Friday, 20 February 2015

ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

ശ്രീകോവിലിനു മുന്നില്‍ തൊഴുകൈയോടെ, ഏകാഗ്രമായി അയാള്‍ പ്രാര്‍ത്ഥിച്ചു. "ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നല്കി എന്നെ അനുഗ്രഹിക്കണേ…" പ്രാര്‍ത്ഥന കഴിഞ്ഞ് സംതൃപ്തിയോടെ അയാള്‍ പുറത്തേക്കു വന്നു. ഗോപുരവാതിലില്‍ ഇട്ടിരുന്ന ചെരുപ്പ് കാണാനില്ല. എല്ലായിടത്തും നോക്കി. വിലയേറിയ ചെരുപ്പ് മോഷണം പോയതാണെന്ന് അതോടെ ഉറപ്പായി.

അയാള്‍ കോപത്തോടെ അമ്പലത്തിനകത്തേക്കു വീണ്ടും കയറി. ശ്രീകോവിലിനു മുന്നിലെത്തി. കോപത്തോടെ പറഞ്ഞു, "ദൈവമേ, എന്റെ ചെരുപ്പു പോലും സംരക്ഷിക്കാന്‍ കഴിയാത്ത അവിടുന്നാണോ എനിക്ക് ആരോഗ്യവും സമ്പത്തും തന്ന് അനുഗ്രഹിക്കാന്‍ പോകുന്നത്."

അയാള്‍ വീണ്ടും അമ്പലത്തില്‍ നിന്നും പുറത്തിറങ്ങി. അപ്പോള്‍ ഗോപുരവാതിക്കല്‍ കണ്ട കാഴ്ച അയാളെ വല്ലാതാക്കി. ഇരു കാലുകളും നഷ്ടപ്പെട്ട ഒരാള്‍ നിരങ്ങി നിരങ്ങി നീങ്ങുകയാണ്. ഉരയുമ്പോഴുള്ള വേദന മുഖത്തു കാണാം.

അയാള്‍ ഉടന്‍ ക്ഷേത്രത്തിനകത്തു കയറി.

പശ്ചാത്താപവിശനായി, തൊഴുകൈയോടെ ഇടറും തൊണ്ടയോടെ മാപ്പിരുന്നു,"പ്രഭോ… ക്ഷമിക്കണേ… എനിക്ക് ചെരുപ്പ്… ഈ രണ്ടു കാലുകളും ആരോഗ്യത്തോടെ നല്കിയതിന് നന്ദി… നന്ദി…"

നമുക്കില്ലാത്തതിനെ കുറിച്ച് പരാതിപ്പെടാനും ദുഃഖിക്കാനും സമയം കളയരുത്. ഈശ്വരകൃപയാല്‍ നമുക്കിപ്പോള്‍ ഉള്ളതിനെ ഓര്‍ത്ത് സന്തോഷിക്കുക. നമ്മുടെ ഭാഗ്യം സ്വയം തിരിച്ചറിയുക. പ്രാര്‍ത്ഥിക്കാതെ തന്നെ നമുക്കാവശ്യമുള്ളതെല്ലാം ഈശ്വരന്‍ നല്കിക്കൊണ്ടിരിക്കുന്നു. നാം പ്രാര്‍ത്ഥനയിലൂടെ ആവശ്യങ്ങള്‍ അറിയിക്കുകയല്ല വേണ്ടത്; ഈ നിമിഷം വരെ ജീവിതം തന്നതില്‍ നന്ദി രേഖപ്പെടുത്തുകയാണ് വേണ്ടത്.

കടപ്പാട്: ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്

എല്ലാം നല്ലതിന്

ഒരു രാജ്യത്ത് വളരെ ഈശ്വരഭക്തനായ ഒരു രാജാവും അദ്ദേഹത്തിന് തികഞ്ഞ ഈശ്വരഭക്തിയോടുകൂടിയ ഒരു മന്ത്രിയുമുണ്ടായിരുന്നു ...എന്താപത്ത് വന്നാലും അതെല്ലാം ഈശ്വരാനുഗ്രഹമാണെന്ന് വിചാരിച് രണ്ടുപേരും സമാധാനമായി ജീവിച്ചു...കാലക്രമത്തില്‍ രാജാവ് മരിച്ചു...രാജകുമാരന്‍ രാജാവായി...അദ്ദേഹത്തിന് ഈശ്വരനില്‍ വലിയ വിശ്വാസമുണ്ടായിരുന്നില്ല ...ആപത്തുക്കള്‍ വരുന്നത് മനുഷ്യന്റെ ശ്രദ്ധക്കുറവുകൊണ്ടും ദൗര്‍ഭാഗ്യംകൊണ്ടുമാണെന്നാണ് അയാള്‍ പൂര്‍ണ്ണമായി വിശ്വസിച്ചു...മന്ത്രി അപ്പോഴും ഈശ്വരേച്ചകൊണ്ടുണ്ടാകുന്ന എന്തും നല്ലതിനാണെന്ന് തന്നെ വിശ്വസിച്ചു...

ഒരു ദിവസം രണ്ടുപേരും കൂടി നായാട്ടിനു പോയി..രാജാവിന്റെ കൈല്‍ ഒരു മുറിവ് പറ്റി ...അദ്ദേഹം മന്ത്രിയെ വിളിച്ചു കാണിച്ചു...മന്ത്രി ഉടനെ അതും നല്ലതിനുതന്നെ എന്നഭിപ്രായം പറഞ്ഞു...തന്റെ കൈ മുറിഞ്ഞത് നല്ലതിനാണെന്ന് പറയുന്ന മന്ത്രിക്ക് സ്നേഹം ഇല്ലാന്ന് വിചാരിച് കുപിതനായ രാജാവ് മന്ത്രിയെ ജയിലിലടയ്ക്കുവാന്‍ കല്‍പ്പിച്ചു...നാല് ദിവസം കഴിഞ്ഞ് രാജാവ് വീണ്ടും നായാട്ടിനു പോയി...അപ്പോഴാണ്‌ ചില കാപാലികന്മാര്‍ വന്നു അദ്ദേഹത്തെ പിടികൂടിയത്...അമാവാസിദിവസംപാതിരയ്ക്ക് കാളിപൂജയ്ക്ക്ശേഷം ലക്ഷണമൊത്ത ഒരു പുരുഷനെ ബലി കൊടുക്കുകയാണെങ്കില്‍ ആഗ്രഹങ്ങളെല്ലാം സാധിക്കുമെന്നാണ് അവരുടെ വിശ്വാസം...അതിനു വേണ്ടി രാജാവിനെ കുളിപ്പിച്ച് ചുവന്ന പട്ടുടുപ്പിച്ച് ചെമ്പരത്തിപ്പൂമാലയണിഞ്ഞു കാളീക്ഷേത്രത്തില്‍ എത്തിച്ചു...തന്റെ മരണം അടുത്തിരിക്കുന്നു എന്നറിഞ്ഞ രാജാവ് ഭയം കൊണ്ട് മരവിച് കണ്ണുമടച് നിന്നു ...പൂജയ്ക്ക് ശേഷം ബലി നടത്തുവാനുള്ള പൂജാരി അടുത്ത് വന്നു രാജാവിന്റെ ദേഹം പരിശോധിച്ചപ്പോള്‍ കയ്യിലെ മുറിവ കണ്ടു ..ഈ ദേഹം ബലിക്ക് പറ്റിയതല്ലെന്ന് വിധിക്കുകയും ചെയ്തു..രാജാവിന് ജീവന്‍ വീണ്ടുകിട്ടി...തന്റെ കൈ മുറിഞ്ഞത് നല്ലതിനായിരുന്നുവെന്നു ബോധ്യപ്പെടുകയും ചെയ്തു..അകാരണമായി മന്ത്രിയെ ശിക്ഷിച്ചതില്‍ പശ്ചാത്തപിച്ച രാജാവ് കൊട്ടാരത്തില്‍ മടങ്ങിയെത്തി മന്ത്രിയെ വരുത്തി ക്ഷമായാചനം ചെയ്തു...എന്നിട്ട് ചോദിച്ചു ;എന്റെ കൈ മുറിഞ്ഞത് നല്ലതിനാണെന്ന് എനിക്ക് മനസ്സിലായി..കാരണം കൂടാതെ അങ്ങ് ഒരാഴ്ച ജയിലില്‍ കിടന്നു വിഷമിച്ചത് എന്തിനായിരുന്നു..? അതെങ്ങനെയാണ്‌ നല്ലതിനാകുന്നത് ?മന്ത്രി മറുപടി പറഞ്ഞു...'അതും ഈശ്വരനിശ്ചയംകൊണ്ട് നല്ലതിനായിരുന്നു...ഇല്ലെങ്കി
ല്‍ അങ്ങയുടെ കൂടെ ഞാനും നായാട്ടിനുപോരും ...നമ്മളെ രണ്ടുപേരെയും കാപാലികന്മാര്‍ പിടിക്കും...അങ്ങയെ വിട്ടയ്ക്കുംബോള്‍ പിന്നെ എന്നെയാണ് ബാലികൊടുക്കുക ...അതില്ലാതായത് എന്നെ ജയിലില്‍ ഇട്ടതുകൊണ്ടല്ലേ..?..എല്ലാം നല്ലതിനാണെന്ന് രാജാവിനു ബോധ്യം വന്നു...

നമുക്ക് എന്തെങ്കിലും ഒരു ആപത്ത് വരുമ്പോഴേക്കും നാം വല്ലാതെ വിഷമിക്കുന്നു...വാസ്തവത്തില്‍ അതെല്ലാം നമുക്ക് നല്ലതിനാകുന്നു..ഈശ്വരന്റെ ഓരോ അനുഗ്രഹമാകുന്നു എന്ന വിചാരം അത് സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു...ഒരു ആഭരണപണിക്കാരന്‍ സ്വര്‍ണ്ണം തീയിലിട്ട് ഉരുക്കുകയും വെള്ളത്തില്‍ മുക്കുകയും ചെയ്യുമ്പോലെയാണ്
ഈശ്വരന്‍ നമ്മുടെ ഹൃദയമാകുന്ന കനകത്തെ ദുഖാഗ്നിയിലെക്ക് തപിപ്പിക്കുകയും മിഴിനീരിലിട്ട് മുക്കുകയും ചെയ്യുന്നത്..സാധാരണ മനുഷ്യര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അതെന്തിനാണെന്ന് അറിയുവാനുള്ള കഷമയില്ലെന്നു മാത്രം..സമ്പത്തെന്നപോലെ വിപത്തും ഈശ്വരാനുഗ്രഹമാണെന്ന് വിചാരിച്ച് സന്തുഷ്ടചിത്തരായിരിക്കയാണ്വേണ്ടത്..ഇതാണ് ഒരു യാഥാര്‍ത്ഥ ഭക്തന്റെ സ്വഭാവം...

ഹൃദയവാസിയായ ഈശ്വരന്‍ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

പ്രശസ്തമായൊരു ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍അദ്ദേഹത്തിന് ഒരാഗ്രഹം. ഒരു ഗണപതി വിഗ്രഹം വാങ്ങണം. അദ്ദേഹം കടകള്‍ കയറി ഇറങ്ങി. മനസ്സിനിഷ്ടപ്പട്ട ഒരു വിഗ്രഹം തിരഞ്ഞെടുത്തു. ഹോട്ടല്‍ മുറിയില്‍ ചെന്ന് വീട്ടിലേക്ക് തിരിച്ചു പോകാനായി പെട്ടി ഒതുക്കിയപ്പോഴാണ് വിഗ്രഹം അതില്‍ കൊള്ളുകയില്ലെന്നറിഞ്ഞത്. അദ്ദേഹം തിരിച്ച് കടയിലെത്തി.

“ഇത് പെട്ടിയില്‍ കൊള്ളുകില്ല; കുറച്ചു ചെറുത് മതി” കടയുടമ ചെറിയൊരു വിഗ്രഹം കൊടുത്തു വിട്ടു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ഒരാള്‍ പറ‍ഞ്ഞു: “എല്ലാവര്‍ക്കും ആവശ്യം തങ്ങളുടെ പെട്ടിയില്‍ ഒതുങ്ങുന്ന ഈശ്വരനെയാണ്.”

വലിയൊരു സന്ദേശം ഇതിലുണ്ട്. ഈശ്വരനെ അവിടുത്തെ സര്‍വ്വ വലിപ്പത്തോടും മേന്മയോടും കൂടി ഉള്‍ക്കൊളളുവാന്‍ തക്കവണ്ണം നമ്മുടെ മനസ്സ് വിശാലമാക്കി നാം സ്ഥാനം കൊടുക്കുന്നില്ല. മറിച്ച് നമ്മുടെ സങ്കുചിതമായ, ഇടുങ്ങിയ മനസ്സില്‍ ഈശ്വരനെ ചെറുതാക്കി, ‘അംഗഭംഗം’ വരുത്തി പ്രതിഷ്ടിക്കുകയാണ് നാം. അങ്ങനെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈശ്വരന് അനുഗ്രഹിക്കാനുള്ള ശക്തി ഉണ്ടാകുമോ? തീര്‍ച്ചയായും ഇല്ല. ഈശ്വരനെ അവിടുത്തെ സമസ്തപ്രഭാവത്തെടും കൂടി ഹൃദയത്തില്‍ ഉറപ്പിക്കുക. അപ്പോള്‍ നാം ലോകം മുഴുവനും ഉള്‍ക്കൊള്ളാനാകും വിധം വളരുന്നതറിയാം

"തന്നോടൊപ്പം നടക്കുന്ന ദൈവം..."

ഒരു കച്ചവടക്കാരന്‍ എന്നും വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്ത്‌ പതിവായി നടക്കുമായിരുന്നു...
പതിവായുള്ള ആ പ്രവര്‍ത്തിക്കിടയില്‍ അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചു .കടല്‍ തീരത്ത് തന്റെതല്ലാതെ മറ്റൊരു അദൃശ്യമായ മറ്റൊരു കാല്‍പാട് കൂടി ഉണ്ടെന്ന കാര്യം .!!അത് ദൈവത്തിന്റെ കാല്‍പ്പാടു ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.പിന്നീട് അയാള്‍ തന്റെ ആകുലതകളും സന്തോഷങ്ങളും പങ്കുവച്ചു. അദേഹത്തിന്റെ ദിനങ്ങള്‍ ആഹ്ലാദം നിറഞ്ഞതായി. ജീവിതത്തിനു പുതിയ മാനങ്ങള്‍ കൈവന്നു. ബിസ്സിനെസ്സ് അതിന്റെ പരകോടിയിലെത്തി പുത്രന്മാര്‍ നല്ലനിലയില്‍
എത്തി .!!!

എന്നാല്‍ പെട്ടൊന്നോരുനാല്‍ ദൈവത്തിന്റെ കാല്‍പ്പാടുകള്‍ അപ്രത്യക്ഷമായി സ്വന്തം കാല്‍പ്പാടു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു ..അതിനു ശേഷം ബിസ്സിനെസ്സ് തകര്‍ന്നു,ഭാര്യ രോഗിണിയായി ,മകന്‍ അപകടത്തില്‍ പെട്ട് ശയ്യാവലംബി ആയി.!!

എന്നാല്‍ അയാള്‍ പ്രശ്നങ്ങളെ ധീരമായി നേരിട്ടു.!ബിസ്സിനെസ്സ് വീണ്ടും ലാഭത്തിലായി ജീവിതം നല്ല അവസ്ഥയിലേയ്ക്കു മടങ്ങിവന്നു ..പക്ഷെ അയാള്‍ ഒരിക്കലും തന്റെ കടല്‍ത്തീരത്ത്‌ കൂടിയുള്ള സവാരി ഒഴിവാക്കിയിരുന്നില്ല .ദൈവത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടില്ലെന്നു മാത്രം ..

എന്നാല്‍ പെട്ടോന്നോരുനാൾ വീണ്ടും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞു കാണുകയായി ..!! വളരെയധികം സങ്കടത്തോടും അതിലധികം പരിഭവത്തോടും അദ്ദേഹം ദൈവത്തോട് ചോദിച്ചു .."എന്റെ കഷ്ടകാല സമയത്ത് അങ്ങ് എവിടെയായിരുന്നു ....!!ആ സമയങ്ങളില്‍ ഒരിക്കല്‍ പോലും അങ്ങയുടെ കാല്‍പ്പാടുകള്‍ എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ .അപ്പോള്‍ ദൈവത്തിന്റെ ശാന്ത സ്വരത്തിലുള്ള ശബ്ദം അയാള്‍ക്ക്‌ കേള്‍ക്കായി ..."മകനെ നീ നിന്റെ കഷ്ട കാലങ്ങളില്‍ പതിഞ്ഞു കണ്ട കാല്പാടുകള്‍ നിന്റെതായിരുന്നില്ല അവ എന്റേതായിരുന്നു ...കാരണം നിന്റെ കഷ്ടകാല സമയങ്ങളില്‍ ഉടനീളം നിന്നെ ചുമലിലേറ്റി ഞാന്‍ നടക്കുകയായിരുന്നു"

കാര്യം കണ്ട് കഴിഞ്ഞാല്‍ കാണാത്ത മട്ടില്‍ പോകുന്നവരില്ലേ. എന്താണവരെക്കുറിച്ച് അഭിപ്രായം?



ചുട്ടുപഴുത്ത മണല്‍ പരപ്പിലൂടെ നടക്കുമ്പോഴാണ് അങ്ങകലെ ഒരു കൂറ്റന്‍ വൃക്ഷം കണ്ടത്. അയാള്‍ അതിയായ ആഹ്ലാദത്തോടെ മരചുവട്ടിലേക്ക് കുതിച്ചു.

മരച്ചുവട്ടിലെത്തിയപ്പോള്‍ സ്വര്‍ഗം കിട്ടിയാലെന്നപോലെ തോന്നി. കുറച്ചുനേരം തണലേറ്റപ്പോള്‍ തല തണുത്തു. കുളിര്‍മ്മയുള്ള നിഴല്‍ ഉന്മേഷം പകര്‍ന്നു. അയാള്‍ ആ വൃക്ഷം ശ്രദ്ധിച്ചു നോക്കി. ആ വിജനപ്രദേശത്ത് ആ ഒരൊറ്റ വ്യക്ഷം മാത്രമേയുള്ളൂ. നന്നായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷം. ഇതില്ലായിരുന്നെങ്കില്‍ വെയ‌ിലേറ്റ് താന്‍ മരിച്ചു പോകുമായിരുന്നു. അയാള്‍ അതിന്റെ ശിഖരങ്ങളിലൂടെ കണ്ണോടിച്ചു. പൂവോ, കായോ, പഴമോ,യാതൊന്നും അതില്‍ കണ്ടില്ല.
"ഉം…കഷ്ടം… ഒരു പ്രയോജനവുമില്ലാത്ത വൃക്ഷം. ഒരു കായ്പോലും പിടിച്ചിട്ടില്ല. ഇതു കൊണ്ട് എന്തു ഗുണം…?"

"ഇത്ര നന്ദികേടരുത്" പെട്ടെന്ന് ഒരു സ്വരം. അത് വൃക്ഷത്തിന്റേതായിരുന്നു. എന്റെ തണലിലുരുന്നല്ലേ, നീ പറയുന്നത്. ഈ തണല്‍ നിന്റെ ജീവന്‍ രക്ഷിച്ചില്ലേ. എന്നിട്ടും എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പറയാന്‍ നിനക്കെങ്ങനെ തോന്നി?"
എപ്പോഴെങ്കിലും, എന്നെങ്കിലും, ആരുടെയെങ്കിലും ചെറിയ സഹായമെങ്കിലും നാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, ഒരിക്കലും അവരെ നിന്ദിച്ചു പറയരുത്. കൃതഘ്നത മഹാപാപം തന്നെ.

മറ്റുള്ളവര്‍ നമ്മോട് നന്ദികേട് കാണിച്ചേക്കാം. പക്ഷേ അങ്ങനെയാകരുത്. മാത്രമല്ല നന്ദിപ്രതീക്ഷിച്ച് നാം ഒന്നിലും ഏര്‍പ്പെടുകയുമരുത് നമുക്ക് ചെയ്യാവുന്ന കാര്യം ഇതാണ്.

ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്

ജീവിതം ഒരു സ്വപ്നം തന്നെ

പണ്ട് ഒരു ഗ്രാമത്തില്‍ ഒരു ജ്ഞാനിയായ കൃഷിക്കാരനുണ്ടായിരുന്നു ..വീട്ടില്‍നിന്നു അല്‍പ്പം അകലെയുള്ള വയലില്‍ കൃഷി ചെയ്ത് അയാള്‍ ജീവിതവൃത്തി കഴിച്ചു...വിവാഹം കഴിഞ്ഞ് കുറേക്കാലം കഴിഞ്ഞാണ് അയാള്‍ക്ക് ഒരു കുട്ടിയുണ്ടായത്...കര്‍ഷകനും ഭാര്യയും ആ കുട്ടിയെ വളരെ സ്നേഹത്തോടുകൂടി ലാളിച്ചുവളര്‍ത്തി...കുട്ടിയെ ഓമനയായി അവര്‍ ഹാരുവെന്നാണ് വിളിച്ചിരുന്നത്...കര്‍ഷകന്‍ ജ്ഞാനിയായിരുന്നുവെങ്കിലും സ്വകര്ത്തവ്യനിര്‍വഹണത്തില്‍ ഒരു ഉപേക്ഷയും കാണിച്ചിരുന്നില്ല...ഗ്രാമീണര്‍
ക്കെല്ലാം അദ്ദേഹത്തെ വളരെ സ്നേഹവും ബഹുമാനവും ആയിരുന്നു..ഈ ലോകത്തിന്റെ നിസ്സാരതയേയും അനീതിയേയും കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിക്കുകയും പറയുകയും ചെയ്തിരുന്നു..എങ്കിലും ഹാരു അയാളുടെ സ്നേഹപാത്രമായിരുന്നു..

ഒരു ദിവസം അയാള്‍ വയലില്‍ ജോലിയെടുക്കുവാന്‍ പോയി...നേരം മധ്യഹ്നമായി അപ്പോള്‍ ഒരു അയല്‍ക്കാരന്‍ ഓടി വന്ന് ഹാരുവിന് കോളറ ബാധിച്ചിരിക്കുന്നുവെന്നും അവന്‍ അവശനിലയില്‍ കിടപ്പാണെന്നുമുള്ള വിവരം അറിയിച്ചു...കൃഷിക്കാരന്‍ ഉടനെ മടങ്ങിവന്ന് ചികിത്സക്കുവേണ്ടിയുള്ള ഏര്‍പ്പാടുകള്‍ ചെയ്തു...പക്ഷെ എല്ലാം നിഷ്ഫലമായി...ഹാരു മരിച്ചു...വീട്ടിലുള്ളവരെല്ലാം വലിയ ദുഖത്തിലാണ്ടു...ഹാരുവിന്റെ അമ്മ കരയാന്‍ തുടങ്ങി...കര്‍ഷകന്‍ മാത്രം ഒന്നും സംഭവിചിട്ടില്ലന്ന മട്ടില്‍ ശാന്തനായിരുന്നു..അയാള്‍ ഭാര്യയേയും മറ്റുള്ളവരെയും സമാധാനിപ്പിക്കാന്‍ തുടങ്ങി...

ഭാര്യ പറഞ്ഞു : നിങ്ങള്‍ എന്തൊരു ക്രൂരഹൃദയനാണ് ? ..നിങ്ങളുടെ ഹൃദയം പാറയാണോ ?..നമ്മുടെ ഓമനമകന്‍ മരിച്ചിട്ട് ഒരുതുള്ളി കണ്ണീരുപോലും വീഴുത്തുന്നില്ലല്ലോ ?..നമ്മുക്ക് ദുഃഖം വരുമ്പോള്‍ അനുശോചിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ദുഖത്തിന് ശമനമുണ്ടാകുക സ്വാഭാവികമാണല്ലോ...എന്നാല്‍ അനുശോചിക്കുന്നതിനു പകരം ജ്ഞാനിയായ കര്‍ഷകന്‍ പറഞ്ഞു..."പ്രിയേ ,ഇപ്പോള്‍ എനിക്ക് ഒരു സംശയം !..ഇതുകേട്ട് ഭാര്യ പൊട്ടിത്തെറിച്ചു...'ഇപ്പോഴാണോ നിങ്ങളുടെ സംശയം ..നമ്മുടെ ഓമന മകന്റെ മൃതദേഹം നിങ്ങള്‍ കാണുന്നില്ലേ ?..എന്താണ് നിങ്ങള്‍ക്ക് ഒരു ദുഖവും ഇല്ലാത്തത് ?

കൃഷിക്കാരന്‍ വിവരിച്ചു..: 'ഞാന്‍ ഇന്നലെ രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപ്നം കണ്ടു ..ആ സ്വപ്നത്തില്‍ ഞാന്‍ രാജാവായിരുന്നു..എനിക്ക് ഒരു രാജ്ഞിയും ആറു കുമാരന്മാരും ഉണ്ടായിരുന്നു...ആ രാജകുമാരന്മാരെല്ലാം നല്ല മിടുക്കന്മാരും ബുദ്ധിമാന്മാരുമായിരുന്നു ...അങ്ങനെ കൊട്ടാരത്തില്‍ സുഖമായി താമസിച്ചുകൊണ്ടിരിക്കുംബോഴാണ് ഞാന്‍ പെട്ടന്ന് ഉണര്‍ന്നത്..പിന്നീട് രാജകുമാരന്മാരുമില്ല രാജ്ഞിയുമില്ല കൊട്ടാരവുമില്ല..ഇപ്പോള്‍ എന്റെ സംശയം ഇന്നലെ രാത്രി മരിച്ചുപോയ ആറുകുട്ടികള്‍ക്കുവേണ്ടി കരയണമോ ,ഇപ്പോള്‍ മരിച്ച ഹാരുവിനുവേണ്ടി കരയണമോ എന്നാണു '...ഇത് കേട്ട് എല്ലാവരും അതിശയിച്ചു...

കൃഷിക്കാരന്‍ ഒരു ജ്ഞാനിയായിരുന്നതുകൊണ്ട് ഈ ജാഗ്രദവസ്ഥയും സ്വപ്നാവസ്ഥപോലെ അയഥാര്‍ത്ഥമാണെന്നു മനസ്സിലാക്കിയിരുന്നു..രണ്ടും മനസ്സിന്റെ സൃഷ്ടിയാണ്..ജാഗ്രദവസ്ഥയില്‍ ഈ സ്ഥൂലപ്രപഞ്ചം സൃഷ്ടിക്കുവാന്‍ മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായം കൂടി സ്വീകരിക്കുന്നു...സ്വപ്നാവസ്ഥയില്‍ അനുഭവപ്പെടുന്ന സൂക്ഷ്മപ്രപഞ്ചത്തെ മനസ്സ് അന്യസഹായം കൂടാതെ സൃഷ്ടിക്കുന്നുവെന്നേയുള്ളൂ...നിദ്രയില്‍ സ്വപ്നപ്രപഞ്ചത്തെ കാണുന്നതുപോലെ അജ്ഞാനനിദ്രയില്‍ സ്ഥൂലപ്രപഞ്ചത്തെയും കാണുന്നു...അജ്ഞാനനിദ്രയില്‍ ഉണര്‍ന്നു ജ്ഞാനപ്രകാശത്തിലെത്തുമ്പോള്‍ രണ്ടും മനസ്സിന്റെ സൃഷ്ടിയാകയാല്‍ അയഥാര്‍ത്ഥമാണെന്നു ബോധ്യപ്പെടുന്നു.. ഇതാണ് വേദാന്തസിദ്ധാന്തം 'ബ്രഹ്മസത്യം ജഗത് മിഥ്യ !

സഹവാസം കൊണ്ട് ഒരാളില്‍ മറ്റൊരാളുടെ സ്വഭാവം കടന്നു കൂടുമോ?


മഹാനായ ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടക്കുന്നു. പാണ്ഡവരും പാഞ്ചാലിയും ശ്രീകൃഷ്ണനും സമീപത്തുണ്ട്. വേദനാപൂര്‍ണമായകിടപ്പില്‍ കിടന്നു കൊണ്ട് ഭീഷ്മര്‍ ധര്‍മ്മോപദേശം നടത്തി.

പെട്ടന്ന് പാഞ്ചാലി അടക്കി ചിരിച്ചു . എല്ലാവരും സ്തബ്ധരായി. ഭീഷ്മര്‍ ചിരിയുടെ കാരണം തിരക്കി. പാഞ്ചാലിപറഞ്ഞു.

“പിതാമഹാ!ക്ഷമിക്കണം. അന്ന് കൗരവ സഭയില്‍ വച്ച് ഞാന്‍ അപമാനിതയായപ്പോള്‍ അങ്ങയുടെ ഈ ധര്‍മ്മബോധം എവിടെയായിരുന്നു?” അതോ അതിനുശേഷമാണോ ഈ ജ്ഞാനം ഉണ്ടായത്?”
ഭീഷ്മര്‍ പറഞ്ഞു;”മക്കളെ, നിന്റെ ചോദ്യം യുക്തം തന്നെ. ദുര്യോധനന്റെ കൂടെ കഴിഞ്ഞ്, അയാളുടെ ഭക്ഷണവും കഴിച്ച് ഞാന്‍ കാലം പോക്കിയപ്പോള്‍ എന്നിലെ ധര്‍മ്മബോധം മങ്ങിയിരുന്നു. ഇന്ന് അര്‍ജുനന്റെ ശരങ്ങളെറ്റ് ആ ഭക്ഷണം നല്കിയ ദുഷിച്ച രക്തമെല്ലാം വാര്‍ന്നു പോയി. അതോടെ സത്ബുദ്ധി ഉണര്‍ന്നു. അതാണ് കാരണം.”

ദുര്‍ജനങ്ങളുമായിട്ടുള്ള സഹവാസം ഏതു ജ്ഞാനിയുടെയും ബുദ്ധി മലിനമാക്കും എന്ന സത്യമാണ് ഈ സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്.

അദ്ധ്വാനത്തിന്റെ വില?



ഒരിക്കല്‍ അടുക്കളയ്ക്കു സമീപം, മുറ്റത്ത് ചിതറിക്കിടക്കുന്ന, അരി മണികള്‍ രമണമഹര്‍ഷിയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം വളരെ കാര്യമായി അവയോരോന്നും പെറുക്കിയെടുക്കാന്‍ തുടങ്ങി.
മഹാനായ ആ ത്യാഗിയുടെ പെരുമാറ്റത്തില്‍ അത്ഭുതം കുറിയ ഭക്തജനങ്ങള്‍ ചുറ്റിനു കൂടി. ജീവിതത്തില്‍ സര്‍വസുഖസൗകര്യങ്ങളും ഉപയോഗിച്ച ഇദ്ദേഹം കുറച്ച് അരിമണികള്‍ക്ക് വേണ്ടി കാണിക്കുന്ന തത്രപ്പാട് കണ്ട് ഒരാള്‍ തിരക്കി. "നമ്മുടെ കലവറയില്‍ എത്രയോ ചാക്ക് അരിയുണ്ട്. പിന്നെ അങ്ങ് ഇങ്ങനെ നുള്ളിപ്പെറുക്കേണ്ട കാര്യമുണ്ടോ?"
മഹര്‍ഷി പറഞ്ഞു.

"നിങ്ങള്‍ ഈ അരിമണിയേ കാണുന്നുള്ളൂ. ഈ അരിമണിയില്‍ സൂര്യന്റെ തേജസ്സുണ്ട്. മേഘങ്ങള്‍ വര്‍ഷിച്ച ജലബിന്ദുക്കളുണ്ട്. മാത്രമല്ല ഇത് ഈ രൂപത്തിലാക്കിയ ഒരു പറ്റം കര്‍ഷകരുടെ അദ്ധ്വാനവുമുണ്ട്. അതു കൊണ്ട് ഒരു മണി അരി പോലും നഷ്ടപ്പെടുത്തിക്കൂടാ.. നിങ്ങള്‍ക്കാവശ്യമില്ലെങ്കില്‍ പക്ഷികള്‍ക്ക് കൊടുക്കൂ… അദ്ധ്വാനത്തിന്റെ വില അറിഞ്ഞാല്‍ ഒന്നും നിസ്സാരമായി കളയാന്‍ കഴിയുകയില്ല."

ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം

ഒരിടത്തൊരു സാധു സ്ത്രീയുണ്ടായിരുന്നു. അവരെന്തു ചെയ്യുമ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറഞ്ഞുകൊണ്ടേ ചെയ്യാറുള്ളൂ. മുറ്റം അടിച്ചുവാരി, ചപ്പുചവറുകള്‍ കൂനയില്‍ നിക്ഷേപിക്കുമ്പോള്‍ അവര്‍ ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയും. ഓമനയായ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്ന് ഉറക്കെ പറയും. ഇവരുടെ വീടിന്റെ സമീപത്തായി ഒരു ക്ഷേത്രമുണ്ട്. ഈ സാധു സ്ത്രീയുടെ എപ്പോഴുമുള്ള ഈ ‘കൃഷ്ണാര്‍പ്പണമസ്തു’ അവിടുത്തെ പൂജാരിക്ക് ഒട്ടും ഇഷ്ടമല്ല. നിര്‍മാല്യ പൂജ മുതല്‍ അത്താഴ ശീവേലിവരെ ഭക്ത്യാദരപൂര്‍വം പൂജ നടത്തുന്ന പൂജാരിക്ക്, ഈ വാക്കുകള്‍ അരോചകമായി തോന്നി. ചപ്പുചവറുകള്‍ കളയുമ്പോള്‍ ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയുന്നത് അദ്ദേഹത്തിനു സഹിച്ചില്ല. പലപ്പോഴും ഈ സാധുസ്ത്രീയെ അദ്ദേഹം ശകാരിക്കാറുണ്ട്. പക്ഷേ അവര്‍ തിരിച്ചൊന്നും പറയാറില്ല.
ഒരുദിവസം ആ സ്ത്രീ മുറ്റത്തുകിടന്ന ചാണകമെടുത്തു പറമ്പിലേക്കെറിഞ്ഞു. അപ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയാന്‍ മടിച്ചില്ല. ആ ചാണകം ചെന്നുവീണത് ക്ഷേത്രമുറ്റത്താണ്. പൂജാരി അതു കണ്ടുനില്‍ക്കുകയായിരുന്നു. അയാള്‍ ദേഷ്യംകൊണ്ടു വിറച്ചു. ആ സ്ത്രീയുടെ കൈക്കു പിടിച്ചുകൊണ്ട് ക്ഷേത്ര മതില്‍ക്കകത്ത് കൊണ്ടുവന്നു. ക്ഷേത്രമുറ്റത്തു വീണ ചാണകം അവരെക്കൊണ്ടു നീക്കംചെയ്യിച്ചു. പറയാവുന്ന ചീത്ത വാക്കുകള്‍ പറഞ്ഞ് അവരെ വേദനിപ്പിച്ചു. "ഈ നാട്ടില്‍നിന്ന് നിങ്ങളെ ഞാന്‍ ഓടിക്കും എന്നു പറഞ്ഞു."
രാത്രി ഉറങ്ങാന്‍ കിടന്ന പൂജാരി അതിരാവിലെ ഉറക്കമുണര്‍ന്നു. ക്ഷേത്രനട തുറക്കാന്‍ പോകാന്‍ ശ്രമിച്ച അദ്ദേഹത്തിന് തന്റെ കൈ അനക്കാന്‍ കഴിയുന്നില്ല. കൈ പൂര്‍ണമായും തളര്‍ന്നു എന്നു പൂജാരിക്കു മനസ്സിലായി. അയാള്‍ ഉറക്കെ ഈശ്വരനെ വിളിച്ചു കരയാന്‍ തുടങ്ങി. പകല്‍ മുഴുവന്‍ വ്യസനിച്ചും വേദനിച്ചും അയാള്‍ കട്ടിലില്‍ കിടന്നു ഞരങ്ങി. അന്നു രാത്രിയില്‍ ഈശ്വരന്‍ സ്വപ്നത്തില്‍ വന്ന് പൂജാരിയോടു പറഞ്ഞു: "നീ തരുന്ന പാല്‍പ്പായസത്തേക്കാള്‍ എന്റെ ഭക്ത തന്ന ചാണകമാണ് എനിക്കു പഥ്യം. നീ ചെയ്യുന്നതു പൂജയല്ല. എന്നാല്‍ അവളുടെ ഓരോ പ്രവൃത്തിയും പൂജയാണ്. അങ്ങനെയുള്ള എന്റെ ഭക്തയുടെ മനസ്സ് വിഷമിച്ചാല്‍ ഞാന്‍ സഹിക്കില്ല. എന്റെ ഭക്തയെ നീ പോയി ആശ്വസിപ്പിക്കണം. അവരോടു മാപ്പു പറയണം. എങ്കില്‍ മാത്രമേ നിന്റെ അസുഖം മാറുകയുള്ളൂ."
പൂജാരിക്കു തെറ്റു മനസ്സിലായി. അടുത്ത പ്രഭാതത്തില്‍ ആ സ്ത്രീയെ തേടിപ്പിടിച്ചു. അവരെ സാഷ്ടാംഗം പ്രണമിച്ച് മാപ്പു ചോദിച്ചു. അത്ഭുതകരമായി പൂജാരിയുടെ അസുഖവും ഭേദമായി.ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം. അങ്ങനെ കര്‍മം ചെയ്യുന്നവനാണു യഥാര്‍ഥ കര്‍മയോഗി. ഭക്തിയോഗവും കര്‍മയോഗവും വെവ്വേറെയെന്നു പറയാനാവില്ല. യഥാര്‍ഥ കര്‍മയോഗി യഥാര്‍ഥ ഭക്തനാണ്. യഥാര്‍ഥ ഭക്തന്‍ യഥാര്‍ഥ കര്‍മയോഗിയുമാണ്. എന്നാല്‍ എല്ലാ കര്‍മങ്ങളും കര്‍മയോഗമാവുന്നില്ല. ഈശ്വരാര്‍പ്പിതമായി ചെയ്യുന്ന കര്‍മം മാത്രമേ കര്‍മയോഗമാവുന്നുള്ളൂ. അതുപോലെ ക്ഷേത്രത്തില്‍ പോയി നാലു പ്രദക്ഷിണം വെച്ചതുകൊണ്ടോ കൈയുയര്‍ത്തി തൊഴുതതു കൊണ്ടോ ഭക്തിയാവുന്നില്ല. മനസ്സ് ഈശ്വരനിലായിരിക്കണം. ചെയ്യുന്ന ഓരോ കര്‍മവും പൂജയായിക്കണ്ടു ചെയ്യാന്‍ കഴിയണം. അതായിരുന്നു ആ സാധു സ്ത്രീ ചെയ്തിരുന്നത്. സര്‍വരിലും സര്‍വതിലും തന്റെ ഇഷ്ട ദേവതയെ ദര്‍ശിച്ച് സ്‌നേഹിക്കുകയും സേവിക്കുകയും വേണം. അവിടുത്തോടുള്ള പ്രേമവും സമര്‍പ്പണവും വേണം. അപ്പോഴേ യഥാര്‍ഥ ഭക്തിയാവുന്നുള്ളൂ. എല്ലാം അവിടുന്ന് എന്ന ഭാവം വരുമ്പോള്‍ അതു ഭക്തിയായി. മറിച്ച് പൂജ ചെയ്യുമ്പോഴും മനസ്സ് ബാഹ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ആ പൂജയെ ഭക്തിയോഗമെന്ന് പറയാന്‍ പറ്റില്ല. ബാഹ്യമായ ഒരു ക്രിയ എന്നതില്‍ കവിഞ്ഞ് അതിനെ ഈശ്വര പൂജയെന്നു വിളിക്കാന്‍ കഴിയില്ല. വൃത്തികെട്ട ഓട കഴുകി വൃത്തിയാക്കുമ്പോഴും ഈശ്വരമന്ത്രം ജപിച്ചുകൊണ്ട് അവിടുത്തേക്ക് എന്ന ഭാവനയോടെയാണു ചെയ്യുന്നതെങ്കില്‍ അതു ഭക്തിയോഗമാണ്. കര്‍മയോഗമാണ്.

ശിവലിംഗ മാഹാത്മ്യം

ശിവലിംഗം സര്‍വ്വാരാധ്യമായ ഒരു സങ്കല്പമാണ്. ലിംഗമെന്നുള്ള പ്രയോഗത്തെ ആസ്പദിച്ച് തെറ്റിദ്ധാരണകളും നിരൂപണങ്ങളും ധാരാളമുണ്ട്. ആക്ഷേപങ്ങളും കുറവല്ല. അജ്ഞതയുടെ ഈറ്റില്ലത്തില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്ന പുരോഗതിയുടെ രോദനങ്ങളും ശിവലിംഗസങ്കല്പത്തെ ആസ്പദിച്ചുണ്ടായിട്ടുണ്ട്.
ലിംഗം എന്ന വാക്കിന് നാനാര്‍ത്ഥങ്ങളുണ്ട്. സന്ദര്‍ഭാനുസരണം യോജിക്കുന്ന അര്‍ഥങ്ങള്‍ വേണം സ്വീകരിക്കേണ്ടത്. ഔചിത്യമില്ലാതെ ദുര്‍ഭാഷണം നടത്തിയതുകൊണ്ട് സത്യം വെളിവാകുകയില്ല. മനുസ്മൃതിയില്‍ ലിംഗശബ്ദത്തിന്റെ നാനാര്‍ഥങ്ങള്‍ നല്കിയിട്ടുണ്ട്.
1. ‘ചിഹ്നം മുദ്രാ കസ്യചിത് കാര്യാലയസ്യ മുദ്രാ’ (അടയാളം, മുദ്ര എന്നിവയോടൊപ്പം ഏതെങ്കിലും കാര്യാലയമെന്നും മേല്പറഞ്ഞതിനര്‍ഥം).
2. ‘അവഗമയിതും ശക്യം ചിഹ്നം’ (തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം, അധികാരസ്ഥാനസൂചികം)
‘യതിപാര്‍ഥിവലിംഗധാരിണൗ മുനിര്‍ദോഹദലിംഗദര്‍ശി’ (മനുസ്മൃതി)
സംന്യാസിയുടെയും രാജാവിന്റെയും അധികാര സ്ഥാനങ്ങളെ സൂചിപ്പിക്കുന്ന അടയാളം ധരിച്ചവര്‍. അടയാളം (ലിംഗം) എന്നത് കാവിവസ്ത്രം, കമണ്ഡലു, യോഗദണ്ഡ് തുടങ്ങിയവ.
3. ‘വ്യാജചിഹ്നം അയഥാര്‍ത്ഥസൂചകം’
ഉദാ: ക്ഷപണകലിംഗധാരീ (തെറ്റായ അടയാളം) മിഥ്യയെ ജനിപ്പിക്കുന്നത് (ക്ഷപണകന്‍-മായാജാലക്കാരന്‍, കപടവേഷം ധരിച്ചവന്‍)
4. ‘ആമയ ലക്ഷണം രോഗസൂചക’ (രോഗസൂചക-രോഗലക്ഷണം)
5. ‘ആശയ സംസ്ഥാപക:’ (ഒരു പ്രത്യേക ആശയത്തെ സ്ഥാപിക്കുന്നത്)
6. ‘സുവ്യക്ത സൂചക’ (സുവ്യക്തമായ ഒന്നിനെ സൂചിപ്പിക്കുന്നത്.)
7. ‘സ്ത്രീപുരുഷ സൂചക: (സ്ത്രീപുരുഷന്മാരെ മനസ്സിലാക്കിത്തരുന്നത്. അതായത് സ്ത്രീലിംഗം, പുല്ലിംഗം)
8. ‘പുരുഷസ്യ പ്രജനാവയവം’ (പുരുഷന്റെ ജനനേന്ദ്രിയം)
9. ‘ഭാഷായ: പദാനാം ലിംഗം’ (ഭാഷാപദങ്ങളുടെ സ്ത്രീ പുരഷ നപുംസകഭേദങ്ങള്‍.)
10. ‘ശിവസ്യ അനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:.
(എല്ലാവരാലും പൂജിക്കപ്പെടുന്ന ആദ്യന്താവസ്ഥകളില്ലാത്ത ശിവനെ സൂചിപ്പിക്കുന്ന അവയവം – ശിവലിംഗം)
11. ‘കസ്യചിദ് ദേവസ്യ ഛായാ വാ പ്രതിമാ’
(ഏതെങ്കിലും ഒരു ദേവന്റെ ചിത്രമോ പ്രതിമയോ)
12. ‘ഏകസ്മിന്‍ വാക്യേ കസ്യചിത് പദസ്യ ആശയ സംസ്ഥാപകസഹായക: നിര്‍ദേശ:’
(സംയോഗ:, വിയോഗ:, സാഹചര്യം… തുടങ്ങിയവകൊണ്ട് ഒരു വാക്യത്തില്‍ ഏതെങ്കിലും ഒരു പദത്തിന്റെ ആശയത്തെ സൂചിപ്പിക്കുന്നത്.)
13. ‘വ്യാകരണ ലിംഗാനുശാസനം’ (വ്യാകരണത്തില്‍ ലിംഗ ശബ്ദങ്ങള്‍ക്ക് പുല്ലിംഗ സ്ത്രീലിംഗ നപുംസകലിംഗഭേദങ്ങള്‍ അനുശാസിക്കുന്നത്.)
14. ‘ന്യായേ ലിംഗപരാമര്‍ശജ്ഞാനം’ തര്‍ക്കശാസ്ത്രത്തില്‍ സാധ്യത്തെ സൂചിപ്പിക്കുന്ന സാധനം (ഹേതുവായി)
15. ‘വേദലിംഗാര്‍ച്ചനം’
16. ‘ലിംഗരൂപസ്യ ശിവസ്യാര്‍ച്ചനം’ (ലിംഗരൂപത്തില്‍ സ്ഥിതിചെയ്യുന്ന ശിവനെ അര്‍ച്ചിക്കുക)
മേല്‍പറഞ്ഞ നാനാര്‍ഥങ്ങളെല്ലാം വ്യാപകമായ പ്രപഞ്ചരഹസ്യത്തെ സന്ദര്‍ഭാനുസരണം ലിംഗശബ്ദം കൊണ്ടാണ് വ്യഞ്ജിപ്പിക്കുന്നത്. ഉദ്ദേശശുദ്ധിയോടുകൂടി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, ശിവലിംഗ ശബ്ദത്തിന്റെ സര്‍വാസേചകമായ അര്‍ഥം തെറ്റിദ്ധരിക്കാന്‍ ന്യായമില്ല. സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ ഇരുപത്തിരണ്ട് തത്ത്വങ്ങളുടെ ആദികാരണത്തെ (മഹദ്തത്ത്വത്തെ) ലിംഗമാത്രം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സത്താമാത്രസ്വരൂപം കൊണ്ടുമാത്രമേ ഇത് അറിയാന്‍ കഴിയുകയുള്ളൂ.
സൂക്ഷ്മശരീരത്തെ ലിംഗശരീരമെന്നും പറയുന്നു. ബാഹ്യേന്ദ്രിയങ്ങളെകൊണ്ട് അറിയാന്‍ കഴിയാത്തതിനെയാണ് ലിംഗം എന്നുപറയുന്നത്. ലിംഗശരീരം ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതല്ല. സ്ഥൂലശരീരം ബാല്യംമുതല്‍ വാര്‍ധക്യംവരെയുള്ള അവസ്ഥകളില്‍ കൂടി ചരിച്ച് മരണത്തോടെ നശിക്കുന്നു. എന്നാല്‍ ലിംഗശരീരം നശിക്കുന്നതിന് ബ്രഹ്മജ്ഞാനം ആവശ്യമാണ്. ലയിച്ച കാര്യങ്ങളെ വീണ്ടും പ്രാപിക്കുന്നതും പരമാത്മജ്ഞാനംകൊണ്ട് ക്ഷയിക്കുന്നതാണ് ലിംഗശബ്ദം. ലയിക്കുന്നകാര്യങ്ങളെ (ലിം) വീണ്ടും പ്രകാശിപ്പിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് എന്ന അര്‍ഥമാണ് ‘ലിംഗ’ ശബ്ദത്തിനുള്ളത്. ബ്രഹ്മത്തില്‍നിന്ന് പ്രപഞ്ചം ഉണ്ടാകുകയും ബ്രഹ്മത്തില്‍ലയിക്കുകയും ചെയ്യുന്നു. ശിവനും ബ്രഹ്മാവും ഒന്നുതന്നെയാണ് നേരത്തെസൂചിപ്പിച്ചിട്ടുണ്ട്. ശിവനില്‍നിന്ന് ശക്തി അഥവാ പ്രകൃതിയുണ്ടായി. ശിവനില്‍ത്തന്നെ ലയിക്കുന്നു. കാരണജലത്തില്‍ നിന്നുണ്ടാകുന്ന പ്രകൃതി വീണ്ടും പ്രളയജലത്തില്‍ ലയിച്ചടങ്ങുന്നു. ലയനസ്വഭാവം കൊണ്ട് പ്രളയജലമെന്നും സൃഷ്ടിസ്വഭാവംകൊണ്ട് കാരണജലമെന്നുമുള്ള വ്യത്യസ്തനാമങ്ങള്‍ നല്‍കിയെന്നേയുള്ളൂ. രണ്ടും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെ. പ്രപഞ്ചം ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിക്കുന്നു. ലീനമായ അവസ്ഥയില്‍നിന്നു ഗമിക്കുന്നതുകൊണ്ടാണ് ലിംഗം എന്നു പറയുന്നത്.
‘ലിമ: ഗമയിതീതി ലിംഗ:
(ലയനാവസ്ഥയില്‍ നിന്നുണ്ടാകുന്നതുകൊണ്ടു ലിംഗം)
ശിവന്‍ സൃഷ്ടിക്കും, സ്ഥിതിക്കും, സംഹാരത്തിനും മുമ്പുള്ളവനാണെന്ന് ശിവപുരാണം സൂചിപ്പിക്കുന്നു. ഈ അര്‍ഥത്തെ വ്യക്തമാക്കുന്ന ശിവതത്ത്വസ്വരൂപമാണ് ശിവലിംഗംയ. പുരുഷന്റെ ജനനേന്ദ്രിയത്തിന് ലിംഗം എന്നു പേരുണ്ടായതും ലയിച്ചിരിക്കുന്ന ബീജത്തില്‍നിന്ന് വീണ്ടും ഉത്പത്തിയുണ്ടാകുന്നതുകൊണ്ടാണ്. ശിവതത്ത്വത്തിലധിഷ്ഠിതമായ പ്രപഞ്ചതത്ത്വം മനസ്സിലാക്കുകയാണ് ശിവലിംഗകൊണ്ട് ഉദ്ദേശിക്കുന്ന്. പ്രാകൃതവും വൈകാരികവുമായ ലിംഗസങ്കല്പം ആഭാസമാണ്, അസത്യവുമാണ്. കാരണം ബാഹ്യമായ സ്വഭാവംകൊണ്ടും സ്വരൂപംകൊണ്ടുമറിയുന്ന അവസ്ഥയല്ല ലിംഗമെന്ന് നേരത്തേ പ്രസ്താവിച്ചിട്ടുണ്ട്. ആയതിനാല്‍ ലിംഗത്തിന് പ്രാകൃതാര്‍ഥസൂചനയില്ല. മറിച്ച് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് കാരണമായിരിക്കുന്ന തത്ത്വസൂചനയാണ് ലിംഗശബ്ദത്തിനുള്ളത്.
‘ശിവസ്യാനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:’
എന്ന് ശിവലിംഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇത്തരത്തില്‍ പ്രത്യേകം സ്മരണീയമാണ്. ലിംഗശബ്ദത്തിന് വന്നിട്ടുള്ള നാനാര്‍ഥങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായ ലീനാവസ്ഥയോടു ബന്ധപ്പെട്ടതാണ്. പ്രപഞ്ചത്തിന് കാരണമായ തത്ത്വത്തെ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ലിംഗം എന്നുള്ള പ്രയോഗം അര്‍ഥം വഹിക്കുന്നത്.
ശിവാജ്ഞയാല്‍ ഇന്ദ്രിയങ്ങളാല്‍ ഉണ്ടാക്കപ്പെട്ട ഭൂതങ്ങളെല്ലാം ശിവനില്‍തന്നെ വിലയം പ്രാപിക്കുന്നു. അതുകൊണ്ട് ശിവനാകുന്ന ലിംഗം ആജ്ഞാരൂപിയായി വര്‍ത്തിക്കുന്നു.
‘ഭൂതാനി ചേന്ദ്രിയൈര്‍ജാതാ
ലിയന്തോfത്ര ശിവാജ്ഞയാ
അത ഏവ ശിവോ ലിംഗോ
ലിംഗാമാജ്ഞാപയേദ്യത:’ (ശിവപുരാണം)
ശിവന്റെ ആജ്ഞയ്ക്കു വിധേയമായി സൃഷ്ടിക്കപ്പെടുന്ന പ്രപഞ്ചം ശിവലിംഗത്തില്‍ (ശിവശരീരത്തില്‍) അഥവാ ശിവതത്ത്വത്തില്‍ തന്നെ വിലയം പ്രാപിക്കുന്നു. ആയതിനാല്‍ ‘ലിംഗം’ എന്നതിന് ‘ലിം ഗമയതീതി ലിംഗ:’ (ലയിക്കുന്ന അവസ്ഥയെ പ്രാപിക്കുന്നത് ലിംഗം) എന്ന് അര്‍ഥമുണ്ട്. വിലയം പ്രാപിച്ച ശിവശക്തികളുടെ സമന്വയമാണ് ശിവലിംഗം. അതിനാല്‍ ശിവശക്തികള്‍ ശിവലിംഗത്തിലധിഷ്ഠിതമാണ്.
‘അനേന ലിംഗതാം തസ്യ
ഭവേന്നാന്യേന കേനചിത്
ലിംഗാ ച ശിവയോദര്‍ദേഹ-
സ്താഭ്യാം യസ്മാദധിഷ്ഠിതം’. (ശിവപുരാണം)
ലിംഗപൂജ ചെയ്യുന്നതുകൊണ്ട് ശിവനും ശക്തിയും ഒരേസമയം പൂജിക്കപ്പെടുന്നു. തൃപ്തരാക്കപ്പെടുന്നു. ശരീരികള്‍ ഇല്ലാത്ത തത്ത്വമാണ് ശിവനും ശക്തിയും. ഈ തത്ത്വത്തെ അറിയുവാനും അതിലൂടെ അനുഭൂതി ഉള്‍ക്കൊള്ളുവാനും ലിംഗപൂജ സഹായകമായിരിക്കും.
ലിംഗോത്പത്തി
രജോഗുണം വര്‍ധിച്ച് വിഷ്ണുവും ബ്രഹ്മാവും പരസ്പരം മത്സരത്തിലേര്‍പ്പെട്ടു. തീവ്രങ്ങളായ പ്രഹരങ്ങളേല്പിച്ചു. അഹങ്കാരത്തിന് ശമനം കാണുന്നതിന് മറ്റു മാര്‍ഗങ്ങളുണ്ടായില്ല. രാജസഗുണത്തില്‍ നിന്ന് സ്വാത്തികത്തിലേക്കുള്ള പ്രബുദ്ധതയും ആവശ്യമായി വന്നു. മാത്സര്യം തീവ്രമായി തീര്‍ന്നതോടെ ഇരുകൂട്ടര്‍ക്കും നടുവില്‍ പൊങ്ങി നില്ക്കുന്ന ഒരു ശിവലിംഗം പ്രത്യക്ഷീഭവിച്ചു. അനേകം തീജ്വാലകളുടെ സമന്വയമെന്നപോലെ ഈ ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും അനുഭവപ്പെട്ടു. ഇതോടെ അവരുടെ രാജസഗുണം ശാന്തമാവുകയും മത്സരം അവസാനിക്കുകയും ചെയ്തു.
വിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള മത്സരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു തത്ത്വമുണ്ട്. ബ്രഹ്മാവ് സൃഷ്ടികര്‍ത്താവാണ്. വാസനകളുടെ സൂക്ഷ്മാംശമാണ് സൃഷ്ടിക്ക് കാരണം. ആയതിനാല്‍ ബ്രഹ്മാവ് സൂക്ഷ്മവാസനാ സ്വരൂപനാണ്.
വിഷ്ണു വ്യാപനശീലമുള്ളവനാണ്. സംരക്ഷണകര്‍ത്താവുമാണ്. സൃഷ്ടിയിലും സ്ഥിതിയിലും പ്രകൃതിസ്വഭാവമുണ്ട്. പ്രകൃതിസ്വഭാവം നിലനില്ക്കുന്നിടത്തോളം രാജഗുണം പ്രധാനവുമായിരിക്കും. ബ്രഹ്മാവും വിഷ്ണുവും തമ്മിലടിച്ചുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം ഇതുകൊണ്ട് മനസ്സിലാകും. ഇച്ഛ, ക്രിയ, ജ്ഞാനം എന്നിങ്ങനെ മൂന്നായി കര്‍മത്തെ വിഭജിച്ചിട്ടുണ്ട്. ഇച്ഛമുതല്‍ ക്രിയ വരെയുള്ള കര്‍മ്മഭാഗം ജ്ഞാനത്തിലെത്തുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ ചില കര്‍മ്മങ്ങള്‍ ജ്ഞാനത്തില്‍ സമാപിക്കാതെ ആവര്‍ത്തിക്കുന്നു. ഇങ്ങനെ ആവര്‍ത്തിക്കുന്ന കര്‍മ്മങ്ങള്‍ ഇച്ഛയ്ക്കും, ക്രിയക്കു മദ്ധ്യേ അവശേഷിക്കുന്ന അവസ്ഥയാണ് വാസന. ഇച്ഛയും ക്രിയയും പ്രകൃതിസ്വഭാവങ്ങളാണ്. എന്നാല്‍ ജ്ഞാനം പ്രകൃതിയെ ലയിപ്പിക്കുന്നതാണ്. ജ്ഞാനം കൊണ്ടുമാത്രമേ ഇച്ഛയും ക്രിയയും പരിഹരിക്കപ്പെടുകയുള്ളൂ. ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും മധ്യേപ്രത്യക്ഷപ്പെട്ട ജ്ഞാനസ്വരൂപന്‍ തന്നെയാണ്. ശിവലിംഗത്തിന്റെ ഉല്‍പത്തി സൃഷ്ടിയിലും സ്ഥിതിയിലുമുള്ള രജോഗുണത്തെ അവസാനിപ്പിക്കുന്ന ജ്ഞാനശക്തിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ശിവലിംഗപൂജയിലൂടെ ആര്‍ജിക്കപ്പെടുന്ന ജ്ഞാനം, ശിവോfഹം എന്നുള്ള ബോധത്തില്‍ സാധകനെ എത്തിക്കുന്നു.
ജ്യോതിര്‍ലിംഗങ്ങള്‍
കോടിരുദ്രസംഹിതയില്‍ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠാപനവും, പ്രാധാന്യവും പ്രതിപാദിക്കുന്നു. കാശി, നന്ദികേശ്വരം, ഗൃഹേശം, മഹാബലാഖ്യം, ഹാടകേശം എന്നീ പ്രസിദ്ധതീര്‍ത്ഥങ്ങള്‍ ഭാരതത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും അനന്തകേശ്വരം സോമേശ്വരം മല്ലികേശ്വരം, മഹാകാളം കേദാരേശ്വരം, ഭീമേശ്വരം, കാമരൂപേശ്വരം, വിശ്വേശ്വരം, ത്യംബകേശ്വരം, വൈദ്യനാഥം, നാഗേശ്വരം, രാമേശ്വരം എന്നിവ മറ്റുഭാഗങ്ങളിലും കാണാം.
1. സോമനാഥം (സൗരാഷ്ട്രം). 2. മല്ലികാര്‍ജുനം (ശ്രീശൈലം) 3. മഹാകാളം (ഉജ്ജയിനി) 4.ഓങ്കാരേശ്വരം (അമലേശ്വരം) 5. വൈദ്യനാഥം (പരലി) 6.ഭീമശങ്കരം 7. രാമേശ്വരം 8.നാഗേശ്വരം 9.വിശ്വേശ്വരം 10.ത്രൃംബകേശ്വരം 11.കേദാരേശ്വരം 12.ഘൃണേശ്വരം എന്നിങ്ങനെ ഭാരതത്തിന്റെ വ്യത്യസ്തഭാഗങ്ങളിലായി 12 ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങളുടെ പേരിലുള്ള അഞ്ച് ലിംഗങ്ങളുടെ പ്രതിഷ്ഠ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചുമുണ്ട്. മറ്റ് ശിവലിംഗങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്തന്നെ ‘ശിവദം ശിവലിംഗമുണ്ടായി ഹാലാസ്യത്തില്‍’ എന്ന് ഹാലാസ്യത്തിന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
വരുണ സ്‌നാനം, ആഗ്നേയ സ്‌നാനം, മന്ത്രിസ്‌നാനം എന്നീ സ്‌നാനങ്ങളേക്കാള്‍ മഹത്തരമാണ് ശിവതീര്‍ത്ഥ സ്‌നാനമെന്ന് തീര്‍ഥസ്‌നാനത്തെ ശ്ലാഘിച്ചിരിക്കുന്നു.
‘ഏകദാ ശിവതീര്‍ത്ഥ സ്‌നാനത്തില്‍ തീര്‍ഥങ്ങളി-
ലാകവേ സ്‌നാനം ചെയ്ത ഫലത്തെ ലഭിച്ചിടാം’.
‘ശിവലിംഗത്തെ സന്ധ്യാകാലത്ത് ദര്‍ശിക്കിലോ
അവനു ലഭിക്കുമേ കോടി ഗോദാനപുണ്യം’
എന്നിങ്ങനെ ‘ഹാലാസ്യമാഹാത്മ്യമെന്ന മഹാഗ്രന്ഥത്തില്‍ ശിവലിംഗദര്‍ശനമഹിമയെ വര്‍ണിച്ചിരിക്കുന്നു.
ശ്രീ ശങ്കരഭഗവത്പാദരുടെ ‘ശിവാനന്ദലഹരി’ എന്ന മഹാഗ്രന്ഥത്തില്‍ ശിവമഹിമയെ ഭക്ത്യാദരപുരസ്സരം പുകഴ്ത്തിയിട്ടുണ്ട്. ഭക്തിപ്രധാനമായ ഒരു മഹാഗ്രന്ഥമാണ് ശിവഭക്തന്മാര്‍ക്കുവേണ്ടി ശ്രീശങ്കരഭഗവത്പാദര്‍ കാഴ്ചവച്ചിട്ടുള്ളത്. ബ്രഹ്മാവിന്റെയോ വിഷ്ണുവിന്റേയോ സ്ഥാനം ലഭിക്കുന്നതുപോലും ജനനമരണരൂപമായ സംസാരത്തില്‍ നിന്നും നിവൃത്തി നേടുന്നതിന് പോരാത്തതാണെന്നും നിരുപാധികമായ മോക്ഷം ശിവസായൂജ്യം കൊണ്ടുമാത്രമാണ് ലഭിക്കുന്നതെന്നും ഭഗവത്പാദരുടെ വരികളില്‍ നിന്ന് സ്പഷ്ടമാകും.
കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാ: ഫലമിതി
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-
മദൃഷ്ട്വാതത്‌ഖേദം കഥമിഹസഹേ ശങ്കരവിഭോ (ശിവാനന്ദലഹരി)
ശിവമഹിമ വര്‍ണിച്ചാലൊടുങ്ങുന്നതല്ല. അനുഭവിച്ചറിയേണ്ടതും ശിവോഹമെന്ന ബോധത്തെ സ്വീകരിച്ച് അധര്‍മ്മത്തെ നിഷ്‌കാസനം ചെയ്യേണ്ടതിന് അര്‍ഹമായി തീരേണ്ടതുമാണ്. ദേവന്മാരുടെ കൂട്ടത്തില്‍ ഒന്നാമത്തെ സ്ഥാനം ശിവനാണുള്ളതെന്ന് ബ്രഹ്മാദികള്‍പോലും അറിയുന്നു. മഹത്വത്തില്‍ പുറം തള്ളപ്പെട്ടവരായ സേവകന്മാര്‍ ശിവമഹിമയെ സര്‍വോത്തമമെന്നറിയുന്നു.
സ്‌തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാവിരിഞ്ചാദയ:
സ്തുത്യാനാം ഗണനാം പ്രസംഗസമയേ ത്വാമഗ്രഗണ്യം വിദു:
മാഹാത്മ്യാഗ്രവിചാരണപ്രഹരണേ ധാനാതുഷസ്‌തോമവദ്
ഭൂതാസ്ത്വാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാ:
ഭഗവത് പാദങ്ങളില്‍ കോടി കോടി നമസ്‌കാരം

ശ്രീകൃഷ്ണജീവിതം ജനങ്ങള്‍ക്ക്‌ നല്‍കുന്ന സന്ദേശം

ശ്രീകൃഷ്ണന്‍ പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു അവതാരമൂര്‍ത്തിയാരുന്നു...ഒരു പച്ചമനുഷ്യനായി ജീവിച്ച് ധര്‍മ്മവും അധര്‍മ്മവും വ്യാഖ്യാനിച്ചുതന്നു...സത്യം,ന്യായം,നീതി ഇവയുടെ താത്വിക വശവും പ്രായോഗികവശവും വ്യക്തമാക്കിതന്നു ഭഗവാന്‍ ശ്വരനും,ദാസനും,യജമാനനും,മിത്രവും ,തേരാളിയുമായെല്ലാം ജീവിച്ചുകാട്ടിതന്ന ശ്രീകൃഷ്ണചരിതം ഭാരതീയജനതയുടെ ഹൃദയത്തിലേക്ക് വാരിവിതറിയ നന്മകളേതെന്നു ഒന്ന് വിലയിരുത്താം...
ഒരിക്കലും കരയാത്ത ,സദാപുഞ്ചിരിക്കുന്ന കര്‍മ്മോദ്യുക്തനായ ഒരു അത്യുത്സാഹിയാരുന്നു ശ്രീകൃഷ്ണന്‍ ...തന്റെ അമ്മാവനെ വധിക്കുകയും സ്വേച്ചാധിപതിയായ പുത്രനാല്‍ തുറുങ്കിലടക്കപ്പെട്ട ഉഗ്രസേനനെ രാജാവായി അവരോധിക്കുകയുമാണുണ്ടായത്...കൃഷ്ണന്‍ തന്റെ ബാലചാപല്യങ്ങളും കുസൃതികളും .പ്രേമകേളികളും ആട്ടവും പാട്ടുമെല്ലാം നിര്‍ത്തി "മഥുര"യില്‍നിന്നു ദ്വാരകയിലേക്ക് പോയി ഒരു പട്ടണം നിര്‍മ്മിച്ച്‌ ഒരു സ്ഥാപിക്കുകയാണുണ്ടായത് ,,,പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളില്‍ തീര്‍പ്പുകല്പ്പിച്ചു..ഇപ്പോഴും ഒരു രാജസൃഷ്ടാവായിരുന്നല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചടക്കാന്‍ ആഗ്രഹിച്ചില്ല..രാജതന്ത്രം,രാഷ്ട്രനിര്‍മ്മാണം ,യുദ്ധം ഇവയെക്കുറിച്ച് ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തില്‍ ഇരുന്നില്ല...യഥാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയെപ്പോലും ഭരിച്ചില്ല...അധര്‍മ്മത്തെ അടക്കുന്നതിലും ധര്‍മ്മത്തെ ഉദ്ധരിക്കുന്നതിലും സദാ വ്യാപ്രുതാനാരുന്നു...
യുദ്ധരംഗത്ത് തന്റെ ബന്ധുക്കളെയും ഗുരുജനങ്ങളെയും കണ്ടു വിഭ്രാന്തി പൂണ്ട അര്‍ജുനന്റെ ആശയക്കുഴപ്പത്തിന് ഒരു മനശാസ്ത്രന്ജനെപ്പോലെ - ഫലപ്രദമായ നിശിതവചനങ്ങളെകൊണ്ട് ഒരു ശസ്ത്രക്രിയയാണ് ശ്രീകൃഷ്ണന്‍ ചെയ്തത്..അതിനു യുക്തമായ "ശാസ്ത്രം " തന്നെ ഉപയോഗിച്ചു ...
"കുതാസ് ത്വ കശ്മലമിദം വിഷമേ സമൂപസ്ഥിതം ....അങ്ങനെ അര്‍ജ്ജുനന്റെ മാനസികമായ തളര്‍ച്ചയ്ക്ക് സമഗ്രചികിത്സ ഭാഗവത്ഗീതയിലൂടെ ഭഗവാന്‍ കൊടുത്തു..ജീവിതതത്ത്വശാസ്ത്രവിശകലത്തിനു ഈ യുദ്ധരംഗത്തെക്കാലും നല്ലൊരു പശ്ചാത്തലം ഒരുക്കാനാവില്ല. ഈ കാലഘട്ടത്തില്‍ അര്‍ജുനന്റെ സ്ഥിതിയിലായവര്‍ ഇന്ന് സമൂഹത്തിലേറെയുണ്ട് ..അവര്‍ക്ക് ഇതിനെ ഉപയുക്തമാക്കാന്‍ കഴിയും...ആയതിനു അര്‍ജ്ജുനന്റെ ശ്രദ്ധയും ത്വരയും സമീപനത്തില്‍ വേണമെന്ന് മാത്രം..കൃഷ്ണന്‍ ഒരുനോക്കുകൊണ്ടോ അല്പം വാക്കുകള്‍കൊണ്ടോ അര്‍ജുനനെ പഠിപ്പിച്ചത്..എഴുനൂറു ശ്ലോകങ്ങളുള്ള ഗീതയിലൂടെ സഞ്ജയന്റെ വാക്കുകളായി വ്യാസാചാര്യന്‍ നമുക്ക് നല്കിയിരുക്കുന്നു. പ്രേമത്തിന്റെ മൂര്‍ത്തീഭാവമായിരിക്കാനും അതേസമയം പൂര്‍ണ്ണമായും അസംഗനായിരിക്കാനും തനിക്കുള്ള കഴിവ് സാമ്രാജ്യസ്ഥാപനത്തിനായും അത് അര്‍ഹതയുള്ളവരെ ഭരിക്കാനെല്‍പ്പിക്കുനതിനായും ഉപയോഗിച്ചു. ഇതെല്ലാം ലോകത്തിനു കാട്ടിക്കൊടുത്ത വൃന്ദാവനത്തിലെ ശ്രീകൃഷ്ണന്‍ -ഗോപീവല്ലഭന്‍ ,മഥുരാവീരന്‍ ,കംസനിഗ്രഹന്‍ , ദ്വാരകാപതി ,അര്‍ജ്ജുനസുഹൃത് ,മഹാഭാരത യുദ്ധത്തിന്റെ കേന്ദ്രബിന്ദു എന്നീ നിലയില്‍ വിരാജിച്ചു...ദുഷ് കൃതികളുടെ വിനാശവും സാധുജനപരിത്രാണനവുമെന്ന തന്റെ ലീല അവസാനിപ്പിച്ചു ...അവതാരസ്വരൂപം വെടിഞ്ഞു ബ്രഹ്മഭാവത്തില്‍ ലയിച്ചു...അന്യരെ സ്നേഹിച്ചും സേവിച്ചും ഫലേച്ച കൂടാതെ ഒരു കര്‍മ്മയോഗിയായി ഭഗവാന്‍ എല്ലാവരുടെയും ഇടയില്‍ -ഈ ഭൂമുഖത്ത്‌ സ്വദേശി എന്നതിലുപരി ഒരു പ്രവാസിയെന്ന നിലയില്‍ ജീവിതം നയിച്ചു...
ശ്രീകൃഷ്ണന്റെ ജീവിതസന്ദേശങ്ങള്‍ ...
ജീവിതത്തില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ ഒരുപോലെ കണ്ടതുകൊണ്ടാണ് കൃഷ്ണഭഗവാന് എപ്പോഴും ചിരിക്കാന്‍ കഴിഞ്ഞത്...ഒരര്‍ഥത്തില്‍ ചിരിച്ചുകൊണ്ട് ജനിച്ചു ,ചിരിച്ചുകൊണ്ട് ജീവിച്ച് ,ചിരിച്ചുകൊണ്ട് ശരീരം വെടിഞ്ഞവനാണ്..എല്ലാ കര്മ്മരംഗതും വലുപ്പചെറുപ്പമില്ലാതെ സകല കര്‍മ്മങ്ങളും ഒരുപോലെ ഏറ്റെടുക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു.. ..എത്ര വലിയ ചുമതലകള്‍ വഹിക്കുമ്പോഴും ഭഗവാന്‍ ചിരിക്കാന്‍ മറന്നില്ല.. അല്‍പസ്വല്‍പ്പ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അഹങ്കാരം തല്ക്കുപിടിക്കുന്നവരുടെ ഇടയില്‍ സര്‍വ്വശക്തനായിട്ടും തന്റെ ശക്തിയില്‍ അഹങ്കാരം ലവലേശമില്ലാരുന്നു...ഭൂമിയോളം ക്ഷമിച്ചു നിവൃതിയില്ലാതെയാണ് കംസനെ പാഠം പടിപ്പിക്കെണ്ടിവന്നത് .അധര്‍മ്മത്തിന്റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍പോലും ധര്‍മ്മസംരക്ഷണത്തിന് അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച ശ്രീകൃഷ്ണനെയാണ് ഇന്ന് സമസ്തലോകവും മാതൃകയാക്കേണ്ടത് ...സ്വയം പാപം അനുഷ്ടിക്കാതിരിക്കാനും പുണ്യ മനുഷ്ടിക്കേണ്ടതെങ്ങനെയെന്നു ഉപദേശിച്ചു പുണ്യാത്മാക്കളായി മറ്റുള്ളവരെ മാറ്റിയെടുക്കാനുമായി ശ്രീകൃഷ്ണന്‍ ശ്രമിച്ചത്..തന്നോട് ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം കൊരിത്തരിഞ്ഞ ആ പരമാത്മാവ്‌ ദേഹം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പേയ്ത വേടന് പരമപദം നല്‍കി അനുഗ്രഹിച്ചു യാത്രയാക്കിയവനാണ് .....സദാകര്‍മ്മനിരതനായ കൃഷ്ണന്‍ തനിക്കു കിട്ടിയ വേഷങ്ങളെല്ലാം രാജാവിന്റെയും യോദ്ധാവിന്റെയും ദൂതന്റെയും തേരാളിയുടെയും ഗോപികാനാഥന്റെയും എന്നുവേണ്ട വൈവിധ്യമാര്‍ന്ന എല്ലാ വേഷങ്ങളും പൂര്‍ണ്ണമായി ആടിതീര്‍ത്തു...
ശ്രീകൃഷ്ണനെ ഭജിക്കുന്നതോടൊപ്പം ഭഗവാന്‍ കാട്ടിതന്ന സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും പാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ മാത്രമേ ഭഗവത്പ്രീതി ഉണ്ടാകുവെന്നു ഉറച്ചു വിശ്വസിച്ച് മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ .ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ.

ശിവചൈതന്യവും വ്യത്യസ്തരൂപങ്ങളും

ഭക്തരക്ഷയ്കായി ഭഗവാന്‍ ഓരോ രൂപത്തില്‍ അവതരിക്കുന്നു. ശിവന്‍റെ ഓരോ ഗുണങ്ങളെ കാണിക്കുന്ന പലതരം വിഗ്രഹങ്ങളുണ്ട്. ദക്ഷിണാമൂര്‍ത്തിയുടെ നാലുതരം വിഗ്രഹങ്ങള്‍: വ്യാഖ്യാനദക്ഷിണാമൂര്‍ത്തി, ജ്ഞാനദക്ഷിണാമൂര്‍ത്തി, യോഗ ദക്ഷിണാമൂര്‍ത്തി, വീണാധരദക്ഷിണാമൂര്‍ത്തി എന്നീ നാലു രൂപങ്ങള്‍. ഭിക്ഷാടകന്‍, കപാലധാരി, ഗംഗാധരന്‍, അര്‍ദ്ധനാരീശ്വരന്‍, അര്‍ദ്ധനാരീ നടേശ്വരന്‍,വൃഷഭവാഹനന്‍, വിഷ ഭക്ഷകന്‍, സദാശിവന്‍, മഹേശ്വരന്‍, ഏകാദശരുദ്രന്‍, വിദ്യേശ്വരന്‍, മൂര്‍ത്ത്യഷ്ടകന്‍ എന്നീ രൂപങ്ങളുമുണ്ട്.
ശിവതാണ്ഡവം
മഹാനര്‍ത്തകനാണ് ശിവന്‍.108 രീതിയിലുള്ള നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചുവെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില്‍ നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില്‍ ശിവന്‍ കൈലാസത്തില്‍ നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വതീ ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു,മുകളിലെ വലതുകൈയില്‍ തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും. വലതു കാല്‍ അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുന്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.
ശിവപൂജ
ശിവപൂജയ്ക്ക് സാമാന്യ വിധികളുണ്ട്. ശിവനെ പൂജിക്കുന്പോള്‍ ആദ്യം നന്ദികേശനെയും മഹാകാളയേയും പൂജിക്കുക. പിന്നെ ഗംഗ, യമുന, ശിവഗണങ്ങള്‍, സരസ്വതി, ശ്രീ ഭഗവതി, ഗുരു, വാസ്തു പുരുഷന്‍, ശക്തി എന്നിവരെ പൂജിക്കണം. പിന്നീട് വാമ, ജ്യേഷ്ഠ, രൗദ്രി, കാളി, കലിവികരണി, ബലവികരണി, ബലപ്രമഥിനി, സര്‍വ ഭൂതദമിനി, മനോന്മണി, എന്നീ നാമശക്തികളെ പൂജിക്കണം. കൂവളത്തില, ഭസ്മം, അര്‍ഘ്യപാദങ്ങള്‍, എന്നിവയോടു കൂടി ശ്രദ്ധയോടെ വേണം ശിവനെ പൂജിക്കാന്‍..

Monday, 16 February 2015

ശിവരാത്രി

സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക. പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു. ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക. പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.

ശിവലിംഗപൂജ

ശിവലിംഗപൂജ ചെയ്യാന്‍ ഏറ്റവും പറ്റിയ ദിവസം ശിവരാത്രിയാണ്. ഇഷ്ട സിദ്ധിയാണ് ശിവരാത്രി ദിവസത്തെ ശിവലിംഗപൂജ കൊണ്ടുള്ള ഫലം. അങ്ങനെ സാധിക്കാത്തവര്‍ക്ക് ഓരോ മാസവും അമാവാസി നാളില്‍ ലിംഗപൂജ നടത്താവുന്നതാണ്. ദാരിദ്ര്യ ശാന്തി, വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവയ്ക്കും മുജ്ജന്‍‌മങ്ങളിലെ പാപം ഇല്ലാതാക്കാനും ശിവലിംഗ പൂജ നല്ലതാണ്. എല്ലാ പാപങ്ങളെയും അത് നശിപ്പിക്കുന്നു. ഇഷ്ടകാര്യം സാധിക്കനമെങ്കില്‍ പനിനീരില്‍ ഭസ്മം കുഴച്ച് ശിവലിംഗം ഉണ്ടാക്കണം. ഇതില്‍ കൂവളത്തിന്‍റെ ഇലകൊണ്ട് അതിരുദ്ര മന്ത്രാവലി ജപിച്ച് അര്‍ച്ചന നടത്തണം. രാവിലെ മേചക വസ്ത്രം (കറുപ്പ്) ധരിച്ചു വേണം ശിവലിംഗ പൂജ നടത്താന്‍. മന്ത്രാവലി എട്ട് തവണയാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കേണ്ടത്. ഇതിനു ശേഷം ഏഴു തവണ ശിവലിംഗത്തെ വലം വച്ച് ഏഴ് തവണ നമസ്കരിക്കണം. പിന്നെ കൂവളത്തില രണ്ട് കൈകളിലും എടുത്ത് ശിവചൈതന്യം ഉധ്വാസയാമി എന്ന് ഉച്ചരിച്ച് ശിവലിംഗത്തില്‍ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് അവ മണത്ത ശേഷം കളയുക. ശിവലിംഗം ഉണ്ടാക്കാന്‍ ഉപയോഗിച്ച ഭസ്മം സൂക്ഷിച്ചുവച്ച് നിത്യവും ധരിക്കുന്നത് നല്ലതാണ്. ശിവലിംഗ പൂജയ്ക്ക് നെയ് വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. സത്യദോഷ ശാന്തിക്ക് മണ്ണ് കുഴച്ചും ദാരിദ്ര്യ മോചനത്തിന് ഭസ്മം കുഴച്ചും ശിവലിംഗ പൂജ നടത്താം. വിദ്യാ വിജയത്തിന് ചന്ദനവും പനിനീരും ചേര്‍ത്താണ് ലിംഗം ഉണ്ടാക്കേണ്ടത്. പ്രഭാതത്തില്‍ വെളുത്ത വസ്ത്രം ധരിച്ച് നടത്തുന്ന ഈ പൂജയ്ക്ക് മുല്ലപ്പൂവാണ് ഉപയോഗിക്കേണ്ടത്. പ്രേമം, ദാമ്പത്യം എന്നിവയ്ക്ക് വേണ്ടി മഞ്ഞള്‍പ്പൊടി, പനിനീര്‍ എന്നിവ ചേര്‍ത്ത് ശിവലിംഗം ഉണ്ടാക്കണം. ചുവന്ന വസ്ത്രം ധരിച്ച് രാത്രി അര്‍ച്ചന നടത്തണം

Monday, 9 February 2015

പ്രദക്ഷിണവിധി


ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിക്കും നാല്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണം. സ്വയം ഭൂ ആഗമനത്തില്‍ 21 പ്രദക്ഷിണം ഉത്തമമാണെന്നു പറയുന്നു. മറ്റൊരു വിധിയനുസരിച്ച് ഗണപതിക്ക് ഒന്നും ആദിത്യനും ഭദ്രകാളിക്കും രണ്ടും ശിവന് മൂന്നും വിഷ്ണുവിന് നാലും ശാസ്താവിന് അഞ്ചും സുബ്രഹ്മണ്യന് ആറും ദുര്‍ഗ്ഗയ്ക്കും ആല്‍മരത്തിനും ഏഴും വീതം പ്രദക്ഷിണങ്ങളാകാം. സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ നടത്തുന്ന പ്രദക്ഷിണത്താല്‍ സകല ആഗ്രഹങ്ങളും സാധിക്കുന്നു എന്നാണ് വിശ്വാസം. കൂടുതല്‍ കഠിനമായ ശയനപ്രദക്ഷിണം കഠിനദോഷങ്ങള്‍ പരിഹരിക്കുന്നതിനായി അനുഷ്ഠിക്കപ്പെടുന്നതാണ്. ഗ്രഹപ്പിഴകളുടെ കാഠിന്യമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഹാരത്തിന് ഉത്തമമാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി ചെയ്യുന്നവര്‍ക്ക് മോക്ഷവും കൈവരുന്നു എന്ന് അംശുമതി ആഗമത്തില്‍ പറയുന്നുണ്ട്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും.
ശിവക്ഷേത്രത്തിന്റെ പ്രദക്ഷിണത്തിനു അല്പം വ്യത്യാസമുണ്ട്. ഇവിടെ ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തൂകൂടി പ്രദക്ഷിണമായി എത്തുകയും അവിടെനിന്ന് താഴികകുടം നോക്കി വന്ദിച്ചശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തുകയും മടങ്ങി ക്ഷേത്രനടയിലെത്തുകയും ചെയ്യണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ണമാകുന്നത്. താന്ത്രികവും യോഗശാസ്ത്രപരവുമായ ചില കാരണങ്ങളാണ് ഈ വിത്യസ്തതയ്ക്കു പിന്നിലുള്ളത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്‍മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ്. ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്കുഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതുകൊണ്ടാണ് ശിവാഗമത്തില്‍ സോമസൂത്രം ന ലംഘയേല്‍ എന്നു പറഞ്ഞിരിക്കുന്നത്. കിഴക്കുനിന്നും പ്രദക്ഷിണമായി ഓവിനു സമീപമെത്തുമ്പോള്‍ സാധകന്‍തന്നെ സഹസ്രാരപത്മം വരെ എത്തുന്നു. അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം.
പ്രദക്ഷിണത്തിനുശേഷം ദേവനെ ദര്‍ശിച്ചുവന്ദിക്കുന്നു. പിന്നീടാണ് നമസ്‌കാരം. സാഷ്ടാംഗനമസ്‌കാരമാണ് ഏറ്റവും ഉത്തമം. മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി(തൊഴുകൈ), കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ എന്നിവയാണ് എട്ടംഗങ്ങള്‍. നമസ്‌കരിച്ചുകിടക്കുന്ന സമയത്ത് കാലടികള്‍, കാല്‍മുട്ടുകള്‍, മാറ്, നെറ്റി എന്നീ നാലുസ്ഥാനങ്ങള്‍ മാത്രമേ നിലത്തുമുട്ടാവൂ. അങ്ങനെ കിടന്നുകൊണ്ട് കൈകള്‍ തലക്കുമീതെ നീട്ടി തൊഴുന്നു. അഞ്ജലി കൂപ്പുന്നത് അഞ്ചാം അംഗവും ദേവസ്തുതിയാര്‍ന്ന വാക്ക് ആറാം അംഗവും ദേവനെ ദര്‍ശിക്കുന്ന കണ്ണ് ഏഴാം അംഗവും ദേവനെ ധ്യാനിക്കുന്ന മനസ്സ് എട്ടാം അംഗവും ഇങ്ങനെയാണ് സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നത്.
പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌കാരം എന്നിവ കഴിഞ്ഞിട്ടുവേണം തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കുവാന്‍. രിക്തഹസ്തനായി ദേവദര്‍ശനം പാടില്ല. യഥാശക്തി കാണിക്കയിടുകയും വഴിപാടുകള്‍ കഴിക്കുകയും വേണം. വലം കൈകൊണ്ട് തീര്‍ത്ഥം വാങ്ങി കൈ ചുണ്ടില്‍ തൊടാതെ വിരലുകള്‍ക്കിടയില്‍ക്കൂടി നാവിലേക്കിറ്റിക്കുകയാണു വേണ്ടത്. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാവുമെന്നുള്ളതിനാല്‍ ശ്രദ്ധയോടെ മൂന്നുരു നാരായണ നാമം ജപിച്ചുവേണം തീര്‍ത്ഥം സേവിക്കേണ്ടത് എന്നാണ് പ്രമാണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്.

ധര്‍മ്മദൈവങ്ങള്‍


പാരമ്പര്യമായി കുടുംബത്തില്‍ വച്ച് പൂജിച്ചുകൊണ്ടിരിക്കുന്നതോ പൂര്‍വ്വികര്‍ ആരാധിച്ചു വരുന്നതോ ആയ ദേവതകളാണ് ധര്‍മ്മദൈവങ്ങള്‍ എന്നറിയപ്പെടുന്നത്. ജാതകത്തിലും പ്രശ്നത്തിനും നാലാം ഭാവം കൊണ്ടാണ് ധര്‍മ്മദൈവത്തെ നിര്‍ണ്ണയിക്കുന്നത്. ധര്‍മ്മദൈവബാധയുള്ള കുടുംബങ്ങളില്‍ ദുരിതങ്ങളും രോഗങ്ങളും അപകടങ്ങളും സംഭവിക്കാം. കുടുംബപുരോഗതിയും ഐശ്വര്യവും തടസ്സപ്പെടുത്തുന്ന ധര്‍മ്മദൈവദോഷം എത്രയും വേഗം പരിഹരിക്കപ്പെടെണ്ടതാണ്. നമ്മുടെ പ്രവൃത്തികള്‍ വിജയിക്കുന്നതിനും ജാതക പ്രകാരമുള്ള യോഗഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവിക്കുന്നതിനും കുടുംബത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കുമൊക്കെ ധര്‍മ്മദൈവങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ വേണം. ഇഷ്ടദേവതയെപ്പോലെയോ അതിലും അധികമായോ കുലദൈവങ്ങള്‍ നമ്മെ എപ്പോഴും കാത്തുരക്ഷിക്കുന്നു. ധര്‍മ്മദൈവങ്ങളും ഗുരുകാരണവന്മാരും പലപ്പോഴും നമ്മുടെ ജീവിതയാത്രയില്‍ അംഗരക്ഷകന്മാരെ പോലെയാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും ധര്‍മ്മദൈവസന്നിധിയിലെത്തി യഥാശക്തി വഴിപാടുകള്‍ കഴിച്ച് തൊഴുത് പ്രാര്‍ത്ഥിച്ചുപോരണം. പൂര്‍വ്വികര്‍ തുടങ്ങിവെച്ച ആചാരനുഷ്ടാനങ്ങള്‍ അതേപടി തുടര്‍ന്നു പോരണം. അനാഥമായി കിടക്കുന്ന ധര്‍മ്മദേവതാ സ്ഥാനങ്ങളുണ്ടെങ്കില്‍ കുടുംബക്കാര്‍ ഒത്തുചേര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കുകയാണെങ്കില്‍ അത് തറവാടുകള്‍ക്ക് മുഴുവന്‍ ശ്രേയസ്കരമാണ്.

വിദുരനീതി (മഹാഭാരതം )

മഹാബുദ്ധിമാനായ ധൃതരാഷ്ട്ര മഹാരാജാവ് തൻറെ
അനുജനും സർവശാസ്ത്ര പാരംഗതനുമായ
വിദുരമഹാശയനോട് ഇപ്രകാരം പറഞ്ഞു.
ജാഗ്രതോ ദക്ഷമാനസ്യ ശ്രേയോ യദനു പശ്യസി
തദ്‌ ബ്രൂഹി ത്വം ഹി നസ്താത ധർമ്മാർധ കുശലോ ഹ്യസി.

പ്രിയപ്പെട്ടവനെ ,ഞാൻ ചിന്തകൊണ്ട്സ്വയം ജ്വലിക്കുകയാണ്,ഉറക്കം വരാതെ വിഷമിക്കുകയാണ്, എനിക്ക് ശ്രേയസ്ക്കരമായതെന്താണ് ? വേണ്ടപോലെ ആലോചിച്ചു ഉപദേശിച്ചു തന്നാലും,നമ്മൾ മൂന്നു സഹോദരന്മാരിൽ വെച്ച് നീയാണ് ധർമ്മത്തേയും അർത്ഥത്തേയും സമർത്ഥമായിഗ്രഹിച്ചിട്ടുള്ളത്.
ഇതിനു മറുപടിയായി വിദുരൻ പറഞ്ഞു,
അഭിയുക്തം ബലവതാ ദുർബലം ഹീനസാധനം
ഹൃതസ്വം കാമിനം ചോരമാവിശന്തി പ്രജാഗരാഹ
ഹേ മഹാരാജാവേ ആരാണോ ബലവാനുമായി
വൈരത്തിലേർപ്പെട്ടിരിക്കുന്നത് അവനും ആരുടെ
സ്വത്താണോ നിശ്ശേഷം അപഹരിക്കപ്പെട്ടിരിക്കുന്നത്
ആ ബലഹീനനും ആരാണോ കാമത്തിന് വശംവദൻ
ആയിരിക്കുന്നത് അവനും ആരാണോ അന്യൻറെ
സ്വത്ത് അപഹരിക്കുവാൻ പദ്ധതികൾ ആസൂത്രണം
ചെയ്യുന്നത് അവനും രാത്രിയിൽ ഉറക്കം ഉണ്ടാവുകയില്ല...
വിദുരനീതി (മഹാഭാരതം )

***ഒൗവ്വയാർ***

ഒരിക്കൽ ഒരു ക്ഷേത്രപ്രതിഷ്ഠയ്ക്കുനേരെ കാൽവച്ച് കിടന്നുറങ്ങിയ ഒൗവ്വയാറെ മതവിശ്വാസികൾ അധിക്ഷേപിച്ചു.ഇൗശ്വരനു നേരെ കാൽവച്ചു കിടന്നതാണ് കുറ്റമെന്നറിഞ്ഞപ്പോൾ, "ഈശ്വരനില്ലാത്ത ഒരു ദിശ കാണിച്ചു തരൂ ഞാൻ അങ്ങോട്ടു കാൽ വചുകിടക്കാം" എന്നു പറഞ്ഞ അവധൂതയാണ് ഒൗവ്വയാർ.
എ.ഡി.5-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് ഭക്തകവയിത്രി.തമിഴ് സാഹിത്യത്തിൽ തിരുവളളുവർക്കും ഇളങ്കോവടികൾക്കുമൊപ്പം സ്ഥാനം നേടാൻ ഔവ്വയാറിന് കഴിഞ്ഞു. ജനിച്ച ഉടനെ ഇവരെ അമ്മ ഉപേക്ഷിച്ചതാണെന്നും പിന്നീട് ഒരു പാണകുടിലിലാണ് വളർന്നതെന്നും കഥയുണ്ട്.തിരുവളളുവരുടെ സഹോദരിയ്ണെന്നും ചിലർ വിശ്വസിക്കുന്നു. ഭക്തികാവ്യങ്ങൾക്കുപുറമെ നൃത്തത്തിലും സംഗീതത്തിലും ഒൗവ്വയാറിന് വൗദക്ത്യമുണ്ടായിരുന്നു.മതത്തിൻെ പേരിലുളള അന്ധവിശ്വാസങ്ങളെ എതിർക്കനും വിമർശിക്കാനും ധൈര്യംകാണിച്ച അവർ യധാർത്ത ഭക്തി ഹൃദയ ത്തിലാണ് ഉണ്ടാവേണ്ടതെന്നും ജനങ്ങൾളെ ഉദ്ബോദ്ധിപ്പിച്ചു. ഭാരതീയ പുണ്യ വനിതകളിൽ പ്രധാനിയാണ് ഒൗവ്വയാർ.

Saturday, 7 February 2015

ക്ഷേത്ര ദര്ശനം, പ്രദിക്ഷണം

ക്ഷേത്ര ദര്ശനം :- ഓരോ ക്ഷേത്രത്തിലും ആരാധനാ മൂര്‍ത്തി ഏതെന്നു മനസ്സിലാക്കി അതതു മൂര്‍ത്തിയുടെ മൂലമന്ത്രം ജപിച്ചു വേണം പ്രദിക്ഷണം വയ്ക്കുവാന്‍ .ക്ഷേത്ര ദര്ശനത്തില്‍ പ്രദിക്ഷ്ണത്തിന് വളരെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിചിട്ടുണ്ട് . പ്ര എന്നതിന് ... .സര്‍വ്വ ഭയ നാശം
ദ എന്നതിന് ......മോക്ഷ ദായകം.
ക്ഷി എന്നതിന് ... രോഗനാശകം
ണം എന്നതിന് ... ഐശ്വര്യപ്രദം
ഇങ്ങിനെയാണ്‌ പ്രദിക്ഷണം എന്നതിനെ വിവക്ഷിക്കുന്നത് .

നാല് വിധ നമസ്കാരങ്ങള്‍-:

നമസ്കാരങ്ങള്‍ നാല് വിധമുണ്ട്.സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിങ്ങനെ.
സൂര്യ നമസ്കാരം
സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.
സാഷ്ടാംഗ നമസ്കാരം
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാല്‍മുട്ട്,കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.
ദണ്ഡ നമസ്കാരം
ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍(വടി പോലെ) കിടക്കുന്നതാകുന്നു.
പാദ നമസ്കാരം
ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി(വജ്രാസനം)ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.
ആശ്രയം,ശരണം,രക്ഷ,അഭയം,ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ,ദണ്ഡമോ,സൂര്യമോ ചെയ്യാന്‍ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ഠാംഗ നമസ്കാരത്തെ അനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല,സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകള്‍ ആചരിക്കാവു

നിലവിളക്ക്

നിലവിളക്കിൽ തിരിയിടുന്നതിനും ദീപം കൊളുത്തുന്നത്തിനും ശാസ്ത്രവിധികൾ ഉണ്ട്. നിലവിളക്കിന്റെ താഴ് ഭാഗം മൂലാധാരവും, തണ്ട് സുക്ഷുമ്നയും, മുകൾഭാഗം ശിരസ്സുമാണ്. വെറും നിലത്തോ ഉയർന്ന പിഠങ്ങളിലോ നിലവിളക്ക് വെയ്ക്കരുത്. ഭൂമി ദേവിക്ക് നിലവിളക്കിന്റെ ഭാരം താങ്ങാൻ നേരിട്ട് കഴിയില്ല. അതിനാൽ ഇലയിലോ,തളികയിലോ, പിഠത്തിലോ നിലവിളക്ക് വയ് ക്കം. ഓടിൽ നിർമിച്ച രണ്ട് തട്ട്‌ വിളക്ക് ഭവനങ്ങളിൽ കത്തിക്കുന്നതാണ് ഉചിതം. കുടുതൽ പിരിവുള്ള വിളക്ക്, തുക്കുവിളക്ക്, പൊടിയണിഞ്ഞതും ക്ലാവ് പിടിച്ചതുമായ വിളക്ക്, എണ്ണകാലുന്ന വിളക്ക് എന്നിങ്ങനെയുള്ള വിളക്കുകൾ കത്തിക്കുന്നത് അശുഭസൂചകമാണ്.

ഒരുതിരിയായി വിളക്ക് കൊളുത്തുന്നത് ദോഷമാണ്. അതിനാൽ രണ്ട് തിരികൾ യോജിപ്പിച്ച് ഒരു ദിക്കിലേക്ക് വെച്ച് ദീപം കൊളുത്താം. പ്രഭാതത്തിൽ കിഴക്ക് വശത്തേക്കുള്ള ദീപം വേണം ആദ്യം കത്തിക്കേണ്ടത്. അതിനു ശേഷം മാത്രമേ പടിഞ്ഞാറ് വശത്തുള്ള തിരികത്തിക്കാൻ. എന്നാൽ സന്ധ്യാദീപം കത്തിക്കുമ്പോൾ ആദ്യം പടിഞ്ഞാറ് ഭാഗത്തെ തിരിയും പിന്നിട് കിഴക്കുഭാഗത്തെ തിരിയുമാണ് കത്തിക്കുന്നത്‌.ഇത് കർമമസാക്ഷിയായ സൂര്യന്റെ സ്ഥാനം വിളിച്ചോതുന്നു. പൂജാദികർമ്മങ്ങൾക്കും ക്ഷേത്രങ്ങളിലും രണ്ടിലധികം ദീപങ്ങൾ തെളിയിക്കാം. പക്ഷേ എല്ലാ ദിവസവും ഭവനങ്ങളിൽ രണ്ടിൽ കുടുതൽ തിരിയിട്ട് ദീപം കത്തിക്കുന്നത് ദോഷകരമാണ്.

ഒരിക്കലും നിലവിളക്ക് ഊതിക്കെടുതരുത്. അതിന്റെ തിരി പിന്നിലേയ്‌ ക്ക് വലിച്ച് എണ്ണയിൽ മുക്കിയാണ് തീ അണയ്‌ ക്കേണ്ടത്. ദീപം കരിന്തിരി എരിയാൻ അനുവദിക്കരുത്.അത് ദോഷമാണ്. അതുണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണം