Wednesday, 16 November 2016

വൃതശുദ്ധിയുടെ പുണ്യകാലം

..! പരിപാവനമായ സംസ്ക്കാരവും ശാസ്ത്രവും സമന്വയിക്കുന്ന മണ്ഡലകാലം..!!

സൂര്യനെ വലം വയ്ക്കുന്നതിന് ഭൂമിക്ക് 365 ദിവസം വേണം. അത് 12 മാസമായി കാണുന്നു. 27 നക്ഷത്രങ്ങളിലൂടെ 12 മാസം ചന്ദ്രന്‍ യാത്ര ചെയ്യുമ്പോള്‍ 324 ദിവസം എടുക്കുന്നു. ഇത് തമ്മിലുള്ള വ്യത്യാസം (365 - 324) 41 ദിവസമാണ്..! ഈ നാല്പ്പത്തിയോന്നു ദിവസം പൂര്‍ത്തിയാകുന്നത് ധനു മാസം 11- നാണ്. അന്നാണ്, സൂര്യന്‍ പ്രപഞ്ചകേന്ദ്രമായ മൂലം നക്ഷത്രസമൂഹത്തില്‍ എത്തുന്നത്. ഒട്ടേറെ പ്രത്യേകതകള്‍ അന്ന് പ്രപഞ്ചത്തില്‍ സംഭവിക്കുന്നു..!

മനുഷ്യജീവിതത്തില്‍ നാല് അവസ്ഥകളെ (ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം) 41 ദിവസം കൊണ്ട് പൂര്‍ത്തിയാകുന്നുവെന്നതാണ്‌ ശബരിമല ദര്‍ശനം കൊണ്ട് ആചാര്യന്മാര്‍ ഉദ്ദേശിച്ചത്..!

മുദ്ര ധരിക്കുന്നതോടെ ഗൃഹസ്ഥാശ്രമി ബ്രഹ്മചാരിയാകുന്നു. വീടിനു സമീപം കുടില്‍ കെട്ടി സ്വയം ഭക്ഷണം പാകം ചെയ്ത് വാനപ്രസ്ഥത്തിലേക്ക്‌ കടക്കുന്നു. ശബരിമല ദര്‍ശനമാകട്ടെ സന്യാസമാണ്. സന്യാസത്തിനായി കാനനത്തിലേക്ക് യാത്ര. കാനന ക്ഷേത്രമായ ശബരിമലയിലെത്തി പതിനെട്ടുപടി താണ്ടിയുള്ള ദര്‍ശനം മോക്ഷപ്രാപ്തിയാണ്. ഇത്രയും പൂര്‍ണ്ണതയുള്ള മറ്റൊരു വൃതമോ,  ദര്‍ശനമോ വേറെയില്ല എന്നത് തന്നെയാണ് മണ്ഡലകാല വൃതത്തിന്‍റെ പ്രത്യേകത.!

ശക്തി അഥവാ ദേവിയുടെ സാന്നിധ്യം മാളികപ്പുറത്തമ്മയായി ശബരിമലയില്‍ കുടികൊള്ളുന്നു. കുളത്തുപ്പുഴയില്‍ ബാലശാസ്താവായും, ആര്യങ്കാവില്‍ കല്യാണരൂപനായും, അച്ഛന്‍കോവിലില്‍ ഗൃഹസ്ഥാശ്രമിയായും കുടികൊള്ളുന്ന ശാസ്താവ് ശബരിമലയില്‍ ധ്യാനനിരതനാണ്. കൂടാതെ, ശബരിമലയുടെ കിഴക്കുള്ള കാന്തമലയില്‍ സാക്ഷാല്‍ പരമാത്മാവായും കുടികൊള്ളുന്നു. സങ്കല്‍പ്പത്തിലെ ഈ പൂര്‍ണ്ണതയാണ് ശാസ്താ പൂജയുടെ പ്രത്യേകതയും..!

പ്രപഞ്ചത്തിന് ഉണ്മയും ജീവസ്ഫുരണവും നല്‍കിക്കൊണ്ടിരിക്കുന്ന ആത്മ ചൈതന്യത്തെയാണ് യോഗാസനാദിരൂഡനായ അയ്യപ്പനായി ശബരിമലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്..!
കലിയുഗവരദന്‍  കാലത്തിന്‍റെ കെടുതികളെ ഉന്മൂലനം ചെയ്യുകയും ആരാധിക്കുന്നവര്‍ക്ക് ആനന്ദം നല്‍കുകയും ചെയ്യുന്നു..! അതുതന്നെയാണ് ശബരിമല ദര്‍ശനത്തിന്‍റെ പ്രാധാന്യവും.!

ധന്യമായ നമ്മുടെ സംസ്കാരം കാത്തു സൂക്ഷിച്ചു കൊണ്ട്  ഈ വൃതശുദ്ധിയുടെ പുണ്യകാലത്തെ വരവേൽക്കാം..!

"ഓം ഘ്രും നമ: പാരായഗോപ്ത്രേ നമ:"

ശബരിമല മാലധരിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം.

ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വരമുദ്രാം സുധാമുദ്രാം
രുദ്രമുദ്രാം നമാമ്യഹം

ശാന്തമുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാപാതു സദാപിമേ

ഗുരുദക്ഷിണയാ പൂര്‍വ്വം,
തസ്യാനുഗ്രഹകാരിണേ
ശരണാഗത മുദ്രാഖ്യ
തന്മുദ്രാം ധാരയാമ്യഹം

ചിന്മുദ്രാം ഖേചരീമുദ്രാം
ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോനമ:

അയ്യപ്പസ്വാമിമാര്‍ കറുപ്പ് വസ്ത്രം ധരിക്കുന്നത് എന്തിന്?

     എല്ലാ അയ്യപ്പന്‍മാരും ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീലനിറത്തോടുകൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കും. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത? നമ്മള്‍ ഇത് വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യമാണ്.പലപ്പോഴും നമ്മള്‍ പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാന്‍ ഇന്നതുകൊണ്ട് ഇന്നത് ചെയ്യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണംലഭിക്കൂ. വേദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്. 'അഗ്രണിര്‍ ഭവതി ഇതി അഗ്നി' എന്ന് അഗ്നിയുടെ നിഷ്പത്തി. ഈശ്വരനാമമാണത്, ഈശ്വരന്റെപര്യായമാണത്, 'തീ'യല്ല. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നമ്മള്‍ നിലവിളക്കു കത്തിക്കുന്നത്. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നിലവിളക്ക് കത്തിച്ചു പിറന്നാള്‍ ആഘോഷിക്കുക. അപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ പ്രാധാന്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് ഋഷിമാര്‍ പറഞ്ഞുെവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവന്‍, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്. 'നീല ഗ്രീവാ ആഗ്നേയാ' എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളില്‍. നീലഗ്രീവയില്‍ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോള്‍ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്.

                      അഗ്നിയുടെ വര്‍ണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാര്‍ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോള്‍ അയ്യപ്പഭക്തന്‍ ശബരിമലയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാല്‍ താന്‍ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. ഭാരതത്തില്‍ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ ഈശ്വരീയതയെ സാക്ഷാത്കരിക്കണം എന്നാണ്. കാളിദാസന്‍ എന്നു പറയുന്ന സാധാരണക്കാരനായ ഒരാള്‍ 'കാളിദാസന്‍' എന്നു പറയുന്ന മഹാനായ ഒരു കവിയായി തീര്‍ന്നപ്പോള്‍ ആ കവിത്വത്തിന്റെ ഉള്ളില്‍ സ്ഫുരിച്ചിരുന്നത് ആധ്യാത്മികതയാണ്. കാളിയുടെ ദാസനായിട്ടാണ് കവിയായിത്തീര്‍ന്നത്. അതേപോലെ നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവര്‍ണമായകറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താന്‍ സ്വയം അഗ്നി ആവാന്‍ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അയ്യപ്പന്‍ തന്റെ വസ്ത്രങ്ങളില്‍പ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തില്‍ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പന്‍ മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാര്‍ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്. കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളില്‍ പറയുന്നുണ്ട്. ഒന്നാമതായികാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സില്‍ മാറ്റം വരുത്തും.

                        നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വര്‍ണശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന്‍ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ആ കറുപ്പു വര്‍ണം അഗ്നിയുടെ പ്രതിരൂപമാണെന്നു പറഞ്ഞു.അഗ്നി ഈശ്വരന്‍ തന്നെയാണ്. അങ്ങനെയുള്ള ഈശ്വരനെ വസ്ത്രത്തിലേക്ക് സാക്ഷാത്കരിക്കുക. അതിലൂടെ മനസ്സിന് മാറ്റം വരുത്തുക മാത്രമല്ല, തന്നെ കാണുന്ന മറ്റുള്ളവരുടെ ഭാവനയിലും മാറ്റം വരുത്തുക. തന്നെ കാണുന്ന മറ്റുള്ളവരിലും ഈആഗ്നേയതത്ത്വത്തിന്റെ ബോധം ഉണ്ടാകണം. ഇതുകൊണ്ട് നമ്മുടെ ഉള്ളില്‍ അഗ്നിതത്ത്വം ജ്വലിക്കുന്നതിലൂടെ വസ്ത്രത്തില്‍ മാറ്റം വരുന്നു. മാനസികമായി മാറ്റം വരുന്നു. ഭൗതികമായി മാറ്റം വരുന്നു, ശാരീരികതലങ്ങളില്‍ മാറ്റം വരുന്നു. അങ്ങനെ സ്വയം 41 ദിവസത്തെ വസ്ത്രധാരണത്തിലൂടെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കാനുള്ള വഴിയാണ് വസ്ത്രത്തിലുള്ള കറുപ്പും നീലയുമായുള്ള നിറംമാറ്റം. ഗൗരവത്തോടുകൂടി ചിന്തിച്ചുകഴിഞ്ഞാല്‍ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാന്‍ സാധിക്കും. കാരണം,ഒരു സാധകന്റെ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരണം. ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുന്നു, വസ്ത്രത്തില്‍ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍. കടപ്പാട് 'മതമൈത്രിയുടെ തിരുസന്നിധി

അയ്യപ്പഭക്തര്‍ അറിയാൻ....

ചരിത്രം

മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം.
മാലയിട്ടു വ്രതം

വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വ്രതം ആരംഭിക്കണം.
ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്‍ണ്ണം, രുദ്രാക്ഷം ഇവയില്‍ ഏതെങ്കിലും മണിമുത്തുകളുളള മാല പൂജിച്ച് ധരിക്കണം. ഏതുദിവസവും മാല ധരിക്കാം എന്നിരിക്കിലും ഉത്രം നക്ഷത്രവും ശനിയാഴ്ച ദിവസവും ആണ് ഉത്തമം.
മാലയിടുമ്പോൾ താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്.
ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ

മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. 'തത്ത്വമസി'. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, 'അത് നീയാകുന്നു' എന്നാണ്.
മാലയിട്ടു കഴിഞ്ഞാൽ

മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയൽ എന്നിവ ഉപേക്ഷിക്കണം.

ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയിൽ പങ്കെടുക്കരുത്.

ചെരുപ്പുകൾ ഉപയോഗിക്കാവുന്നതാണ്

അൽപ്പ മാത്ര ഭക്ഷണവും

ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.

1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ

എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം.
ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച്

അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം....
''ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.''

എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം.

ശേഷം മൂലമന്ത്രം ചൊല്ലണം.
മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!''

ശരണം വിളി.
"ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം

ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്.

ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു.
'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു.
'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.

പതിനെട്ടു പടികൾ

18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.

1. പൊന്നമ്പലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല

ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.
അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു.
അതനുസരിച്ച് ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
(കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികൾ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.
അടുത്ത 3 പടികൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികൾ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു.
ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന 'മായ'യില് നിന്ന് മോചനം നേടാനാവൂ.

മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങൾ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയിൽ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്.

ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ.

പൂജാദ്രവ്യങ്ങൾക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ.
ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.
30 നിലവിളക്കുകൾ,
18 നാളികേരം,
18 കലശ വസ്ത്രങ്ങൾ,
18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.

കെട്ടുനിറ
ശബരിമലയ്ക്ക് പോകുമ്പോൾ സ്വന്തമായി കെട്ടുനിറയ്ക്കരുത്.
കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും,
പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം.
എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം.

നാളികേരം ഉടയ്ക്കൽ
നാളികേരത്തിന്റെ ചിരട്ട 'സ്ഥൂല' ശരീരത്തെയും പരിപ്പ് 'സൂക്ഷ്മ' ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ
നാളികേരത്തിൽ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും
അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ,
നീയാം പൊരുളായി മാറ്റേണമേ അയ്യനെ ...
എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.
മല കയറൽ

പമ്പാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു.

അതാണ് തത്വമസി.

വ്രതം അവസാനിപ്പിക്കുമ്പോൾ..

ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ അപ്പോൾത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ നിലവിളക്ക് കൊളുത്തി വച്ച് കുടുംബാംഗങ്ങൾ ശരണം വിളിയോടെ എതിരേൽക്കണം . പൂജാമുറിയിൽ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.

മാല ഊരുന്നതിനുള്ള മന്ത്രം

'അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം'
ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളിൽ നാളികേരം
ഉടക്കാറുമുണ്ട്.

ഈ മണ്ഡലകാലം എല്ലാവർക്കും ഭക്തിനിർഭരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്വാമിയേ ശരണമയ്യപ്പാ...!

ശബരി മലയിലെ പരമ്പരാഗത പാത

എരുമേലിയില്‍ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌.  ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി കാനനത്തിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഭക്തര്‍ക്ക്‌ ആത്മനിര്‍വൃതിയേകുന്ന ഒന്നാണ്‌. പേരൂര്‍ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങള്‍. എരുമേലിയില്‍ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയില്‍ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയില്‍ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂര്‍ തോടില്‍ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും.

അയ്യപ്പഭക്തന്മാര്‍ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി.
പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യന്‍ നിര്‍മ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തില്‍ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂര്‍ തോട്ടിലെത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടര്‍ന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തര്‍ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന്‍ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഭക്തര്‍ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയില്‍ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തര്‍ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠന്‍ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓര്‍മ്മയ്‌ക്ക്‌ അഴുതയില്‍ നിന്നെടുത്ത കല്ല്‌ ഭക്തര്‍ ഇവിടെ ഇടുന്നു. തുടര്‍ന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടര്‍ന്ന്‌ ഭക്തര്‍ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാര്‍ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു.

കണ്ണകി

*കണ്ണകി............*

തമിഴ് ഇതിഹാസകാവ്യമായ *ചിലപ്പതികാര*ത്തിലെ നായികയാണ് കണ്ണകി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെ പ്രതികാരമൂർത്തയായ കണ്ണകി ശപിച്ച്, മധുര നഗരം ചുട്ടെരിച്ചു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം.

*ഇതിഹാ‍സച്ചുരുക്കം*

കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ *കോവലൻ* അതിസുന്ദരിയായ *കണ്ണകി* എന്ന യുവതിയെ വിവാഹം ചെയ്തു. *കാവേരിപൂമ്പട്ടണം* എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, *മാധവി* എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.
*പാണ്ഡ്യരാജാവായ നെടുംചെഴിയ*നായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ *മുത്തുകൾ* കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് *രത്നങ്ങൾ* കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.
കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് *നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ* എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.
തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ *ഇളങ്കോ അടികൾ* ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. *മണിമേഖല* എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്....
🙏🏻🙏🏻🙏🏻
(courtesy : Facebook)