ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന ശ്രീകൃഷ്ണന്റെ അപൂർവ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത് .ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ ക്രി.വർഷം 1545-ലാണ് (കൊ.വർഷം 720) അമ്പലപ്പുഴയിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളിൽ ചമ്പക്കുളം പമ്പാനദിയിൽ രാജപ്രമുഖൻ വള്ളംകളി 1545-മുതൽ അരങ്ങേറുന്നത്.
വളരെ പ്രസിദ്ധനായിരുന്ന ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണൻ, വില്വമംഗലം സ്വാമിയാരുടെ നിർദ്ദേശപ്രകാരം പണി കഴിപ്പിച്ചതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം എന്നാണ് ഐതിഹ്യം. അമ്പലപ്പുഴയുടെ പഴയ പേര് ചെമ്പകശ്ശേരി എന്നാണ്. ചെമ്പകശ്ശേരിയിൽ എത്തിയ വില്വമംഗലം സ്വാമിയാർ ആലിൽ ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണനെ കണ്ട് ദേവചൈതന്യം നിലനിർത്താനായി ദേവനാരായണരാജാവിനോടു ക്ഷേത്രം പണിയുവാനായി നിർദ്ദേശിച്ചു. പാർത്ഥസാരഥിയാണ് പ്രതിഷ്‌ഠ. നാറാണത്തുഭ്രാന്തൻ പ്രതിഷ്‌ഠ നടത്തിയതായി കഥയുണ്ട്.
അമ്പലപ്പുഴയിൽ പ്രസിദ്ധമായ ഐതിഹ്യമാണു നാറാണത്തുഭ്രാന്തൻ നടത്തിയ പ്രതിഷ്‌ഠ. പ്രതിഷ്‌ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ തന്ത്രിമാർ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോൾ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീൻ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാൻ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്‌ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു.
തന്ത്രിമാരെപ്പറ്റിയും ഒരൈതിഹ്യം നിലവിലുണ്ട്. തുടക്കത്തിൽ കടികക്കോൽ മഠത്തിലെ തിരുമേനി മാത്രമാണു ഉണ്ടായിരുന്നത്. പ്രതിഷ്ഠിക്കാനായി തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠായോഗ്യമല്ലെന്നു പുതുമന തിരുമേനി പറഞ്ഞതിനെ കടികക്കോൽ നമ്പൂതിരി എതിർത്തു. തെളിയിക്കാൻ ആവശ്യപ്പെടുകയും തെളിയിച്ചാൽ പാതി തന്ത്രം കൊടുക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഉടൻ വിഗ്രഹം ഉടക്കുകയും അതിൽ നിന്നും അഴുക്കു വെള്ളവും തവളയും പുറത്തു ചാടി. പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ക്ഷേത്രക്കുളത്തിൽ ഉണ്ടെന്നു പുതുമന പറഞ്ഞതനുസരിച്ച് മുങ്ങിത്തപ്പിയെടുത്ത വിഗ്രഹം പ്രതിഷ്ഠിച്ചെന്നും ഐതിഹ്യം.
AD 1200-നു ശേഷം ആണ് ഇവിടെ ഇന്നത്തെ ക്ഷേത്രം പണിതത് എന്ന് പറയപ്പെടുന്നു. മറ്റൊരു സമയത്ത്, രാജാവ് തന്റെ രാജ്യവും മറ്റും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ക് സാങ്കല്പികമായി കാഴ്ച്ചവച്ചു. ദേവനാരായണൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.16-ആം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവു ചെമ്പകശ്ശേരിയെ ആക്രമിച്ചു കീഴ്പെടുത്തിയ ശേഷം ചെമ്പകശ്ശേരി രാജാവിന്റെ ശൈലി സ്വീകരിച്ചാണു തിരുവതാംകൂർ രാജാവ് തിരുവിതാംകൂറിനെ ശ്രീപദ്മനാഭനു സമർപ്പിച്ച ശേഷം പദ്മനാഭ ദാസൻ എന്ന പേരു സ്വീകരിച്ചത് എന്ന് പറയപ്പെടുന്നു.
ക്ഷേത്രത്തിൽ ദിവസവും നേദിക്കുന്ന പാൽപ്പായസം പ്രസിദ്ധമാണ്.ഒരു ക്ഷാമകാലത്ത്, ചെമ്പകശ്ശേരി രാജാവു ഒരു പരദേശിയായ തമിഴ് ബ്രാഹ്മണ പ്രഭുവിൽ നിന്നും കുറച്ചു ധാന്യം വായ്പ വാങ്ങുകയുണ്ടായി. എന്നാൽ ആ കടം പറഞ്ഞ സമയത്തു തിരികെ കൊടുക്കാൻ സാധിച്ചില്ല. ഒരിക്കൽ ആ ബ്രാഹ്മണൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വന്ന് തന്റേ കുടുമ അഴിച്ചു ശപഥം ചെയ്തു പറഞ്ഞു, രാജാവു തന്റെ കടം വീട്ടാതെ ഇന്നത്തെ ഉച്ചപൂജ നടത്തരുത് എന്ന്. അതു കേട്ട ഖിന്നനായ രാജാവു തന്റെ മന്ത്രിയായ മണക്കാട്ടമ്പിള്ളി മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിർദ്ദേശപ്രകാരം അമ്പലപ്പുഴ ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവൻ നെല്ലും ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ കൊണ്ടു ചൊരിഞ്ഞു. മന്ത്രി ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുൻപായി ധാന്യം എല്ലാം എടുത്തു മാറ്റുവാനും ആവശ്യപ്പെട്ടു. എന്നാൽ അവിടത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാൻ കൂട്ടാക്കിയില്ല. ചുരുക്കത്തിൽ ആ ബ്രാഹ്മണൻ ആ നെല്ലെല്ലാം ക്ഷേത്രത്തിലേക്കു സമർപ്പിച്ച് പറഞ്ഞു. ആ നെല്ലിന്റെ വിലയും പലിശയും കൊണ്ടു ഭഗവാനു നിത്യവും ഉച്ചപ്പൂജക്കു പാല്പായസം നൽകു എന്നു. അന്നു മുതലാണു ഇപ്പോൾ നാം കാണുന്ന പാല്പായസം തുടങ്ങിയത്.
ഉച്ചശീവേലിക്കുശേഷം തെക്കേഗോശാലയിൽ ഗണപതിപൂജയോടെയാണ്ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങുകൾ തുടങ്ങുന്നത്. ഗണപതിപൂജയ്ക്കുശേഷം ഉത്സവദിവസങ്ങളിൽ എടുക്കുന്ന കോയ്മവടി മേൽശാന്തി ശ്രീകോവിലിൽ കൊണ്ടുപോയി പൂജിച്ച് കോയ്മസ്ഥാനി വലിയമഠം ജനാർദനപ്പണിക്കർക്ക് കൈമാറും. തുടർന്ന് വാദ്യപൂജ. കൊടി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു പൂജിച്ച് ദേവചൈതന്യം ആവാഹിച്ച് കോയ്മയുടെ അനുവാദത്തോടെ വാദ്യപരീക്ഷ നടത്തി, പാണികൊട്ടി കൊടിമരച്ചുവട്ടിലേക്ക് കൊടിയെഴുന്നള്ളിക്കുകയും പിന്നീട് തന്ത്രി കൊടിയേറ്റ് നടത്തുന്നു. കൊടിയേറ്റിനുശേഷം അമ്പലപ്പുഴ തച്ചന്റെ നേതൃത്വത്തിൽ നാളികേരം ഉടച്ച് രാശി നോക്കി ഫലം പ്രവചിക്കുന്നു. വൈകീട്ട് ദീപാരാധനയ്ക്കു മുൻപായി എട്ടുദിക്കിലും ദിക്കുകൊടിയേറ്റ്റുകയും ചെയ്യുന്നു.
കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ശുദ്ധാദി, അമ്പലപ്പുഴ ഭഗവാന്റെ ഉത്സവ നാളുകളിലെ പ്രധാന താന്ത്രിക ചടങ്ങുകളിൽ ഒന്നാണ്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച ശുദ്ധാദി ചടങ്ങിന് തുടക്കം കുറിച്ച് ഒമ്പതാം ഉത്സവം വരെയാണ് ശുദ്ധാദി ഉള്ളത്. ശുദ്ധജലം, പാൽ,തൈര്, നെയ്യ്, അഷ്ടഗന്ധജലം, ഇളനീർ എന്നിവ പ്രത്യേകം കലശങ്ങളാക്കി പൂജിച്ച് ദേവന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. സ്വർണകുംഭങ്ങളിലും വെള്ളി കുംഭങ്ങളിലുമാണ് ദ്രവ്യങ്ങൾ നിറച്ച് പൂജിച്ച് ഭഗവാന് അഭിഷേകം ചെയ്യുന്നത്.
പുലർച്ചെ 5 മണിയോടുകൂടി കിഴക്കേ നാലമ്പലത്തിൽ പ്രത്യേകമായി പത്മമിട്ട് അലങ്കരിക്കുന്ന സ്ഥലത്ത് കുംഭങ്ങൾ നിറച്ച് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചാണ് കലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്നത്. ഉത്സവ ദിവസങ്ങളിൽ ഉച്ചപൂജ രാവിലെ 8.30ന് നടക്കുന്നതിനാൽ എട്ടുമണിയോടെയാണ് ശുദ്ധാദി ചടങ്ങുകൾ നടക്കുന്നത്. ശുദ്ധാദി ദർശിക്കുന്നതിനും ആടിയശേഷമുള്ള തീർഥം സേവിക്കുന്നതിനും നല്ല തിരക്കാണ് ഉണ്ടാകുക. ക്ഷേത്രം തന്ത്രിമാരായ പുതുമന-കടിയക്കോൽ തന്ത്രിമാരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.
ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാലസദ്യക്കുള്ള കുട്ടവരവ് എട്ടാ൦ ഉത്സവദിവസ൦ വൈകിട്ട് ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽനിന്നാണ് ആരംഭിക്കുന്നത്.ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാല സദ്യ മധുരമൂറുന്ന ഐതിഹ്യത്തിന്റെ നവ്യാവിഷ്‌കാരമാണ്. നാടിന്റെ നാനാദിക്കുകളിൽനിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ നാടകശാലസദ്യയിൽ പങ്കെടുക്കാനും ചടങ്ങ് ദർശിക്കാനുമായി ശ്രീകൃഷ്ണസന്നിധിയിലെത്തും. നാടകശാലസദ്യക്കു പിന്നിലുള്ള ഐതിഹ്യമിങ്ങനെ: ഭക്തോത്തമനായ വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ ക്ഷേത്രദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാർ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം നാടകശാലയിൽ ക്ഷേത്രജീവനക്കാർക്കുള്ള സദ്യ നടക്കുകയായിരുന്നു. ഭഗവാനെ തിരക്കിയെത്തിയ സ്വാമിയാർ, ബാലന്റെ വേഷത്തിൽ സദ്യക്ക് നെയ്യ് വിളമ്പുന്ന സാക്ഷാൽ ഭഗവാനെയാണ് കണ്ടത്. 'കണ്ണാ' എന്നുവിളിച്ച് സ്വാമിയാർ ഓടിയടുത്തെങ്കിലും ഭഗവാൻ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാർക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിർത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോൾ ഭഗവാൻ മണിക്കിണറിനു മുകളിൽ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം.നാലുകൂട്ടം പ്രഥമൻ, നാലുകൂട്ടം ഉപ്പേരി, അവിയൽ, തോരൻ, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാർ, കാളൻ, പാല്, പഞ്ചസാര, കൽക്കണ്ടം തുടങ്ങിയ വിഭവങ്ങളാണ് സദ്യക്കുള്ളത്. നാടകശാലയിൽ വരിവരിയായിട്ട തൂശനിലകളിൽ ഉച്ചയ്ക്ക് 12ഓടെയാണ് സദ്യ വിളമ്പുന്നത്. സദ്യയുണ്ട ഭക്തർ എച്ചിലിലയുമായി വഞ്ചിപ്പാട്ടും പാടി പുത്തൻകുളത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പോലീസധികാരികൾ ക്ഷേത്രസന്നിധിയിൽ പണക്കിഴിയും പഴക്കുലയും നല്കി ആചാരപരമായി സ്വീകരിക്കും. ക്ഷേത്രക്കുളത്തിൽ മുങ്ങി ദർശനം നടത്തുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകൾ പൂർത്തിയാവും.ഒൻപതാം ഉത്സവനാളിലെ മറ്റൊരു പ്രധാന ചടങ്ങാണ് വൈകുംനേരത്തെ അമ്പനാട്ടു പണിക്കന്റെ വരവ്. ക്ഷേത്രനിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത ഈഴവ പ്രമാണിയായ ഉണ്ണിരവിക്ക് ചെമ്പകശ്ശേരി രാജാവ് കല്പിച്ചു കൊടുത്തതാണ് അമ്പനാട്ടു പണിക്കർ സ്ഥാനം. അമ്പലപ്പുഴ രാജാവ് നല്കിയ തോട്ടിക്കടുക്കനും, വാളുമായാണ് അമ്പനാട്ടു പണിക്കന്റെ പിൻമുറക്കാർ ഒമ്പതാം ഉത്സവനാളിൽ പരിവാരസമേതം ക്ഷേത്രദർശനത്തിനെത്തുന്നത്.
0 comments:
Post a Comment