Showing posts with label krishna. Show all posts
Showing posts with label krishna. Show all posts

Friday, 24 July 2015

ശ്രീകൃഷ്ണ ഭഗവാൻ എന്തിനാണ് മോഹിനിയായത്‌ ന്നറിയാമോ?

 http://www.astropeep.com/wp-content/uploads/2011/05/mohini-painting-300x295.jpg

അസുരന്മാർ അപഹരിച്ച അമൃത്‌ കൈക്കലാക്കാൻ ആണു ഭഗവാൻ മഹാവിഷ്ണു മോഹിനീ രൂപം ധരിച്ചത്‌ ന്നാവും ഇപ്പോൾ പറയാൻ പോകുന്നത്. ശരി അങ്ങിന്യാച്ചാൽ പിന്നേം ഒരിക്കൽ കൂടി ആ രൂപം കേട്ടീലോ. അതോ?
ഭഗവാൻ പരമശിവനു ആ രൂപം കാണണമെന്ന് പറഞ്ഞപ്പോൾ. അതുശരി.
മഹാദേവൻ കാണാനാഗ്രഹിച്ചപ്പോൾ ആണെങ്കിൽ വീണ്ടും വേറെ ആരെങ്കിലും കാണണം ന്നു പറഞ്ഞാൽ അപ്പോഴും വേഷം കേട്ടണ്ടേ. കാരണം കൃഷ്ണനു പക്ഷഭേദം ഇല്ല്യലൊ
ഒരവതാരം രണ്ടു പ്രാവശ്യം ണ്ടയീല്യാലോ
മോഹിനീ വേഷം മാത്രേ രണ്ട്‌ തവണ ണ്ടായീള്ളൂ. അപ്പോൾ അതൊന്നും അല്ല കാരണം. ഈ ഒരു അവതാരം ഭഗവാൻ സ്വന്തം ആവശ്യത്തിനു വേണ്ടി കെട്ടിയതാണ്. ആ ഭക്ത വാത്സല്യം കൊണ്ട് മാത്രം. ഭക്തനെ സ്നേഹിക്കാനുള്ള കൊതി എത്ര്യാ ന്നോ! ഭഗവാനു തന്റെ ഭക്തനെ എത്ര സ്നേഹിച്ചാലും മതിയവില്യ. എത്ര കാരുണ്യം ചൊരിഞ്ഞാലും തോന്നും പോരാ പോരാന്ന്. ഭഗവാൻ നിർമ്മമനാണ് നിരഹങ്കാരനാണ് നിസ്സംഗനാണ് ന്നൊക്കെ പറയും ശര്യെന്ന്യാ. ഭക്തന്റെ കാര്യം വരുമ്പോൾ കണ്ണൻ ഇതെല്ലം മറക്കും. 'അഹം ഭക്തപരാധീന' എന്നും പറഞ്ഞു കണ്ണു നിറയ്ക്കും.
ജഗല്പ്പിതവായി സ്നേഹം ആവോളം പകർന്നു. എന്നീട്ടു മതിയാവാതെ ഉണ്ണിക്കണ്ണനായി എല്ലാവരുടെയും ഉള്ളിലേക്ക് ആനന്ദം പകർന്നു കാരുണ്യം ചൊരിഞ്ഞു വൃന്ദാവനകൃഷ്ണനായി ബ്രഹ്മാനന്ദം പകർന്നു. എന്നീട്ടും ഭഗവാന് ഒട്ടും മതിയായീല്യ.
ഉണ്ണിക്കണ്ണനായ സമയത്ത് തനിക്കു വേണ്ടി ദേവകി ദേവി അനുഭവിച്ച എല്ലാ ദുരിതങ്ങളും (കംസ നിഗ്രഹത്തിനു ശേഷം) പരസ്പരം കണ്ടപ്പോൾ ആ മാതൃ വത്സല്യത്താൽ അലിഞ്ഞു പോയത് കണ്ടപ്പോൾ കണ്ണന് കണ്ണു നിറഞ്ഞു. അപ്പോൾ കണ്ണന് തോന്നി തനിക്കും ഒരമ്മയാവണം ന്ന്‌.
കാരണം മാതൃ വാത്സല്യത്തിന്റെ ആ സുഖം അത് പകരാൻ മതാവകണം. അപ്പോഴേ പരിപൂർണ്ണായി അത് പകരാൻ കഴിയുള്ളൂ
അതിനു വേണ്ട്യാണ് ഭഗവാൻ മോഹിനി വേഷം കെട്ടിയത്. ഭഗവാന് തന്റെ ഭക്തന്റെ മഹത്വം നന്നായി അറിയാം.
(വൈഷ്ണവാനാം യഥാ ശംഭു) അതുകൊണ്ടെന്യാണ് തന്റെ ഭക്തോത്തമനായ മഹാദേവനെ ഇതിനായി നിയോഗിച്ചത്. ആ ശങ്കരനാരായണ സംഗമത്തിൽ മഹാദേവൻ ഭഗവാന് സമർപ്പിച്ചത്‌ തന്റെ പ്രേമഭക്തിയാണ്. ആ ഭക്തിയുടെ മൂർത്തീരൂപമാണ് ശ്രീധർമ്മശാസ്താവ്. മണികണ്ഠന്റെ അമ്മയായി മാതൃഭാവം, സ്നേഹം, വാത്സല്യം അങ്ങിനെ എല്ലാവിധത്തിലും തന്റെ ഭക്തനെ സ്നേഹിക്കാൻ, എപ്പോഴും തന്നോട് ചേർത്ത് പിടിക്കാൻ ഭഗവാൻ മോഹിനിയായി.

Monday, 20 July 2015

സന്താനഗോപാലം


ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ ആനന്ദമോടെ വാണരുളുന്ന കാലത്ത് ഒരു ദിവസം അവിടെയുള്ള ഒരു ബ്രാഹ്മണന്റെ പുത്രന്‍ ജനിച്ച ഉടനെ മരിച്ചുപോയി. ദുഖിതനായ ബ്രാഹ്മണന്‍ കുട്ടിയുടെ ശവം കൊണ്ടുവന്ന് ഗോപുരദ്വാരത്തില്‍ കിടത്തിയിട്ട് കരഞ്ഞ്
യദുക്കളോടെല്ലാം സങ്കടം പറഞ്ഞു. ആരും ഒരു മറുപടിയും പറയാത്തതില്‍ ബ്രാഹ്മണന് കോപം വന്നു. അയാള്‍ രാജാവിനെയും മറ്റും അധിക്ഷേപിച്ചു. പിന്നീട് അയാള്‍ ശവം കൊണ്ടുപോയി അടക്കം ചെയ്തു. രണ്ടാമതും ബ്രാഹ്മണപത്നി ഗര്‍ഭിണിയായി പ്രസവിച്ചു. ആ ബാലനും മരിച്ചുപോയി. അന്നും ആ ബ്രാഹ്മണന്‍ ബാലന്റെ
ശവശരീരവുമായി ഗോപുരവാതില്‍ക്കല്‍ വന്ന് രാജാവിനോട് സങ്കടമുണര്‍ത്തിച്ചു. അപ്പോഴും ആരും ഒന്നും മറുപടി പറഞ്ഞില്ല .
ഇങ്ങനെ ഒമ്പതാമത്തെ പുത്രനും മരിച്ചു. അന്നും ആ ബ്രാഹ്മണന്‍ കുഞ്ഞിന്റെ ശവശരീരവുമായി അവിടെയെത്തി. അപ്പോള്‍
ശ്രീകൃഷ്ണന്‍ ഒരു യജ്ഞക്രിയയില്‍ മുഴികിയിരിക്കുകയായിരുന്നു. കൂടെ അര്‍ജ്ജുനനും ഉണ്ടായിരുന്നു. ആരും ഒരു മറുപടിയും പറയാത്തതില്‍ അര്‍ജ്ജുനന് വിഷാദം തോന്നി, ആ ബ്രാഹ്മണനോട് ഇപ്രകാരം പ്രതിജ്ഞ ചെയ്തു. " ഇനി അങ്ങേക്കുണ്ടാകുന്ന പുത്രനെ ഞാന്‍ തീര്‍ച്ചയായും രക്ഷിക്കുന്നതാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ഈയുള്ളവന്‍ തീയില്‍ചാടി ദേഹത്യാഗം ചെയ്യുന്നതാണെന്ന് ഇതാ ഈശ്വരന്‍ സാക്ഷിയായി സത്യം ചെയ്യുന്നു." ആദ്യം ആ വിപ്രന് വിശ്വാസം വന്നില്ലെങ്കിലും പിന്നീട് അദ്ദേഹം വിശ്വസിച്ച് സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചുപോയി.

ബ്രാഹ്മണപത്നി പത്താമതും ഗര്‍ഭിണിയായി. ബ്രാഹ്മണന്‍ ഈ വിവരം അര്‍ജ്ജുനനെ അറിയിച്ചു. പ്രസവസമയം അടുത്തപ്പോള്‍ അര്‍ജ്ജുനന്‍ ബ്രാഹ്മണപത്നിയുടെ സൂനികാഗൃഹത്തിനു ചുറ്റും ദിവ്യാസ്ത്രങ്ങള്‍ കൊണ്ട് ഒരു കവചം സൃഷ്ടിച്ചു. അര്‍ജുനന്‍ അമ്പും വില്ലും പിടിച്ച് കാവല്‍ നിന്നു. പക്ഷെ ഇത്തവണ ബ്രാഹ്മണപത്നി പ്രസവിച്ച കുട്ടിയുടെ ശവം പോലും കാണാനില്ല. സ്ത്രീകളെല്ലാം മുറവിളികൂട്ടി. ഒപ്പം ബ്രാഹ്മണനും അര്‍ജുനനെ അധികം ആക്ഷേപിച്ചു.
ജാള്യതയോടെ അര്‍ജ്ജുനന്‍ വേഗം അമ്പും വില്ലുമായി യമപുരിയിലെത്തി. അവിടെയൊന്നും ആ പുത്രനെ കണ്ടില്ല. പിന്നെ
ഇന്ദ്രപുരിയിലെത്തി. അവിടെയുമില്ല. തുടര്‍ന്ന് അഷ്ടദിക്പാലകന്മാരുടെ മന്ദിരങ്ങളും തിരഞ്ഞു. ശിശുവിനെ കണ്ടുകിട്ടിയില്ല.
ഹതാശനായ അര്‍ജ്ജുനന്‍ മടങ്ങിവന്നു. പ്രതിജ്ഞ പാലിക്കാനായി ചിതകൂട്ടി അമ്പും വില്ലും ധരിച്ച് അതിലേക്കു ചാടാന്‍ തുടങ്ങവേ ശ്രീകൃഷ്ണന്‍ ഓടിയെത്തി കൈയില്‍ കടന്നു പിടിച്ചു. എന്നിട്ട് എല്ലാത്തിനും ഒരു പോംവഴി ഉണ്ടാക്കാം എന്നുപറഞ്ഞ് അതില്‍ നിന്നും പിന്തിരിപ്പിച്ചു.

ശ്രീകൃഷ്ണനും അര്‍ജ്ജുനനും ദിവ്യരഥത്തില്‍ കയറി പടിഞ്ഞാറോട്ട് യാത്ര തിരിച്ചു. നഗരങ്ങളും വനങ്ങളും പര്‍വ്വതങ്ങളും സമുദ്രങ്ങളും വായുവേഗത്തില്‍ പിന്നിട്ട് കുറെ കഴിഞ്ഞപ്പോള്‍ അന്ധകാരമായി. ശ്രീകൃഷ്ണന്‍ സുദര്‍ശന ചക്രത്തെ സ്മരിച്ചു. ഉടന്‍ സുദര്‍ശന ചക്രമെത്തി. ആയിരം സൂര്യന്മാരുടെ തേജസ്സോടുകൂടി പാലാഴിയില്‍ അനന്തശായിയായ മഹാവിഷ്ണുവിനെ കാണാനിടയായി.
ഭഗവാന്റെ നിറം ഇന്ദ്രനീലമണിയെ തോല്‍പ്പിക്കുന്നതാണ്. വനമാലകളും കുണ്ഡഃലങ്ങളും കൌസ്തുഭവും മാറില്‍ ശ്രീവത്സം എന്ന അടയാളവും താമരയിതളുകള്‍ പോലെയുള്ള നയനങ്ങളും നാല് തൃക്കൈയ്കളില്‍ ശംഖു , ചക്രം, ഗദ, പത്മം എന്നിവയോടും മുനിമാരാല്‍ സേവിതനായി ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ ദര്‍ശിച്ചു, അവര്‍ രണ്ടുപേരും ആ തൃപ്പാദങ്ങളില്‍ വീണ് ഭക്തിപൂര്‍വ്വം നമസ്കരിച്ചു.
മഹാവിഷ്ണു അവരെ കണ്ട് മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. " വീരന്മാരായ കൃഷ്നാര്‍ജ്ജുനന്മാരെ! നിങ്ങളെ നേരിട്ട് കാണേണ്ടതായ ആവശ്യത്തിനാണ് ഞാന്‍ വിപ്രബാലന്മാരെ ഇങ്ങോട്ട് കൊണ്ടുപോന്നത്. നിങ്ങള്‍ക്ക് ഭൂമിഭാരമെല്ലാം തീര്‍ത്ത്‌ ഇവിടേയ്ക്ക് വരാനുള്ള സമയം അടുത്തിരിക്കുന്നു. പുത്രന്മാര്‍ പത്തുപേരും ഇവിടെയുണ്ട്. അവരെകൊണ്ടുപോയി പിതാവിന് തിരിച്ചു നല്‍കുവിന്‍. നിങ്ങള്‍ രണ്ടുപേരും എന്റെ അംശത്തില്‍ ജനിച്ചവരാണ്. പൂര്‍വ്വജന്മത്തില്‍ നിങ്ങള്‍ നരനും നാരായണനുമായിരുന്നു. ഈ ജന്മത്തില്‍ അര്‍ജ്ജുനനും കൃഷ്ണനുമായിരിക്കുന്നു. ഇനിയുള്ള വളരെ കുറച്ചുകാലം നിങ്ങള്‍ വേദധര്‍മ്മങ്ങളും സല്‍ക്കര്‍മ്മങ്ങളും ചെയ്ത് ലോകത്തെ രക്ഷിച്ചും ശിക്ഷിച്ചും വാഴുക". അങ്ങനെയാകാമെന്നു പറഞ്ഞ് കൃഷ്നാര്‍ജ്ജുനന്മാര്‍ ഭഗവാനെ വണങ്ങി പുറപ്പെട്ടു. ബ്രാഹ്മണപുത്രന്മാരും മഹാവിഷ്ണുവിനെ വണങ്ങി യാത്ര ചോദിച്ചു.

അര്‍ജ്ജുനനുണ്ടായ സന്തോഷത്തിനതിരില്ല. കൃഷ്ണനും
അര്‍ജ്ജുനനും കൂടി ബ്രാഹ്മണന് പത്തു പുത്രന്മാരെയും കൊണ്ടുകൊടുത്തു. കൃഷ്ണാര്‍ജ്ജുനന്മാരെ അധിക്ഷേപിച്ചതിന്
മാപ്പപേക്ഷിച്ചും, പുത്രന്മാരെ തിരിച്ചു കിട്ടിയതിന് നന്ദി പറഞ്ഞും, ബ്രാഹ്മണനും പത്നിയും പുത്രന്മാരോടോത്ത് സുഖമായി വസിച്ചു.
അര്‍ജ്ജുനനുണ്ടായ അഹങ്കാരബുദ്ധി ഇതോടെ നശിക്കുകയും പരമാര്‍ത്ഥജ്ഞാനം ലഭിക്കുകയും ചെയ്തു. വിഷ്ണുഭഗവാന്‍ പറഞ്ഞതനുസരിച്ച് അവര്‍ ലോകത്തെ സംരക്ഷിച്ച് ബ്രാഹ്മണരെയും പ്രജകളെയും സന്തോഷിപ്പിച്ചു.
കാലാകാലങ്ങളില്‍ ശരിയായി മഴ പെയ്യും. ഭൂമിയില്‍ വിളവുകള്‍ സമൃദ്ധിയാവുകയും ചെയ്തു. ധര്‍മ്മിഷ്ടരെ രക്ഷിച്ച് അധര്‍മ്മികളെയെല്ലാം നശിപ്പിച്ചു. ഇങ്ങനെ അവരുടെ അവതാരോദ്ദേശ്യം സഫലമായി.

സ്വര്‍ഗ്ഗാരോഹണം


ശ്രീകൃഷ്ണന് പതിനാറായിരത്തെട്ടു ഭാര്യമാര്‍ ഉണ്ടല്ലോ. ഓരോ പത്നിയിലും പത്തു പുത്രന്മാര്‍ വീതം ഉണ്ടായിരുന്നു. ഒരു ദിവസം കശ്യപന്‍, ഭൃഗു, ഭരദ്വാജന്‍, വസിഷ്ഠന്‍ ഇത്യാദി മുനിസത്തമന്മാര്‍ ശ്രീകൃഷ്ണനെ കണ്ട് മടങ്ങുകയായിരുന്നു. ശ്രീകൃഷ്ണപുത്രന്മാര്‍ക്ക് ഒരു തമാശ തോന്നി, മുനിമാരെ പറ്റിക്കാന്‍ തന്നെ തീരുമാനിച്ചു. അവരില്‍ ഒരാള്‍ (സാംബന്‍) ഒരു ഗര്‍ഭിണിയുടെ വേഷം ധരിച്ച് നിന്നു.
മറ്റുചിലര്‍ മുനിമാരോട് ചോദിച്ചു, "ഈ നില്‍ക്കുന്ന ഗര്‍ഭിണി പ്രസവിക്കുന്ന കുട്ടി ആണോ പെണ്ണോ എന്ന് പറയാമോ?". മുനിമാര്‍
എല്ലാവരെയും മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു. " ഇവള്‍ കഠിന വേദനയനുഭവിച്ച് പ്രസവിക്കും. അത് ഒരു
ഇരുമ്പു ലക്കയായിരിക്കും . അതുകൊണ്ടായിരിക്കും നിങ്ങളുടെ വംശത്തിന്റെ നാശവും". ഇതൊന്നും കാര്യമാക്കാതെ കൃഷ്ണപുത്രന്മാര്‍
മുനിമാരെ പരിഹസിച്ചു ചിരിച്ചു.
കളി കാര്യമായി. സാംബന്‍ ഒരിരുമ്പുലക്കയെ നൊന്തു പ്രസവിച്ചു. ഇതു കൊണ്ട് വംശനാശം സംഭവിക്കുമെന്ന് ഭയന്ന് ആ
ഇരുമ്പുലക്കയെ രാവി പൊടിയാക്കി സമുദ്രത്തില്‍ കലക്കി. അവസാനം ഒരു ചെറിയ കഷണം ബാക്കിയായതിനെ അവര്‍ കടലിലെറിഞ്ഞു. തിരയടിച്ച് ഇരുമ്പുപൊടിയെല്ലാം കരക്കടിഞ്ഞു മുളച്ചു. അങ്ങനെയാണ് എയ്യാമ്പുല്ല് (ഏരകപ്പുല്ല് ) ഉണ്ടായത്.
കടലിലെറിഞ്ഞ ഇരുമ്പു കഷണം ഒരു മത്സ്യം വിഴുങ്ങി. മത്സ്യത്തെപ്പിടിച്ച മുക്കുവന്‍ ആ കഷണത്തെ ഒരു വേടനു കൊടുത്തു. വേടന്‍ അതുകൊണ്ട് ഒരമ്പുണ്ടാക്കി.

നാരദമുനി വസുദേവര്‍ക്ക് ആത്മജ്ഞാനോപദേശം കൊടുത്ത് അനുഗ്രഹിച്ചു. ബ്രഹ്മാവും ശിവനും ദേവന്മാരും മുനിമാരും ഭൂതഗണങ്ങളും ശ്രീകൃഷ്ണനെ സന്ദര്‍ശിച്ച് നമസ്കരിക്കുകയും സ്തുതുതിക്കുകയും ചെയ്തു.
ദ്വാരകയില്‍ പിന്നീട് പല ദുര്‍ന്നിമിത്തങ്ങളും കണ്ടു. ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം എല്ലാവരും തേരുകളില്‍ കയറി പ്രഭാസത്തിലേക്ക് യാത്ര തുടങ്ങി. അവിടെ തീര്‍ത്ഥസ്നാനം ചെയ്ത് പിതൃതര്‍പ്പണം നടത്തി. ബ്രാഹ്മണര്‍ക്ക് ദാനധര്‍മ്മങ്ങള്‍ നടത്തി. ഭഗവാന്റെ ഉത്തമ ഭക്തനായ ഉദ്ധവര്‍ക്ക് പരമജ്ഞാനം ഉപദേശിച്ചുകൊടുത്തു. ഭഗവത് സായൂജ്യത്തിനുള്ള ഉത്തമ മാര്‍ഗ്ഗം സ്വീകരിച്ച് ഉദ്ധവര്‍ ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം ബദരികാശ്രമത്തിലേക്ക് പോയി.
യാദവര്‍ പ്രഭാസതീര്‍ത്ഥത്തിലെത്തി തീര്‍ത്ഥസ്നാനം ചെയ്തു. അവര്‍ക്ക് മദ്യപാനത്തില്‍ ആസക്തിയുണ്ടാവുകയും മദ്യലഹരിയില്‍ വഴക്കുണ്ടാക്കി ആയുധങ്ങള്‍ പ്രയോഗിച്ച് യുദ്ധം തുടങ്ങുകയും ചെയ്തു. ആയുധങ്ങള്‍ തീര്‍ന്നപ്പോള്‍ എയ്യാമ്പുല്ല് പറിച്ചെടുത്ത്
തമ്മിലടിച്ച്‌ എല്ലാവരും മരിച്ചുവീണു. ബലരാമന്‍ സമുദ്രതീരത്ത് ചെന്നിരുന്ന് ധ്യാനിച്ച്‌ യോഗാഗ്നിയില്‍ ദേഹം വെടിഞ്ഞ് സ്വര്‍ഗ്ഗം പൂകി.

യാദവരെല്ലാം തല്ലി മരിച്ചശേഷം ഭഗവാന്‍ ചതുര്‍ഭാഹുവായ ശ്രീ മഹാവിഷ്ണുവിന്റെ രൂപം പൂണ്ടു. വിജനമായ സ്ഥലത്ത് ഒരു അരയാലിന്‍ ചുവട്ടില്‍ വലതു കാല്‍പാദം ഇടതു തുടയില്‍ കയറ്റിവച്ച് ചമ്രം പടിഞ്ഞ്‌ യോഗസ്ഥനായി ഇരുന്നു. അപ്പോഴുണ്ട് ആ വേടന്‍ കാട്ടില്‍ മൃഗങ്ങളെ തേടി അലയുമ്പോള്‍ ദൂരെനിന്ന് ഭഗവാന്റെ പാദം ഒരു മാനാണെന്ന് കരുതി അമ്പേയ്തു. അത് വന്ന് തറച്ചത് ഭഗവാന്റെ തൃപ്പാദത്തിലായിരുന്നു. മാനിനെ എടുക്കാനായി ആല്‍ച്ചുവട്ടില്‍ എത്തിയപ്പോഴാണ് അത് മാനായിരുന്നില്ല, മറിച്ച്
ഭഗവാന്റെ തൃപ്പാദമായിരുന്നു എന്ന് വേടനു ബോധ്യമായത് . സമസ്താപരാധങ്ങളും പൊറുത്ത് മാപ്പ് തരേണമെന്നു പറഞ്ഞ് വേടന്‍ ഭഗവാന്റെ തൃക്കാല്‍ക്കളില്‍ വീണ് കേണപേക്ഷിച്ചു. ശ്രീകൃഷ്ണഭഗവാന്‍ വേടനെ ഇങ്ങനെ സമാധാനപ്പെടുത്തി "ശ്രീരാമാവതാരകാലത്ത് ഞാന്‍ ഒളിയമ്പയച്ച് നിഗ്രഹിച്ച ആ ബാലിയാണ് ഈ ജന്മത്തില്‍ വേടനായിത്തീര്‍ന്ന നീ.കര്‍മ്മഫലം അനുഭവിക്കാതെ തരമില്ല!
‘താന്താന്‍ നിരന്തരം ചെയ്യുന്നതൊക്കെയും
താന്താന്‍ അനുഭവിച്ചീടുകെന്നേ വരു!’
അതുകൊണ്ട് നീ ദുഃഖിക്കേണ്ട, നിനക്കു നന്മവരട്ടെ!!!" അപ്പൊഴേക്കും സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ദേവ വിമാനത്തില്‍ വേടനെ ഉടലോടുകൂടിത്തന്നെ സ്വര്‍ഗ്ഗത്തിലെത്തിച്ചു.

ഭഗവാന്റെ തേരാളിയായ ദാരുകന്‍ തേരുമായി അവിടെയെത്തി. ഭഗവാന്‍ ദാരുകനോട് വേഗം തന്നെ ദ്വാരകയില്‍ ചെന്ന് വിവരം അറിയിക്കാനും, ദ്വാരക ജലത്തിനടിയില്‍ ആകാന്‍ പോകുന്നുവെന്നും,എല്ലാവരും അവരുടെ പത്നിമാരെയും മക്കളെയും കൂട്ടി അര്‍ജ്ജുനന്റെ കൂടെ ഹസ്ഥിനപുരത്തിലേക്ക് പോകാനും നിര്‍ദ്ദേശിച്ചു. " ഇതോടെ നീയും എന്നെ സ്മരിച്ച് പരമപദം പൂകുന്നതാണ്‌" എന്നരുളിച്ചെയ്തു. ദാരുകന്‍ ഭഗവത് പാദങ്ങളില്‍ വീണ് നമസ്കരിച്ച് ഭഗവാനെ പ്രദക്ഷിണം ചെയ്ത് തൊഴുത്‌ ദ്വാരകയിലേക്ക് ഗമിച്ചു.
പിന്നീട് ആല്‍ത്തറയിലിരിക്കുന്ന ഭാഗവാന്റെയടുത്ത് ബ്രഹ്മാവ്‌, പരമശിവന്‍, പാര്‍വ്വതി, മുനിമാര്‍, പ്രജാപതിമാര്‍, പിതൃക്കള്‍, സിദ്ധന്മാര്‍, ഗന്ധര്‍വ്വന്മാര്‍, വിദ്യാധരന്മാര്‍, കിന്നരന്മാര്‍, യക്ഷന്മാര്‍, ചാരണന്മാര്‍, മഹാനഗരങ്ങള്‍, അപ്സരസ്സുകള്‍, ദേവന്മാര്‍, ബ്രാഹ്മണര്‍ എന്നിവരെല്ലാം വന്ന് ഭഗവാന്റെ നിര്യാണകാലം നിരീക്ഷിച്ച് ആകാശത്തുനിന്ന് പൂമഴ പൊഴിച്ചു. അവരെല്ലാം കൂട്ടത്തോടെ ഭഗവാനെ സ്തുതിച്ചു. ഭഗവാന്‍ ഇതെല്ലാം കണ്ട് മനസ്സ് ആത്മാവിലുറപ്പിച്ച് കണ്ണുകളടച്ചു. മംഗളമായ യോഗധാരണ ധ്യാനം കൊണ്ട് സ്വന്തം ശരീരത്തെ ഭഗവാന്‍ യോഗാഗ്നിയില്‍ ദഹിപ്പിച്ചു. ദേവന്മാര്‍ വാദ്യങ്ങള്‍ മുഴക്കി പുഷ്പവര്‍ഷം ചൊരിഞ്ഞു ഭഗവാന്റെ സത്യം, ധര്‍മ്മം, ധൈര്യം, കീര്‍ത്തി, ശ്രീ എന്നീ ഗുണങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്ന ദേവസമീപം ഭഗവാന്റെ ആത്മാവ് സ്വധാമത്തില്‍ പ്രവേശിച്ചത്‌ അറിഞ്ഞതേയില്ല. ബ്രഹ്മാവാദിയായവര്‍ യോഗഗതി കണ്ട് വിസ്മിതരായി സ്വസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി.

ദേവകിയും രോഹിണിയും വസുദേവരും പുത്രദുഖത്താല്‍ കേണുകൊണ്ട് മരിച്ചുവീണു. അവരുടെ പുത്രവധുക്കളെല്ലാം ചിതയില്‍ ചാടി ദേഹത്യാഗം ചെയ്തു. ശ്രീകൃഷ്ണപത്നിമാരെല്ലാം ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട് അഗ്നിയില്‍ ചാടി മരിച്ചു. അര്‍ജ്ജുനന്‍ ബാക്കിയുള്ളവരെയെല്ലാം പറഞ്ഞാശ്വസിപ്പിച്ചു .പിത്രുകര്‍മ്മങ്ങള്‍ വഴിയാവണ്ണം ചെയ്തു. പിന്നെ അവരെയും കൂട്ടി ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചു. അപ്പോഴേക്കും ദ്വാരക സമുദ്രത്തിനടിയിലായിക്കഴിഞ്ഞു.

മനുഷ്യനായി ജനിച്ചാല്‍ മരണം അനിവാര്യമാണെന്നുള്ള സത്യം ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണ് ഭഗവാന്‍ ചെയ്തത്.

നാല് തൃക്കൈകളില്‍ ശംഖചക്രഗദാപത്മങ്ങള്‍ ധരിച്ച്, മഞ്ഞപ്പട്ടുടുത്ത്, കാതില്‍ മകരകുണ്ഡഃലങ്ങള്‍ അണിഞ്ഞ്, ശിരസ്സില്‍, കനകകിരീടം ധരിച്ച്, മാറില്‍ ശ്രീവത്സം എന്ന അടയാളത്തോടുകൂടി, രത്നമാലകളും, വനമാലകളും, കൌസ്തുഭവുമണിഞ്ഞ്‌, പാലാഴിയില്‍ അനന്തനാകുന്ന ശയ്യമേല്‍ പള്ളികൊള്ളുന്നവനും, ലക്ഷ്മീദേവിയാല്‍ പാദശുശ്രൂഷചെയ്യപ്പെടുന്നവനുമായ സാക്ഷാല്‍ മഹാവിഷ്ണു ഭഗവാന്‍ ഞങ്ങളുടെ ഹൃദയത്തില്‍ സദാ വസിക്കുമാറാകണമേ!

പൂര്‍ണ്ണമദ പൂര്‍ണ്ണമിദം

പൂര്‍ണ്ണാല്‍ പൂര്‍ണ്ണമുദച്യതേ

പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ

പൂര്‍ണ്ണ മേ വാവശിഷ്യതേ!

ഓം ശാന്തി! ശാന്തി! ശാന്തി!

ലോകാ സമസ്താ സുഖിനോ ഭവന്തു!

കാളിയ മര്‍ദ്ദനം


നദീതടങ്ങള്‍ സംസ്കാരത്തിന്റെ ഉറവിടങ്ങളാണ്.
കാളിന്ദീനദിയും അതുപോലെയാണ്. അതിന്റെ തീരത്തില്‍ മനോഹരമായ ഉദ്യാനങ്ങളും പുല്‍മൈതാനങ്ങളും ഗ്രാമങ്ങളും കാടുകളുമുണ്ട്. എന്നാല്‍ ഈ നദിയുടെ ഒഴുക്കില്‍ ഒരിടത്ത് ആഴമേറിയ ഒരു കയമുണ്ട്. അവിടെ അത്യുഗ്ര വിഷമുള്ള കാളിയന്‍ എന്ന ഘോരസര്‍പ്പം താമസിച്ചിരുന്നു. അവന് ആയിരം ഫണങ്ങളുണ്ട്‌. ഭാര്യമാരും മക്കളും ബന്ധുക്കളുമെല്ലാം ആ കയത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. അവിടത്തെ ജലം വിഷമയമായിരുന്നതിനാല്‍ ആ പ്രദേശമെല്ലാം മരുഭൂമിയായിരുന്നു. സസ്യലതാദികളെല്ലാം കരിഞ്ഞു പോയിരുന്നു. പക്ഷികള്‍ പോലും അതിനു മുകളില്‍കൂടി പറന്നാല്‍ മരിച്ചുവീഴും. ജലജീവികളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഒരു കദംബമരം മാത്രമാണ് ആ നദീതീരത്ത് പൂത്തുതളിര്‍ത്ത് നില്‍പ്പുണ്ടായിരുന്നത്.

വിനതയുടെ മകനായ ഗരുഡന്‍ അമ്മയുടെ ദാസ്യം
അവസാനിപ്പിക്കാനായി ദേവലോകത്തേക്ക് അമ്രുതിനുപോയി. അമ്രുതംകൊണ്ട് മടങ്ങിവരുന്നവഴി ക്ഷീണിച്ച പക്ഷിരാജന്‍ വിശ്രമിക്കാനായി ആ കദംബമരത്തിലിരുന്നു. അമ്രുതകലശം തുളുമ്പി കുറച്ചു ആ വൃക്ഷത്തില്‍ വീണു. അതുകൊണ്ടാണ് ആ മരത്തിന് അമരത്വം കിട്ടിയത്. ഒരിക്കല്‍ ശ്രീകൃഷ്ണനും കൂട്ടുകാരും ഗോക്കളെ മേച്ചുകൊണ്ട് ആ നദീതീരത്തെത്തി. കണ്ണന്‍ അല്പം അകലെയായി കാനനഭംഗി ആസ്വതിക്കുകയായിരുന്നു. വിശപ്പും ദാഹവും കൊണ്ട്
കൂട്ടുകാരും ഗോക്കളും കാളിന്ദീനദിയിലെ വെള്ളം കുടിച്ചപ്പോള്‍ അവര്‍ ഒന്നടങ്കം മരിച്ചുപോയി. അല്പം കഴിഞ്ഞ്, ശ്രീകൃഷ്ണന്‍ അവിടെയെത്തിയപ്പോള്‍ ആ രംഗം കണ്ട് പരവശനായി. ഉള്‍ക്കണ്‍കൊണ്ട് കാര്യം മനസ്സിലാക്കിയ ഭഗവാന്‍ കൂട്ടുകാരെയും
പശുക്കളെയും ജീവിപ്പിച്ചു. ഉറങ്ങി എണീറ്റതുപോലെ കൂട്ടുകാരും പശുക്കളും വന്നു കണ്ണന്ചുറ്റും കൂടിനിന്നു. തെല്ലുനേരം കഴിഞ്ഞ് കണ്ണന്‍ ആ കദംബമരത്തില്‍കയറി ഒരു വീക്ഷണം നടത്തിയിട്ട് നദിയിലോട്ട് ചാടി നീന്തിത്തുടങ്ങി. ജലത്തിലെ ഓളങ്ങള്‍ കണ്ട് പരിഭ്രമിച്ച കാളിയന്‍ കണ്ണന്റെ രണ്ടു പാദങ്ങളിലും ആഞ്ഞുകൊത്തി. ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിലാക്കിയ കാളിയന്‍ ഫണങ്ങള്‍ കൊണ്ട് കണ്ണനെ വീണ്ടും വീണ്ടും ആഞ്ഞടിച്ചു. അതുകൊണ്ടും ഒന്നും സംഭവിക്കാത്തനിനാല്‍, കാളിയന്‍ ഭഗവാനെ ചുറ്റിവരിഞ്ഞുമുറുക്കി. ഇതുകണ്ട് കൂട്ടുകാരും ഗോക്കളും കണ്ണീരൊഴുക്കി. പക്ഷെ ഭഗവാന് ആ കിടപ്പ് നല്ല രസമായിട്ടാണ് തോന്നിയത്.

ഈ സമയത്ത് ഗോകുലത്തില്‍ ചില ദുര്‍നിമിത്തങ്ങള്‍ കാണുവാനിടയായി. നന്ദഗോപര്‍ക്ക് ഇടതുകണ്ണും തോളും തുടയും ഒപ്പം വിറച്ചു. യശോദക്കാണെങ്കില്‍ വലതുകണ്ണും തോളുമാണ് വിറച്ചത്. അവര്‍ നന്നേ വ്യസനിച്ചുപോയി. കണ്ണനും കൂട്ടുകാര്‍ക്കും പശുക്കള്‍ക്കും എന്ത് സംഭവിച്ചു എന്നറിയാതെ പലതും ചിന്തിച്ചിരിക്കുമ്പോള്‍, യശോദക്ക് തോന്നി ഒരു പക്ഷെ കാളിന്ദീ നദിയിലെങ്ങാനും ഇറങ്ങിയിട്ട് കാളിയന്‍ ചുറ്റിക്കിടക്കുവാണോ എന്ന്. ഉടനെതന്നെ ഒരശരീരി വാക്കുണ്ടായി "അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്" അപ്പോള്‍ത്തന്നെ യശോദയും തോഴിമാരും നന്ദഗോപരും ബലരാമനും മറ്റു
ഗോപന്മാരെല്ലാവരും അവിടേക്ക് പുറപ്പെട്ടു. ആകാശത്തില്‍ ഒരു പ്രഭാവലയം പ്രത്യക്ഷമായി. ചെറിയതോതില്‍ ഭൂമികുലുക്കവുമുണ്ടായി. അതോടെ അവരുടെയെല്ലാം പരിഭ്രമം ഏറെയായി. എല്ലാം അറിയുന്ന ബലരാമന്‍ അവരെ സാന്ത്വനപ്പെടുത്തുകയും കണ്ണന്റെ അവതാരോദ്ദേശം അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.

കണ്ണന്റെ ശരീരം പെട്ടെന്ന് വളര്‍ന്നു വലുതായി. കാളിയന്റെ ഉടല്‍ പൊട്ടുമെന്നമട്ടായി. അവന്‍ വിവശനായി ചുറ്റുകളഴിച്ചു . വിഷം ചര്‍ദ്ദിക്കാന്‍ തുടങ്ങി. ശ്രീകൃഷ്ണന്‍ കാളിയന്റെ ഓരോ ഫണത്തിലും കയറിനിന്ന് നൃത്തം ചെയ്തു. ഇതുകണ്ട് കരയില്‍ നിന്നവര്‍ നിര്‍ന്നിമേഷരായി. ദേവകള്‍ ആകാശത്തു പൂമാരി ചൊരിഞ്ഞു. യക്ഷഗന്ധര്‍വ്വന്മാര്‍ ഗാനങ്ങള്‍ ആലപിച്ചു. അപ്സരസ്ത്രീകള്‍ നൃത്തമാടി. നാരദന്‍ തുടങ്ങിയ മുനിമാര്‍ സ്തുതിഗീതം മുഴക്കി. കാളിയന്റെ ആയിരം ഫണങ്ങളും തളര്‍ന്നുതാണു. അവന്റെ ദര്‍പ്പവുമകന്നു. കാളിയന്‍ ചോര ചര്‍ദ്ദിച്ചുതുടങ്ങി. സഹിക്കവയ്യാതായപ്പോള്‍ കാളിയന്‍, തന്നെ രക്ഷിക്കണമെന്ന് ഭഗവാനോട് കേണപേക്ഷിച്ചു. ഭഗവാന്റെ പാദസ്പര്‍ശം കൊണ്ട് കാളിയന്റെ ബുദ്ധി തെളിഞ്ഞു. അവന്റെ പത്നിമാരും ഭഗവാനെ സ്തുതിച്ച് അപരാധം പൊറുത്തുകൊള്ളാനും അനുഗ്രഹിക്കാനും ഭഗവാനോട് പ്രാര്‍ത്ഥിച്ചു. കാളിയനോട് അവിടം ഉപേക്ഷിച്ചിട്ട് രമണകം എന്ന ദ്വീപിലേക്ക് മാറിപോകാന്‍ ഭഗവാന്‍ അരുളിച്ചെയ്തു. അപ്പോഴാണ്‌ കാര്യം മനസ്സിലാകുന്നത്‌, കാളിയന് അവിടം ഉപേക്ഷിച്ച് ഒരിടത്തും പാര്‍ക്കാന്‍ കഴിയില്ല. കാരണം അവന്റെ ശതൃവായ ഗരുഡന്‍ അവനെ കൊല്ലും.

പണ്ട് സുരഭി എന്ന മഹര്‍ഷി കാളിന്ദിയില്‍ കുളിച്ച് കണ്ണടച്ച് ജപിച്ചുനില്‍ക്കുകയായിരുന്നു. ഗരുഡന്‍ ഇതറിയാതെ ഒരു വലിയ മത്സ്യത്തെ നദിയില്‍ നിന്നും പിടിക്കുകയും മുനിയുടെ ദേഹത്താകെ വെള്ളം തെറിപ്പിക്കുകയും ചെയ്തു. കോപം പൂണ്ട മുനി ഗരുഡനെ ശപിച്ചു. "ഇതിനുശേഷം ഇവിടെ വന്നാല്‍ പത്തു കഷണങ്ങളായി മരിക്കും" എന്നാണു ശാപം. ( അമൃത് കൊണ്ട് വന്നതും കദംബമരത്തിലിരുന്നതും ഈ ശാപത്തിന് മുമ്പാണ് )
അതുപോലെ പാമ്പുകളും ഗരുഡനും പണ്ട് പണ്ടേ ശതൃക്കളാണല്ലോ. ഗരുഡന്‍ അനേകം പാമ്പുകളെ ഭക്ഷിച്ചിരുന്നു. അങ്ങനെയിരിക്കെ, പാമ്പുകള്‍ ഒരു തീരുമാനമെടുത്തു. ഓരോ ദിവസവും ഓരോ പാമ്പ് വീതം ഗരുഡനു ഭക്ഷിക്കാന്‍ തയ്യാറായി. വാവുബലിയായപ്പോള്‍ പാമ്പുകള്‍ക്ക് കിട്ടുന്ന ഹവിര്‍ഭാഗം (സര്‍പ്പബലി) ഗരുഡനു നല്‍കാം എന്നും, പാമ്പുകളെ ഭക്ഷിക്കരുത് എന്നുമായി വ്യവസ്ഥ. അതും ഗരുഡന്‍ സമ്മതിച്ചു. എന്നാല്‍ കാളിയന്‍ മാത്രം ഈ കരാര്‍ ലംഘിച്ചു. ഗരുഡനു അത് സഹിച്ചില്ല. അവര്‍ തമ്മില്‍ ഏറ്റുമുട്ടി . ഗരുഡന്റെ ചിറകടികൊണ്ട് വലഞ്ഞ കാളിയന്‍ അവസാനം കാളിന്ദീനദിയുടെ കയത്തില്‍ അഭയം നേടി. അങ്ങനെ അവന്റെ കുടുംബവും ആ കയത്തിലെത്തി.

തന്റെ പാദസ്പര്‍ശമേറ്റതിനാല്‍ ഗരുഡന്‍ ഒരിക്കലും കാളിയനെയും കുടുംബത്തെയും ഉപദ്രവിക്കില്ല എന്ന് ഭഗവാന്‍ ഉറപ്പുനല്‍കി. കാളിയനും കുടുംബവും ഭഗവാനെ നാഗരത്നങ്ങള്‍ കൊണ്ട് അലങ്കരിച്ചു. അങ്ങനെ കാളിയനും കുടുംബവും കാളിന്ദീനദി വിട്ടതോടെ നദിയിലെ ജലവും അതിന്റെ തീരപ്രദേശവും ജീവികള്‍ക്കെല്ലാം ഉപയോഗയോഗ്യമായിത്തീര്‍ന്നു. 

Saturday, 18 July 2015

ദശാവതാരം--- ശ്രീകൃഷ്ണൻ


മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ്‌ ശ്രീകൃഷ്ണന്‍. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്

Thursday, 16 July 2015

ജ്ഞാനപ്പാന

കൃഷ്ണ കൃഷ്ണാ  മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ
(കൃഷ്ണ കൃഷ്ണാ ..)

ഇന്നലെയോളമേന്തെന്നറിഞ്ഞീലാ
ഇനി നാളായുമേന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ടതടിക്കുവിനാശാവു
മിന്നനേരമെന്നേതുമറിഞ്ഞീലാ
(കൃഷ്ണ കൃഷ്ണാ ..)

കണ്ടുകണ്ടങ്ങിരികും  ജനങ്ങളെ
കണ്ടില്ലെന്നു  വരുത്തുന്നതും ഭവാൻ
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
(കൃഷ്ണ കൃഷ്ണാ ..)

മാളികമുകളെരിയമന്നൻറ്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
കണ്ടലോട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാചിലര്കേതുമേ
(കൃഷ്ണ കൃഷ്ണാ ..)

കണ്ടതൊന്നുമേ സത്യമല്ലെന്നതും
മുമ്പേ കണ്ടങ്ങറിയുന്നിതു ചിലർ
നമ്മെയൊക്കെയും  ബന്ധിച്ച സാധനം
കർമ്മമെന്നറിയെണ്ടതു  മുമ്പിനാൽ
(കൃഷ്ണ കൃഷ്ണാ ..)

മുന്നമിക്കേണ്ട  വിഷ്വമശേഷവും
ഒന്നായുള്ളോരു ജ്യോതിസ്വരൂപമായ് 
കാലമിന്നു കലിയുഗമല്ലയോ!
ഭരതമിപ്രദേശവുമല്ലയോ
(കൃഷ്ണ കൃഷ്ണാ ..)

കൂടിയല്ല പിറക്കുന്ന നേരത്തു

കൂടിയല്ല മരിക്കുന്ന നേരത്തു

മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്‌

മത്സരിക്കുന്നതെന്തിനു നാം വൃഥാ

(കൃഷ്ണ കൃഷ്ണാ ..)