Friday, 15 May 2015

പറണേറ്, മുടിയേറ്റ്


ഭഗവതിക്ഷേത്രങ്ങളിള്‍ നടത്തപ്പെടുന്ന ഒരു അനുഷ്ഠാനകലയാണ് പറണേറ്. ചില സ്ഥലങ്ങളില്‍ ' കാളിയ്യൂട്ട് ' എന്നാണു പറയപ്പെടുന്നത്. ദേവിയുടെ പ്രീതിക്കു വേണ്ടിയത്രെ ഇതു നടത്തുന്നത്. കൊയ്ത്തുകഴിഞ്ഞ പാടത്ത് പന്തലിട്ട് (മുടിപ്പുര എന്നാണു പന്തലിനു പേര്) ഭദ്രകാളിയെ സങ്കല്‍പ്പിച്ച് ആരാധന നടത്തുന്നു. തൊട്ടടുത്തായി നിര്‍മ്മിച്ച തട്ടില്‍ (പറണ്) രാതി പൂജയ്ക്കുശേഷം കാളിയുടെ മുടി (മരം കൊണ്ടോ ലോഹം കൊണ്ടോ കാളിയുടെ മുഖവും ജടാഭാരവും ഉണ്ടാക്കുന്നു. ഇതിനെയാണ് 'മുടി' എന്നു പറയുന്നത്) എഴുന്നെള്ളിച്ച് വെയ്ക്കുകയും, പറണിനു മറുവശത്തുണ്ടാക്കിയ മറ്റൊരു പറണിന്‍മേല്‍ ദാരികവേഷധാരി കയറുകയും ചെയ്യും. തുടര്‍ന്ന് തോറ്റംപാട്ടും അതുകഴിഞ്ഞ് പറണിന്‍മേല്‍ നിന്നിറങ്ങിയ കാളി-ദാരിക വേഷങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുകയും ഒടുവില്‍ ദാരികന്‍റെ മുടി പറിച്ചെടുക്കുകയും ചെയ്യുന്നു.
ഓരോ ദേശത്ത് ഓരോ സമുദായക്കാരാണ് പറണേറ് നടത്തുന്നത്. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്ടു കൊല്ലന്‍മാരും, തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ ഈഴവരും, നെയ്യാറ്റിന്‍കരയിലും കുളത്തൂരിലും കാട്ടാക്കടയിലും വടത്തി (ആശാന്‍) കളുമാണ് ഇത് നടത്തുന്നത്.

മുടിയേറ്റ്:-

ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടത്തുന്ന മറ്റൊരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. തിരുവിതാംകൂറിലും കൊച്ചിയിലും ഇതിനു പ്രചാരം കൂടുതലുണ്ട്. കുറുപ്പന്‍മാരാണ് ഇതു നടത്തുന്നത്. ഭദ്രകാളി പ്രീതിക്കു വേണ്ടിയാണ് നടത്തപ്പെടുന്നത്. 'മുടിയെടുപ്പ്' എന്നും ചിലയിടങ്ങളില്‍ പറഞ്ഞുവരുന്നു. ഭദ്രകാളിയുടെ വേഷം കെട്ടുന്നയാള്‍ ക്ഷേത്രത്തില്‍നിന്ന് 'മുടി' ധരിക്കുന്നു. ചുരുക്കമായി വീടുകളിലും ഈ കലാരൂപം അവതരിപ്പിക്കുന്നു. കളമെഴുത്ത്, കളംപാട്ട്, തിരിയുഴിച്ചില്‍ എന്നീ ചടങ്ങുകള്‍ ആരംഭത്തില്‍ നടത്തുന്നു. വെള്ളം നിറച്ച ഒരു കിണ്ടി പൂജാരി തലയിലേറ്റിക്കൊണ്ട് അതു ദേവിയാണെന്ന സങ്കല്‍പ്പത്തോടെ പഞ്ചവാദ്യം, തായമ്പക, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മുടിയേറ്റ് നടത്തുന്ന കളത്തില്‍ വരച്ചിട്ടുള്ള ഭദ്രകാളിക്കളത്തിന്‍റെ മുഖവും മുലകളുമൊഴിച്ചുള്ള ഭാഗം പൂജാരി മായ്ക്കുന്നു. (ഇത് ഒടുവിലെ മായ്ക്കുകയുള്ളൂ) തുടര്‍ന്ന് മുടിയേറ്റ് നാടകം ആരംഭിക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ കാളി, ദാരികന്‍, നാരദന്‍, ശിവന്‍, വേതാളം, കോയിമ്പിടാര്, കൂളി എന്നിവരാണ്. അലങ്കരിച്ച പന്തലിലാണ് ഇതു നടത്തുന്നത്. കഥകളിയിലേതെന്നപോലെ മുഖത്ത് തേപ്പും ഉടുത്തുകെട്ടും കിരീടവുമൊക്കെ വേഷങ്ങള്‍ക്കു വേണം. കാളിയുടെ വേഷത്തിനു മുഖത്ത് അരിമാവും ചുണ്ണാമ്പും ചേര്‍ത്തുള്ള ചുട്ടി കുത്തുന്നു. വസൂരിക്കലയുടെ സങ്കല്‍പ്പമാണത്രേ അത്. ദാരികവേഷത്തിനും ചുട്ടി കുത്തും. കാളി ദാരികനെ കൊല്ലുന്നതാണ് കളിയുടെ ഇതിവൃത്തം. കഥാപാത്രസംഭാഷണരൂപത്തിലുള്ള പാട്ടുകളാണ് മുടിയേറ്റില്‍ പാടുന്നത്. രാത്രി മുഴുവന്‍ ഈ നാടകം നീണ്ടുനില്‍ക്കുന്നു. ചെണ്ട, വീക്കുചെണ്ട, ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങള്‍.

0 comments:

Post a Comment