Friday, 15 May 2015

ഹോമം


ജപത്തിന്റെ പത്തില്‍ ഒന്ന് ഹോമിച്ചാല്‍ ഫലസിദ്ധിയുണ്ട്. അഗ്നിഹോത്രം ഒരു സര്‍വസാധാരണ ഹോമമാണ്. അവയ്ക്കധിപതിയായ മനസ്സിനും മനസ്സിനുനാഥനായ ആത്മാവിനും നെയ്യുകൂട്ടി കുഴച്ച അരി ചെറിയ ഹോമകുണ്ഡത്തില്‍ ആഹുതി കൊടുക്കുന്നത് വളരെ ചെറിയ ഒരഗ്നിഹോത്രമാണ്. ഓം പ്രാണായസ്വാഹാ, ഓം അപാനായ സ്വാഹാ, ഓം ഉദാനനായസ്വാഹാ, ഓം സമാനായ സ്വാഹാ, ഓം ഇന്ദ്രായസ്വാഹാ, ഓം ബ്രഹ്മണേസ്വാഹാ എന്നാണ് ഏഴു ആഹുതികള്‍. ഇതുകൂടാതെ വിധിപ്രകാരം പാലിച്ചാല്‍ ഗണപതിമൂലമന്ത്രം, ഗണേശഗായത്രി ഗണപതി അഥര്‍വ്വശീര്‍ഷം ഇവ ഹോമത്തിനുപയോഗിക്കാം. എള്ള്, നെയ്യ്, യവം ഇവ മൂന്നും ചേര്‍ത്ത് നവാക്ഷരികൊണ്ട് ദേവീ ഹോമവും നടത്താവുന്നതാണ്. സോമലത, കറുക, തുളസിയില, കൂവളത്തില, താമരപ്പൂവ് ഇപ്രകാരം വിശേഷപത്രങ്ങള്‍കൊണ്ടും അതാതു ദേവപ്രീതിക്കായി ഹോമം അനുഷ്ഠിക്കാം.

നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി നവധാന്യങ്ങള്‍, നവകാഷ്ഠങ്ങള്‍ ഇവയും ഓരോ പ്രശ്‌ന പരിഹാരാര്‍ത്ഥം ചെയ്തു കാണുന്നുണ്ട്. പാലില്‍ വെന്തചോറ് അഥവാ ഹവിഷ്യാന്നം, പായസാന്നം(ശര്‍ക്കര ചേര്‍ത്ത് വേവിച്ചത്) ഇവയും ഹോമാഹുതികള്‍ക്ക് വിധിച്ചിട്ടുണ്ട്. ശുദ്ധമായ പശുവിന്‍ നെയ്യാണ് ആജ്യമുഖ്യം. സ്രുവ, മാവില ഇവകൊണ്ടും ആഹുതികള്‍ നടത്താം. ചതുരശ്രകുണ്ഡ (ത്രിവലികള്‍ ഇല്ലാത്തത്) മാണ് ഗാര്‍ഹപത്യഹോമത്തിന് ഉണ്ടാക്കേണ്ടത്. ഹോമത്തിനുശേഷം അതിന്റെ സംഭാതനെയ്യ്, ഹോമഭസ്മം, കരിപ്രസാദം ഇവ സേവിക്കുന്നതും തൊടുന്നതും ഐശ്വര്യത്തിനും ആരോഗ്യത്തിനും വിശേഷമാണ്. ജടാമാഞ്ചി, അകില്‍, കര്‍പ്പൂരം, ചന്ദനം, ഇരുവേലി, നാഗപ്പൂവ്, ദേവദാരം, കച്ചോലം ഇവകള്‍ സമിധയുടെ കൂടെ ജ്വലിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഔഷധപൂരിതമായ സുഗന്ധം ദേവസാന്നിദ്ധ്യത്തെ വിളിച്ചുവരുത്തും.

0 comments:

Post a Comment