Showing posts with label pandavar. Show all posts
Showing posts with label pandavar. Show all posts

Monday, 20 July 2015

ശ്രീ പരീക്ഷിത്ത്‌ രാജാവ്


പാണ്ഡവരില്‍ അര്‍ജുനന്റെ പുത്രനായ അഭിമന്യുവിന്റെ പുത്രനാണ്
പരീക്ഷിത്ത്‌.. കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവര്‍ കൌരവന്മാരെ മുഴുവനും കാലപുരിക്കയച്ചു . ദ്രോണപുത്രനായ അശ്വതഥാമാവ് പ്രതികാരമായി പാണ്ഡവരുടെ മക്കളെയും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കൊന്നൊടുക്കി അഭിമന്യുവിന്റെ ഭാര്യ ഉത്തര ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിലിരിക്കുന്ന ആ കുഞ്ഞിനു നേരെയും ബ്രഹ്മാസ്ത്രം പാഞ്ഞു വന്നു. ശ്രീകൃഷ്ണഭഗവാനെ വിളിച്ച് ഉത്തര ഹൃദയം പൊട്ടിക്കരഞ്ഞു. വിഷ്ണുഭഗവാന്‍ സ്വന്തം തേജസ്സു കൊണ്ട് അവളുടെ ഗര്‍ഭത്തെ മായയാല്‍ മറച്ചു. അതോടെ ബ്രഹ്മാസ്ത്രത്തിന് കുഞ്ഞിനെ കൊല്ലാന്‍
കഴിഞ്ഞില്ല. ഗര്‍ഭത്തില്‍ ഇരുന്നുകൊണ്ട് കുഞ്ഞു തന്നെ രക്ഷിക്കുന്ന
ഭഗവാന്റെ മുഖം ഒരു നോക്ക് കണ്ടു. അങ്ങനെ വിഷ്ണുവിനാല്‍ രക്ഷിക്കപ്പെട്ട അഭിമന്യുപുത്രനാണ് വിഷ്ണുരാതന്‍ അഥവാ പരീക്ഷിത്ത്‌..

പാണ്ഡവര്‍ യുദ്ധം ജയിച്ചു. യുധിഷ്ടിരന്‍ രാജാവായി. യാഗങ്ങള്‍ നടത്തി അദ്ദേഹം ഖ്യാതി നേടി. പിന്നീട് ഭഗവാന്‍ അര്‍ജുനനെയും കൂട്ടി ദ്വാരകാപുരിയിലേക്കെഴുന്നെള്ളി. ഏകദേശം നാലുമാസം കഴിഞ്ഞപ്പോള്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗാരോപണം ചെയ്ത വിവരം അര്‍ജുനനന്‍ യുധിഷ്ടിരനോടും മറ്റും വ്യസനത്തോടെ അറിയിച്ചു. ധര്‍മ്മപുത്രാധികളെല്ലാം ഈ ദുഖഭാരം താങ്ങാനാവാതെ, പരീക്ഷിത്തിനെ രാജാവായി അഭിഷേകം ചെയ്തിട്ട്, ഭഗവാനെ ധ്യാനിച്ച് ഭഗവത്പദം പ്രാപിക്കുകയും ചെയ്തു. പരമഭക്തനായ പരീക്ഷിത്ത്‌ ധര്‍മ്മാനുസരണം രാജ്യം ഭരിച്ചു. ഉത്തരന്റെ പുത്രിയായ ഇരാവതിയെ പാണിഗ്രഹണം ചെയ്തു. നാല് പുത്രന്മാരും ജനിച്ചു. പരീക്ഷിത്ത്‌ മൂന്ന് അശ്വമേധങ്ങള്‍ നടത്തി തന്റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു . അങ്ങനെയിരിക്കെ രാജ്യത്ത് കലിയുടെ ഉപദ്രവങ്ങള്‍ മനസ്സിലാക്കിയ രാജാവ് കലിയെ തോല്‍പ്പിച്ച് കീഴടക്കി. പേടിച്ചു വിറച്ച കലി തനിക്ക് വസിക്കാനുള്ള സ്ഥാനങ്ങള്‍ കല്‍പ്പിച്ചു നല്‍കണമെന്നഭ്യര്‍ദ്ധിച്ചു . അതനുസരിച്ച് ചൂതുകളി, മദ്യസേവ, സ്ത്രീസേവ, ജീവഹിംസ എന്നീ നാല് സ്ഥാനങ്ങള്‍ കലിക്കു വാസസ്ഥാനമായി അനുവദിച്ചുകൊടുത്തു. വീണ്ടും കലിയുടെ അപേക്ഷയനുസരിച്ച് ക്രോധം കൊണ്ട് മതികെട്ടവരിലും കലിക്കിരിക്കാന്‍ സ്ഥലം നല്‍കി. അങ്ങനെ അഞ്ചു വാസസ്ഥാനങ്ങള്‍ കൊണ്ട് തൃപ്തനായി കലി മടങ്ങി.

പരീക്ഷിത്തിന് അറുപത്തിയാറ് വയസ്സ് പ്രായമായപ്പോള്‍ ഒരു
ദിവസം നായാട്ടിനായി കാട്ടില്‍ പുറപ്പെട്ടു. നായാട്ടിനുശേഷം തളര്‍ന്ന രാജാവ് ജലപാനത്തിനായി അടുത്തു കണ്ട ആശ്രമത്തില്‍ ചെന്നു. അപ്പോള്‍
ധ്യാനനിരതനായിരിക്കുന്ന ശമീകന്‍ എന്ന മുനി, രാജാവ് എഴുന്നെള്ളിയത്
ശ്രദ്ധിച്ചതുമില്ല. തന്നെ അപമാനിക്കുകയാണ് മുനിയെന്ന് വിചാരിച്ച് രാജാവ് ആശ്രമത്തിന് പുറത്തുവന്നു. അപ്പോള്‍ അവിടെ ഒരു പാമ്പ് ചത്തുകിടക്കുന്നത് കണ്ടു . തന്റെ അമ്പുകൊണ്ട് കോരിയെടുത്ത് മുനിയുടെ കഴുത്തില്‍ മാലയായി അണിയിച്ചു. മുനിയാകട്ടെ ഇതൊന്നും അറിയുന്നില്ല. ഇത്രയും ചെയ്തുകഴിഞ്ഞപ്പോള്‍ രാജാവിന് പശ്ചാത്താപമുണ്ടായി , അദ്ദേഹം അവിടെനിന്ന് കൊട്ടാരത്തിലോട്ടു മടങ്ങി പോവുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞു കുശന്‍ എന്ന് പേരായ ഒരു മുനികുമാരന്‍ ആശ്രമത്തില്‍ എത്തിയപ്പോള്‍ ഇത് കാണുകയും, മുനിയുടെ മകനായ ശ്രുംഗി യോട് ഈ വിവരം പരിഹാസരൂപത്തില്‍ അറിയിക്കുകയും ചെയ്തു . ഇതുകേട്ടു അദ്ദേഹത്തിന് വ്യസനവും ക്രോധവും ഉണ്ടായി "ഇന്നേക്ക് ഏഴാം നാള്‍ തക്ഷകന്‍ കടിയേറ്റു രാജാവ് മരിക്കാനിടയാകട്ടെ" എന്ന് ശപിച്ചു . എന്നിട്ട് പിതാവിന്റെ അരികിലെത്തി മൃതസര്‍പ്പത്തെ കഴുത്തില്‍ നിന്ന് എടുത്തു മാറ്റി. മുനി സമാധി ഉണര്‍ന്നു നോക്കിയപ്പോള്‍ കണ്ടത് സംഭ്രമിച്ച് നമസ്കാരം ചെയ്തു തൊഴുകൈയ്യോടെ നില്‍ക്കുന്ന മകനെയാണ്. നടന്നതെല്ലാം മകന്‍ അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. അവന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മുനി പറഞ്ഞിട്ട് ശിഷ്യനായ
ഗൌരമുഖനെ വിളിച്ചു രാജാവിനെ വിവരമറിയിക്കാനയച്ചു .
ഗൌരമുഖന്‍ രാജാവിനോട് ശാപത്തെപ്പറ്റി വിവരമുണര്‍ത്തിച്ചു. രാജാവാകട്ടെ , "മുന്നമേ മരിച്ചിരിപ്പോരു ഞാന്‍ ജഗന്നാഥന്‍ തന്‍ അനുഗ്രഹത്താല്‍ ജീവിച്ചേനിത്രനാളും " എന്ന് പറഞ്ഞ് ദൂതന് സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയും അതോടൊപ്പം ഈ വിവരം അറിയിച്ച ശമീക മഹാത്മാവിന് നന്ദി അറിയിക്കാനും അരുളിച്ചെയ്തു. (ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്
അശ്വത്ഥമാവിന്റെ ബ്രഹ്മാസ്ത്രത്തില്‍ നിന്നും മുന്നമേ മരിക്കാതെ
രക്ഷപ്പെട്ടത്) പരീക്ഷിത്ത്‌ രാജാവ് രാജ്യഭാരം പുത്രനായ ജനമേജയനെ ഏല്‍പ്പിച്ചു.

തച്ഛന്മാരെ വിളിച്ച് ഗംഗയില്‍ ഒറ്റത്തൂണില്‍ ഒരു പ്രാര്‍ത്ഥനാമന്ദിരം
തീര്‍ത്ത്‌. അതില്‍ കിഴക്കോട്ടു അഗ്രമാക്കി ദര്‍ഭ വിരിച്ച് അതില്‍
വടക്കോട്ട്‌ മുഖമായി ഭഗവത് നാമങ്ങള്‍ മാത്രം ധ്യാനിച്ചുകൊണ്ടിരുന്നു.
ഇതുകണ്ട് ദേവന്മാര്‍ പൂമാരി ചൊരിഞ്ഞു. യക്ഷകിന്നരഗന്ധര്‍വന്മാര്‍
ആകാശത്ത് താളമേളങ്ങളോടെ ഗാനമാലപിച്ചു. അത്രി,അംഗിരസ്സ്
,വസിഷ്ടന്‍,വിശ്വാമിത്രന്‍, പരാശരന്‍ , പിപ്പലാദന്‍ , മൈത്രേയന്‍ ,
ഗൌതമന്‍, നാരദന്‍ എന്നീ മഹര്‍ഷിമാരെല്ലാം സന്നിഹിതരായിരുന്നു . ആ
നേരത്താണ് വ്യാസനന്ദന്‍ ശ്രീശുകമഹര്‍ഷി അവിടെ എത്തിച്ചേര്‍ന്നത്.
ദിഗംബരനും, മഹാത്മാവുമായ ശ്രീശുകനെക്കണ്ട് എല്ലാവരും എഴുന്നേറ്റു. ആചാരങ്ങളും, പൂജകളും, വന്ദനങ്ങളും ചെയ്തു സല്‍ക്കരിച്ചു . ശ്രീശുകമഹര്‍ഷി, രാജാവിന് പരമപദപ്രാപ്തിക്കുള്ള തത്വം ഉപദേശിച്ചു. അന്ത്യകാലത്ത് മനുഷ്യന്‍ ദേഹത്തിലും ദേഹസംബന്ധമായവയിലും ഉള്ള ആസക്തി അറുത്തു കളയണം. തീര്‍ത്ഥസ്നാനം ചെയ്ത് ഏകാന്തസ്ഥാനത്തിരുന്ന്‍ ഇന്ദ്രിയങ്ങളെ അടക്കി പ്രാണായാമം ചെയ്ത് പ്രണവം ജപിച്ച് മനസ്സിനെ ഭഗവത്
രൂപത്തില്‍ ഉറപ്പിക്കണം. ഭഗവത് സ്വരൂപമായ വിരാട് രൂപത്തെ രാജാവിനു ശ്രീശുകന്‍ വിസ്തരിച്ചു മനസ്സിലാക്കിക്കൊടുത്തു. ഇപ്രകാരം ധാരണ ചെയ്തപ്പോള്‍ രാജാവിന്റെ മനസ്സില്‍ ഭക്തി ഉറക്കുകയും ആനന്ദം
സ്പുരിക്കുകയും ചെയ്തു. പിന്നെ ശ്രീശുകന്‍ ഭഗവത്കഥകള്‍ പറയാനാരംഭിച്ചു . ഏഴു ദിവസം നിരാഹാരവൃതത്തില്‍ എല്ലാവരും ഇരുന്നു കഥ കേട്ട് എഴാം ദിവസം കഥ അവസാനിച്ചു. രാജാവ് ശ്രീശുകന്റെ പാദത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്തു.

കശ്യപന്‍ എന്ന വിഷഹാരി പരീക്ഷിത്ത്‌ രാജാവിനുണ്ടായ ശാപവൃത്താന്തമറിഞ്ഞു . തക്ഷകന്‍ കടിക്കുമ്പോള്‍ വിഷമിറക്കി രാജാവിനെ രക്ഷിച്ചാല്‍ തനിക്ക് ധാരാളം പൊന്നും പണവും പ്രതിഫലമായിക്കിട്ടും എന്ന് വിചാരിച്ച് കശ്യപന്‍
പുറപ്പെട്ടു. തക്ഷകന്‍ ഒരു ബ്രാഹ്മണ വേഷത്തില്‍ കുറച്ച് വിശിഷ്ട ഫലങ്ങള്‍
കാഴ്ചയായി കൊണ്ടുവന്നു. വഴിക്ക് വച്ച് അവര്‍ പരിചയപ്പെടുകയും തങ്ങളുടെ ശക്തി പരീക്ഷിച്ചു നോക്കുകയും ചെയ്തു. രണ്ടുപേരും ഒന്നിനൊന്നു തോല്‍ക്കാന്‍ തയ്യാറാകത്തതുകൊണ്ട് ബ്രാഹ്മണന്‍ കശ്യപന് ധാരാളം പൊന്നും ദ്രവ്യവും നല്‍കി തിരിച്ചയച്ചു . തക്ഷകന്‍ അതേ ബ്രാഹ്മണ വേഷത്തില്‍ രാജസന്നിധിയില്‍ എത്തി ഫലങ്ങള്‍ രാജാവിന് കാഴ്ചവച്ചു. സന്തോഷവാനായ രാജാവ് അതിലൊരണ്ണം എടുത്ത് പൊളിച്ചപ്പോള്‍ മായാവിയായി തക്ഷകന്‍ ഒരു പുഴുവിന്റെ
രൂപത്തില്‍ ആ ഫലത്തില്‍ നിന്നും പുറത്തുവന്ന് യഥാര്‍ത്ഥ രൂപം ധരിക്കയും രാജാവിനെ കടിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം വിഷബാധിതനായി രാജാവ് ഭസ്മമായി ഭവിച്ചു. രാജാവിന്റെ ധന്യമായ മോക്ഷപ്രാപ്തി കണ്ട് ദേവദുന്ദുഭികള്‍ വാദ്യഘോഷങ്ങള്‍ മുഴക്കി. ഗന്ധര്‍വന്മാരും അപ്സരസ്സുകളും പാട്ടുപാടി നൃത്തം വച്ചു. ദേവന്മാര്‍ പൂമഴപെയ്തു. അങ്ങനെ പരീക്ഷിത്ത്‌ രാജാവ് മോക്ഷപ്രാപ്തനായി..

കര്‍ണ്ണന്‍

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്
കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അർജുനനോളം‍ മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമയിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാണ് കർണ്ണൻ വധിക്കപ്പെട്ടത്‌....

കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയും ചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ കർണ്ണൻ എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ രാധേയൻ എന്ന പേരിലും സൂതപുത്രൻ എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.

കർണ്ണന്റെ ആയുധവിദ്യാഭ്യാസം കൗരവ-പാണ്ഡവപുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെ കീഴിൽ നടന്നു.പിന്നീട് പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു.പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയുംആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. അർജ്ജുനനെപ്പോലെ എല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽ ഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടുകൄപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രീയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയും ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്തു.
ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു.

മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാനോ ജയിക്കുവാനോ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങിനെയെങ്കിലും ചോദിച്ചുവാങ്ങണം.ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ ഏകനായിരിക്കുന്ന കർണ്ണന്റെ മുൻപിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വംവന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും ജയിക്കാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു.എന്നാൽ ബ്രാഹ്മണ വേഷധാരിയായി വന്ന ഇന്ദ്രന് കർണ്ണൻ അവ ദാനം ചെയ്തു. കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജേഷ്ഠനാണെന്നും വെളിപ്പെടുത്തി.എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.

കൗരവരും പാണ്ഡവരും തമ്മിലുള്ള സ്പർദ്ധ കാലക്രമേണ വളർന്ന് അതിന്റെ മൂർദ്ധന്ന്യാവസ്ഥയിലെത്തുകയും ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ നടന്ന ഭയങ്കരമായ ഭാരതയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു.കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്.കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും ഒരു വേൽ വാങ്ങിയിരുന്നു.അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു.എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽക്കചനനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും വേലുപയോഗിച്ച് കർണ്ണൻ ഘടോൽക്കചനനെ വധിക്കുകയും ചെയ്തു.യുദ്ധത്തിന്റെ പതിനാറാം ദിവസം കർണ്ണൻ സർവ്വസൈന്യാധിപനായി നിയമിതനായി.

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്.അർജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു.എന്നാൽ ഇപ്പോഴല്ലാതെ
പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു.തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു.

കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്.ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്.പിന്നീട് കർണ്ണൻ ക്ഷത്രിയനാണെന്നറിയുന്ന പരശുരാമൻ അവശ്യ സമയത്ത് പഠിച്ച വിദ്യ ഉപകരിക്കാതാവട്ടെ എന്ന് കർണ്ണനെ ശപിക്കുന്നു.ഈ പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു.മറ്റൊരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു.ഈ ശാപങ്ങൾ കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.

അർജ്ജുനൻ

പഞ്ച പാണ്ഡവരിൽ മൂന്നാമനാണ് അർജുനൻ (സംസ്കൃതം: अर्जुन). പാണ്ഡുപത്നിയായിരുന്ന കുന്തിയ്ക്ക് ദേവേന്ദ്രനിൽ ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതത്തിൽ അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഉറ്റതോഴനായ കൃഷ്ണന്റെ സഹായത്തോടെ പല യുദ്ധങ്ങളിലും അർജ്ജുനൻ വിജയം കൈവരിച്ചു.
കുരുവംശത്തിലെ പാണ്ഡു മഹാരാജാവിന്റെ മകനാണ് അർജുനൻ.
മക്കളില്ലാത്തതിനാൽ പാണ്ഡുവിന്റെ ആജ്ഞ അനുസരിച്ച് കുന്തി മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതിൽ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജുനൻ. അതിനാൽ പഞ്ച പാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ .
കൗരവഗുരുവായ കൃപരുടെ കീഴിൽ അർജുനൻ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായ ദ്രോണർപിന്നീട് അർജുനന്റെ ഗുരുവായി.പഠനത്തിനിടെ ഒരു മുതലയിൽ നിന്നും ദ്രോണരെ രക്ഷിച്ച അർജുനൻ ഗുരുവിന്റെ വത്സലശിഷ്യനായിമാറി.
പാഞ്ചാലരാജ്യത്തെ രാജകുമാരിയായിരുന്ന ദ്രൗപദി, കൃഷ്ണന്റെ സഹോദരി സുഭദ്ര, നാഗരാജകുമാരിയായിരുന്ന ഉലൂപി, മണലൂർ രാജകുമാരിയായിരുന്ന ചിത്രാംഗദ എന്നിവർ അർജ്ജുനന്റെ ഭാര്യമാരായിരുന്നു
ഓരോ ഭാര്യമാരാരിലും ഓരോ ആൺമക്കൾ അർജ്ജുനനുണ്ടായിരുന്നു. സുഭദ്രയിൽ പിറന്ന അഭിമന്യുവാണ് ഇവരിൽ ശ്രദ്ധേയൻ. പാഞ്ചാലിയിൽ ശ്രുതസോമൻ, ഉലൂപിയിൽ ഇരാവാൻ, ചിത്രാംഗദയിൽ ബഭ്രുവാഹനൻ എന്നവരായിരുന്നു മറ്റു പുത്രന്മാർ
കൃഷ്ണൻ ആണ് അർജുനന്റെ ഏറ്റവും വലിയ മിത്രം. കുട്ടിക്കാലത്തുതുടങ്ങിയ ഈ ബന്ധം മഹാഭാരതയുദ്ധത്തിലും തുടർന്നു. മിത്രമെന്നതിലുപരി അർജ്ജുനന്റെ വഴികാട്ടിയും കൃഷ്ണനായിരുന്നു. മഹാഭാരതയുദ്ധത്തിൽ പല നിർണായകസന്ദർഭങ്ങളിലും അർജ്ജുനന്റെ സഹായത്തിനെത്തിയതും കൃഷ്ണൻതന്നെ. ഗുരുക്കന്മാർക്കും ഉറ്റവർക്കും ഉടയവർക്കുമെതിരെ ആയുധമെടുക്കാനാകാതെ വിഷമിച്ചുനിന്ന യുദ്ധോത്സുകനാക്കാൻ കൃഷ്ണൻ ഉപദേശിച്ച സന്ദേശങ്ങളാണ് ഭഗവദ്‌ഗീത.
ദുര്യോധനന്റെ സ്നേഹിതനും അതിരഥന്റെ വളർത്തുമകനുമായ കർണ്ണൻ ആണ് അർജുനന്റെ പ്രധാന ശത്രു. എന്നാൽ കർണ്ണൻ കുന്തിയുടെ മൂത്തപുത്രനായതിനാൽ അർജ്ജുനന്റെ ജ്യേഷ്ഠനുമാണ്

ദ്രൌപതി 5 പേരുടെ പത്നിയാകാൻ ഉണ്ടായ അവസ്ഥ.


പണ്ട് കൃതയുഗത്തിൽ ഒരുനാൾ പത്നീ സമേതരയായി രുദ്രനും ഭാര്യ പാർവതിയും, ഇന്ദ്രനും ശചിയും, യമദേവനും ശ്യാമളയും , അശ്വനിടെവന്മാരും ഉഷയും, ബ്രഹ്മദേവനെ സന്ദർശിക്കാൻ പുറപ്പെട്ടു. . ഹാവവും, ഭാവവും, വിലാസവുമൊക്കെ പ്രകടിപ്പിക്കുന്നവരായിട്ടാണ് സ്ത്രീകൾ ഭാര്താക്കന്മാരോടൊപ്പം സഞ്ചരിച്ചിരുന്നത്. അതെല്ലാം കണ്ടു കോപിഷ്ടനായ ബ്രഹ്മാവ്‌ "നിങ്ങൾ ഇളകിയാടുന്നവരാകയാൽ ഭൂമിയിൽ മനുഷ്യ സ്ത്രീകളായി ജനിക്കട്ടെ " എന്ന് അവരെ ശപിച്ചു. "അവിടെ നിങ്ങൾ ഓരോരുത്തരും അവരവരുടെ ഭര്താകാന്മാരോട് ചെരുന്നവരാകട്ടെ " എന്നും കൂട്ടിച്ചേർത്തു.
ശപ്തരായ സ്ത്രീകൾ മേരുപർവതതിലെത്തി ബ്രഹ്മാവിന്റെ സൃഷ്ടിയിൽ പെടാതെ ഒളിച്ചിരുന്ന്. ബ്രഹ്മാവ്‌ ആ സമയത്ത് മേരുപർവതത്തിൽ തന്നെ ഉണ്ടായിരുന്നു. "ബ്രഹ്മദേവനെ നമുക്ക് വഞ്ചിക്കാം"എന്നുള്ളിൽ വിചാരിച്ചു സ്ത്രീകൾ നിശബ്ദരായി അവിടെ കഴിഞ്ഞു. മൂന്നാഴ്ചക്കാലമങ്ങിനെ കഴിഞ്ഞു പോയി. നാലാമത്തെ ആഴ്ചയിൽ അവരെ കാണാനിടയായ ബ്രഹ്മാവ്‌ "മൂന്നാഴ്ച്ചക്കാലം " എന്നെ വഞ്ചിച്ചു മറഞ്ഞിരിക്കയാലും, നാലാ വാരത്തിൽ എന്റെ ദൃഷ്ടിയിൽ പെടുകയാലും , എന്റെ വാക്കുകൾ ധിക്കരിക്കയാലും നാല് ജന്മങ്ങൾ പിന്നിടുംവരെയും നിങ്ങൾ ഭൂമിയിൽ വസിക്കുന്നവാകട്ടെ എന്ന് വീണ്ടുമാവരെ ശപിച്ചു. നാല് ജന്മങ്ങളിലും നിങ്ങൾ നാൽവരും ഒരു മനുഷ്യ ശരീരത്തിൽ തന്നെ കുടി കൊള്ളുന്നവരായിരിക്കും. രണ്ടാം ജന്മത്തിൽ നിങ്ങള്ക്ക് പരപുരുഷ ഗമനമെന്ന ദോഷം വന്നു ചേരും. മൂന്നാം ജന്മത്തിൽ നിങ്ങൾ ഭര്താക്കന്മാരോട് കൂടിചേരുന്നവരാകും. ഒന്നാം ജന്മത്തിലും നാലാം ജന്മത്തിലും പരപുരുഷ ഗമന യോഗമുണ്ടാവുകയില്ല, ശാപവാക്യതോടൊപ്പം ബ്രഹ്മാവ്‌ കൂട്ടിച്ചേർത്തു.
ബ്രഹ്മശാപമേട്ടുവാങ്ങിയ സ്ത്രീകൾ കാര്യവിചാരം നടത്തി. മനുഷ്യരുമായി സങ്കമിക്കുകയെന്നതു നിന്ന്യമാണ് . ഉത്തമ സങ്കമം ദൈവനിസ്ച്ചയമായിട്ടു മാത്രമേ വന്നു ചേരുകയുള്ളൂ. ദേവന്മാരിൽ ഉത്തമൻ വായുദേവൻ ആണ്. അങ്ങിനെ അവർ വായുദേവ പത്നിയായ ഭാരതി ദേവിയെ തപസ്സു ചെയ്തു. ആയിരം വര്ഷം തപസ്സു ചെയ്തതിനു ശേഷം ഭാരതി ദേവി പ്രത്യക്ഷയായി. ബ്രഹ്മ ശാപം എല്ലാം ധരിപ്പിച്ചതിനു ശേഷം, ഇങ്ങനെ പറഞ്ഞു. വായുദെവനുമായി സങ്കമിക്കുന്നതായാൽ ഞങ്ങള്ക്ക് പരപുരുഷ ഗമനം വന്നു ഭവിക്കില്ല. അതുകൊണ്ട് വരും ജന്മങ്ങളിലെല്ലാം ഞങ്ങൾ നാൽവരും ഒരു ശരീരമായിരിക്കുന്നതിനും അന്യഗാത്വം വന്നു ഭാവിക്കതെയിരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിച്ചാലും. ആഗ്രഹം സാധിക്കുന്നതാണെന്നു അവര്ക്ക് വാക്ക് കൊടുത്ത ശേഷം ഭാരതി ദേവി അപ്രത്യക്ഷയായി.
അനന്തരം പാർവതി തുടങ്ങിയ നാല് സ്ത്രീകളോടും ചേർന്ന്, ഏക ശരീരിണിയായി ഭാരതി ദേവി ഭൂമിയിൽ അവതരിച്ചു. ശിവൻ എന്ന് പേരുള്ള ഒരു ബ്രാഹ്മണന്റെ പുത്രിയായി ട്ടാണ് അവതരിച്ചത്. കർമങ്ങൾക്ക് ഐക്യ രൂപം കൈവരിക്കുന്നതിന് വിഷ്നുദെവനെ തപസ്സു ചെയ്തു പ്രീതനാക്കി. വിഷ്നുദെവൻ പ്രത്യക്ഷനായി "നിങ്ങള്ക്ക് കൃഷ്നാവതാരത്തിൽ നിങ്ങളിചിക്കുന്ന തരത്തിൽ ഭാര്തൃ സംയോഗമുണ്ടാകുമെന്നു" എന്ന വരം ഭാരതി ദേവിക്ക് നല്കുകയും ചെയ്തു. രുദ്രന്റെ സംയോഗമുണ്ടാവുകയില്ലെന്നും, ബ്രഹ്മദെവന്റെ മുന്നിൽ വിലാസഭാവങ്ങൾ പ്രകടിപ്പിച്ചവരിൽ പാർവതി ഉൾപ്പെടുന്നില്ലെന്നും വിഷ്ണു വ്യക്തമാക്കി. പരപുരുഷാഗമനം പരിഹരിക്കുന്ന തരത്തിലായിരിക്കും ഭാര്തൃ സങ്കമം ഉണ്ടാവുകയെന്നും ദേവൻ അരുളി ചെയ്തു ദേവൻ അപ്രത്യക്ഷനായി.
അപ്പോൾ ആ സ്ത്രീകൾ സ്വന്തം ശരീരങ്ങൾ ഉപേക്ഷിക്കയും ഏക ശരീരത്തോടെ നളകന്യകാസ്ഥാനം സ്വീകരിക്കയും ചെയ്തു. പൊതുവിൽ ഇന്ദ്രസേന എന്ന പേര് സ്വീകരിച്ചു. കാട്ടിൽ സഞ്ചരിക്കുന്നതിനിടയിൽ മുഗ്ദലൻ എന്ന മുനിയെ കാണുകയും , ആ നിമിഷം തന്നെ ഏക ശരീരം സ്വീകരിച്ചിരുന്ന അവര്ക്ക് മുനിയിൽ കാമമുദിചു. അപ്പോൾ തന്നെ വായുദേവൻ, മുഗ്ദനിൽ പ്രവേശിക്കയും , മുനി അറിയാതെ തന്നെ മുനി ശരീരത്തിലൂടെ സ്വന്തം ഭാര്യയായ ഭാരതിയോടോത് രമിക്കയും ചെയ്തു. ഇന്ദ്രസേനാ ശരീരത്തിൽ ശചി തുടങ്ങിയ മറ്റു സ്ത്രീകള്ക്ക് ഭർതൃ സംയോഗം ഉണ്ടായതുമില്ല. വായുദേവൻ പിൻവാങ്ങി കഴിഞ്ഞപ്പോൾ ഇന്ദ്രസേന ദേഹം ഉപേക്ഷിക്കയും ദ്രൗപതിയായി അവതരിക്കയും ചെയ്തു.
അര്ജുനൻ ദ്രൌപതിയോട് സംഗമിച്ച വേളയിൽ, ശചി ഭാര്താവായ ഇന്ദ്രനോട് ചേരുകയാണ് ചെയ്തത്. അപ്പോൾ ശ്യാമള ആദികളുടെ സാന്നിധ്യം ദ്രൌപതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. യുധീഷ്ടരാൻ, ദ്രൗപതിയെ സംഗമിച്ച വേളയിൽ, ശ്യാമളയും യമദേവനും തമ്മിലാണ് വേഴ്ച നടന്നത് . ഭീമസേനന്റെ ശരീരത്തിൽ പ്രവേശിച്ചു ദ്രൗപതിയുമായി സംഗമിച്ചത് വായുദേവൻ ആയിരുന്നു, അപ്പോൾ ദ്രൌപതി, ഭാരതി തന്നെയായിരുന്നു.. നകുല സഹദെവന്മാർ, ദ്രൗപതിയുമായി സംഗമിച്ചപ്പോൾ, ദ്രൌപതി , ഉഷ ആയിരുന്നു. അങ്ങിനെ ഓരോ സംഗമ വേളയിലും അതാതു ദേവനും, ദേവിയും മാത്രമാണ് ദ്രൌപതി ദേഹവുമായി സംഗമിക്ക യുണ്ടായത് . ആാകയാൽ അവര്ക്ക് അന്യഗാത്വ ദോഷം വന്നു ചേരുകയോ , ബ്രഹ്മ ശാപം നിഷ്ഫല മാകുകയോ ഉണ്ടായില്ല. അതുകൊണ്ട് കൃഷ്ണയുടെ ശരീരത്തിൽ, ദേവന്മാരുടെയും, ദേവിമാരുടെയും സംഗമത്തിൽ അസാങ്ങത്യമില്ലെന്നു അറിയുക
(ശ്രീ കൃഷ്ണൻ ഗരുടനോട് പറഞ്ഞത്) (അവലംബം:ഗരുഡ മഹാപുരാണം , ബ്രഹ്മകാണ്ടം , അംശം മൂന്ന് , അദ്ധ്യായം - 17 - ഭാരത്യാദി മര്ത്യ ദേഹ സമ്പ്രാപ്ത്യാദി നിരൂപണം)