Sunday, 25 January 2015

നാമ ജപ ചിട്ടകള്‍

പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം.
2, നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.
3, സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.
അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.
4, കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.
5, മാന്തോല്‍, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.
6, ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.
7, മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.
8, നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
9, ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം.
10, ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍
വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.
11, ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.
12, ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.

സാധനകള്‍ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താല്‍ ഫലം ലഭിക്കുക തന്നെ ചെയ്യും

ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

പൊതുവായി പറഞ്ഞാല്‍ ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ്‌ ആ വ്യക്തിയുടെ ജന്മനക്ഷത്രം. 360ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ആ മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ നക്ഷത്രമായി നാം കണക്കിലെടുക്കുക. ജനനസമയത്
ത്‌ ചന്ദ്രന്‍ ചോതി നക്ഷത്രത്തിന്റെ മേഖലയിലാണെങ്കില്‍ ആ വ്യക്തി ചോതി നക്ഷത്രജാതനാകുന്നു. ഏകദേശം 27 ദിവസങ്ങള്‍ കൊണ്ടാണ്‌ രാശിചക്രത്തില്‍ ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നു. അങ്ങനെ 27 ദിവസത്തിലൊരിക്കല്‍ ഒരു വ്യക്തിയുടെ നക്ഷത്രത്തില്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ വ്യക്തിയുടെ നക്ഷത്രം.
ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യമാണുള്ളത്‌. ഒരു വ്യക്തിയുടെ ദശകാലനിര്‍ണ്ണയം ഇവയെ അടിസ്ഥാനമാക്കിയാണ്‌. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ്‌ ഒരു വ്യക്തിയുടെ ജീവിതം. അവന്റെ മാനസികവും ശാരീരികവുമായ തലങ്ങള്‍, യോഗഫലങ്ങള്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമായും രൂപപ്പെടുന്നത്‌. അതുകൊണ്ടുതന്നെ താന്‍ ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന ജന്മനക്ഷത്രദിവസത്തിന്‌ അനുഷ്ഠാനപരമായും ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെ മേഖലയിലും അതിയായ പ്രധാന്യമുണ്ട്‌. ദശാകാലത്തിന്റെ അടിസ്ഥാനം തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ്ജസ്വഭാവത്തിന്‌ ആ വ്യക്തിയുമായി ഒരു താദാത്മ്യം കാണുമെന്നത്‌ യുക്തിസഹമാണ്‌. അതുകൊണ്ടുതന്നെ ആ ദിനത്തില്‍ പ്രസ്തുത വ്യക്തി അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷി കൈവരുന്നു. മാസംതോറും വരുന്ന ജന്മനക്ഷത്രത്തില്‍ ശാന്തികര്‍മ്മങ്ങളും പൗഷ്ടിക കര്‍മ്മങ്ങളും ചെയ്യണമെന്ന്‌ പറയുന്നതിന്റെ അടിസ്ഥാനം ഇതുതന്നെ. ആട്ടപ്പിറന്നാളാകട്ടെ ജനിച്ച നക്ഷത്രത്തില്‍്ര‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തോടൊപ്പം സൂര്യന്‍ ജനനസമയത്രെ സൂര്യാസ്ഥിത രാശിയില്‍തന്നെ വീണ്ടും എത്തുന്ന ദിവസവുമാണ്‌. അതുകൊണ്ടുതന്നെ അതിന്‌ കൂടുതല്‍ പ്രാധാന്യം നാം കല്‍പ്പിക്കുന്നു. ഇങ്ങനെ 60 വര്‍ഷം കഴിയുമ്പോള്‍ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും വ്യക്തിയുടെ ജനനസമയത്തെ ഗ്രഹനിലയിലെത്തുന്നു. അതാണ്‌ ഷഷ്ടിപൂര്‍ത്തിയുടെ പ്രധാന്യം. ഇത്തരത്തില്‍ ചിന്തിച്ചാല്‍ മാസംതോറുമുള്ള ജന്മനക്ഷത്രത്തിന്‌ അനുഷ്ഠാനപരമായി നാം പ്രധാന്യം കല്‍പ്പിക്കേണ്ടതാണെന്ന്‌ മനസ്സിലാക്കാം. ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ്‌ അനുഭവം. പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.
ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. എന്തായാലും ഗ്രഹപ്പിഴാകാലങ്ങളില്‍ ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം.
ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌. വ്യക്തിയുടെ ദശാകാലം മറ്റുഘടകങ്ങള്‍ എന്നിവയനുസരിച്ച്‌ യുക്തിപൂര്‍വ്വം കര്‍മ്മങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യാവുന്നതാണ്‌. ഉദാഹരണമായി ജാതകന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ ആണ്ടുപിറന്നാളിന്‌ സരസ്വതീപൂജയോ, വിദ്യാഗോപാലമന്ത്രാര്‍ച്ചനയോ നടത്താം. ജാതകത്തില്‍ ആയുര്‍ദോഷമുള്ളവരും മറ്റു ഗ്രഹപ്പിഴകളുള്ളവരും ആണ്ടുപിറന്നാള്‍തോറും മൃത്യൂഞ്ജയഹോമം നടത്തുന്നത്‌ അതീവ ഫലപ്രദമാണ്‌. അനിഷ്ടസ്ഥാനത്ത്‌ നില്‍ക്കുന്നതോ മാരകത്വമുള്ളതോ ആയ ഗ്രഹങ്ങളുടെ ദശാകാലമാണെങ്കില്‍ ആണ്ടുപിറന്നാളിനെങ്കിലും മൃത്യൂഞ്ജയഹോമം പതിവായി ചെയ്യേണ്ടതാണ്‌. മൃത്യൂഞ്ജയഹോമം വിധിപ്രകാരം കര്‍മ്മപുഷ്ടിയുള്ള കര്‍മ്മിചെയ്താല്‍ അത്ഭുതകരമായ ഫലം ലഭിക്കുന്നതാണ്‌.
ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌.
ഏതു വ്യക്തിയുടേയും ദശാസന്ധികാലത്ത്‌ അപകടങ്ങളോ അശുഭഫലങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഒരുദശാകാലം തുടങ്ങുന്നതിന്‌ 6മാസം മുന്‍പുമുതല്‍ തുടങ്ങി 6 മാസക്കാലം വരെയുള്ള ഒരുവര്‍ഷം ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം, ഈശ്വരഭജനം എന്നിവ ആവശ്യമാണ്‌. ഇക്കാലത്ത്‌ വരുന്ന ജന്മനക്ഷത്രങ്ങളില്‍ അതാത്‌ ദശാനാഥന്മാരെ പൂജിക്കുന്നത്‌ നന്നായിരിക്കും. ഈ ഒരു വര്‍ഷക്കാലത്തുതന്നെ ആട്ടപ്പിറനാളുകളിലും ഗണപതിഹോമം, ഭഗവതിസേവ, ദശാനാഥന്‌ പൂജ തുടങ്ങിയവ സവിശേഷപ്രാധാന്യത്തോടെ നടത്തേണ്ടതാണ്‌. മാരകത്വം, അഷ്ടമബന്ധം, മറ്റു അശുഭത്വങ്ങള്‍ എന്നിവയുള്ള ദശാകാലങ്ങളുടെ സന്ധിയാണെങ്കില്‍ ഇക്കാലത്ത്‌ ജന്മനക്ഷത്രത്തില്‍ മൃത്യൂഞ്ജയ ഹോമവും നടത്തേണ്ടതാണ്‌.ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും.
ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെക്കൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും തിങ്കളെങ്കില്‍ ചന്ദ്രനെയു ചൊവ്വയെങ്കില്‍ കുജനെയും ബുധനെങ്കില്‍ ബുധനെയും വ്യാഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത്‌ ഉത്തമമാണ്‌.
ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌ ഐശ്വര്യപ്രദം..

തിങ്കളാഴ്ചവ്രതം

സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.

ഐതിഹ്യം

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതക
പ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.

അനുഷ്ടിക്കേണ്ട വിധം

തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

ശിവഭജനം

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.

'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.

നാഗങ്ങളുടെ ഉത്ഭവ കഥ

മഹാഭാരതം ആദിപര്‍വ്വത്തില്‍ നാഗങ്ങളുടെ ഉത്ഭവ കഥ വിവരിക്കുന്നുണ്ട്. ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ഒരാളായ മരീചിയുടെ പുത്രനാണ് അതിതേജസ്വിയായ കശ്യപന്‍. ദക്ഷപ്രജാപതിയുടെ പുത്രിമാരായ കദ്രുവും വിനിതയുമാണ് അദ്ദേഹത്തിന്റെ പത്നിമാര്‍. പത്നിമാരുടെ ശുശ്രൂഷയില്‍ സംപ്രീതനായ കശ്യപന്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വരം ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. ഉടനെ കദ്രു അതിശക്തിയോടുകൂടിയ ആയിരം നാഗങ്ങള്‍ തനിക്ക് പുത്രന്മാരായി ഉണ്ടാകണമെന്ന വരം ചോദിച്ചു. വിനിതയാകട്ടെ കദ്രുവിന്റെ മക്കളേക്കാള്‍ വീര്യവും പരാക്രമവും ഓജസ്സുമുള്ള രണ്ടു പുത്രന്മാരുണ്ടായാല്‍ മതി എന്ന വരമാണ് ചോദിച്ചത്. വരബലത്താല്‍ കദ്രു ആയിരം മുട്ടകള്‍ ഇടുകയും, അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവ വിരിഞ്ഞ് ആയിരം നാഗങ്ങള്‍ ഉത്ഭവിക്കുകയും ചെയ്തു. ക്ഷമയില്ലാത്ത വിനിത തന്റെ രണ്ട് മുട്ടകളില്‍ ഒന്ന് പൊട്ടിച്ച് നോക്കുകയും അതില്‍ നിന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയിട്ടില്ലാത്ത അരുണന്‍ പിറക്കുകയും ചെയ്തു. പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതുവരെ ക്ഷമിക്കാന്‍ കഴിയാത്ത വിനിതയെ അരുണന്‍ ശപിച്ചു. ഇനി മുതല്‍ കദ്രുവിന്റെ ദാസിയായി അഞ്ഞൂറുകൊല്ലം ജീവിക്കണമെന്നും, ഇനിയുള്ള അണ്ഡത്തില്‍ നിന്നും പുറത്തുവരുന്ന മകന്‍ അമ്മയെ ദാസ്യത്തില്‍ നിന്നും രക്ഷിക്കുമെന്ന് പറഞ്ഞ് ആകാശത്തിലേക്ക് ഉയര്‍ന്ന് ആദിത്യസാരഥിയായി പ്രശോഭിച്ചു. സമയമായപ്പോള്‍ രണ്ടാമത്തെ മുട്ട വിരിഞ്ഞ് ഗരുഡന്‍ പുറത്തുവന്നു. കദ്രു പുത്രന്മാരായ ആയിരം നാഗങ്ങളില്‍ നിന്നാണ് ഇന്ന് ലോകത്തില്‍ കാണപ്പെടുന്ന നാഗങ്ങളൊക്കെ ഉത്ഭവിച്ചത്

സാളഗ്രാമം

വിഷ്ണുവിന്റെ പ്രതിമ നിർമ്മിക്കുന്ന കല്ലാണ് സാളഗ്രാമം. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് ജന്മമെടുക്കേണ്ടിവരില്ലെന്നും അവർ സർവ്വഗുണങ്ങളും തികഞ്ഞവരായി തീരുന്നുവെന്നുമാണ്‌ ഹിന്ദുക്കളുടെ വിശ്വാസം. സ്ത്രീകൾ സാളഗ്രാമം തൊടുകയോ പൂജിക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്നും നിഷ്കർഷയുണ്ട്.

പത്തൊൻപത് വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ട് ‍-
ലക്ഷ്മിനാരായണം, ലക്ഷ്മിജനാർദ്ദനം,രഘുനാഥം, വാമനം, ശ്രീധരം, ദാമോദരം, രണരാമം, രാജരാജേശ്വരം, അനന്തം, മധുസൂദനം,സുദർശനം, ഗദാധരം, ഹയഗ്രീവം, നരസിംഹം, ലക്ഷ്മീനരസിംഹം, വാസുദേവം, പ്രദ്യുമ്നം, സങ്കർഷണം, അനിരുദ്ധം എന്നിങ്ങനെ.

പാലാഴിമഥനത്തിൽ അസുരന്മാർ തട്ടിക്കൊണ്ടു പോയ അമൃത്‌ തിരിച്ചെടുക്കാൻ മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിൽ പരമ ശിവൻ പുത്രോൽപാദനം നടത്തിയതിനെത്തുടർന്നു മോഹിനി ഛർദ്ദിച്ചപ്പോൾ ‍കണ്ടക(ഗണ്ഡക) എന്ന നദി ഉണ്ടായി. അതിൽ വജ്രദന്തം എന്ന പ്രാണികളും. അവ കളിമണ്ണുകൊണ്ടു കൂടുണ്ടാക്കി നദീതീരത്തു താമസ്സിച്ചു.വെള്ളപ്പൊക്കത്തിൽ പ്രാണികൾ നശിച്ചാലും ഉറപ്പേറിയ കൂടുകൾ നശിക്കില്ല. അവയുടെ നടുവിൽ ശ്രേഷ്ട ചിഹ്നങ്ങൾ രൂപപ്പെടും. വിഷ്ണുവിന്റെഛർദ്ദിയിൽ നിന്നുണ്ടായ ഈ കൂടുകളാണ്‌ സാളഗ്രാമങ്ങൾ.ശിവനും സൃഷ്ടിയിൽ പങ്കുള്ളതിനാൽ ശിവപൂജക്കും സാളഗ്രാമങ്ങൾ ഉപയോഗിക്കും സാളഗ്രമിൽ ഒരു ദ്വാരം കാണും.അതിലൂടെ നോക്കിയാൽ ഉള്ളിൽസർപ്പിള രേഖ കാണാം. അതിന്റെ എണ്ണവും സ്വഭാവവും അനുസരിച്ച്‌ ദശാവതാരങ്ങളിൽ ഏതിനെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കാം

പത്മവ്യൂഹം

മഹാഭാരതയുദ്ധം പതിന്നാലാം നാള്‍ അവസാനിക്കുമെന്നാണ് കൌരവര്‍ കരുതിയത്‌. കാരണം അന്ന് സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിച്ചില്ലാ എങ്കില്‍ താന്‍ അഗ്നി പ്രവേശം ചെയ്യുമെന്നാണല്ലോ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്. തലേനാള്‍ "ഒന്നരകൃഷ്ണന്‍-ഒന്നരപാര
്‍ത്ഥന്‍" എന്ന് ലോകര്‍ വിലയിരുത്തിയിരുന്ന ബാലനായ അഭിമന്യുവിനെ വെറും 6 മഹാരഥന്‍മാര്‍ ചേര്‍ന്ന് ചക്രവ്യൂഹത്തിനകത്ത് വധിച്ച സ്ഥിതിക്ക് 70 വയസായ പാര്‍ത്ഥനെ 90 ലക്ഷ
ം മഹാവീരന്മാരും അനേകം കോടി ചതുരംഗപ്പടയും ചേര്‍ന്ന് തീര്‍ച്ചയായും വധിക്കനാവും, അധവാ സാധിച്ചില്ലെങ്കില്‍ തന്നെ വേറെ രണ്ട് കാരണങ്ങള്‍ കൊണ്ടും അര്‍ജ്ജുനനു മരണം ഉറപ്പാണ്‌!(1) സൂര്യാസ്തമയം വരെ ജയദ്രഥനെ സംരക്ഷിച്ചാല്‍ മതി. (2) ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് വരബലവും ഉണ്ടല്ലോ! അതായത്‌ ഏതു സാഹചര്യത്തിലായാലും പാര്‍ത്ഥനു അന്ത്യമാണ് എന്ന് കൌരവര്‍ കരുതി.

അന്ന് നിലനിന്നിരുന്ന സേനാ വിന്യാസരീതി പ്രകാരം ദേവേന്ദ്രന് പോലും ഒരു പകല്‍ കൊണ്ട് നശിപ്പിക്കാനാവാത്ത ഒരു തരം പുതിയ വ്യൂഹരചനയാണ് ദ്രോണാചാര്യര്‍ ചെയ്തത്. പകുതി ശകടവ്യൂഹവും പകുതി പത്മവും ചേര്‍ന്ന ഒരു മഹാവ്യൂഹം നിര്‍മ്മിച്ചിട്ട് ആ പത്മത്തിന്‍റെ മുകുളത്തില്‍ അഭേദ്യമായ ഒരു ഗര്‍ഭഗൃഹവും ഗര്‍ഭത്തിനുള്ളില്‍ അപ്രാപ്യമായ ഒരു സൂചിവ്യൂഹവും സൂചിയും ഗര്‍ഭവും ചേരുന്ന സന്ധിയില്‍ ഏഴ് കോണുകള്‍ നിര്‍മ്മിച്ച് മദ്ധ്യകോണില്‍ ജയദ്രഥന്‍റെ രഥം നിറുത്തിയിട്ട് നാലുപാടും ആറു കോണുകളില്‍ പാര്‍ത്ഥനു തുല്യരോ മേലെയോ ആയ ആറു മഹാരഥന്മാരെ നിറുത്തി ആ മഹാവ്യൂഹം കണ്ട് ആചാര്യന്‍ സ്വയം മതിമറന്നുപോയി. സാക്ഷാല്‍ ദേവേന്ദ്രനും ദേവസേനയും എത്ര കഠിനമായി പരിശ്രമിച്ചാലും ഒരു പകല്‍ കൊണ്ട് ആ വ്യൂഹം തകര്‍ത്ത്‌ അതിനുള്ളില്‍ നില്‍ക്കുന്ന ജയദ്രഥനെ സ്പര്‍ശിക്കാന്‍ കഴിയില്ലാ എന്ന് വ്യക്തമായിരുന്നു. കൌരവസേന അത് ആഘോഷിക്കുകതന്നെ ചെയ്തു.

12 വിളിപ്പാട് നീളത്തിലും (6 യോജന =48 മൈല്‍) 5 വിളിപ്പാട് വീതിയിലും (രണ്ടര യോജന = 20 മൈല്‍) രചിച്ച ആ വ്യൂഹത്തില്‍ 30 ലക്ഷം മഹാവീരന്മാരും 60 ലക്ഷം മറ്റ് വീരന്മാരും അനേകം കോടി ചതുരംഗ സേനയും നിറഞ്ഞുനിന്നിരുന്നു. ശകട മുഖത്ത്‌ ദ്രോണാചാര്യരും സ്വന്തം സേനയും നിലയുറപ്പിച്ചപ്പോള്‍ ആചാര്യന്‍റെ ഇടത് ഖണ്ഡ ങ്ങളില്‍ ദുശാസനനും ദുര്‍മ്മര്‍ഷണനും വലതില്‍ ദുര്യോധനനും വികര്‍ണ്ണനും അനേകലക്ഷം സേനാബലത്തോടെ നിലയുറപ്പിച്ചു. ദ്രോണരുടെ പിന്നില്‍ ഭോജരാജാകൃതവര്‍മ്മാവും അദ്ദേഹത്തിന്‍റെ ഇടം - വലം വശങ്ങളില്‍ മറ്റനേകായിരം വീര യോദ്ധാക്കളും അണിനിരന്നിരുന്നു. പത്മത്തിന്‍റെ മുകുളത്തിനുള്ളിലെ ഗര്‍ഭഗ്രഹത്തില്‍ പിന്മാറാത്ത 21,000 കാലാള്‍ പടയും അവരെ സംരക്ഷിച്ച് 15,000 അശ്വസേനയും അവരെ കാത്ത്കൊണ്ട് 18,000 മദയാനകളും സദാ ചുറ്റിക്കറങ്ങികൊണ്ടിരുന്നു. അതിനകത്ത്‌ സൂചിഗ്രഹത്തില്‍ ജയദ്രഥന് ചുറ്റുമായി ഇടതു കോണുകള്‍ കാത്ത്‌ അശ്വത്ഥാമാവും, ശല്യരും, കൃപാചാര്യരും നിന്നപ്പോള്‍ വലതു ഭാഗം കാത്തത്, കര്‍ണ്ണനും, ഭൂരിശ്രവസ്സും, വൃഷസേനനുമാണ്. തന്‍റെ മഹാരഥത്തില്‍ അവരുടെ മധ്യത്തിലായി ജയദ്രഥന്‍ സ്വന്തം അംഗരക്ഷകരോടൊപ്പം അര്‍ജ്ജുനനെ കാത്തു നിന്നു.

ദേവേന്ദ്രനും ദേവസേനയും എത്താനാവാത്തിടത്ത് കൃഷ്ണനോടിക്കുന്ന പാര്‍ത്ഥരഥവും അവരെ കാക്കാന്‍ ആദ്യം സാത്യകിയും പിന്നീട് ഭീമസേനനും ഒറ്റത്തേരുകളില്‍ എത്തി! അപ്പോഴാണ് ദ്രോണരും കൌരവസേനയും മനസ്സിലാക്കിയത്‌ കൃഷ്ണന്‍ ദേവേന്ദ്രനും ദേവസേനക്കും മുകളിലാണെന്ന്!! ഈ പ്രപഞ്ചത്തിന്‍റെ സര്‍വേശ്വരനാണെന്ന്!! ബാക്കി 33 കോടി ദേവഗണങ്ങളും ആ പുണ്യാത്മാവിന്‍റെ അംശങ്ങളാണെന്ന്‍!!
സൂര്യാസ്തമയത്തിന് മുമ്പ് തന്നെ പാര്‍ത്ഥന്‍ ജയദ്രഥനെ വധിക്കുകയും ചെയ്തു

കാമധേനു

ഹിന്ദു വിശ്വാസമനുസരിച്ച് സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠ മഹര്‍ഷിയുടെ കൈവശമുള്ള പശുവാണ് കാമധേനു ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന ദിവ്യശക്തിയുള്ള പശുവാണിത്.പല അസുരന്മാരും ഇതിനെ സ്വന്തമാക്കാന്‍ ശ്രമിക്കുകയുണ്ടായി മഹാലക്ഷ്മി മുതല്‍ എല്ലാ ദേവന്മാരും ഗോമാതാവില്‍ വസിക്കുന്നു എന്നു ഹിന്ദുമത വിശ്വാസികള്‍ വിശ്വസിച്ചു വരുന്നു . ഉത്തര ഇന്ഡ്യയിലാകട്ടെ ഗോപൂജ മുതല്‍ ഗോക്കളെ വളരെയധികം സംരക്ഷിച്ചു വരുന്നുണ്ട് . സകല പൂജകള്‍ക്കും പശുവിന്റെ പാല്‍ , നെയ് , തൈര് , ചാണകം , ഗോമൂത്രം എന്നിവ ഉപയോഗിക്കുന്നു. ഈ അഞ്ചു പദാര്‍ത്ഥങ്ങള്‍ ഉപയൊഗിച്ചാണു പഞ്ചഗവ്യം ഉണ്ടാക്കുന്നത് പോലും .പാലിനാണു കൂടുതല്‍ പ്രാധാന്യം.അഭിഷേകത്തിനു പാല്‍ കൂടിയെ തീരു.പശുവിന്റെ ഉടലില്‍ എല്ലാദൈവങ്ങളും വസിക്കുന്നു . ഇതിന്റെ കുട്ടിയാണ് നന്ദിനിയെന്ന പശു

കാല ചക്രം

ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം (ദേവനാഗരി: युग) ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്റെ അവസാനയുഗമായ കലിയുഗത്തിന്റെ ആറാം സഹസ്രാബ്ദമാണ്. ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം. മഹാഭാരതത്തിലും ശ്രീമഹാഭാഗവതത്തിലും സൂര്യസിദ്ധാന്തത്തിലും 43,20,000 വർഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. ഇതനുസരിച്ച് കൃതയുഗം 17,28,000 വർഷവും ത്രേതായുഗം 12,96,000 വർഷവും ദ്വാപരയുഗം 8,64,000 വർഷവും കലിയുഗം 4,32,000 വർഷവും ആണ്. എന്നാൽ ആര്യഭടൻ തന്റെ ആര്യഭടീയത്തിൽ ഇതേ ചതുർയുഗങ്ങളെ 10,80,000 വർഷം വീതം തുല്യദൈർഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.

ഒരോ മഹായുഗത്തിലും കൃതയുഗം മുതൽ കലിയുഗം വരെയുള്ള ഒരോ യുഗത്തിലും ധർമ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധർമ്മസമ്പൂർണ്ണമാണ്. ത്രേതായുഗത്തിൽ ധർമത്തിന് മൂന്ന് പാദവും അധർമത്തിന് ഒരു പാദവും ഉണ്ട് . ദ്വാപരയുഗത്തിൽ ധർമത്തിനും അധർമത്തിനും ഈരണ്ട് പാദങ്ങൾ വീതമുണ്ട്. എന്നാൽ കലിയുഗത്തിൽ ധർമത്തിന് ഒരു പാദവും അധർമത്തിന് മൂന്ന് പാദവും ഉണ്ട്. അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഒരോ യുഗങ്ങളിലും 400 വർഷം, 300 വർഷം , 200 വർഷം, 100 വർഷം എന്ന രീതിയിൽ കുറഞ്ഞു വരികയും ചെയ്യും. അധർമം പെരുകി വരുന്ന കലിയുഗത്തിന്റെ അന്ത്യത്തിൽ ധർമ്മസംസ്ഥാപനത്തിന് മഹാവിഷ്ണു ദശാവതാരങ്ങളിലെ അവസാന അവതാരമായ കൽക്കിയായി അവതരിക്കുമെന്നും വിശ്വസിക്കുന്നു.

കൃതയുഗം:
നാലു യുഗങ്ങളിൽ ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. മത്സ്യം, 2. കൂർമ്മം, 3. വരാഹം), 4. നരസിംഹം.
ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.
കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്. കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.

ത്രേതായുഗം:
ചതുർയുഗങ്ങൾ രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. വാമനൻ, 2. പരശുരാമൻ, 3. ശ്രീരാമൻ).
പുരുഷനിൽ യൗവ്വനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.
പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവ്വനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.
ലോഹയുഗത്തിനും മുമ്പ് ശിലായുഗത്തിൽ ആയിരുന്നു ത്രേതായുഗം എന്ന് കരുതുന്നുവെങ്കിലും, ശാസ്ത്രം അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. മറ്റുയുഗങ്ങളിലേതു പോലെതന്നെ ത്രേതായുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ ഉണ്ടായിരുന്നതായി ഹൈന്ദവപുരാണങ്ങൾ സാക്ഷ്യം പറയുന്നു. ത്രേതായുഗത്തിൽ മഹാവിഷ്ണു രാമനായി ജനിച്ചുവെന്നും ധർമസംസ്ഥാപനം നടത്തിയെന്നും ഹൈന്ദവപുരാണേതിഹാസങ്ങൾ പറയുന്നു. ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.

ദ്വാപരയുഗം:
ചതുർയുഗങ്ങൾ മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. ബലരാമൻ, 2. ശ്രീകൃഷ്ണൻ) ഈ യുഗത്തിന്റെ നാഥൻ ദ്വാപരനാണ് സങ്കല്പം.
സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു. കൃതയുഗത്തിലെയും, ത്രേതായുഗത്തിലെയും പോലെതന്നെയാണ് ദ്വാപരയുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ. ഓരോ മന്വന്തരത്തിലെയും (എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ അഥവാ മഹായുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം). ദ്വാപരയുഗത്തിൽ മഹാവിഷ്ണുവിന്റെ അംശാവതാരമായി വ്യാസൻ അവതരിക്കുകയും വേദങ്ങൾ പകുക്കുകയും ഇതിഹാസപുരാണാദികൾ രചിക്കുകയും ചെയ്യുമെന്നാണ് ഹൈന്ദവ വിശ്വാസം. ദ്വാപരയുഗത്തിൽ നീതിന്യായങ്ങൾ തുലോം കുറഞ്ഞു പോയതായും ആ സ്ഥാനത്ത് അധർമ്മം നടമാടിയതായും രോഗങ്ങളും കഷ്ടതകളും മനുഷ്യർക്ക് കൃത, ത്രേതായുഗങ്ങളിലേതിനെക്കാൾ കൂടിയതായും പറയപ്പെടുന്നു. ഈ യുഗത്തിൽ മഹാവിഷ്ണു ധർമസംസ്ഥാപനത്തിനായി ശ്രീകൃഷ്ണനായി അവതരിച്ചു എന്ന് വിശ്വസിക്കുന്നു. ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.
ജ്യോതിഷപരമായി, ഗ്രഹങ്ങൾക്കെല്ലാം 'ഭൂമിക്കുചുറ്റും' പൂർണസംഖ്യാപരിക്രമണങ്ങൾ നടത്താൻ ആവശ്യമായ കാലയളവാണ് ഒരു ചതുർയുഗം അഥവാ മഹായുഗം. 43,20,000 വർഷംവരുന്ന മഹായുഗത്തെ 4 തുല്യഭാഗങ്ങളായി കണക്കാക്കുന്ന രീതിയാണ് ആര്യഭടൻ സ്വീകരിച്ചത്. ഇതനുസരിച്ച് ഓരോ യുഗത്തിലും 10,80,000 വർഷംവീതം വരും. വർഷത്തിന്റെ നീളം 365 ദിവസം 6 മണിക്കൂർ 12 മിനിറ്റ് 35.56 സെക്കൻഡ് എന്നെടുത്താൽ (നിരയന വർഷം), പൂർണസംഖ്യാ സിവിൽ ദിനങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ കാലയളവാണ് ഒരു യുഗം എന്ന് 'ബയോട്ട്' എന്ന ചരിത്രകാരൻ കണക്കാക്കുന്നു. മഹാഭാരതത്തിലും സൂര്യസിദ്ധാന്തത്തിലും മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. അതനുസരിച്ച് കൃതയുഗം=17,28,000 വർഷവും, ത്രേതായുഗം= 12,96,000 വർഷവും, ദ്വാപരയുഗം= 8,64,000 വർഷവും, കലിയുഗം= 4,32,000 വർഷവും ആണ്.

കലിയുഗം:
ചതുർയുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.
ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. (കലിവർഷം 3102-ലാണ്‌ ക്രിസ്തുവർഷം ആരംഭിച്ചത്). മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാർഗ്ഗാരോഹണത്തിനുശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു