Showing posts with label temple(ക്ഷേത്രം ). Show all posts
Showing posts with label temple(ക്ഷേത്രം ). Show all posts

Tuesday, 4 August 2015

മധുര മീനാക്ഷി ക്ഷേത്രം

തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പാർവതീദേവിയെ മീനാക്ഷിയായും, തൻപതി ഭഗവാൻ ശിവശങ്കരനെ സുന്ദരേശനായും ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33000-ഓളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കുന്നു. പ്രാചീന തമിഴ് കൃതികളിൽ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15000 ത്തോളം സന്ദർശകരാണ് ഇവിടെ എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25000-ത്തോളം എത്താറുണ്ട്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ആറുകോടി രൂപയാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന "തിരു കല്യാണമാണ്" ഇവിടുത്തെ പ്രധാന ഉത്സവം.

ഐതിഹ്യം:~

ഹൈന്ദവ ദേവതയായ പാർവതിയുടെ ഒരു അവതാരമാണ് മീനാക്ഷി. മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം.

പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം.യാഗാഗ്നിയിൽ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി. പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വെച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു.ശിവന്റെ കൂടെ മധുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ(ശിവൻ) വിവാഹവും രാജാവ് നിശ്ചയിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മതുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മധുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം (ചിത്തിരൈ തിരുവിഴാ) എന്ന പേരിൽ ആഘോഷിക്കുന്നു.

ക്ഷേത്രം

വാസ്തുവിദ്യ:~

മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയങ്ങളിൽ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

ഗോപുരങ്ങൾ:~

ക്ഷേത്രസമുച്ചയത്തിലാകെ 10 ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170 അടി (52 മീറ്റർ).1559ലാണ് ഈ ഗോപുരം പണീതീർത്തത്. ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. 1216 - 1238 കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്. ഓരോ ഗോപുരവും വിവിധ നിലകളുള്ള നിർമ്മിതികളാണ്. കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾകൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു.

ആയിരം കാൽ മണ്ഡപം:~

അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ (തൂണുകൾ) ഇവിടെയുള്ളൂ. 1569-ലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്.

മധുര മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍!

മൂവായിരത്തഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കാറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്ര സമുച്ഛയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും.

മീനാക്ഷി ക്ഷേത്രത്തിൽ ഒരു രാത്രി

എല്ലാദിവസവും രാത്രിയിൽ മീനാക്ഷി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾ അവിശ്വാസികൾക്ക് പോലും കൗതുകം പകരുന്നതാണ്. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.

ഏപ്രിലിൽ ചില കാഴ്ചകൾ

മീനാക്ഷി ക്ഷേത്രത്തിലെ പ്രശസ്തമായ ചിത്തിര ഉത്സവം അരങ്ങേറുന്നത് ഏല്ലാവർഷവും ഏപ്രിൽ മാസത്തിലാണ്. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹമാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്.

ഐതീഹ്യത്തിൽ നിന്ന് ചരിത്രത്തിലേക്ക്

ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു സ്വയംഭൂ വിഗ്രഹം കണ്ടെടുത്തത് ദേവേന്ദ്രനാണെന്നാണ് ഐതീഹ്യം. ഇതേത്തുടർന്ന് ശിവ ഭക്തനായ ഇന്ദ്രൻ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. ഈ ക്ഷേത്രത്തിന് വർഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. അതാണ് ഈ വിശ്വാസം ബലപ്പെടാൻ കാരണം. ഏ ഡി 1310ൽ ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ പതിനാലാം നൂറ്റാണ്ടോടെ ഈ ക്ഷേത്രം പുതുക്കി പണിതു. തിരുമല നായ്ക്കർ എന്ന രാജാവാണ് ക്ഷേത്രം പുതുക്കി പണിതത്.

Monday, 3 August 2015

മുരുകന് പ്രിയപ്പെട്ട തിരുച്ചെന്തൂർ


തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള തിരുച്ചെന്തൂർ ദക്ഷിണേന്ത്യയിലെ പ്രശസ്തമായ മുരുക ക്ഷേത്രമാണ്. വിജയത്തിന്റെ പുണ്യനഗരമെന്നാണ് തിരിച്ചെന്തൂർ എന്ന പദത്തിന്റെ അർത്ഥം. ക്ഷേത്രത്തിന്റെ കിഴക്കേ അരികിൽ ഇന്ത്യൻ മഹാസമുദ്രമാണ്. ക്ഷേത്രത്തിനു മുന്നിലുള്ള കടലിൽ ഒമ്പതു പുണ്യതീർത്ഥങ്ങൾ സംഗമിക്കുന്നുവെന്ന് വിശ്വാസം.
---------- ഐതിഹ്യം, മാഹാത്മ്യം ----------
ശിവകോപത്തെ തുടർന്ന് ഒരു തല നഷ്ടപ്പെട്ട ബ്രഹ്മാവ് പുണ്യതീർത്ഥമായ തിരുച്ചെന്തൂർ കടലിൽ കുളിച്ച് ആ തല വീണ്ടെടുത്തതായി വിശ്വസിക്കപ്പെടുന്നു. കിഴക്കുഭാഗം കടലായതിനാൽ പടിഞ്ഞാറുഭാഗത്താണ് പ്രധാന ഗോപുരം. ഒമ്പതു നിലയുള്ള ഗോപുരത്തിന് 137 അടി ഉയരമുണ്ട്.
അസുരനായ ശൂരപത്മനും സഹോദരന്മാരായ സിംഹമുഖനും താരകനും മൂന്നു ലോകങ്ങളും കീഴടക്കാനൊരുങ്ങി. ദേവന്മാർ കൈലാസത്തിലെത്തി ശിവനെ സങ്കടമുണർത്തിച്ചു. ശിവന്റെ കണ്ണിൽ നിന്ന് ആറ് അഗ്നിഗോളങ്ങൾ പുറത്തേക്കുവന്നു. അഗ്നിക്ക് അത് താങ്ങാൻ കരുത്തില്ലാതെ ഗംഗയെ ഏല്പിച്ചു. ഗംഗ അതു ഹിമാലയത്തിലെ ശരവണ പൊയ്കയിൽ നിക്ഷേപിച്ചു. അതെല്ലാംആറു കുട്ടികളായി മാറി.
തനിക്കുതാലോലിക്കാൻ ഒരു കുട്ടി കൂടി വേണമെന്ന് ഈ സമയത്താണ് പാർവതി ആഗ്രഹം പ്രകടിപ്പിച്ചത്. ശിവൻ ശരവണ പൊയ്കയിലെ ആറു കുട്ടികളെ കാട്ടിക്കൊടുത്തു. പാർവ്വതി എല്ലാവരെയും വാരിയെടുത്തു. ഉടൽ ഒന്നായെങ്കിലും തലകൾ യോജിച്ചില്ല. അതാണ് ഷണ്മുഖൻ. ശിവൻ ഷണ്മുഖനെ ദേവസേനയുടെ അധിപനാക്കി.
തിരുച്ചെന്തൂരിന് തെക്കുഭാഗത്ത് കടലിനടിയിലായിരുന്നു ശൂരപത്‌മന്റെ വാസസ്ഥാനമായ മഹേന്ദ്രഗിരി. ശൂരപത്മനെ നിഗ്രഹിക്കാൻ തിരുച്ചെന്തൂരിലെത്തിയ ഷണ്മുഖൻ ആരാധിക്കാൻ ആദ്യം ഒരു ലിംഗം പ്രതിഷ്ഠിച്ചു. കടലിലും ആകാശത്തിലും രാവും പകലുമായി അഞ്ചുദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ശൂരപത്മനൊഴികെയുള്ളവരെ നിഗ്രഹിച്ചു.
ആറാം ദിവസമാണ് ശൂരപത്മൻ ഷണ്മുഖന്റെ വിശ്വരൂപം കണ്ട് കീഴടങ്ങി. യുദ്ധം ജയിച്ച് തിരിച്ചെത്തിയ ഷണ്മുഖൻ ദേവശില്പിയായ മയനെ വിളിച്ച് നേരത്തേ പ്രതിഷ്ഠിച്ച ലിംഗത്തിൽ ക്ഷേത്രം പണിയാൻ നിർദ്ദേശിച്ചു. ശിവനെ പൂജിച്ച് ഷണ്മുഖനും തിരുച്ചെന്തൂരിൽ നിലകൊള്ളുന്നുവെന്ന് ഭക്തർ വിശ്വസിക്കുന്നു.
---------- എത്തിച്ചേരാൻ ---------
തൂത്തുക്കുടിയിൽനിന്ന് 38 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുച്ചെന്തൂരായി. തിരുനെൽവേലിയിൽ നിന്ന് 50 കിലോമീറ്റർ. റോഡുമാർഗവും ട്രെയിൻ മാർഗവും തിരുച്ചെന്തൂരിലെത്താം.

തൃശൂര്‍ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം


തൃശൂര്‍ ജില്ലയിലെ തൃശൂര്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠാമൂര്‍ത്തി ഉണ്ണിക്കൃഷ്ണനായും പാര്‍ഥസാരഥിയായും സങ്കല്പിക്കപ്പെടുന്നു.
ശ്രീകൃഷ്ണക്ഷേത്രമാണെങ്കിലും ഇവിടത്തെ ഭഗവതി പ്രതിഷ്ഠയ്ക്കും വളരെയധികം പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുണ്ട്.
പണ്ട് ഇതൊരു ഭദ്രകാളിക്ഷേത്രമായിരുന്നുവെന്നും ശ്രീകൃഷ്ണ പ്രതിഷ്ഠ പിന്നീടുണ്ടായതാണെന്നും വിശ്വാസമുണ്ട്.
ഗുരുവായൂരിനടുത്ത് എടക്കളത്തൂരിലായിരുന്നു ഈ ശ്രീകൃഷ്ണ പ്രതിഷ്ഠ എന്നും, അവിടെ കലാപമുണ്ടായപ്പോള്‍ ദേശക്കാര്‍ ക്ഷേത്രത്തിലെ വിഗ്രഹം തൃശൂരിലെ കാച്ചാനപ്പള്ളിമനയില്‍ ഏല്പിക്കുകയും അത് മനപ്പറമ്പില്‍ തന്നെ പ്രതിഷ്ഠിക്കപ്പെടുകയുമാണുണ്ടായത് എന്നും കരുതപ്പെടുന്നു.
കാച്ചാനപ്പള്ളിമനയിലെ ഒരു തൂണില്‍ ആവാഹിച്ച് പൂജിച്ചിരുന്നതാണ് ഇവിടത്തെ ഉപദേവതയായ ഭഗവതി എന്നും ഐതിഹ്യമുണ്ട്. ഭഗവതിക്കു പുറമേ ഗണപതി, ഘണ്ടാകര്‍ണന്‍, യക്ഷി, അയ്യപ്പന്‍, രക്തേശ്വരി എന്നീ ഉപദേവതകളുമുണ്ട്.
ഗുരുവായൂര്‍ ഉത്സവദിവസമാണ് ഇവിടെയും കൊടിയേറ്റം.
ഉപ ദേവതയായ ഭഗവതിക്ക് ഉത്സവം കൊടിയേറുന്നത് മേടത്തിലെ മകയിരം നാളിലാണ്. പൂങ്കുന്നം, വടക്കെ അങ്ങാടി, ചിറയ്ക്കല്‍ എന്നീ മൂന്നു ദേശങ്ങളിലെ നായന്മാര്‍ക്കാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥത. അവര്‍ നിര്‍ദേശിക്കുന്ന കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.
തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ തിരുവമ്പാടി ക്ഷേത്രം പ്രധാന പങ്കു വഹിക്കുന്നു. പൂരത്തിന് ഇവിടെ നിന്ന് ഭഗവതിയുടെ തിടമ്പും ശ്രീകൃഷ്ണന്റെ കോലവും എഴുന്നള്ളിക്കുന്നു.
തിരുവമ്പാടി പൂരത്തിനവതരിപ്പിക്കുന്ന പഞ്ചവാദ്യം അതിപ്രശസ്തമാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും ഇതേ പേരില്‍ ഒരു ക്ഷേത്രമുണ്ട്. ഇവിടെ ശ്രീകൃഷ്ണനും ശിവനും ആണ് പ്രധാന മൂര്‍ത്തികള്‍.

ശാരദാദേവിവാഴുന്ന ശൃംഗേരി ക്ഷേത്രം


കർണാടകത്തിലെ ചിക്‌മംഗ്ളൂർ ജില്ലയിലുള്ള ശൃംഗേരി ശാരദാക്ഷേത്രത്തിലെ ചന്ദന വിഗ്രഹം ശങ്കരാചാര്യർ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തിൽ ശാരദയുടെ സ്വർണ വിഗ്രഹമാണ്.
പീഠത്തിലിരിക്കുന്ന ദേവിക്ക് നാലു കൈകളുണ്ട്. താഴെയുള്ള ഒരു കൈയിൽ ഗ്രന്ഥം, രണ്ടാമത്തെ കൈ ചിന്മുദ്ര‌യുള്ള വരദഹസ്തം, മുകളിലെ ഒരു കൈയിൽ മണിമാല. രണ്ടാമത്തെ കൈയിൽ ഗദയുടെ മൊട്ടുപോലെ തോന്നിക്കുന്ന രൂപം. കിഴക്കോട്ടാണ് ദർശനം. മുൻവശത്തു രണ്ടു മണ്ഡപങ്ങൾ കാണാം.
നവരംഗം എന്നറിയപ്പെടുന്ന മഹാമണ്ഡപത്തിന്റെ ഇരുവശത്തുമുള്ള തൂണുകളിൽ മഹിഷാസുരമർദ്ദിനിയും രാജരാജേശ്വരിയുമാണ്. നവരാത്രിയാണ് പ്രധാന ഉത്സവം.
--------- ഐതിഹ്യം, മാഹാത്മ്യം ---------
സർവ്വജ്ഞ പീഠം കയറിയ ശങ്കരാചാര്യർ മൂന്നു മഠങ്ങൾ സ്ഥാപിച്ചശേഷംനാലാമത്തേത് എവിടെ സ്ഥാപിക്കണമെന്ന് ആലോചിച്ചുവരികയാണ്. തന്റെ കൈവശമുള്ള കാശ്മീരിലെ ശാരദാദേവിയുടെ ചന്ദനം കൊണ്ടുള്ള വിഗ്രഹം മഠം സ്ഥാപിക്കുന്ന സ്ഥലത്ത് പ്രതിഷ്ഠിക്കണമെന്ന് മനസിലുറപ്പിച്ചിരുന്നു.
തീർത്ഥാടനത്തിനിടയിൽ ശൃംഗേരിയിലെത്തിയ ആചാര്യൻ തുംഗാനദിയുടെ വലതുകരയിൽ ധ്യാനിച്ചിരുന്നു. ആ സമയത്ത് ഇടതു കരയിൽ ഒരു മൂർഖൻ പാമ്പ് പത്തി വിടർത്തി ഒരു തവളയ്ക്ക് കുട ചൂടിയ പോലെ രക്ഷയേകുന്ന കാഴ്ച കണ്ടു. പ്രകൃതി ശത്രുക്കളായി സൃഷ്ടിച്ചവർ പോലും പരസ്പര സ്നേഹത്തോടെ കഴിയുന്ന ഈ സ്ഥലത്താണ് കരുണാമയിയായ ശാരദയുടെ വിഗ്രഹം പ്രതിഷ്ഠിക്കേണ്ടതെന്ന് ശങ്കരൻ തീരുമാനിച്ചു.
ഗ്രാമത്തിന്റെ നാലുദിശകളിലുള്ള മലകളിൽ സംരക്ഷണ ദൈവങ്ങളെ ആദ്യം പ്രതിഷ്ഠിച്ചതായി വിശ്വാസം. കിഴക്കേ മലയിൽ കാലഭൈരവൻ, വടക്ക് കലികാദേവി. പടിഞ്ഞാറ് ഹനുമാൻ. തെക്ക് ഭാഗത്ത് ദുർഗ. ഇതെല്ലാം പ്രതിഷ്ഠിച്ച ശേഷമാണ് തുംഗയുടെ ഇടതു കരയിലുള്ള പാറയിൽ ശ്രീചക്രം വരച്ച് ശാരദയുടെ ചന്ദനവിഗ്രഹം പ്രതിഷ്ഠിച്ചത്.
---------- എത്തിച്ചേരാൻ -------
മംഗലാപുരം വരെ വിമാനത്തിലോ ട്രെയിനിലോ ബസിലോ എത്തിച്ചേരാം. മംഗലാപുരം ശൃംഗേരി 110 കിലോമീറ്റർ. ഉടുപ്പിയിൽ നിന്നും കൊല്ലൂരിൽ നിന്നും ബസ് സർവീസുണ്ട്.

Friday, 24 July 2015

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം




കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി. ഐതീഹ്യങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും വിശിഷ്ട ദേവ സ്ഥാനം എന്ന നിലയിലാണ്‌ തിരുനെല്ലി പ്രതിപാദിക്കുന്നത്‌. ശ്രീ തിരുനെല്ലി ക്ഷേത്രത്തെ ഓർത്താൽ തന്നെ ഐശ്വര്യവും മോക്ഷവും ലഭിക്കുമത്രേ. ബ്രഹ്മഗിരി മല നിരകളിലെ കമ്പമല, കരിമല, വരഡിഗമല എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രത്തിന് അമലക (നെല്ലിക്ക) ക്ഷേത്രം, സഹ്യമലക്ഷേത്രം, സിദ്ധക്ഷേത്രം എന്നീ പേരുകളുമുണ്ട്. മുപ്പത് കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. ദക്ഷിണകാശിയെന്നും ദക്ഷിണഗയയെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം പിതൃ ബലി തർപ്പണങ്ങൾക്ക് പ്രസിദ്ധമാണ് . മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ അമാവാസി (കറുത്തവാവ്) ദിവസങ്ങളിലാണ് ബലി ഇടുക
ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ചതുർ ഭുജങ്ങളുടെ രൂപത്തിൽ ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിനു സമർപ്പിച്ചുവെന്നും അതു കൊണ്ടാണ് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നുതെന്നുമാണ് ഒരു ഐതിഹ്യം. കുടക്‌ മലകളോട്‌ ചേർന്നു കിടക്കുന്ന ബ്രഹ്മഗിരിയുടെ ചേതോഹരയിൽ വന്നിറങ്ങിയ ബ്രഹ്മദേവൻ, അവിടുത്തെ സുമോഹന പ്രകൃതിയിൽ വിഷ്ണു സാന്നിധ്യം തിരിച്ചറിഞ്ഞു. മലയിൽ നിന്ന് കണ്ടെത്തിയ വിഷ്ണുശില ബ്രഹ്മഗിരിയുടെ താഴ്‌വാരപ്രദേശമായ തിരുനെല്ലിയിൽ പ്രതിഷ്ഠിച്ചു. ബ്രഹ്മാവിനു മുന്നിൽ പ്രത്യക്ഷപ്പെട്ട വിഷ്ണു ഭഗവാൻ ക്ഷേത്ര മാഹാത്മ്യം വിശദീകരിക്കുകയുംചെയ്തു. ഇവിടെ വിഷ്ണു ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഒരു നെല്ലി മരത്തിലാണെന്നും അതിനാൽ ഈ സ്ഥലത്തിന് തിരുനെല്ലി എന്ന പേര് സിദ്ധിച്ചുവെന്നും ആ ഐതീഹ്യം തുടരുന്നു. മൈസൂരിലേക്ക് തീർത്ഥയാത്ര പോയ മൂന്നു മലയാളി നമ്പൂതിരിമാർക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോൾ ഇവർ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നിൽക്കുന്നത് കണ്ടു. അതിനടുത്തായി നിറയെ നെല്ലിക്കയുള്ള ഒരു നെല്ലിമരം കണ്ട് അവർ തങ്ങളുടെ പൈദാഹങ്ങൾ അകറ്റി. ഇവർ ഈ സ്ഥലത്തിന് തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളിൽ നെല്ലിമരങ്ങൾ ധാരാ‍ളമായി കാണാം. തൃശ്ശിലേരി, കാളിന്ദീ, പാപനാശിനി, പക്ഷിപാതാളം (ഋഷിപാതാളം) എന്നീ നാല്‌ ദിവ്യസ്ഥാനങ്ങൾ തിരുനെല്ലി ക്ഷേത്രത്തോട്‌ ചേർന്ന്‌ കിടക്കുന്നു. തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കു വച്ച്, പാപനാശിനിയിൽ ബലി തർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ വിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്. തൃശ്ശിലേരിയിൽ ശ്രീപരമേശ്വരൻ ഗൃഹാവാസിയായി താമസിച്ചുവെന്ന്‌ പറയുന്നു. ഇത്‌ സ്വയംഭൂശിവനാണെന്ന്‌ കരുതുന്നു. തൃശ്ശിലേരിക്ക്‌ തിരുമത്തൂർ എന്നൊരു പേരും കൂടിയുണ്ട്‌. തിരുനെല്ലിയുടെ ശിരസ്സാണ്‌ തൃശ്ശിലേരി എന്നാണ്‌ ജ്ഞാനികളുടെ മതം. ശൈവ വൈഷ്ണവ സംഘർഷകാലത്ത്‌ തിരുനെല്ലിയിൽ നിന്ന്‌ മാറ്റി പ്രതിഷ്ഠിക്കപ്പെട്ട ശിവചൈതന്യമാണ്‌ തൃശ്ശിലേരി ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നത്‌ എന്ന് ചരിത്ര രേഖകൾ.
ബ്രഹ്മഗിരിയുടെ നിഗൂഢതകളിൽ എവിടെയോ നിന്നു ഉറവെടുക്കുന്ന ഋണമോചിനി, ഗുണിക, ശതബിന്ദു, സഹസ്രബിന്ദു, വരാഹ (ശംഖ, ചക്ര, ചെറു ഗദ, പത്മ, പാദ) എന്നീ തീർത്ഥങ്ങൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തു പഞ്ചതീർത്ഥ കുളത്തിൽ ഒന്നിച്ചു ചേർന്ന് പാപ നാശിനി അരുവിയായി ഒഴുകുന്നു. പഞ്ചതീർത്ഥകുളത്തിന്റെ നടുവിൽ നെല്ലിക്കകൾ വീണ് കല്ലായി തീർന്നുവെന്ന് വിശ്വസിക്കുന്ന പിണ്ഡപാറയിൽ ശംഖ്, ചക്രം, ഗദ, പത്മം എന്നിവയും മഹാവിഷ്ണുവിന്റേതെന്ന സങ്കല്പത്തിൽ പാദമുദ്രയും കൊത്തിയിരിക്കുന്നു. ഇവിടെ നിന്നുകൊണ്ട് മഹാവിഷ്ണു ബ്രഹ്മാവിനു ദിവ്യോപദേശം നൽകി എന്നൊരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ഔഷധ ഗുണ പ്രധാനങ്ങളായ അപൂർവ്വ സസ്യങ്ങളുടെ കേദാരം കൂടിയാണ്‌ ബ്രഹ്മഗിരി. എല്ലാ രോഗങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യ ശക്തി പാപനാശിനിക്ക് ഉണ്ടെന്നും പാപനാശിനിയിലെ പുണ്യ ജലത്തിൽ ഒന്നു മുങ്ങിയാൽ ജന്മാന്തര പാപങ്ങളിൽ നിന്നും മോചിതരാവുമെന്നും വിശ്വസിക്കപ്പെടുന്നു. മരിച്ചവർക്കായി തിരു നെല്ലിയിൽ പിണ്ഡം വയ്ക്കുന്നത് പിണ്ഡപാറയിലാണ്. പിണ്ഡപാറയിൽ ശ്രാദ്ധമൂട്ടിയാൽ ഗയാ ശ്രാദ്ധത്തിന്റെ ഫലം ലഭിക്കുമെന്നും തീർഥ ജലത്തിൽ പതിച്ച് പിണ്ഡം ഒഴുകിപ്പോകുമ്പോൾ പരേതാത്മാവിനു മുക്തി ലഭിക്കും എന്നുമാണ് വിശ്വാസം. പരശുരാമനും ശ്രീരാമനും പാപനാശിനിയിൽ പിതൃകർമ്മം അനുഷ്ഠിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം.

Wednesday, 22 July 2015

കൊല്ലൂര്‍ മൂകാംബിക


ദക്ഷിണകര്‍ണ്ണാടകയിലെ കൊല്ലൂരില്‍, കുടജാദ്രിയുടെ മടിയില്‍, സൗപര്‍ണ്ണികയുടെ തീരത്ത്, വിദ്യാംബികയായ മൂകാംബിക കുടികൊള്ളുന്നു. ത്രിമൂര്‍ത്തികളും പരാശക്തിയും ഒറ്റ ചൈതന്യമാണിവിടെ.
ശംഖചക്രാഭയാഭീഷ്ട ഹസ്തയായി പത്മാസനസ്ഥയായ ദേവീ വിഗ്രഹത്തിനു മുന്നില്‍ ഒരു സ്വയംഭൂലിംഗമുണ്ട് . ഇത് ഒരു സുവര്‍ണ്ണരേഖയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സുവര്‍ണ്ണരേഖയുടെ വലതുവശം ശിവവിഷ്ണുബ്രഹ്മ ചൈതന്യവും ഇടതുവശം പരാശക്തിയുടെ ത്രിവിധ ഗുണങ്ങളും അന്തര്‍ലീനമാവുന്നു. മഹാദുര്‍ഗ്ഗയും, മഹാലക്ഷ്മിയും, മഹാവാണിയുമാണ് മൂകാംബിക. ഭക്തന് ഇഷ്ടഭാവത്തില്‍ ഉപാസിക്കാം. മൂകസ്വരൂപിയായ കംഹാസുരനെ നിഗ്രഹിച്ചതിനാലാണത്രെ ദേവിക്ക് മൂകാംബിക എന്ന പേരു കൈവന്നത്. മൂകന്‍മാര്‍ക്കുപാലും ഐശ്വര്യവിദ്യാസമുദ്രം പ്രദായനം ചെയ്യുന്ന അംബ. വീരഭദ്രസ്വാമി, സുബ്രഹ്മണ്യ സ്വാമി, പ്രാണലിംഗേശ്വരന്‍, പഞ്ചമുഖഗണപതി, ചന്ദ്രമൗലീശ്വരന്‍, ആഞ്ജനേയന്‍, വിഷ്ണു എന്നീ ഉപദേവകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപം സര്‍വവിദ്യകളുടെയും ശുഭാരംഭമണ്ഡപമത്രെ. ശങ്കരാചാര്യരാണ് ഇവിടുത്തെ പൂജാവിധികള്‍ ചിട്ടപ്പെടുത്തിയത്.
മൂകാംബികയുടെ മൂലസ്ഥാനം അംബാവനം പൂണരുന്ന. കുടജാദ്രിയിലാണ്. അവിടെ രണ്ടു ചെറിയ ക്ഷേത്രങ്ങളുണ്ട്്. കുറച്ചുയരത്തില്‍ ശ്രീശങ്കരന്‍ തപസ്സനുഷ്ഠിച്ച സര്‍വജ്ഞപീഠം. സര്‍ജ്ഞപീഠത്തിനു പിറകില്‍ ശിലാഗുഹയായ ചിത്രമൂല. ശങ്കരാചാര്യര്‍ ദേവിയെ പ്രത്യക്ഷമാക്കിയ സഥലം. ഇവിടെ നിന്നാണ് സൗപര്‍ണ്ണിക ഉത്ഭവിക്കുന്നത്.
മീനമാസത്തിലാണ് ഉത്സവമെങ്കിലും നവരാത്രിയാണ് മൂകാംബികയില്‍ വിശേഷം. ജന്‍മാഷ്ടമിയും പ്രധാനമാണ്.

കല്ലേകുളങ്ങര ഹേമാംബിക


പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഹേമാംബിക കുടികൊള്ളുന്നത്. കരിങ്കല്ലിലുള്ള രണ്ടു ശിലാ ഹസ്തങ്ങളാണ് പ്രതിഷ്ഠ. ഏമൂര്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഐശ്വര്യദായിനിയാണ് ഹേമാംബിക. പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗ്ഗയായും ദേവിയെ ആരാധിക്കുന്നു.
കൈപ്പത്തിവിഗ്രഹത്തനു പിന്നിലുള്ള ഐതിഹ്യം രസകരമാണ്. പാലക്കാട്ടെ കരിമലയിലായിരുന്നത്രെ ദേവിയെ പരശുരാമന്‍ കുടിയിരുത്തിയത്. ശങ്കരാചാര്യര്‍ പിന്നീട് ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ ഒരംഗം സ്ഥിരമായി ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നുലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. ദേവി സ്വപ്നത്തില്‍ വന്ന് മനയോടു ചേര്‍ന്നുള്ള ചിറയില്‍ തന്റെ സാന്നിധ്യമുണ്ടാവുമെന്ന് അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിനം രാവിലെ ചിറയുടെ നടുവില്‍ നിന്നും രണ്ടു ദിവ്യഹസ്തങ്ങള്‍ ഉയര്‍ന്നു വരുന്നത് അദ്ദേഹം കണ്ടു. ആനന്ദാതിരേകത്താല്‍ ചിറയിലേക്ക് ചാടിയ കുറൂര്‍ നമ്പൂതിരിപ്പാട് ആ കൈകളില്‍ പിടിച്ചു വലിച്ചു. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി. സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദേശപ്രകാരം ചിറ ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മ്മച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല് കുളം കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു. 1982 ല്‍ ഇന്ദിരാഗാന്ധി ഇവിടെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ ചിഹ്നം കൈപ്പത്തിയായി സ്വീകരിച്ചതെന്ന്് പറയുന്നു.
നവരാത്രി, ഓണം, മണ്ഡലം, ശിവരാത്രി, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കടകത്തിലെ ഈശ്വരസേവ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

കന്യാകുമാരി ബാലാംബിക


കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന്‍ എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്.
കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.
കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയും മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മണ്‍തരികള്‍ ധാന്യമണികള്‍ പോലെയാണിന്നും.
കന്യാകുമാരിയുടെ അനുഗ്രഹം വാങ്ങിയാണ് വിവേകാനന്ദന്‍ കടലിനപ്പുറത്തുള്ള പാറമേല്‍ ധ്യാനലീനനായിരുന്ന്് ഇന്ത്യയെക്കുറിച്ച് മനനം ചെയ്തത്. —

Saturday, 24 January 2015

പത്മനാഭസ്വാമി ക്ഷേത്രം:-

തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ.ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതിൽ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നൽകുന്നു. ഈ കോട്ട മതിലിന്റെ കിഴക്കേ കോട്ട വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. പത്മനാഭസ്വാമിയുടെ ഭക്തനായ തിരുവിതാംകൂർ മാർത്താണ്ഡ വർമ്മ മഹാരാജാവ് രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടിരുന്നു.
ദണ്ഡകാരണ്യത്തിൽ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന പുണ്ഡരീകൻ, വ്യാസൻ, ശുകൻ, ശുനകൻ, വസിഷ്ഠൻ, വാത്മീകി തുടങ്ങിയ ഋഷിമാരെ നാരദൻ സന്ദർശിച്ചപ്പോൾ ലോകത്തിലെ ഏറ്റവും പുണ്യ-പുരാതനമായ ക്ഷേത്രം ഏതെന്ന്‌ ആരാഞ്ഞിരുന്നത്രേ. അതിന്‌ നാരദൻ നൽകിയ മറുപടി “അനന്തപുരിയിൽ ശയനം കൊള്ളുന്ന ശ്രീപദ്മനാഭന്റെ ക്ഷേത്രം” ആണെന്നായിരുന്നത്രേ. അനന്തപുരിക്ക്‌ ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിനു പിന്നിലെ ഐതിഹ്യം ഇതാവാം.
ദിവാകരമുനിയും അനന്തദർശനവും:
മതിലകം രേഖകളിൽ പരാമർശിക്കുന്ന ഐതിഹ്യപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്‌..ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട്‌ മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിക്ക്‌ നിത്യവും ലഭ്യമാകണമെന്ന്‌ മുനി പ്രാർഥിച്ചു. തന്നോട്‌ അപ്രിയമായി പ്രവർത്തിക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന്‌ ബാലൻ സമ്മതിക്കുകയും ചെയ്തു.
പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത്‌ അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതു കൈ കൊണ്ട്‌ ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട്‌ അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻ കാട് തേടി യാത്ര തുടർന്നു
വില്വമംഗലവും അനന്തൻകാടും:
ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്.ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു.അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾ ഭഗവാൻ അത് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
പുലയസ്ത്രീയുടെ സഹായം:
ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമ വേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്നതു കാണാൻ ഇടവന്നു. ഞാൻ നിന്നെ അനന്തൻ കാട്ടിലേക്ക്‌ വലിച്ചെറിയും എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക്‌ പോകുകയും, അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭ സ്വാമി പള്ളി കൊള്ളുന്ന ദൃശ്യം ദർശനം ലഭിക്കുകയും ചെയ്തു.മുനി പിന്നീട്‌ ഭഗവദ്‌ ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ്‌ തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഭഗവത്‌ സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലുപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാനാകണമെന്ന്‌ പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയത് എന്നു ഐതിഹ്യം. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു.
പ്രതിഷ്ഠാ മൂർത്തികൾ:
ശ്രീപത്മനാഭസ്വാമി
ശ്രീ നരസിംഹസ്വാമി
തിരുവമ്പാടി കൃഷ്ണൻ
ഉപദേവ പ്രതിഷ്ഠകൾ:
ഗണപതി
അയ്യപ്പൻ
നാഗങ്ങൽ
ക്ഷേത്രപാലൻ
ഹനുമാൻ
ക്ഷേത്ര നിർമ്മിതി:
108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. നാലുവശവും തമിഴ് ശൈലിയിൽ തീർത്ത അലങ്കാര ഗോപുരങ്ങളുണ്ട്. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച 20 അടി പൊക്കമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.
ഗോപുരങ്ങൾ:
തഞ്ചാവൂർ മാതൃകയിൽ നൂറ്‌ അടിയോളം ഉയരത്തിൽ ഏഴു നിലകളിലായി ഏഴ്‌ കിളിവാതിലുകളോടും മുകളിൽ ഏഴ്‌ സ്വർണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ്‌ ക്ഷേത്ര ഗോപുരം നിർമിച്ചിട്ടുള്ളത്‌.
പത്മനാഭ പ്രതിഷ്ഠ:
അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന പതിനെട്ടടി നീളമുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ.ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ.വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്‌, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട്‌ ദേവന്റെ മൂർധാവ്‌ മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്‌. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്‌. അനന്തന്റെ മുകളിൽ പള്ളികൊള്ളുന്ന തേവർ കുടികൊള്ളുന്ന ദേശത്തിനു തിരുവനന്തപുരം എന്നപേരും ലഭിച്ചു
കടുശർക്കര യോഗപ്രതിഷ്ഠ:
പന്തീരായിരത്തി എട്ട്‌ സാളഗ്രാമങ്ങൾ അടുക്കി വച്ചുള്ള രൂപകൽപനയ്ക്കു ശേഷം ഏതാണ്ട്‌ അഷ്ടബന്ധത്തിന്‌ തുല്യമായ കടുംശർക്കര കൂട്ടുണ്ടാക്കി അത്‌ പുറമെ പൂശി ശരീര തുല്യമാക്കി തീർത്ത്‌ അതിൽ ജീവാവാഹനം ചെയ്തതാണ്‌ ഇവിടുത്തെ “കടുംശർക്കര യോഗ വിഗ്രഹം”. കടുശർക്കരയോഗമായതിനാൽ മൂലബിംബത്തിൽ അഭിഷേകം പതിവില്ല. ഇതിനുപകരം അലങ്കാര വിഗ്രഹത്തിലാണ് നിത്യേന അഭിഷേകം നടത്താറുള്ളത്.
ഏതാണ്ട്‌ മൂന്ന്‌ ഹെക്ടറോളം വരുന്ന അതിവിശാലമായ മതിലകത്താണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

Friday, 16 January 2015

501 ശിവലിംഗങ്ങള്‍

 
കാശിയിലെ വിശ്വനാഥ ക്ഷേത്രത്തില്‍ 501 ശിവലിംഗങ്ങള്‍ ഉണ്ട്. ഇവയില്‍ സ്വയംഭൂലിംഗങ്ങള്‍ 11, ദേവന്മാര്‍ പ്രതിഷ്ഠിച്ചവ 46, മഹര്‍ഷിമാര്‍ പ്രതിഷ്ഠിച്ചത് 47, ഭക്തരാല്‍ പ്രതിഷ്ഠിക്കപ്പെട്ടവ 285, ഭൂതഗണങ്ങള്‍ ആരാധിച്ചവ 40, പലക്ഷേത്രങ്ങളുടെ പ്രതിനിധിയായി പ്രതിഷ്ഠിക്കപ്പെട്ടവ 65 എന്നിങ്ങനെയാണ് കണക്ക്.