Saturday, 18 June 2016

പശു അന്നവുമല്ല, അശ്വമേധം കുതിരയെ കൊല്ലലുമല്ല


തൈത്തിരീയബ്രാഹ്മണത്തില്‍ പശു അന്നമാണ് എന്ന് പറയുന്നുണ്ട് എന്ന വാദത്തെ ഒന്നു പരിഗണിച്ചുനോക്കാം. 'അഥോ അന്നം
വൈ ഗൗ'എന്നതിനാണ് പശു അന്നമാണ് എന്ന അര്‍ത്ഥം പറഞ്ഞിരിക്കുന്നത്. ഇനി തെറ്റായ ആ അര്‍ത്ഥം സ്വീകരിച്ചാല്‍തന്നെ അവിടെ ലുപ്ത തദ്ധിത പ്രക്രിയ അനുസരിച്ച് പാല്‍ എന്നെടുക്കാതെ എന്തിനു മാംസം എന്നുതന്നെ ചിന്തിക്കണം? ഇനി യഥാര്‍ത്ഥ അര്‍ത്ഥത്തെക്കുറിച്ച്....
ഇപ്രകാരം അര്‍ത്ഥം കല്പിച്ചാല്‍ ശതപഥബ്രാഹ്മണത്തിലെ 'അശ്വം വൈ രാഷ്ട്രഃ' എന്നതിന് രാഷ്ട്രം കുതിരയാണ് എന്നര്‍ത്ഥം വന്നുചേരും. എന്നാല്‍ സംഗതി അതല്ല.
നിഘണ്ടുവിലെ ഈ വാക്യങ്ങള്‍ പരിശോധിക്കുക. 'ഗൗരിതി പൃഥിവ്യാ നാമധേയം', 'ഗതേര്‌വൗകാരോ നാമകരണഃ', ' സര്‌വേ'പി രശ്മയോ ഗാവ ഉച്യന്തേ'
''അതായത് ഗൗ എന്ന ശബ്ദത്തിന് ഭൂമി എന്നര്‍ത്ഥമുണ്ട്. കാരണം ഗമിക്കുന്നത്/ ഗമിപ്പിക്കുന്നത് എന്നര്‍ത്ഥം വരുന്ന 'ഗ'യോട് 'ഔ' ചേര്‍ന്നാണ് 'ഗൗ' പദം ഉണ്ടായത്. ഗമിക്കുന്നതിനാല്‍ രശ്മികളും ഗോക്കള്‍തന്നെ''. ഗൗ ശബ്ദത്തിന് അന്നമെന്നും അര്‍ത്ഥമുണ്ട് എത് ശതപഥബ്രാഹ്മണം 4.3.1.25ല്‍ നിന്നും മനസ്സിലാക്കാം. കാരണം അന്നം നമ്മെ ഗമിപ്പിക്കുന്നു. അന്നം ഉപയോഗിച്ചാണ് നാം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സാരം. അതുകൊണ്ടാണ് അന്നം കൃഷിചെയ്യുതിനെ പണ്ട് ഗോപൂജ എന്നുവിളിച്ചിരുന്നത്. 'അശ്വം വൈ രാഷ്ട്രഃ' എന്നതിന്റെ അര്‍ത്ഥമെന്തായിരിക്കും...'അശ്വ ശബ്ദത്തിന് രാഷ്ട്രം എന്നര്‍ത്ഥമുണ്ട്' എന്നതാണതിന്റെ അര്‍ത്ഥം. അശ്വമേധമെന്നാല്‍ കുതിരയെകൊല്ലുന്ന യജ്ഞമല്ല എന്നും അതു രാഷ്ട്രസേവയാണെന്നും ശതപഥം 13.1.6.3 പഠിച്ചാല്‍ മനസ്സിലാകും.രാഷ്ട്രത്തിനുവേണ്ടി വീരമൃത്യു വരിച്ച ഭഗത്സിംഗും ആസാദും ബിസ്മിലും അഷ്ഫാഖുള്ളാ ഖാനുമെല്ലാം ചെയ്തത് അശ്വമേധയജ്ഞമാണെന്ന് സാരം.
പശു അന്നവുമല്ല, അശ്വമേധം കുതിരയെ കൊല്ലലുമല്ല..

Tuesday, 14 June 2016

ഇഷ്ടദേവതയുടെ ആവശ്യകത

ഇഷ്ടദേവതയുടെ ആവശ്യകത

ആധുനിക മനുഷ്യന്‍ വളരെ എളുപ്പം പറയുന്നു: ‘ഈശ്വരന്‍ സര്‍വ്വദിക്കിലുമുണ്ട്‌.’ എന്നാല്‍ ഈശ്വരൂപം ചിന്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തനിക്ക്‌ വ്യക്തമായ ധാരണയൊന്നുമില്ല. മിക്ക ആളുകള്‍ക്കും ഈശ്വരനെപ്പറ്റി വളരെ അവ്യക്തമായ ആശയം മാത്രമാണുള്ളത്‌. നിരാകാരനായ ഈശ്വരനെ ആരാധിക്കുന്ന വ്യക്തി വീട്ടില്‍ തന്റെ ശരീരവും അതിനോട്‌ ബന്ധപ്പെട്ട വ്യക്തികളുമായി തിരക്കുപിടിച്ച്‌ കഴിയുന്നു. ചൈതന്യത്തിന്റെ മണ്ഡലത്തിലേക്ക്‌ ഉയര്‍ന്ന്‌ അവ്യക്തവും സൂക്ഷ്മവുമായ ഒരു സത്യത്തോട്‌ ഇടപെടാന്‍ അയാള്‍ക്ക്‌ കഴിയുന്നില്ല. എന്നാല്‍ അയാള്‍ അതിനെക്കുറിച്ച്‌ ഒരുപാട്‌ സംസാരിക്കും. നമുക്ക്‌ ശരിയായ ശരീരബോധം ഉള്ളപ്പോള്‍, നാം നമ്മുടെ വ്യക്തിത്വത്തെമാത്രം ഏകസത്യമെന്ന്‌ കരുമ്പോള്‍, നമ്മുടെ ആദ്ധ്യാത്മക സാധനയ്ക്കും വളര്‍ച്ചയ്ക്കും ഒരിഷ്ടദേവത ആവശ്യമാണ്‌.

ഒരു താണതലത്തില്‍ കേവലസത്യം അവ്യക്തമായിത്തീരുന്നു. ഒരു ഉയര്‍ന്നതലത്തില്‍ അത്‌ സത്യമാണെങ്കിലും രൂപത്തിന്റെയും വ്യക്തിത്വത്തിന്റെയും താണതലത്തില്‍ നമ്മുടെ മനസ്സില്‍ പൊന്തുന്ന ദുഷിച്ചതും നാം ആഗ്രഹിക്കാത്തതുമായ ചിത്രങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രതികരണം ചെയ്യാന്‍ സാധിക്കുന്നില്ല, അതിന്‌ നമുക്ക്‌ പവിത്രവും നല്ലതുമായ ചിന്തകളും ചിത്രങ്ങളും ആവശ്യമാണ്‌. ഇവിടെയാണ്‌ ഇഷ്ടദേവതയുടെ ആവശ്യകത. നമ്മുടെ ഏറ്റവും സമുന്നതാശയങ്ങള്‍ ഇഷ്ടദേവതയില്‍ നാം സാക്ഷാത്കരിക്കുന്നു. നമ്മുടെ എല്ലാം രൂപങ്ങള്‍ സത്യമാണെന്ന്‌ കരുതുന്നിടത്തോളം കാലം നമുക്ക്‌ നിശ്ചിതമായ ഒരിഷ്ടദേവതയും ആവശ്യമാണ്‌. എന്നാല്‍ അതേ സമയം രൂപത്തിനെയും രൂപമില്ലാത്തതിനെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരു കണ്ണികൂടി നമുക്ക്‌ ആവശ്യമാണ്‌. രൂപം അരൂപത്തിന്റെ ഒരു പ്രകടനം മാത്രമാണ്‌. ഇഷ്ടദേവത എല്ലാറ്റിനും താങ്ങായി നില്‍ക്കുന്ന അരൂപസത്യത്തിന്റെ ഒരു പ്രതീകമാണ്‌.

ഇഷ്ടദേവത പരിമിതത്തെയും അപരിമിതത്തെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരു കണ്ണിയായി നിലകൊള്ളുന്നു. ഇങ്ങനെ കരുതിയാല്‍ അത്‌ ബുദ്ധിയേയും ഹൃദയത്തേയും തൃപ്തിപ്പെടുത്തും. ബുദ്ധിക്ക്‌ അപരിമിതം വേണം; വികാരങ്ങള്‍ക്ക്‌ പരിമിതസത്യം വേണം. ശരിയായ വെളിച്ചത്തില്‍, തത്ത്വത്തിന്റെ പ്രകടമായ വൃഷ്ടിരൂപമാണ്‌ ഇഷ്ടദേവത എന്ന്‌ കരുതുന്നുവെങ്കില്‍ ഇതു രണ്ടും നാം അതില്‍ കാണുന്നു.
ഈ രൂപം മനസ്സില്‍ കൊണ്ടുവരുന്നതില്‍ ശബ്ദപ്രതീകമായ ‘ഓം’കാരത്തെ ആശ്രയിക്കാവുന്നതാണ്‌. ആദ്യം രൂപത്തെക്കുറിച്ചും പിന്നെ അരൂപത്തെക്കുറിക്കും ഇതുപോയഗിക്കാവുന്നതാണ്‌. എന്നാല്‍ സാധാരണയായി അധികാരമുള്ള ഒരു ഗുരു നല്‍കിയിട്ടുള്ള കൂടുതല്‍ വാക്കുള്ള ഒരു മന്ത്രമാണ്‌ ഉപയോഗിക്കാറുള്ളത്‌. സാധകന്‌ ഗുരുവിലും മന്ത്രശക്തിയും വിശ്വാസം വേണം. ജപിക്കുമ്പോള്‍ മന്ത്രജപത്തോടൊപ്പം സാധകന്‍ ഇഷ്ടദേവതയുടെ രൂപമോ ശബ്ദപ്രതീകത്തോട്‌ ബന്ധപ്പെട്ട അരൂപഭാവമോ കൂടി ചന്തിക്കണം. നമ്മുടെ ബോധകേന്ദ്രം നമ്മെ ആകപ്പാടെ, അല്ല, പ്രപഞ്ചത്തെ ആകെയും യാതൊരു പരിമിതിയുമില്ലാതെ അതിനപ്പുറവും വ്യാപിച്ചുനില്‍ക്കുന്ന അനന്തചൈതന്യത്തിന്റെ ഒരുഭാഗമാണ്‌. ആദ്യം ശബ്ദവും ചിന്തയും ഒന്നിച്ചുപോകുന്നു. പിന്നെ ശബ്ദം ഈശ്വരചിന്തയിലും ബോധത്തിലും ലയിക്കുന്നു. സാധന ചെയ്ത്‌ പുരോഗമിക്കുമ്പോള്‍ ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണെന്ന്‌ കൂടുതല്‍ മനസ്സിലാക്കും.

- യതിശ്വരാനന്ദ സ്വാമികള്‍

ക്ഷേത്രസങ്കല്‍പത്തിന്റെ ശാസ്ത്രീയത

ബ്രഹ്മാണ്ഡ-പിണ്ഡാണ ശരീരങ്ങളുടെ പ്രത്യക്ഷമായ പ്രതീകമാണ്‌ ക്ഷേത്രം. പ്രപഞ്ചം ബ്രഹ്മാണ്ഡവും മനുഷ്യശരീരം പിണ്ഡാണ്ഡവും. കേരളീയ മഹാക്ഷേത്രങ്ങളില്‍ ശ്രീകോവിലിന്‌ പുറത്ത്‌ അകത്തെ ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പുറത്തെ പ്രദക്ഷിണവഴി, പുറം മതില്‍ എന്നിങ്ങനെ അഞ്ചു പ്രകാരങ്ങളുണ്ടാവും. ഇങ്ങനെ നിര്‍മ്മിച്ച ക്ഷേത്രം മനുഷ്യശരീരത്തിന്റെ തന്നെ പ്രതീകമാണ്‌. ക്ഷേത്രശില്‍പം ദേവന്റെ സ്ഥൂലശരീരത്തെയും ശ്രീകോവിലിനുള്ളിലുള്ള ദേവപ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാധാരപ്രതിഷ്ഠയും ദേവന്റെ സൂക്ഷ്മശരീരത്തെയും പ്രതിനിധാനം ചെയ്യുന്നു. ഗര്‍ഭഗൃഹം ശിരസ്സായും അകത്തെ ബലിവട്ടം മുഖമായും നമസ്കാരമണ്ഡപം ഗളമായും നാലമ്പലം കൈകളായും പുറത്തെ പ്രദക്ഷിണവഴി കുക്ഷിസ്ഥാനമായും പുറംമതില്‍ മുട്ടുകളായും ഗോപുരം വേദപാദങ്ങളായും വര്‍ണ്ണിച്ചിരിക്കുന്ന ‘വിശ്വകര്‍മ്മ്യം’ എന്ന ക്ഷേത്രശില്‍പ ഗ്രന്ഥത്തിലെ ‘ഗര്‍ഭഗൃഹം ശിരഃ പ്രോക്തം’ എന്നുതുടങ്ങുന്ന വരികള്‍ ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്‌. ഗോപുരദര്‍ശനം പുണ്യകരമെന്ന്‌ വിശ്വസിക്കപ്പെടുന്നതും അതുകൊണ്ടാണ്‌.

ആധാരശില, നിധികുംഭം, അഷ്ടദളപത്മം, കൂര്‍മ്മം, യോഗനാളം, നപുംസകശില എന്നിവയാണ്‌ ക്ഷേത്രത്തിലേ ഷഡാധാരപ്രതിഷ്ഠയിലെ ആറ്‌ ആധാരങ്ങള്‍. ഇവ യഥാക്രമം സൂക്ഷ്മശരീരത്തിലെ മൂലാധാരം, സ്വാധിഷ്ഠാനചക്രം, മണിപൂരകം, അനാഹതചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അജ്ഞാചക്രമാകുന്ന നപുംസകശിലയുടെ ഉപരിഭാഗമാണ്‌ സഹസ്രാരപത്മമെന്ന്‌ വിവക്ഷിക്കപ്പെടുന്നത്‌. ഇവിടെ സ്ഥാപിക്കുന്ന പീഠത്തിന്മേല്‍ പീഠം സ്ത്രീശിലയും സ്ത്രീദേവതാവിഗ്രഹമാണെങ്കില്‍ പീഠം പുരുഷശിലയുമായിരിക്കും. അങ്ങനെ ദേവപ്രതിഷ്ഠ സഹസ്രാരപത്മത്തില്‍ നടക്കുന്ന ശിവശക്തി സംയോഗം  തന്നെയെന്ന്‌ വരുന്നു.

മനുഷ്യശരീരത്തിലെ മൂലാധാര ചക്രത്തില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരചൈതന്യത്തെ (കുണ്ഡലിനീശക്തി) ഉണര്‍ത്തി ആധാരചക്രങ്ങളിലൂടെ ക്രമമായി മുകളിലേക്ക്‌ കൊണ്ടുവന്ന്‌ ശിരസ്സില്‍ ആയിരം ഇതളുകളുണ്ടെന്ന്‌ സങ്കല്‍പിക്കപ്പെടുന്ന സഹസ്രാരചക്രത്തിലെത്തുമ്പോള്‍ വ്യക്തി പരമപദത്തിലെത്തുന്നു.

എളുപ്പമായുള്ള വഴിയെ ചന്തിച്ചാല്‍
ഇടയ്ക്കിടെയാറു പടിയുണ്ട്‌
പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍
ശിവനെക്കാണാകും ശിവശംഭോ

എന്ന കീര്‍ത്തനത്തിലും ഇതുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ പരമപദപ്രാപ്തിക്ക്‌ ഹിന്ദുമതം വിവിധ സാധനാമാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. എന്നാല്‍ അവയൊന്നും സാധാരണക്കാരന്‌ അനുഷ്ഠാനക്ഷമമല്ല. അവര്‍ക്ക്‌ ഏറ്റവും കരണീയമാര്‍ഗ്ഗമാണ്‌ ക്ഷേത്രദര്‍ശനം. മന്ത്ര-തന്ത്രശാസ്ത്രങ്ങളൊന്നും നിശ്ചയമില്ലാത്തവരും ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍, ആറ്‌ ആധാരങ്ങളും കടന്ന്‌ പരമപദത്തിലെത്തിയ കുണ്ഡലിനീശക്തിയുടെ പ്രതീകമായ ദേവപ്രതിഷ്ഠയില്‍ നിന്നും ആ ചൈതന്യം അവനിലേക്ക്‌ സംക്രമിക്കുന്നു. അത്‌ അവനിലെ കുണ്ഡലിനീശക്തിയെയും ഉണര്‍ത്തുന്നു. ആ ചൈതന്യത്തിന്റെ ശക്തിയുടെ പ്രഭാവം മുലമാണ്‌ സാധകന്‌ ദൈവം പ്രസാദിച്ചതായി അനുഭവപ്പെടുന്നത്‌. മാധവജി എഴുതുന്നു : ‘അങ്ങനെ അനേകായിരം ഭക്തജനങ്ങള്‍ക്ക്‌ സാധനയുടെ ദുഷ്കരവും തീവ്രവുമായ മാര്‍ഗ്ഗങ്ങളില്‍ കൂടി പോകാതെ തന്നെ വളരെയെളുപ്പത്തില്‍ സാധനാജന്യങ്ങളായ സദ്ഫലങ്ങളെ അനുഭവേദ്യങ്ങളാക്കി തീര്‍ക്കുന്ന അത്യത്ഭുതകരമായ ഒരു മനഃശാസ്ത്ര എഞ്ചിനീയറിംഗ്‌ പദ്ധതിയാണ്‌ നമ്മുടെ പൂര്‍വ്വികര്‍ ക്ഷേത്രനിര്‍മ്മിതികൊണ്ടും അതിന്റെ സങ്കേതികശാസ്ത്രകര്‍മ്മങ്ങളായ താന്ത്രികക്രിയാദികള്‍ കൊണ്ടും മറ്റും ചെയ്തുവച്ചിരിക്കുന്നത്‌.

ക്ഷേത്രത്തിലെ പൂജകളും അടിയന്തരങ്ങളും

ക്ഷേത്രവും അവിടെ പ്രതിഷ്ഠിക്കുന്ന വിഗ്രഹങ്ങളും ചൈതന്യസമ്പൂര്‍ണമാകുന്നത്‌, മന്ത്രതന്ത്രാദികളില്‍ അവഗാഹം നേടുകയും ജപഹോമ തര്‍പ്പണാദികളിലൂടെ മന്ത്രശക്തിയും തപഃശക്തിയും നേടുകയും ചെയ്തിട്ടുള്ള താന്ത്രികാചാര്യന്മാര്‍ നിരവധി സങ്കീര്‍ണ്ണങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്‌ പ്രതിഷ്ഠ നടത്തുമ്പോഴാണ്‌. പ്രതിഷ്ഠ നടത്തുന്ന ആചാര്യന്മാര്‍ (തന്ത്രി) തന്റെ ആത്മചൈതന്യത്തെ (കുണ്ഡലിനീശക്തി) ബിംബത്തില്‍ ലയിപ്പിക്കുമ്പോള്‍ മാത്രമാണ്‌ ക്ഷേത്രവും വിഗ്രഹവും ചൈതന്യപൂര്‍ണമാകുന്നത്‌. കല്‍പാന്തകാലത്തോളം നിലനില്‍ക്കുന്നതിനുവേണ്ടിയാണ്‌ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌ പ്രതിഷ്ഠ നടത്തുന്നത്‌. അങ്ങനെ ജീവനുള്ള പ്രതീകമായ ക്ഷേത്രത്തിന്റെ ചൈതന്യപോഷമത്തിനും സംരക്ഷണത്തിനുംവേണ്ടി ദൈനംദിന പൂജാദികളും ഉത്സവാദിവിശേഷങ്ങളും ചിട്ടയായും ക്രമമായും നടത്തുന്നു. സാധാരണ ഒരു മഹാക്ഷേത്രത്തില്‍ ഉഷഃപൂജ, ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചുപൂജകളാണുണ്ടാവുക. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷത്തോടുംകൂടി പള്ളിയുണര്‍ത്തുമ്പോള്‍ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യാ വന്ദനാദികളും കഴിഞ്ഞ്‌ മേല്‍ശാന്തി തറ്റുടുത്ത്‌, കാലുകഴുകി ആചമിച്ച്‌, ജപിച്ചുതളിച്ച്‌, തിരുനടയില്‍ വന്ന്‌ അഭിവാദ്യം ചെയ്തു മണിയടിച്ച്‌ നടതുറക്കുന്നു. അകത്തുകടന്നാല്‍ ആദ്യം വിളക്കുതെളിയിക്കുകയാണ്‌ ചെയ്യുന്നത്‌. തുടര്‍ന്ന്‌ തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറുന്നു. വിഗ്രഹത്തില്‍ നിന്നും ഇവ മാറ്റുന്നതിന്‌ മുന്‍പ്‌ നടത്തുന്ന ദര്‍ശനത്തിന്‌ നിര്‍മ്മാല്യദര്‍ശനം. നിര്‍മ്മാല്യദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു. പ്രഭാതത്തിന്‌ മുന്‍പായി തിരുനട തുറക്കുന്ന സമയത്തുനടത്തുന്നതാണ്‌ നിര്‍മാല്യദര്‍ശനം.

നിര്‍മ്മാല്യം മാറ്റിയതിന്‌ ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചുകുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും എതൃത്തപൂജയും കഴിഞ്ഞാല്‍ ശീവേലി (ശ്രീബലി) എന്ന ചടങ്ങുനടക്കുന്നു. ദേവന്റെ പാര്‍ഷദന്മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്ക്‌ ധ്വജശേഖരന്മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടുകൂടി രാവിലത്തെ പൂജകള്‍ പര്യവസാനിക്കുന്നു. പിന്നീട്‌ നടത്തുന്ന പൂജയ്ക്കാണ്‌ പന്തീരടി എന്ന്‌ പറയുന്നത്‌. നിത്യനവകവും അഞ്ചുപൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ്‌ നവകം പൂജിച്ച്‌ അഭിഷേകം ചെയ്യുന്നത്‌. പിന്നെയാണ്‌ ഉച്ചപൂജ. അതിനുശേഷമുള്ള ഉച്ചശീവേലിയോടുകൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകള്‍ സമാപിക്കുന്നു. ഉത്സവകാലങ്ങളില്‍ ഉച്ചശീവേലി കാഴ്ചശീവേലിയായി വൈകുന്നേരമാണ്‌ നടത്തുന്നത്‌. എന്നാല്‍ ഗുരുവായൂര്‍ തുടങ്ങി അപൂര്‍വം ചില ക്ഷേത്രങ്ങളില്‍ മാത്രം നിത്യേന ഉച്ചശീവേലി കാഴ്ചശീവേലിയായി നടത്തിവരുന്നു.

വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിക്കുന്ന സായാഹ്നപൂജകള്‍ രാത്രി എട്ടുമണിയോടെയുണ്ടാവും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യയ്ക്ക്‌ ശിവക്ഷേത്രങ്ങളില്‍ പ്രദോഷപൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്‌. മറ്റ്‌ ദിവങ്ങളില്‍ സന്ധ്യയ്ക്ക്‌ അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കുശേഷം അത്താഴപൂജയും അതുകഴിഞ്ഞാല്‍ അത്താഴശീവേലിയും നടത്തി നട അടയ്ക്കുന്നതിനിടെ ഒരു ദിവസത്തെ പൂജാക്രമത്തിന്‌ പരിസമാപ്തി കുറയ്ക്കുന്നു. തിരുവുത്സവം, ആട്ടവിശേഷം, ഉദയാസ്തമനപൂജപോലെയുള്ള അവസാന വഴിപാടുകള്‍ എന്നിവ നടക്കുമ്പോള്‍ ക്രമത്തിനും സമയത്തിനും അല്‍പാല്‍പം വ്യത്യാസങ്ങള്‍ വരാം. ചെറിയ ക്ഷേത്രങ്ങളില്‍ അഭിഷേകവും പൂജയും മാത്രം രാവിലെയും, ദീപാരാധനയും നിവേദ്യവും വൈകിട്ടും നടത്തുന്നു. തീരെ ചെറിയ ക്ഷേത്രങ്ങളില്‍ ഒരു നേരം മാത്രം അഭിഷേകവും നിവേദ്യവും നടത്തി നട അടയ്ക്കുന്ന പതിവുമുണ്ട്‌.
ക്ഷേത്രങ്ങളില്‍ നടതുറന്നാല്‍ അടയ്ക്കുന്നതുവരെയുള്ള പൂജാസമയങ്ങളില്‍ എല്ലായ്പ്പോഴും ഒന്നുപോലെ ദര്‍ശനം അനുവദിക്കുന്നതല്ല. പരമപ്രധാനമായ ചില സന്ദര്‍ഭങ്ങളില്‍ ഭക്തജനങ്ങളെ ദേവദര്‍ശനം ചെയ്യുന്നതില്‍ നിന്നും വിലക്കി നിര്‍ത്താറുണ്ട്‌. ഉദാഹരണത്തിന്‌ നിവേദ്യസമയത്ത്‌ ദര്‍ശനത്തിന്‌ വിലക്ക്‌ കല്‍പിച്ചിരിക്കുന്നത്‌ നോക്കുക. അവിചാരിതമായി ഉണ്ടായേക്കാവുന്ന അശുദ്ധിബാധ ഒഴിവാക്കുന്നതിനും ദേവന്‌ മറ്റുതരത്തിലുള്ള അസ്വസ്ഥതകള്‍ കൂടാതെ നിവേദ്യം സ്വീകരിക്കുന്നതിനും അനുയോജ്യമായ ഒരു അവസ്ഥാവിശേഷം സംജാതമാകുവാനാണ്‌ ഈ വിലക്കു കല്‍പിച്ചിരിക്കുന്നത്‌.

ഓരോ മാസത്തിലും ചില പ്രത്യേക നക്ഷത്രങ്ങളിലും ആഴ്ചദിവസങ്ങളിലും തിഥികളിലും ക്ഷേത്രങ്ങളില്‍ വിശേഷ അടിയന്തിരങ്ങള്‍ കാണാം. ഇത്‌ മാസവിശേഷം എന്നറിയപ്പെടുന്നു. ആണ്ടുതോറും വിഷു, ശിവരാത്രി, അഷ്ടിരോഹിണി, നവരാത്രി തുടങ്ങിയ വിശേഷങ്ങളും പ്രധാനമായി ആഘോഷിക്കാറുണ്ട്‌. ഇവയാണ്‌ ആട്ടവിശേഷങ്ങള്‍.

- ഡോ. കെ.ബാലകൃഷ്ണവാര്യര്‍

ഭഗവാന്റെ ഗുണക്രിയാബന്ധം – ഭാഗവതം (39)

ഭഗവാന്റെ ഗുണക്രിയാബന്ധം – ഭാഗവതം (39)

യദര്‍ത്ഥേന വിനാമുഷ്യ പുംസ ആത്മവിപര്യയഃ
പ്രതീയത ഉപദ്രഷ്ടുസ്സ്വശിരശ്ഛേദനാദികഃ (3-7-10)
സ വൈ നിവൃത്തിധര്‍മ്മേണ വാസുദേവാനുകമ്പയാ
ഭഗവദ് ഭക്തിയോഗേന തിരോധത്തേ ശനൈരിഹ (3-7-12)
യശ്ച മൂഢതമോ ലോകേ യശ്ച ബുദ്ധേഃ പരം ഗതഃ
താവുഭൌ സുഖമേധേതേ ക്ലിശ്യത്യന്തരിതോ ജനഃ (3-7-17)
സര്‍വ്വേ വേദാശ്ച യജ്ഞാശ്ച തപോ ദാനാനി ചാനഘ!
ജീവാഭയപ്രദാനസ്യ ന കുര്‍വ്വീരന്‍ കലാമപി (3-7-41)

വിദുരര്‍ ചോദിച്ചു:

“ഭഗവാന്‍ തന്റെ ലീലാവിലാസങ്ങളുടെ ഭാഗമായി വിശ്വസൃഷ്ടി നടത്തിയെന്ന് എങ്ങിനെ പറയാന്‍ കഴിയും? ഒരു കുട്ടി തന്റെ കളിക്കോപ്പുകളോട്‌ താല്‍പ്പര്യവും അടുപ്പവും ഉളളതുകൊണ്ടാണ്‌ അതുമായി കളിക്കാന്‍ പോകുന്നുത്‌. ഭഗവാനാകട്ടെ ആഗ്രഹങ്ങളില്ല. അവിടുന്ന് അനന്തസത്യമാണല്ലോ. ഭഗവാന്‍ മായയിലൂടെയാണിതെല്ല‍ാം ചെയ്യുന്നുതെന്നുവെച്ചാല്‍ ഈ മായ അവിടുത്തെ എങ്ങിനെ ബാധിക്കും? എല്ലാത്തിനും ഉളളും സ്ഥിതമായിട്ടുളളത്‌ അവിടുത്തെ പ്രഭാവം മാത്രമാണല്ലോ. അതുകൊണ്ട്‌ അവിടുന്നെങ്ങിനെ കര്‍മ്മബന്ധനിയമങ്ങളാല്‍ നിയന്ത്രിതനാവുന്നു എന്ന പറഞ്ഞു തന്നാലും.”

മൈത്രേയമുനി പറഞ്ഞു:

“വിശ്വനാഥനായ ഭഗവാന്‍ എന്തിന്റെയെങ്കിലും നിയന്ത്രണത്തിലാണെന്നത്‌ സംഭവ്യമല്ല. എന്നിലും മായാശക്തി അപാരമത്രെ. ജീവന്‍ മായാബന്ധിതമെന്നുതോന്നുമെങ്കിലും യാഥാര്‍ഥ്യത്തില്‍ അത്‌ സംഗവിമുക്തമത്രേ. സ്വപ്നത്തില്‍ സ്വന്തം തല നഷ്ടപ്പെട്ടെന്ന് തോന്നുന്നതുപോലെയാണിത്‌.

വിദുരരേ,

വെളളത്തിലെ ചന്ദ്രബിംബം ഓളങ്ങളുടെ ഇളക്കത്തിനനുസരിച്ച്‌ ഇളകിമറിയുമ്പോഴും ചന്ദ്രനു മാറ്റൊന്നുമില്ല. ചന്ദ്രന്‍ ഇളകുന്നതായി തോന്നുന്നത്‌ തെറ്റായ ബോധംകൊണ്ടാണ്‌. തന്റെശരീരത്തെ താനെന്നുകരുതി ശരീരത്തിന്റെ ജര, നര, വിശപ്പ്, മരണം, തുടങ്ങി എല്ലാമായി താദത്മ്യഭാവം പ്രാപിക്കുമ്പോള്‍ ജീവന്‍ ഈ അവസ്ഥകളുടെ ബന്ധത്തിലായിത്തീരുന്നു. ഈ തെറ്റായ തദാത്മ്യഭാവം ശ്രീകൃഷ്ണഭഗവാന്റെ കരുണാകടാക്ഷത്താല്‍ ക്രമേണ നഷ്ടമാവുന്നു. ഇതിനായി ലൗകീകാസക്തി വെടിഞ്ഞ് ഭഗവല്‍ഭക്തിക്കായി ജീവിതം സമര്‍പ്പിക്കുകയാണ് വേണ്ടത്‌. ഭക്തി ഹൃദയത്തില്‍ നിറഞ്ഞ ഒരുവനെ സുഖദുഃഖങ്ങളോ ലൗകീകാവസ്ഥകളോ അലട്ടുന്നില്ല. ദീര്‍ഘസുഷുപ്തിയിലാണ്ട ഒരുവന്‌ സുഖദുഃഖങ്ങളില്‍ നിന്നും മുക്തി കിട്ടുന്നതു പോലെയത്രെ ഇത്‌.”

വിദുരര്‍ പറഞ്ഞു:

“ഭഗവന്‍, എന്റെ സംശയങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഈ ലോകത്ത്‌ തീരെ അജ്ഞാനിയായവനും വളരെ വിജ്ഞാനമുളളവനും മനോബുദ്ധിക്കതീതമായ ശാന്തി ലഭിക്കുന്നു. മറ്റുളളവരാണ്‌ വാസ്തവത്തില്‍ ദുഃഖിക്കുന്നുത്‌. വസ്തുപ്രപഞ്ചം വാസ്തവത്തില്‍ സത്യമല്ല. മായയാകട്ടെ ആത്മാവില്‍ സ്വയം ഉത്ഭവിക്കുന്നതത്രേ എന്റെയീഭാവനയിലെ അപാകതപോലും അവിടുത്തെ പാവനപാദങ്ങളെ സേവിക്കുകവഴി ഇല്ലായ്മചെയ്യാനാവുമെന്നു ഞാന്‍ കരുതുന്നു. അങ്ങയേപ്പോലുളള മാമുനിമാരുടെ പാദസേവനം കൊണ്ടുമാത്രമേ ഭഗവല്‍പ്പാദാരവിന്ദങ്ങളെ പ്രാപിക്കാനാവൂ എന്ന് ഞാന്‍ മനസിലാക്കുന്നു. ആ പരമപദം വിശ്വമായയെത്തന്നെ അവസാനിപ്പിക്കുന്നു. തീവ്രസാധന ചെയ്യാത്തവര്‍ക്ക്‌ ആ ലക്ഷ്യം അസാദ്ധ്യം. അല്ലയോ മുനിവര്യ, ഭഗവല്‍മഹിമകളെപ്പറ്റി ഇനിയും പറഞ്ഞു തന്നാലും. ഈശ്വരസാക്ഷാത്കാര മാര്‍ഗ്ഗങ്ങളെപ്പറ്റി വിവരിച്ചു തന്നാലും. എനിക്ക്‌ ചോദിക്കാന്‍പോലും അറിഞ്ഞുകൂടാത്ത സത്യങ്ങളെപ്പറ്റിയും എനിക്കു പറഞ്ഞു തരൂ. മാമുനേ, ഒരുജീവനെ സംസാരഭയത്തില്‍ നിന്നും ബന്ധമുക്തനാക്കുക എന്നത്‌ വേദപാരായണത്തേക്കാളും യാഗത്യാഗങ്ങളേക്കാളും എത്രയോ പുണ്യപ്രദമാണ്‌.”

പുല

ഒരു വ്യക്തിയുടെ മരണത്തെത്തുടർന്ന് ബന്ധുക്കളെ ബാധിക്കുന്നതായി കരുതപ്പെടുന്ന  അശുദ്ധിയെയാണ് പുല എന്ന് പറയുന്നത്.  ശിശു ജനനത്തെ തുടർന്നും ഇപ്രകാരം അശുദ്ധി കല്പിക്കപ്പെടുന്നു. ഇതിന് വാലായ്മ  എന്നും പറയാറുണ്ട്. പരേതവ്യക്തിയുടെ അടുത്ത ബന്ധുക്കൾ അശുദ്ധി ആചരിക്കുക എന്നത് മുഖ്യമായ ഒരു ഹൈന്ദവാചാരമാണ്.

ഇത്തരം ആചരണങ്ങൾക്ക് പൊതുവേ അശൗചം എന്ന് പറയും. ആധികാരികമായി അശൗചത്തെ പറ്റിയുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നത് മനുസ്മൃതി എന്ന ഗ്രന്ഥത്തിൽ നിന്നാണ്.

മിക്ക സമുദായക്കാർക്കിടയിലും പുലയുടെ ആചരണം നിലവിലുണ്ട്. പുലക്കാലത്ത് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതും മംഗളകരമായ കർമങ്ങൾ ചെയ്യുന്നതും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും നിഷിദ്ധമായി കരുതപ്പെടുന്നു. മരണം സംഭവിച്ചാൽ ഉണ്ടാകുന്ന പുലയുടെ കാലാവധി പല സമുദായക്കാർക്കും പല കണക്കിലാണ്. ബ്രാഹ്മണന് പത്തും ക്ഷത്രിയന് പതിനൊന്നും വൈശ്യന് പന്ത്രണ്ടും ശൂദ്രന് പതിനഞ്ചും ദിവസങ്ങൾ ആണ് പുല. ഈ കാലയളവിന്റെ അന്ത്യത്തിൽ പുല മാറാൻ ശുദ്ധികർമങ്ങൾ നടത്തിപ്പോരുന്നു. ഇത് തന്നെ പല സ്ഥലങ്ങളിലും വ്യത്യാസം കാണുന്നു

ഒരു സ്ത്രീ പ്രസവിച്ചാൽ അവരുടെ അടുത്ത ബന്ധുക്കൾക്ക് മറ്റുള്ളവർ കല്പിക്കുന്ന അശുദ്ധിയെ വാലായ്മ എന്നും പെറ്റപുല എന്നും പറയുന്നു. 'ചത്താലും പെറ്റാലും പുല' എന്നു പൊതുവെ പറയാറുണ്ട്.

പണ്ടുകാലത്ത് ജനനവും മരണവും നടന്നിരുന്നത് വീടുകളിലാണ്. അക്കാലത്ത് വീടുകളിൽ ഉണ്ടാകാനിടയുള്ള അശുദ്ധിയും ഏറ്റവും അടുത്ത ബന്ധുക്കൾക്ക് ഉണ്ടാകാനിടയുള്ള മാനസിക സമ്മർദ്ദവുമൊക്കെ ആയിരിക്കാം ഇത്തരം ഒരു ആചാരത്തിന്റെ തുടക്കം.

കര്‍മ്മഫലം

മായാമൂഢരും അഹങ്കാരികളും സുരപാനം കൊണ്ട് തലക്ക് വെളിവില്ലാതായവരുമായ യാദവകുലം മുച്ചൂടും മുടിയേണ്ടത് തന്നെയാണ്. അല്ലെങ്കില്‍ മുടിക്കേണ്ടത് തന്നെയാണ്. അതും ധര്‍മ്മസംസ്ഥാപനത്തിന്റെ ഭാഗം തന്നെ. അതും അവതാരോദ്ദേശം തന്നെയാണ്.

ദ്വാരകയിലെ അശുഭലക്ഷണങ്ങള്‍ കണ്ട് തന്റെ അന്തര്‍ദ്ധാന കാലമായെന്ന് നിശ്ചയിച്ച ഭഗവാന്‍ സ്ത്രീകളെയും കുട്ടികളെയും മറ്റും ശംഖോദ്ധാരം എന്ന തീര്‍ത്ഥസ്ഥലത്തേക്ക് അയച്ചു. 

മദിരാമത്തരായ യാദവരുടെ അന്തച്ഛിദ്രം കണ്ട കണ്ണനാകട്ടെ അകലെ ഒരാല്‍ച്ചുവട്ടില്‍ മാറിയിരുന്നു.  ഇടത്തെ കാല്‍ വലത്തേ തുടയില്‍ കയറ്റിവച്ചായിരുന്നു ഇരിപ്പ്. മാനിന്റെ മുഖം പോലെയിരിക്കുന്ന ഭഗവച്ചരണം കണ്ടിട്ട് മൃഗമാണെന്ന ശങ്കയാല്‍ ജരയെന്നു പേരായ ഒരു വേടന്‍ ആ പാദം ലക്ഷ്യമാക്കി അമ്പയച്ചു.

മാനിനെ തേടി ഓടിവന്ന വേടന്‍ കണ്ടത് കാല്‍പ്പാദത്തില്‍ അമ്പ് കൊണ്ട ചതുര്‍ബാഹുവായ ഭാഗവാനെയാണ്.  മാപ്പപേക്ഷിച്ചു കേണു നമസ്കരിച്ച അവനോടു ഭഗവാന്‍ പറഞ്ഞത് ഇപ്രകാരമാണ്.

‘ഹേ ജരെ, ഭയം വേണ്ട, എഴുന്നേല്‍ക്കുക. എന്റെ സങ്കല്‍പ്പം അനുസരിച്ചാണ് നീ ഈ കൃത്യം ചെയ്തത്.  അതിനാല്‍ സുകൃതികളുടെ പദമായ സ്വര്‍ഗ്ഗം ഞാന്‍ നിനക്ക് അനുവദിച്ചിരിക്കുന്നു’.

എന്റെ സങ്കല്‍പ്പം അനുസരിച്ചാണ് എന്ന സൂചനക്ക് ഒരു വിശേഷാര്‍ത്ഥം ഉണ്ട്. ശ്രീരാമന്റെ ഒളിയമ്പേറ്റു മരിച്ച ബാലി പുനര്‍ജ്ജന്മം എടുത്ത് വേടനായി വന്നിരിക്കുന്നു  ഇവിടെ, ഭഗവാന്‍ തന്നെയായ ശ്രീകൃഷ്ണനെ ഒളിഞ്ഞു നിന്ന് അമ്പെയ്യാനായി. ഇതൊരു നിയോഗമാണ്. 

നീ ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കാട്ടാളനായി പൂര്‍വ്വവിരോധം കാരണം എന്റെ കാലിനു മുറിവേല്‍പ്പിക്കും എന്നും അത് എന്റെ സ്വധാമപ്രാപ്തിക്ക് കാരണമാകും എന്നും ശ്രീരാമന്‍ അമ്പേറ്റ ബാലിയോട് പറഞ്ഞതായി ആനന്ദരാമായണത്തില്‍ പറയുന്നുണ്ട്.

കര്‍മ്മഫലം ജന്മജന്മാന്തരങ്ങളില്‍ ആയാലും അനുഭവിച്ചേ തീരൂ എന്ന് ഭഗവാന്‍ സ്വചര്യകൊണ്ട് ലോകത്തെ പഠിപ്പിക്കുന്നു.