Showing posts with label karkidakam. Show all posts
Showing posts with label karkidakam. Show all posts

Friday, 17 July 2015

തുകിലുണര്‍ത്തല്‍


കര്‍ക്കടകമാസത്തില്‍ പതിവുള്ള ഒരു ചടങ്ങാണ് തുകിലുണര്‍ത്തല്‍. പാണസമുദായക്കാരാണ് പാട്ടുപാടുന്നതിന് അവകാശപ്പെട്ടവര്‍. പണ്ട് ഇവര്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനമുണ്ടായിരുന്നു. 'പണ്‍' എന്നാല്‍ രാഗം, 'പണ്‍' പാടുന്നവന്‍ പാണര്‍. തമിഴ്നാട്ടില്‍ തുകിലുണര്‍ത്ത്പാട്ട് ക്ഷേത്രങ്ങളില്‍ പാടുന്ന പതിവുണ്ട്. ഭഗവാനെ ഉണര്‍ത്തി എഴുന്നേല്‍പ്പിക്കാന്‍ പാടുന്നുവെന്നാണ് സങ്കല്പം. ഗ്രാമദേവതയെ ഉണര്‍ത്തിയ ശേഷം അവര്‍ ഗ്രാമങ്ങളിലെ വീടുകളില്‍ എത്തി പാടുന്ന പതിവ് അടുത്തകാലം വരെ ഉണ്ടായിരുന്നു.
വീടുകളില്‍ പാടുമ്പോള്‍ പാണന്‍ ഉടുക്കുകൊട്ടി പാടുകയും ഭാര്യ അത് ഏറ്റുപാടുകയും ചെയ്യുന്നു. ആദ്യകാലത്ത് ഇവര്‍ 'തുടി' കൊട്ടിയാണ് പാടിയിരുന്നതെന്ന് പഴമ. കോലുകൊണ്ട് കൊട്ടുന്ന തുടി പിന്നീട് ഉടുക്കായി മാറിയതാകാം. മലബാറില്‍ തുടികൊട്ടിപ്പാടുന്ന പതിവ് ഉണ്ടത്രെ.
ശ്രീഭഗവതിയെപ്പറ്റി പാടുന്ന ഒരു പാട്ട് ഇങ്ങനെയാരംഭിക്കുന്നു.
"ശിവാ ബോദീ മഹാ ബോദീ
ഗങ്ങാഭഗവതീ ഉറക്കൊഴിയാ"
ബോദിയെന്നാല്‍ ഭാഗവതിയെന്നാണര്‍ത്ഥം.
പാട്ടുപാടുന്നതിന് രാത്രിയുടെ അന്ത്യയാമങ്ങളില്‍ വീട്ടില്‍ എത്തുന്നവരെ വീട്ടില്‍ വിളക്കും നിറപറയും വെച്ച് സ്വീകരിക്കുന്നു. തുയിലുണര്‍ത്തുപാട്ട് തുടങ്ങികഴിഞ്ഞാല്‍ എല്ലാവരും ഉണര്‍ന്നിരിക്കണം. വീടിന്റെ ഒരു കൊല്ലക്കാലത്തെ എല്ലാ ദോഷങ്ങളും തുയിലുണര്‍ത്തലിലൂടെ നീങ്ങുമെന്നാണ് വിശ്വാസം. ദോഷങ്ങള്‍ പാണര്‍ദമ്പതികള്‍ ഏറ്റുവാങ്ങുമ്പോള്‍ അവര്‍ക്ക് അഷ്ടിക്കുള്ള സാധനങ്ങളും പാരിതോഷികങ്ങളും നല്‍കുന്നു. ദോഷപരിഹാരത്തിനുവേണ്ടി പ്രാശ്ചിത്തദാനം സ്വീകരിക്കുന്ന ബ്രാഹ്മണപുരോഹിതന്റെ സ്ഥാനമാണ് ഈ അനുഷ്ഠാനത്തിലൂടെ പാണന്മാര്‍ക്ക് ലഭിക്കുന്നത്. ബ്രാഹ്മണര്‍ക്ക് ദാനം ചെയ്‌താല്‍ ലഭിക്കുന്ന ഫലം പാണര്‍ക്ക് നല്‍കിയാലും ലഭിക്കുമെന്നാണ് വിശ്വാസം. മുജ്ജന്മ പാപദോഷങ്ങള്‍ തീരാനും ശ്രീഭഗവതിപ്രസാദിക്കാനും തുകിലുണര്‍ത്തല്‍ ഉത്തമമാകുന്നു.

കര്‍ക്കിടക മാസത്തില്‍ വരുന്ന ആചാരങ്ങള്‍

ആചാരങ്ങള്‍ ധര്‍മ്മ സംരക്ഷണത്തിനും സംഗ്രഹത്തിനും കാരണമാകുന്നു .കര്‍ക്കിടക മാസത്തില്‍ ശ്രീ ഭഗവതിക്ക് വെക്കല്‍ ,പുരാണപാരായണം , പത്തിലകറി , കനകപ്പൊടിസേവ , ഔഷധ സേവാ , ദശപുഷ്പങ്ങള്‍ ചൂടുക , വാവുബലിയിടുക മുതലായ ഏഴു അനുഷ്ഠാനങ്ങള്‍ പ്രധാനമായി ആചരിച്ചുവരുന്നു .
1 . ശ്രീ ഭഗവതിക്ക് വെക്കല്‍ അല്ലെങ്കില്‍ ശീവോതിക്ക്‌ വെക്കല്‍ . ഭഗവതിക്ക് വെക്കുന്നതിനു മുമ്പ് ചേട്ടാ ഭഗതിയെ പുറത്താക്കണം . അശ്രീകരത്തെ പോലും ഭഗവതിയായി കാണുന്ന സങ്കല്പം .ചേട്ടയെ കളഞ്ഞതിന് ശേഷം ശ്രീ ഭഗവതിയെ വന്ദിക്കുന്നു . കത്തിച്ചു വെച്ച നിലവിളക്കിനു മുമ്പില്‍ അഷ്ടമംഗല്യത്തട്ടം ഒരുക്കി വെച്ചുകൊണ്ട് ദേവിയെ നമസ്കരിക്കുന്നു. നെല്ല് , അരി , സ്വര്‍ണ്ണം , ചന്ദനമുട്ടി , ഗ്രന്ഥം , ശുദ്ധ വസ്ത്രം , വാല്‍ക്കണ്ണാടി മുതലായവ അഷ്ടമംഗല്യ തട്ടില്‍ ഒരുക്കി വെക്കും . കിണ്ടിയില്‍ ശുദ്ധജലം നിറച്ചു വെക്കുകയും ചെയുന്നു .ദേഹ ശുദ്ധി വരുത്തിയതിനു ശേഷം അനര്‍ത്ഥങ്ങള്‍ ഒഴിവാക്കി അഭിവൃദ്ധി നല്‍കുവാന്‍ ഈശ്വരനോട് അവിടെ ഇരുന്നു കൊണ്ട്പ്രാ ര്‍ത്ഥന നടത്തുന്നു . ഇതാകുന്നു ശ്രീ ഭഗവതിക്ക് വെക്കല്‍ .
2 . പുരാണ പാരായണം . രണ്ടു നേരവും ശീവോതിയെ വെച്ച സ്ഥലത്ത് ഇരുന്നുകൊണ്ട് രാമായണവും മഹാഭാരതവും വായിക്കുന്നു .
3 . പത്തിലക്കറി . ചൊവ വെള്ളി മുതലായ കൊടിയാഴ്ച ദിവസങ്ങളില്‍ സ്ഥിരമായിട്ട് പത്തിലകള്‍ കൊണ്ടുള്ള ഉപ്പേരിയും കൂട്ടാനും ഉണ്ടാക്കണം . വര്‍ഷത്തില്‍ 104 കൊടിയാഴ്ച ദിവസങ്ങള്‍ വരുന്നു . ആവശ്യമായ പോഷകാംശങ്ങള്‍ കിട്ടുവാന്‍ ഈ ഭക്ഷണ രീതി നല്ലതുപോലെ ഉപകരിക്കും . വിറ്റാമിന്‍ കുറവുകള്‍ കൊണ്ടുള്ള രോഗങ്ങള്‍ ഇല്ലാതാവുകയും ചെയും . കര്‍ക്കിടകത്തില്‍ മുപ്പെട്ടുചൊവ്വാഴ്ചയില്‍ പച്ചില കറികള്‍ ഉപയോഗിച്ചു തുടങ്ങുന്നു . എന്തൊക്കെയാണ് പത്തിലകള്‍ എന്നും പറയാം . " നെയുര്‍ണി താള് തകര , കുമ്പളം മത്ത വെള്ളരി ആനക്കൊടിത്തുവാ ചീര , ചേന ചേമ്പില പത്തില " .4 . കനകപ്പൊടി സേവാ . തവിടുകൊണ്ട് ചുട്ടെടുക്കുന്ന അപ്പം കഴിക്കുന്നതാകുന്നു കനകപ്പൊടി സേവാ . മുപ്പെട്ടു വെള്ളിയാഴ്ച ഇത് സേവിക്കണം .അപ്പോള്‍ ഒരു വര്‍ഷത്തിനു ആവശ്യമായി വരുന്ന വിറ്റാമിന്‍ ബി ശരീരത്തിന് ലഭിക്കും . കാലത്ത് പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കഴിക്കണം . ഉരുക്കിയ ശര്‍ക്കരയില്‍ ഉണക്കത്തവിട് ചേര്‍ത്തു കുഴക്കണം . ശേഷം കനമുള്ളതാക്കി പരത്തി കനലില്‍ ചുട്ടെടുക്കുക .ഒരു ചെറിയ കഷണം കഴിച്ചാല്‍ മതി .
5 . ഔഷധസേവാ . 16 -നു ഔഷധസേവ ചെയുന്നു . വിഷ പ്രതിരോധ കുത്തി വെപ്പായിട്ട് മരുന്ന് കഴിക്കുന്നു . ഏതെങ്കിലും വിഷാംശം അകത്തു പെട്ടിട്ടുണ്ടെങ്കില്‍ അത് പുറത്തുകളയുവാന്‍ വേണ്ടി മരുന്ന് കഴിക്കുന്നു . ആരും മൊരിയും കളഞ്ഞ കൊടുവേലികിഴങ്ങു ശുദ്ധമാക്കിയതിനു ശേഷം നല്ലത് പോലെ അരച്ചെടുക്കണം . അതില്‍ കുറച്ചു പശുവിന്‍ നെയും ചേര്‍ക്കണം . മോതിര വിരലിന്‍റെ അറ്റം കൊണ്ട് തോണ്ടിയെടുത്ത് കിട്ടുന്ന ഔഷധം കഴിക്കണം . വടക്കോട്ട്‌ തിരിഞ്ഞു ധന്വന്തരി മന്ത്രം ജപിച്ചുകൊണ്ട്‌ സേവിക്കണം . മന്ത്രം - " ഓം. ധം ശ്രീം അച്യുതാനന്ദ ഗോവിന്ദാ , വിഷ്ണോ നാരായണാമൃതാ , രോഗാന്‍ മേ നാശയാശേഷാ ,നാശു ധന്വന്തരെ ഹരയേ നമ : "
6 . ദശ പുഷ്പം ചൂടല്‍ . ശരീര കാന്തി വര്‍ദ്ധിപ്പിക്കുവാന്‍ ദശ പുഷ്പങ്ങള്‍ ചൂടുന്നു . ശീവോതിക്ക്‌ വെച്ച സ്ഥലത്ത് നിന്ന് ചൂടണം . എന്തൊക്കെയാണ് പത്തു പുഷ്പങ്ങള്‍ എന്നും പറയാം . " കറുക കയ്യനും കൃഷ്ണകാന്തി പൂവാംകുറുന്തല്‍ നിലപ്പന , തിരുതാളി മുക്കുറ്റി വള്ളി ഉഴിഞ്ഞ മുയല്‍ചെവിയന്‍ ചെറൂള " .
7 . വാവുബലി . കൊല്ലത്തില്‍ പിതൃക്കള്‍ക്ക് വേണ്ടി മൂന്ന് ബലിയെങ്കിലും ചെയണം . കര്‍ക്കിടകം , കുംഭം , വൃശ്ചികം , തുലാം മുതലായ മാസങ്ങളില്‍ വരുന്ന കറുത്തവാവിന് ബലിയിടണം . ആചാര്യ നിര്‍ദ്ദേശം അനുസരിച്ചോ , നാട്ടാചാരം അനുസരിച്ചോ ബലിചെയണം . ഈ മാസത്തിലെ ബലിയിടല്‍ വളരെ പ്രധാനമയതാകുന്നു .
" വസുധൈവ കുടുംബകം " എന്ന ആദര്‍ശ പുഷ്പം വിടരുവാന്‍ ഇത്തരം ആചാരങ്ങള്‍ വളരെയധികം ശ്രദ്ധയോടു കൂടി അനുഷ്ഠിക്കണം .അപ്പോള്‍ ആചാര ഹീനന്മാരായ ആളുകളുടെ കപട തന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയാം ..
ലോകാ : സമസ്താഃ സുഖിനോ ഭവന്തു.