Wednesday, 9 September 2015

വിവിധയിനം ശിലകള്

1) അഞ്ജനക്കല്ല് : കറുത്തനിറമുള്ള ഒരു തരം കല്ലാണിത്. വള്ളംചേര്ത്ത് അരച്ച് കുറിയിടുന്നതിനും കണ്ണെഴുതുവാനും ഉപയോഗിക്കുന്നു.2) അഞ്ജനശില : മാര്ദ്ദവമേറിയ പ്രത്യേകതരം ശിലയാണിത്. സൂക്ഷിച്ചുകൈകാര്യം ചെയ്തില്ലെങ്കില് പൊടിഞ്ഞുപോകുന്നതിന് സാദ്ധ്യതയുണ്ട്.അതിനെ കൃഷ്ണശില എന്നും വിളിച്ചു വരുന്നുണ്ട്.ശ്രീഗുരുവായൂരപ്പന്റെ കമനീയ വിഗ്രഹം അഞ്ജന ശിലയാല് നിര്മ്മിച്ചതാണെന്ന് പ്രസിദ്ധമാണ്.ക്ഷേത്രങ്ങളിലെ വിഗ്രഹനിര്മ്മാണത്തിന് ഇത് അത്യുത്തമമാണ്. കറുത്തനിറവും, മാര്ദ്ദവമേറിയതുമാണിത്.3) രുദ്രാക്ഷശിലാവിഗ്രഹങ്ങള് ; വെട്ടുകല്ലിനാല് നിര്മ്മിക്കുന്നവയാണ് രുദ്രാക്ഷ ശിലാവിഗ്രഹങ്ങള്.രുദ്രാക്ഷത്തിന്റെ നിറത്തോടും പരുപരുപ്പിനോടുംഇവയ്ക്കു സാമ്യമുള്ളതിന്നലാണ് രുദ്രാക്ഷശില എന്നുവിളിച്ചുവരുന്നത്.ചോറ്റാനിക്കരയിലെ വിഗ്രഹം, തിരുവനന്തപുരം കനകക്കുന്നിലെ പെരുന്നാകുളംശിവക്ഷേത്രത്തിലെ ശിവലിംഗം എന്നിവ രുദ്രാക്ഷശിലയത്രേ.

ദേവ പ്രതിഷ്ഠ

ഒരു കല്ലിനെ, ഒരു സ്ഥലത്തിനെ , അല്ലെങ്കില് ഒരു രൂപത്തെ ദൈവീക ചൈതന്യമുള്ള ഒന്നായി നമ്മള് രൂപാന്തരപ്പെടുത്തുന്ന സവിശേഷമായ,ദൈവീകമായ ഒരു പ്രക്രിയ.. കലയും ശാസ്ത്രവും കരവിരുതും സമന്വയിപ്പിച്ചുകൊണ്ട് ദൈവീക ചൈതന്യത്തെ,ഈശ്വരസാമിപ്യത്തെ അതിലേക്കു ആവാഹിക്കുന്ന ശ്രേഷ്ടമായ ഒരു കര്മ്മം..ഉദാഹരണത്തിന് തരിശ്ശായി കിടക്കുന്ന ഒരു സ്ഥലം അതിലെ ചെളിയെ അല്ലെങ്കില് ചേറിനെ ധാന്യമായി രൂപപ്പെടുത്തുന്ന കല, അതിനെയല്ലേ നമ്മള് കൃഷി എന്നുപറയുന്നത്‌അതുപോലെ ആഹാരത്തെ നമ്മള് അസ്ഥിയും, മാംസവും, രക്തവുമായി രൂപാന്തരപ്പെടുത്തുന്നു, നമ്മുടെ ഭാഷയില് അത്‌ ദഹനമാണ്‌. വീണ്ടും മാംസത്തെ നമ്മള് ചാരവും മണ്ണുമായി മാറ്റുന്നു, ഈ പ്രക്രിയയക്ക്‌ നാം കൊടുത്തിരിക്കുന്ന പേര്‌ സംസ്കരിക്കല് എന്നാണ്.. അതുപോലെയാണ് ക്ഷേത്രവും അതിലെ പ്രതിഷ്ഠയും.. ക്ഷേത്രങ്ങള് സ്ഥാപിച്ചിട്ടുള്ളത്‌ പ്രത്യേക ശാസ്‌ത്രവിധികളനുസരിച്ചാണ്‌. ഏറ്റവുമധികം ശക്തിയും ചൈതന്യവും പ്രസരിപ്പിക്കാന് കഴിയുന്ന രൂപഘടനകള് ഏതൊക്കെയാണ്‌ എന്ന് നമ്മുടെ പൂര്വ്വികന്മാര് പഠിച്ചും പരീക്ഷിച്ചും മനസ്സിലാക്കിയിരുന്നു. പ്രപഞ്ചത്തില് ഉള്ച്ചേര്ന്നിരിക്കുന്ന പ്രാണോര്ജ്ജത്തെ, മനുഷ്യജീവിതത്തെമെച്ചപ്പെടുത്താന് എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്ന് അവര് കണ്ടെത്തിയിരുന്നു.അവിടെ നിറഞ്ഞു നില്ക്കുന്ന ഊര്ജത്തെ ഉള്ക്കൊള്ളാന്പറ്റുന്ന ഒരൊഴിഞ്ഞ പാത്രമായി സ്വന്തം ശരീരമനോബുദ്ധികാമനകളെ പാകപ്പെടുത്തുക അല്ലെങ്കില് ഉണര്ത്തുക എന്നതാണ് ക്ഷേത്രദര്ശനം കൊണ്ട് അര്ത്ഥമാക്കണ്ടേത്..ഓം നമ: ശിവായ..

കറുകപ്പുല്ല്

കറുകപ്പുല്ല് ഹൈന്ദവ പൂജകളില് പ്രധാനമാണ്. ഗണപതിയ്ക്കുള്ള പൂജകളില് പ്രത്യേകിച്ചും.കറുകപ്പുല്ല് പ്രധാനമായും മൂന്നു ശക്തികളെ വഹിയ്ക്കുന്നുവെന്നാണ് വിശ്വാസം. ശിവന്, ശക്തി, ഗണേശന് എന്നിവരാണിവ. പൂവില്ലാത്ത കറുകയാണ് പൂജകള്ക്കെടുക്കാറ്. കറുക പൂജകള്ക്കു പ്രധാനമായതിനു പുറകില് ഒരു കഥയുണ്ട്. ഒരിക്കല് അനലാസുരന് സ്വര്ഗത്തില് പ്രശ്‌നങ്ങളുണ്ടാക്കി. ഈ അസുരന്റെ കണ്ണില് നി്ന്നും പ്രവഹിച്ച തീയില് പെടുന്ന എല്ലാം ചാമ്പലായി. ഇതില് നിന്നും രക്ഷപ്പെടാന് ദേവന്മാര് ഗണപതിയെ അഭയം പ്രാപിച്ചു. ഗണപതി അസുരനുമായി യുദ്ധം ചെയ്തു. തന്റെ വിരാടരൂപം പുറത്തെടുത്ത ഗണപതി അസുരനെ വിഴുങ്ങി. എന്നാല് അസുരന്റെ തീ ഗണപതിയുടെ വയറ്റില് ചൂടും അസ്വസ്ഥതകളുമുണ്ടാക്കി. ഗണപതിയുടെ ദേഹം മുഴുവന് ചൂടനുഭവപ്പെട്ടു. ഇതില് നിന്നും സംരക്ഷണം നല്കാനായി ചന്ദ്രന് ഗണപതിയുടെ തലയ്ക്കു മീതെ നിന്നു തണല് നല്കി. വിഷ്ണുഭഗവാന് തന്റെ താമര നല്കി. ശിവന് വയറിനു ചുറ്റും ആശ്വാസം നല്കാനായി തന്റെ പാമ്പിനെ നല്കി. ഇതൊക്കെക്കൊണ്ടും ഗണപതിയ്ക്ക് ആശ്വാസം ലഭിച്ചില്ല. അവസാനം പല ദിക്കുകളില് നിന്നുള്ള മഹര്ഷിമാര് വന്ന് ഗണപതിയ്ക്ക് 21 കറുകപ്പുല്ലുകള് നല്കി. ഇതോടെ ചൂടില് നിന്നും ഗണപതി ഭഗവാന് ആശ്വാസം ലഭിയ്ക്കുകയും ചെയ്തു. ഇതെത്തുടര്ന്ന്തന്നെ കറുകപ്പുല്ലു കൊണ്ടു പൂജിയ്ക്കുന്നവരില് താന് പ്രസന്നനാകുമെന്ന് ഗണപതി അനുഗ്രഹം നല്കി. 21 കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. ഇത് ഒരുമിച്ചു കെട്ടി വെള്ളത്തില് മുക്കി ശുദ്ധമാക്കി ഗണപതിയെ പൂജിയ്ക്കണം. ഗണപതിയുടെ കാല്ക്കല് നിന്നും തുടങ്ങി കഴുത്തറ്റം കറുക കൊണ്ടു മൂടുന്നത് ഏറ്റവും വിശിഷ്യമായി കരുതാം.

Tuesday, 8 September 2015

പവിത്രം

പവിത്രം മനോഹരമായ പേര്.

നമ്മുടെ പ്രധാന ക്രിയകള്‍ക്കൊക്കെ ഏറ്റവും അത്യാവശ്യമുള്ള പവിത്രമായവസ്തു. അതിന്റെ ഉത്ഭവം ഇങ്ങനെയാണത്രേ.

മഹാദേവന്റെ ആദിയും അന്തവും എവിടെയെന്ന് ഉറപ്പറിയണം. അറിയാന്‍ തിടുക്കംകൂട്ടുന്നത് ബ്രഹ്മാവും, വിഷ്ണുവും. അവര്‍ അതിന് വ്യക്തമായ തയ്യാറെടുപ്പുകള്‍ നടത്തി.

ബ്രഹ്മാവ് മുകളിലേയ്ക്കും വിഷ്ണു കീഴോട്ടും പോകാം എന്നുതീര്‍ച്ചപ്പെടുത്തി. അതുപ്രകാരം യാത്രതുടങ്ങി. ഇരുവരും അന്തമില്ലാതെ മുന്നോട്ടുപോയി. ഒരിടത്തും എത്തുന്നില്ല.

എന്നാല്‍ ബ്രഹ്മാവിന് ശിവന്റെ ശിരസില്‍നിന്നും പോന്നപൂവ് യാത്രാമദ്ധ്യേകിട്ടി. അതിന്നാല്‍ യാത്ര മതിയാക്കാം എന്ന് ബ്രഹ്മാവ് തീര്‍ച്ചപ്പെടുത്തി.

ഇതാഞാന്‍ മഹാദേവന്റെ ശിരസുകണ്ടു എനിയ്ക്ക് അവിടെനിന്നും ഒരുപൂവും കിട്ടി.
വ്യക്തമായ തെളിവ് സഹിതമുള്ള പ്രഖ്യാപനം കേട്ട് മഹാദേവന് കഠിനമായ ദേഷ്യം വന്നു. താമസിച്ചില്ല ബ്രഹ്മാവിന്റെ ഒരുമുഖം നുള്ളിക്കളഞ്ഞു.

നമ്മള്‍ പവിത്രം ഇടുന്ന വിരലിനാലായിരുന്നു പരമശിവന്‍ ആകൃത്യം നിര്‍വ്വഹിച്ചത്. ആ വിരലിന്റെ അപവിത്രത തീര്‍ക്കുവാനായിട്ടാണ് പവിത്രം അണിയുന്നത്. പവിത്രത്തിനുപകരം പവിത്രക്കെട്ടുള്ള മോതിരം അണിഞ്ഞാലും മതി.

Monday, 7 September 2015

രാധാകൃഷ്ണം ഭജേ നിത്യം

പണ്ട് പരശുരാമന്‍ വളരെക്കാലം കഠിനമായ തപസ്സു ചെയ്തിട്ടും തപസ്സിദ്ധി വരാത്തതിനാല്‍ അഗസ്ത്യ മഹര്‍ഷിയെ ശരണം പ്രാപിച്ചു. ഏതു വിധത്തിലുള്ള ജന്മജന്മാന്തര കര്‍മ്മങ്ങളെയും നശിപ്പിച്ച് പരിശുദ്ധമാകുവാന്‍, ശ്രീ അഗസ്ത്യ മഹര്‍ഷിയാല്‍ ഉപദേശിക്കപ്പെട്ട ശ്രീ രാധാകൃഷ്ണ മന്ത്രത്താല്‍ രാധാകൃഷ്ണന്മാരേ പ്രത്യക്ഷപ്പെടുത്തി . പരശുരാമനില്‍ സംപ്രീതരായ രാധാകൃഷ്ണന്മാര്‍ ഇഷ്ടമുള്ള വരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. എപ്പോഴും തനിക്ക് ഈ രാധാകൃഷ്ണ ഭക്തി ഉണ്ടാകാന്‍ അനുഗ്രഹിക്കണം എന്നു പ്രാര്‍ത്ഥിച്ചു നമസ്കരിച്ചു.ഇപ്പോള്‍ സ്മരിച്ചാലും ഉടന്‍തന്നെ വരാം എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകതിലേക്ക് തിരിച്ചു പോയി.

ഒരിക്കല്‍ ശ്രീ മഹാദേവനില്‍ നിന്നും ഗോലോകത്തെയും, ശ്രീ രാധാകൃഷ്ണന്മാരേയും കുറിച്ച് അറിഞ്ഞ ശ്രീ പാര്‍വതിക്ക് രാധാകൃഷ്ണന്മാരുടെ മനോഹര രൂപം കാണുവാന്‍ അതിയായ ആഗ്രഹം തോന്നി. അതറിഞ്ഞ മഹേശ്വരന്‍ ഒന്നും പറയാതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ശ്രീ പാര്‍വ്വതിയാകട്ടെ രാധാകൃഷ്ണ സ്മരണയില്‍ മുഴുകി കഴിഞ്ഞു.

ഒരുദിവസം പരശുരാമന്‍ തന്‍റെ ഗുരുവായ ശ്രീ പരമേശ്വരനെ ദര്‍ശിക്കാന്‍ കൈലാസത്തില്‍ എത്തി .എന്നാല്‍ അച്ഛന്‍ വിശ്രമിക്കുകയാണെന്ന് പറഞ്ഞു വിനായകനും,മുരുകനും അദ്ദേഹത്തെ തടഞ്ഞു. അവര്‍ തമ്മില്‍ വക്കുതര്‍ക്കമായി. ഗണപതി തന്‍റെ തുമ്പിക്കരം കൊണ്ടു മഹര്‍ഷിയെ എടുത്തു വട്ടം ചുഴറ്റി. കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട പരശു എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു. മഴുവിനാല്‍ ഗണപതിയുടെ ഇടതു കവിളും കൊമ്പിന്‍റെ പകുതിയും മുറിഞ്ഞുപോയി. ചോരപുരണ്ട കൊമ്പ് നിലത്തു വീണാല്‍ ബ്രഹ്മാണ്ഡം തന്നെ നശിക്കും എന്നറിയാവുന്ന പരശുരാമന്‍, ആ കൊമ്പിന്‍ കഷ്ണം നിലത്തു വിഴുന്നതിനു മുന്‍പ്തന്‍റെ കയ്യില്‍ പിടിച്ചു.

ഈ ബഹളങ്ങളെല്ലാം കേട്ടു പര്‍വതിപരമേശ്വരന്മാര്‍ അവിടേക്ക് വന്നു.ശിവന്‍റെ ശിഷ്യ വാത്സല്യമറിയാവുന്ന ശിവ പാര്‍ഷദന്‍മാര്‍ പ്രതികരിച്ചില്ല. ദേവിയാകട്ടെ മകന്‍റെ ദുരവസ്ഥയില്‍ മനം നൊന്തു പറഞ്ഞു

"കിട്ടിലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്‍കിയനുഗ്രഹിക്കൂ
മകന്‍ പരിക്കേറ്റ് മരിക്കിലെന്ത്
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ
രാമന്‍ ജഗല്‍ സത്തമാണ്പോലും
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം"

എന്നിങ്ങനെ പലതും പറഞ്ഞു വെങ്കിലും ശ്രീ പരമേശ്വരന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ. പരശുരാമനാകട്ടെ മുറിഞ്ഞ കൊമ്പും കയ്യിലടക്കി നിലത്തു കിടക്കുകയാണ്. എന്തു നടക്കുമെന്ന് ആധിയോടെ എല്ലാവരും നില്‍ക്കുമ്പോള്‍ പരശുരാമന്‍ രാധാകൃഷ്ണന്മാരേ സ്മരിച്ചു. ആ നിമിഷം തന്നെ എല്ലാവരുടെയും ഹൃദയത്തെ പരമാനന്ദത്തിലാഴ്ത്തിക്കൊണ്ട് മനോഹരമായ വേണുഗാനം കൈലാസ ശൈലോപരിയില്‍ നിന്നും ഒഴുകി വന്നു.ചുരുക്കംചില ഋഷിശ്വരന്‍മാര്‍ക്ക് മാത്രം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായ ആ നാദമാധുരിയില്‍ സര്‍വ്വ ചരാചരങ്ങളും അലിഞ്ഞു നിന്നു.പുത്ര ദു:ഖത്താല്‍ കലങ്ങിയ മനസ്സുമായി നിന്ന പാര്‍വതി ദേവി എല്ലാം മറന്നു പരമാനന്ദത്താല്‍ രോമാഞ്ചമണിഞ്ഞു. എല്ലാം മറന്നു ആനന്ദസമാധിയില്‍ ലയിച്ചു.കൈലാസ വാസികള്‍ക്ക് കര്‍ണ്ണാമൃതമായികേട്ട ആ മുരളിനാദത്തിനു പിന്നാലെ കണ്ണുകള്‍ക്ക് ഉത്സവമായി ആകാശമണ്ഡലത്തില്‍ കാണപ്പെട്ട ഒരു തേജസ്സ് അവരുടെ മുന്നിലേക്ക് മന്ദം മന്ദം ഒഴുകി വന്നു.കണ്ടാലും കണ്ടാലും മതിവരാത്ത ആ പ്രഭാപൂരത്തില്‍ പരസ്പരപ്രേമത്തിന്‍റെമികവുറ്റ രൂപമായ ഒരത്ഭുതാംഗനും,അത്ഭുതാംഗിയും ആയിരുന്നു.കാര്‍മേഘ കന്തിയുള്ള ശരിരമുള്ളവനും,ഒടക്കുഴലോട്കൂടി തിളങ്ങുന്ന പാണികള്‍ ഉള്ളവനും,മനോഹരായ നീല കുന്തളത്തില്‍ മയില്‍പ്പിലി ചൂടിയവനും,ആരെയും മയക്കുന്ന മന്ദഹാസം പോഴിക്കുന്നവനുമായ അത്ഭുതാത്മാവ്.കൂടെ ചമ്പക പൂ തോല്‍ക്കുന നിറത്തോട് കൂടിയവളും ,ഇളം വെയിലില്‍ വിടര്‍ന്ന താമര പോലുള്ള പൂമുഖത്തോട് കൂടിയവളും,പവിഴ കാന്തിയുള്ള ഉടയാട ധരിച്ചവളും ഒരുകയ്യില്‍ താമരപ്പൂവും,മറു കയ്യില്‍ വല്‍ക്കണ്ണാടിയും ധരിച്ച അത്ഭുതാംഗി. എല്ലാവരും വിസ്മയിച്ചു നില്‍ക്കെ സുസ്മേരവദനനായി മഹാദേവന്‍ പറഞ്ഞു.
"മുരന്തക,ശ്രീധര,ദേവി രാധികേ, വരാം വരാം സ്വാഗതം!"
ഇതു കേട്ട എല്ലവര്‍ക്കും തങ്ങളുടെ മുന്‍പില്‍ സാക്ഷാല്‍ രാധാകൃഷ്ണന്മാരാണെന്നു മനസ്സിലായി വീണുവീണു നമിച്ചു.
രധാദേവി തന്‍റെ ഇടതു കയ്യാല്‍ ഗണപതിയുടെ കവിളില്‍ തലോടിയപ്പോള്‍ മുറിവെല്ലാം ഇല്ലാതായി. (ദേവിയുടെ ഇടതുകയ്യില്‍ അമൃതുണ്ട്.) പിന്നിട് പരശുരാമനെ എഴുന്നേല്‍പ്പിച്ചു ഗണപതിയുമായി പിണക്കം മതിയാക്കി പരസ്പരം കൈകൊടുക്കാന്‍ ആവശ്യപ്പെട്ടു. കൈകൊടുക്കുന്നതിനിടയില്‍ തന്‍റെ കയ്യിലിരുന്ന കൊമ്പ് പരശുരാമന്‍ ഗണപതിയെ ഏല്‍പ്പിച്ചു.ലോകനന്മക്കായി ട്ടാണ് ഇതെല്ലം സംഭവിച്ചത്. മാത്രമല്ല പാര്‍വതി ദേവിയുടെ ആഗ്രഹം സാധിക്കുവാന്‍ വേണ്ടി കൂടിയാണ് ഇതെല്ലാം സംഭവിച്ചത്,ഈ കൊമ്പ് പിന്നിട് പ്രയോജനമായിത്തീരും എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകത്തെക്ക് യാത്രയായി. പിന്നിട് ഭാഗവതമെഴുതുന്ന വേളയില്‍ എഴുത്താണി ഒടിഞ്ഞപ്പോള്‍ ഈ കൊമ്പുകൊണ്ടാണത്രേ മുഴുവന്‍ എഴുതി തീര്‍ത്തത്.

ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ... രാധേ ..രാധേ..രാധേ..രാധേ..

ശ്രീകൃഷ്ണന്‍റെ (28) നാമങ്ങള്‍


ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു.

"അല്ലയോ കൃഷ്ണ! എണ്ണമറ്റ അങ്ങയുടെ തിരുനാമങ്ങള്‍ ഉള്ളതില്‍ ഏതു നാമമാണ് അങ്ങേയ്ക്ക്‌ ഏറ്റവും പ്രിയമായിട്ടുള്ളത്?"

സ്വതസിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു.

"ഹേ!അര്‍ജ്ജുനാ പരമപ്രേമത്തോടെ ഭക്തര്‍ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ.എന്നാൽ ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം.

" എന്‍റെ 28നാമങ്ങള്‍ ഏറ്റവും ശ്രേഷ്ഠവും എനിക്കു പ്രിയപ്പെട്ടതുമാണ് ".

ഈ നാമങ്ങള്‍ മൂന്ന് സന്ധ്യകളിലും അമാവാസി ,ഏകാദശി,എന്നീ ദിവസങ്ങളിലും ഭക്തിയോടു കൂടി ജപിക്കുന്നവന് എന്നില്‍ നിഷ്കാമമായ പ്രേമം ഉണ്ടാകാനും എന്നില്‍ ഐക്യമുണ്ടാകുവാനും സാധിക്കും.കലികാലത്ത് ഈ നാമങ്ങള്‍ക്ക് വളരെ പ്രാധാന്യം ഉണ്ട്. കാരണം കലിയില്‍ നാമജപം കൊണ്ട് വളരെ പെട്ടെന്ന് മുക്തി സംഭവിക്കുന്നു.

മത്സ്യം കൂര്‍മ്മം വരാഹം ച
വാമനം ച ജനാര്‍ദ്ദനം
ഗോവിന്ദം പുണ്ഡരീകാക്ഷം
മാധവം മധുസൂതനം
പത്മനാഭം സഹസ്രാക്ഷം
വനമാലി ഹലായുധം
ഗോവര്‍ധനം ഹൃഷികേശം
വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം
രാമം നാരായണം ഹരി
ദാമോദരം ശ്രീധരം ച
വേദാoഗo ഗരുഡദ്വജം
അനന്തം കൃഷ്ണഗോപലം
ജപതോ നാസ്തി പാതകം

വില്വമംഗലം സ്വാമിയും കുറൂറമ്മയും


വലിയ കൃഷ്ണ ഭക്തനായിരുന്ന വില്വമംഗലം സ്വാമിക്ക് , ഭഗവാൻ കൃഷ്ണനെ അദ്ദേഹം ആഗ്രഹിക്കുന്ന രൂപത്തിൽ കാണാൻ കഴിയുമായിരുന്നു.വില്വമംഗലം സ്വാമിയുടെ ഒരു ബന്ധുവാണ് കൃഷ്ണ ഭക്തയായ കുറൂറമ്മ. കുറൂറമ്മയുടെ നിർമ്മലമായ ഭക്തിയിൽ ഭഗവാൻ കൃഷ്ണന് ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു ഇതു പലപ്പോഴും വില്വമംഗലത്തിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
എപ്പോഴും തന്റെ ആരാധനയ്ക്ക് ശേഷം വില്വമംഗലം സ്വാമിക്ക് കൃഷ്ണ ദർശനം ഉണ്ടാവാറുണ്ട് .ഒരു ദിവസം വില്വമംഗലത്തിന്റെ പൂജയ്ക്ക് ശേഷം കൃഷ്ണ ഭഗവാൻ ഒരു ചെറിയ കുട്ടിയുടെ രൂപത്തിൽ പതിവിലും വൈകി വന്നു , ദേഹത്ത് മുഴുവൻ മണ്ണും ചെളിയുമായിരുന്നു.എന്ത് സംഭവിച്ചു എന്ന വില്വമംഗലത്തിന്റെ ചോദ്യത്തിന് ഭഗവാന്റെ ഉത്തരം , വികൃതി കാണിച്ചതിന് കുറൂറമ്മ തന്നെ ഒരു പഴയ ഭരണിയിൽ ഇട്ടു അടച്ചു വെച്ചൂ എന്നായിരുന്നു. കുട്ടികൾ ഇല്ലാത്ത കുറൂറമ്മയുടെ കൂടെ സാക്ഷാൽ കൃഷ്ണ ഭഗവാൻ ഒരു കുട്ടിയുടെ രൂപത്തിൽ വന്നു സ്വന്തം മകനെ പോലെ ഇടപഴകുമായിരുന്നു .സ്വന്തം മകൻ അമ്മയ്ക്ക് സഹായിക്കുന്നതുപോലെ വീട്ടിലെ പല കാര്യങ്ങളിലും കുറൂറമ്മയെ കൃഷ്ണ ഭഗവാൻ സഹായിച്ചിരുന്നു.
ഒരു ദിവസം കുറൂറമ്മ ,വില്വമംഗലം സ്വാമിയേ വിരുന്നിനായി ക്ഷണിച്ചു.സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാന്റെ സഹായത്തോടെ നല്ല ഒരു വിരുന്ന് തയ്യാറാക്കി ,സ്വയം ആഹാരം കഴിക്കാതെ കുറൂറമ്മ വില്വമംഗലത്തിനെ പ്രതീക്ഷിച്ച് ഇരുന്നു.വിരുന്നിനു വരാം എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു വില്വമംഗലം സ്വാമി കൃഷ്ണാരാധനയിൽ മുഴുകി പോയി.ആരാധനയ്ക്ക് ശേഷം സാധാരണ പതിവായി വരാറുള്ള കൃഷ്ണ ഭഗവാനെ സ്വാമിക്ക് അന്ന് ദർശിക്കാനായില്ല.പിറ്റേ ദിവസവും വില്വമംഗലത്തിന് കൃഷ്ണ ദർശനം കിട്ടാതിരുന്ന വില്വമംഗലം സ്വാമി ,ഭഗവാനെ അന്വേഷിച്ചു നടക്കുന്നതിനിടെ," "തലേ ദിവസം സ്വാമി കുറൂറമ്മയുടെ വിരുന്നിന് പോകാത്ത കാരണം കുറൂറമ്മ അത്യധികം ദുഖിതയാണ്" എന്ന് ആരോ കാതിൽ പറയുന്നതായി തോന്നി വില്വമംഗലം സ്വാമി അപ്പോഴാണ്‌ അതിനെ കുറിച്ച് ഓർത്തത്‌ ,അദ്ദേഹത്തിന് തനിക്ക് പറ്റിയ അബദ്ധം മനസിലായി. അപ്പോൾ തന്നെ കുറൂറമ്മയുടെ വീട്ടിലേക്ക് പോയി ,കുറൂറമ്മയോട് മാപ്പ് അപേക്ഷിച്ചു.
നിർമ്മലവും നിഷ്കളങ്കവും ആയിരുന്നു കുറൂറമ്മയുടെ ഭക്തി.സാക്ഷാൽ ഭഗവാനെ പുത്ര ഭാവത്തിൽ ദർശിക്കാൻ സാധിച്ചത് മക്കൾ ഇല്ലായിരുന്ന കുറൂറമ്മയുടെ മാതൃ ഭാവം തുളുമ്പുന്ന മനസ്സിനാണ്‌ .നമ്മൾ ഏതു രൂപത്തിൽ ആണോ ഈശ്വരനെ ദർശിക്കാൻ ആഗ്രഹിക്കുന്നത് ആ രൂപത്തിൽ ഈശ്വരൻ നമ്മുടെ മുന്നിൽ എത്തും ,അതിനു വേണ്ടത് നിർമ്മലവും നിഷ്കളങ്കവുമായ ഭക്തി മാത്രമാണ്.

Wednesday, 2 September 2015

എന്താണ് ശ്രീ കൃഷ്ണ ഭഗവാനും ഓടക്കുഴലും തമ്മിലുളള ബന്ധം ? എന്തിനാണ് ഭഗവാന്‍ ഓടക്കുഴല്‍ വിളിക്കുന്നത് ?

ഓരോ ശ്രീ കൃഷ്ണ ഭക്തനും, അഥവാ ഭക്തയും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിത്. ഇക്കാര്യം അറിയില്ലെങ്കില്‍ ഒരു യഥാര്‍ത്ഥ ശ്രീ കൃഷ്ണ ഭക്തന്‍ എന്ന് സ്വയം പറയുവാന്‍ നിങ്ങള്‍ ഒട്ടും യോഗ്യനല്ല എന്ന് തീര്‍ത്തും പറയാം.

ഗോപാലനായ ഭഗവാന്‍ തന്റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്റെ ഓടക്കുഴല്‍ വിളിക്ക് ഒരു കാരണം ആയിരുന്നിരിക്കാം; പക്ഷെ ഇതിനെല്ലാം ഉപരിയായി ലൌകിക ജീവിതത്തില്‍ മാത്രം രമിച്ചു കഴിയുന്ന സാധാരണ മനുഷ്യന്റെ മനസ്സിനും ബുദ്ധിക്കും അനായാസേന എത്തിപ്പെടാന്‍ കഴിയാത്ത മഹത്തായ ഒരുപാട് തത്വങ്ങളും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു.

ഭഗവാന്റെ ഓടക്കുഴല്‍വിളി ശ്രവിക്കുന്ന പശുക്കള്‍ ആ ഓടക്കുഴല്‍വിളി ആസ്വദിച്ചുകൊണ്ട്‌ തന്നെ അവരുടെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അതായത് പുല്ലു തിന്നുന്നു; കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു; അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്നു; ഇണ ചേരുന്നു; ഇങ്ങനെ ഇവരുടെ എല്ലാ കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നത് ഭഗവാന്റെ ഓടക്കുഴല്‍ വിളി ശ്രവിച്ചുകൊണ്ട്‌; അതില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ്. മാത്രമല്ല, അവരുടെ ശ്രദ്ധ ഈ ഓടക്കുഴല്‍ വിളിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ എന്ത് കര്‍മ്മം ചെയ്യുമ്പോഴും അവര്‍ ആ നാദത്തിന്റെ അതിര്‍ത്തിവിട്ട് മറ്റെവിടേയും പോകുന്നില്ല. അക്കാരണത്താല്‍ തന്നെ അവര്‍ സര്‍വ്വഥാ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കുകയും ചെയ്യും.

ഇനി ഏതെങ്കിലും ഒരു പശു; ഈ നാദം ശ്രദ്ധിക്കാതെ, തന്റെ ഇഷ്ടത്തിന്; ഈ നാദത്തിന്റെ അതിര്‍ത്തി വിട്ടു പുറത്ത് പോയി എന്നിരിക്കുക. എന്ത് സംഭവിക്കും? ഒരിക്കലും തിരിച്ച് ഭാഗവാനിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഒരുപാട് കാലം ഒറ്റപ്പെട്ട് അലയേണ്ടി വന്നേക്കാം. അതിനിടെ മറ്റു ക്രൂര മൃഗങ്ങളോ മനുഷ്യരോ ആക്രമിച്ചു കൊന്നു എന്നും വരാം. ഏതായാലും അപകടം ഉറപ്പ്.

ഒമ്പത് ദ്വാരങ്ങള്‍ ആണ് ഒരു ഓടക്കുഴലില്‍ ഉള്ളത്. മനുഷ്യ ശരീരത്തിലും ഈ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ട്. "നവദ്വാരേ പുരേ ദേഹി" അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്നു. ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്റെ പ്രതീകം ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവായി, അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാരനാദം ആണ് ഭഗവാന്റെ ഓടക്കുഴല്‍ വിളി. ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ അടയാളമായ ഓംകാര നാദത്തില്‍ ശ്രദ്ധയെ ഉറപ്പിച്ചുകൊണ്ട്‌ വേണം; നാം ഏതു കര്‍മ്മവും അനുഷ്ടിക്കുവാന്‍...,. അങ്ങിനെ എപ്പോഴും ഭഗവാനില്‍ ശ്രദ്ധയുള്ള സുകൃതികളായ മനുഷ്യര്‍ സദാ ഓടക്കുഴല്‍ വിളി നാദത്തിന്റെ അതിര്ത്തിയ്ക്കുള്ളില്‍ മേയുന്ന പശുക്കളെപ്പോലെ എപ്പോഴും ഭഗവാന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കും. അല്ലാത്തവര്‍ ഭഗവാനില്‍ നിന്നും വേര്‍പ്പെട്ട് അനേക ജന്മങ്ങള്‍ അലയേണ്ടി വന്നേക്കാം; മാത്രമല്ല അവര്‍ എന്നും അപകടങ്ങളിലും ചതിക്കുഴികളിലും തുടര്‍ച്ചയായി അകപ്പെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യും.

ശ്രീ കൃഷ്ണ ഭഗവാനെ നാം പൂജാ മുറിയിലോ; ക്ഷേത്രങ്ങളിലോ പ്രതിഷ്ഠിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ആത്മാവായി നമ്മില്‍ സ്ഥിതി ചെയ്യുന്ന ഭഗവാനെ നാം എവിടെ പ്രതിഷ്ഠിക്കാന്‍? പക്ഷെ നാം ആരും ആ ഭഗവാനെ അറിയുന്നില്ല എന്നതല്ലേ സത്യം ? ആ ഭഗവാനെ അറിയുവാനും; സക്ഷാത്കരിക്കുവാനും എന്താണ് മാര്‍ഗ്ഗം ? ഭഗവാന്റെ ഓടക്കുഴല്‍ വിളിയായ പ്രണവനാദത്തെ സദാ സ്മരിക്കുക, ആ പ്രണവ നാദത്തില്‍ മാത്രം ശ്രദ്ധയോട് കൂടി സര്‍വ്വ കര്‍മ്മങ്ങളും അനുഷ്ഠിക്കുക. കേവലം നാല്‍ക്കാലികളായ ഭഗവാന്റെ പശുക്കള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ മനുഷ്യരായ നമുക്ക് കഴിയില്ല എന്നുണ്ടോ ? ഇനി അഥവാ തുടക്കത്തില്‍ ഇതിനു നിങ്ങള്ക്ക് കഴിയുന്നില്ല എങ്കില്‍ ഭഗവാനെ മൂര്‍ത്തീ രൂപത്തില്‍ ആരാധിക്കാവുന്നതാണ്. പക്ഷെ മൂര്‍ത്തി ഉപാസന ഭക്തിയിലേക്കുള്ള ആദ്യത്തെ ഒരു പടി മാത്രമാണ് എന്നറിയുക. പക്ഷെ ഏതെങ്കിലും വിവരദോഷികള്‍ പറയുന്നത് കേട്ട് വിഗ്രഹത്തില്‍ നിന്നും ''ഓടക്കുഴല്‍"'' എടുത്തു മാറ്റുന്നത് പോലെയുള്ള അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും ചെയ്യാതിരിക്കുക. അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല; സര്‍വ്വനാശം സംഭവിക്കുകയും ചെയ്തേക്കാം. ഓടക്കുഴല്‍ ഇല്ലാത്ത ശ്രീ കൃഷ്ണവിഗ്രഹം അപൂര്‍ണമാണ്. അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കര്‍മ്മങ്ങള്‍ തന്നെയും അപൂര്‍ണ്ണമാകാനേ സാദ്ധ്യതയുള്ളൂ. അതിനാല്‍ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങള്‍ ചെയ്യുന്നതിലും ഭേദം വിഗ്രഹം തന്നെ വേണ്ട എന്ന് വെക്കുന്നതാണ്. മനസ്സിന് ഒട്ടും ഏകാഗ്രത ഇല്ലാത്ത വ്യകതികള്‍ക്ക് മാത്രമേ ഒരു വിഗ്രഹം ആവശ്യമായി വരുന്നുള്ളൂ. വിഗ്രഹം ഒരു അടയാളം മാത്രമാണ്; അതുമായി ഈശ്വരന് യാതൊരു ബന്ധവുമില്ല എന്ന് അറിയുക.

മുകളില്‍ ചുരുക്കി വിവരിച്ച കാര്യങ്ങള്‍ താഴെപ്പറയുന്ന ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളുമായി താരതമ്യം ചെയ്ത്, മനനം ചെയ്ത് മനസ്സില്‍ ഉറപ്പിക്കുക.

ശ്രീമദ് ഭഗവദ് ഗീത 9 - 27&28 : ഹേ കുന്തീപുത്രാ, നീ എന്ത് ചെയ്യുന്നുവോ; എന്ത് ഭക്ഷിക്കുന്നുവോ; എന്ത് ഹോമിക്കുന്നുവോ; എന്ത് കൊടുക്കുന്നുവോ; എന്തിനു വേണ്ടി തപസ്സു ചെയ്യുന്നുവോ; അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടു കൂടി; ശ്രദ്ധയോട് കൂടി ചെയ്യുക. ഇപ്രകാരമായാല്‍ പുണ്യ-പാപ ഫലരൂപത്തിലുള്ള കര്‍മ്മവാസനാ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി; യോഗ യുക്തനായി പരമാത്മാവായ എന്നെ നീ പ്രാപിക്കും.