍ വെച്ചു 8 എന്ന അക്കത്തിന്റെ ആകൃതിയില്‍ തമ്മില്‍ മുറിച്ചു കടന്നുപോകുന്നു. അങ്ങനെ തലയുടെ വലതുഭാഗം ശരീരത്തിന്റെ ഇടതുഭാഗത്തെ ഭരിക്കുന്നു. നാഡീമണ്ഡലത്തിന്റെ ഏറ്റവും താണ സ്ഥാനത്താണ് യൌനകേന്ദ്രം. മൂലഗ്രന്ഥി. ഈ രണ്ടു പ്രാണധാരകളും വഹിക്കുന്ന ഊര്‍ജ്ജം താഴോട്ടു വരികയും ഒരു വലിയ അളവു തുടര്‍ച്ചയായി മൂലഗ്രന്ഥിയില്‍ സംഭൃതമാകയും ചെയ്യുന്നു.

നട്ടെല്ലിന്റെ അവസാനത്തെ എല്ലു മൂലഗ്രന്ഥിക്കുമേലാണ്. പ്രതീകഭാഷയില്‍ ഒരു ത്രികോണമെന്നു വര്‍ണ്ണിക്കപ്പെടുന്നുമുണ്ട്. ഈ ഊര്‍ജ്ജം അതിനടുത്തു സംഭൃതമാകയാല്‍ ഒരു സര്‍പ്പത്തെ ഈ ഊര്‍ജ്ജത്തിന്റെ പ്രതീകമാക്കിയിരിക്കുന്നു. ഈ രണ്ടു പ്രാണധാരകളിലൂടെ വ്യാപരിക്ക യാണ് ബോധവും ഉപബോധവും. എന്നാല്‍ പ്രാണധാര മണ്ഡലത്തിന്റെ ഏറ്റവും താഴെ എത്തുമ്പോള്‍ ബോധാതീതം അതിനെ കൈക്കൊണ്ട്, അതു മുകളിലേക്കു ചെന്നു മണ്ഡലം മുഴുമിക്കാന്‍ വിടുന്നതിനുപകരം അതിനെ തടഞ്ഞു മൂലഗ്രന്ഥിയില്‍ നിന്നു നാഡീപാശത്തിലൂടെ ഓജസ്സായി മേലോട്ടു തള്ളിയയയ്ക്കുന്നു.

നാഡീപാശം പ്രകൃത്യാ അടഞ്ഞാണ്. പക്ഷേ അതു തുറന്ന് ഈ ഓജസ്സിന്ന് ഒരു വഴിയുണ്ടാക്കാം. നാഡീപാശത്തിലെ ഒരു കേന്ദ്രത്തില്‍നിന്നു വേറൊന്നിലേക്കു നിങ്ങള്‍ക്ക് സഞ്ചരിക്കാം. ഇതുകൊണ്ടാണ് മനുഷ്യന്‍ മറ്റുള്ളവയെക്കാള്‍ മഹാനായിരിക്കുന്നത്. എന്തെന്നാല്‍ ജീവന്നു മാനവശരീരത്തില്‍ എല്ലാ തലങ്ങളും എല്ലാ അനുഭൂതികളും സാദ്ധ്യമാണ്.

നമുക്കു വേറൊന്നും വേണ്ട. മനുഷ്യന്ന്, വേണമെങ്കില്‍, അവന്റെ പരീക്ഷ അവന്റെ ശരീരത്തില്‍ത്തന്നെ തീര്‍ക്കാം. അതിനുശേഷം ശുദ്ധചൈതന്യ മാകയും ചെയ്യാം.

ഓജസ്സ് കേന്ദ്രത്തില്‍നിന്നു കേന്ദ്രത്തിലേക്കു പോയി
ഭ്രൂമദ്ധ്യഗ്രന്ഥിയില്‍ (വ്യാപാരമെന്തെന്നു നിര്‍ണ്ണയിക്കാന്‍ ശാസ്ത്രത്തിനു കഴിവില്ലാത്ത ഒരു മസ്തിഷ്കഭാഗം) എത്തിയാല്‍
പിന്നെ മനുഷ്യന്‍ മനസ്സോ ശരീരമോ ആവുന്നില്ല.
അവന്‍ സര്‍വ്വബന്ധവിമുക്തനാകുന്നു.

സ്വാമി വിവേകാനന്ദന്‍

0 comments:

Post a Comment