കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രം.ഇവിടത്തെ പ്രധാന പ്രതിഷ്ഠ മാതൃദേവതയായ
ഭഗവതിയാണ് .ചോറ്റാനിക്കരയിൽ രണ്ട് ക്ഷേത്രങ്ങളുണ്ട് - മേൽക്കാവും കീഴ്ക്കാവും. അവയിൽ മേൽക്കാവാണ് പ്രധാനക്ഷേത്രം. അതുതന്നെയാണ് ചോറ്റാനിക്കര ക്ഷേത്രം എന്ന് പൊതുവേ അറിയപ്പെടുന്നതും. കാഴ്ചയിൽ അത്ര വലിയ ക്ഷേത്രമൊന്നുമല്ലെങ്കിലും മഹാക്ഷേത്രങ്ങളിൽ മാത്രം കണ്ടുവരാറുള്ള ഒരുപാട് പ്രത്യേകതകൾ ഇവിടെയുണ്ട്. കിഴക്കേ നടയിൽ സിംഹാരൂഢമായ സ്വർണ്ണക്കൊടിമരം, ദൂരെനിന്നു വരുന്നവർക്കുപോലും സ്വാഗതമേകിക്കൊണ്ട് ഉയർന്നുനിൽക്കുന്നു. അതിനുമുന്നിൽ വലിയ ആനക്കൊട്ടിൽ. തുലാഭാരം, ചോറൂണ്, വിവാഹം മുതലായവ ഇവിടെവച്ചാണ് നടത്തുന്നത്. തെക്കുപടിഞ്ഞാറേമൂലയിലാണ് ശ്രീമൂലസ്ഥാനം.ഇവിടെ ഒരു പവിഴമല്ലിമരമുണ്ട്. ഇതിനെ ഭക്തർ അത്യധികം ഭക്തിയോടെ കണ്ടുവരുന്നു. ഭഗവതി ആദ്യമിരുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് 'ശ്രീമൂലസ്ഥാനം' എന്ന പേരുവന്നത്. പവിഴമല്ലിത്തറയിൽ ഇരിയ്ക്കുന്നതും കിടക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുര. ഇവിടെ ബലിക്കല്ലിന് അധികം പൊക്കമില്ലാത്തതിനാൽ ആനക്കൊട്ടിലിൽനിന്നുനോക്കിയാൽത്തന്നെ ദേവീവിഗ്രഹം കാണാം.രുദ്രാക്ഷശില എന്ന അത്യപൂർവ്വശിലയിൽ തീർത്ത സ്വയംഭൂവിഗ്രഹമാണ് ഇവിടെ മൂലപ്രതിഷ്ഠ. വിശേഷാൽ ആകൃതിയൊന്നുമില്ലാത്തതാണീ ശിലാഖണ്ഡം. ഒന്നരയടി ഉയരം വരും. എന്നാൽ അതിന് ഒരു സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. അതാണ് ഭക്തർ ദർശിയ്ക്കുന്നത്. ഏകദേശം നാലടി ഉയരം ഈ വിഗ്രഹത്തിനുവരും. ശ്രീരത്നാങ്കിതപീഠത്തിൽ കാലുകൾ രണ്ടും താഴോട്ടിട്ടിരിയ്ക്കുന്ന ചതുർബാഹുവായ ഭഗവതിയുടെ തിരുരൂപമാണ് ഈ വിഗ്രഹത്തിന്. ഉയർത്തിപ്പിടിച്ച ഇടതുകയ്യിൽ ശംഖും വലതുകയ്യിൽ ശ്രീചക്രവും ധരിച്ചിരിയ്ക്കുന്നു. താഴ്ത്തിയിരിയ്ക്കുന്ന രണ്ടുകൈകൾ വരദാഭയമുദ്രാങ്കിതങ്ങളാണ്.
ഭഗവതിയെയും മഹാവിഷ്ണുവിനെയും ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നു. ദേവീവിഗ്രഹത്തോടുചേർന്നുതന്നെയാണ് മഹാവിഷ്ണുവിഗ്രഹവും
തന്മൂലം ഇവിടെ വരുന്ന ഭക്തർ 'അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ' എന്നീ മന്ത്രങ്ങളാണ് ജപിയ്ക്കുന്നത്. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. രാവിലെ സരസ്വതീ ദേവിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകുന്നേരം ദുര്‍ഗയായുമാണ് ആരാധിക്കുന്നത്.ഈ സങ്കല്പത്തിൽ രാവിലെ വെള്ളയും, ഉച്ചയ്ക്ക് ചുവപ്പും, വൈകീട്ട് നീലയും നിറത്തിലുള്ള ഉടയാടകൾ ഭഗവതിയെ അണിയിയ്ക്കുന്നു . ഈ മൂന്നുഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കര ഭഗവതി രാജരാജേശ്വരീസങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്
വനാന്തരത്തിലെ ക്ഷേത്രം ചൈതന്യവത്തായതിനു പിന്നില്‍ ചെമ്മങ്ങാട് നരസിംഹന്‍ ഭട്ടതിരിയുടെ സേവയാലാണ്. വേദമുറ അഭിഷേകത്താല്‍ ക്ഷേത്രവും പ്രദേശവും ഐശ്വര്യത്താല്‍ നിറഞ്ഞു. ഇന്നും ചോറ്റാനിക്കര ക്ഷേത്രം മഹാക്ഷേത്രത്തിന്റെ മാറ്റില്‍ തിളങ്ങിനില്‍പ്പാണ്.
നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങളെ എണ്ണിപ്പറയുന്ന കീർത്തനങ്ങൾ 'ചോറ്റാനിക്കര രണ്ടിലും' എന്നു കാണുന്നതുകൊണ്ട് കീഴ്ക്കാവിലും ദുർഗ്ഗതന്നെയാണെന്നു വരുന്നു. എന്നാൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവിയിൽ ഭദ്രകാളിയുടെ ചൈതന്യമുണ്ടെന്നും ഈ ചൈതന്യത്തിനാണ് ശക്തിയേറുകയെന്നും പറയപ്പെടുന്നു
മാനസിക രോഗങ്ങളെ ഇവിടത്തെ ഭഗവതി സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളവർ ധാരാളമായി ഇവിടം സന്ദർശിക്കുന്നു.
ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വഴിപാടുകൾ ഗുരുതിപൂജയും മണ്ഡപത്തിൽ പാട്ടുമാണ്. കീഴ്ക്കാവിൽ നടത്തുന്ന വിശേഷാൽ വഴിപാടാണ് ഗുരുതിപൂജ. സായാഹ്നത്തിനു ശേഷം ദേവിയെ ഉണർത്തുവാനായി ആണ് ഈ പൂജ നടത്തുക നേരത്തെ സൂചിപ്പിച്ചപോലെ മേൽക്കാവിലെ അത്താഴപൂജയ്ക്കുശേഷം നടത്തിവരുന്നതാണ് ഈ വഴിപാട്. പണ്ടുകാലത്ത് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രം നടത്തിയിരുന്ന ഈ വഴിപാട് ഇപ്പോൾ ദിവസവും നടന്നുവരുന്നു. അത്യുഗ്രദേവതയായ കീഴ്ക്കാവിലമ്മയെ പ്രീതിപ്പെടുത്തലാണ് ഇതിന്റെ ലക്ഷ്യം. ഒരു പാത്രത്തിന് 400 രൂപയാണ് തുക
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നിയമവെടി. തുടർന്ന് ഏഴുതവണ ശംഖുവിളിയുണ്ടാകും. അതിനുശേഷം നാലുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഭിഷേകവും നിവേദ്യവും. മൂലവിഗ്രഹം രുദ്രാക്ഷശില കൊണ്ടുള്ളതായതിനാൽ ജലാഭിഷേകം മാത്രമേ സാധിയ്ക്കൂ. മറ്റ് അഭിഷേകങ്ങൾക്ക് ഒരു അർച്ചനാബിംബമുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ ആദ്യം ഭഗവതിയ്ക്ക് നിവേദ്യം സമർപ്പിച്ചത് ചിരട്ടയിലാതുകൊണ്ട് ഇവിടെ ചിരട്ടയിലാണ് രാവിലെ നിവേദ്യം ഇവിടെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും ഒരു അഭിഷേകമുണ്ട്.
പുറത്ത് വടക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും അന്നദാനമണ്ഡപവുമൊക്കെയാണ്. തെക്കുഭാഗത്ത് നവരാത്രിമണ്ഡപവും വെടിപ്പുരയും. തെക്കുപടിഞ്ഞാറുഭാഗത്ത് ശ്രീമൂലസ്ഥാനത്തിനടുത്തായി ശിവന്റെ ഒരു ചെറിയ ശ്രീകോവിലുണ്ട്. സ്വയംഭൂവായ ശിവലിംഗമാണ്. കിഴക്കോട്ട് ദർശനം. ശിവന്റെ ശ്രീകോവിലിൽത്തന്നെയാണ് ഗണപതിയുടെ പ്രതിഷ്ഠയും. തൊട്ടടുത്ത നാഗദേവതകളും ബ്രഹ്മരക്ഷസ്സും യക്ഷിയും കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു
ക്ഷേത്രത്തിൽനിന്ന് കിഴക്കോട്ട് കുത്തനെയുള്ള പടികളാണ്. അങ്ങോട്ടിറങ്ങിനടന്നാൽ ഒരു തീർത്ഥക്കുളത്തിന്റെയും അതിനപ്പുറത്ത് പടിഞ്ഞാട്ട് ദർശനമായിട്ടുള്ള മറ്റൊരു ഭഗവതിക്ഷേത്രത്തിന്റെയും സമീപമെത്താം. ഇതാണ് പ്രസിദ്ധമായ കീഴ്ക്കാവ്. അത്യുഗ്രദേവതയായ ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ. വില്വമംഗലം സ്വാമിയാരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. അതിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്: ഒരുപാട് സ്ഥലങ്ങളിൽ തീർത്ഥാടനം നടത്തിവന്ന വില്വമംഗലം സ്വാമിയാർ ഒരിയ്ക്കൽ ചോറ്റാനിക്കരയിൽ ദർശനത്തിനെത്തി. ക്ഷേത്രദർശനത്തിനുമുമ്പ് സ്നാനതർപ്പണാദികൾ നടത്തുന്നതിനായി തീർത്ഥക്കുളത്തിലിറങ്ങിയ അദ്ദേഹത്തിന് കാലിലെന്തോ വന്നുതടയുന്നതുപോലെ തോന്നി. ഉടനെ അത് പൊക്കിയെടുത്തു. അത് ഭദ്രകാളിയുടെ ചതുർബാഹുവിഗ്രഹമാണെന്ന് ഒറ്റനോട്ടത്തിൽതന്നെ അദ്ദേഹത്തിന് മനസ്സിലായി. ഉടനെത്തന്നെ അദ്ദേഹം കുളത്തിന്റെ കിഴക്കേക്കരയിൽ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് കീഴ്ക്കാവ് ഉണ്ടായത്.
കീഴ്ക്കാവിലേയ്ക്ക് പോകുന്ന വഴിയ്ക്കുതന്നെയാണ് ശാസ്താക്ഷേത്രം. മേൽക്കാവിന് തെക്കുകിഴക്കുഭാഗത്തായി പ്രത്യേക മതിൽക്കെട്ടോടുകൂടിയാണ് ശാസ്താക്ഷേത്രം. പ്രധാനമൂർത്തിയായ ശാസ്താവ് പൂർണ, പുഷ്കല എന്നീ പത്നിമാരോടൊപ്പം കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ഈ പ്രതിഷ്ഠയ്ക്കുപിന്നിലും ഒരു ഐതിഹ്യമുണ്ട്: മേപ്പാഴൂർ മനയിലെ നമ്പൂതിരിയുടെ പരദേവതയായിരുന്നു ഈ ശാസ്താവ്. ഒരിയ്ക്കൽ നമ്പൂതിരി ദുഷ്ടശക്തികളെ ഓടിയ്ക്കാൻ ശാസ്താവിനെ ചോറ്റാനിക്കരയിലേയ്ക്ക് അയച്ചു. കാലാന്തരത്തിൽ അദ്ദേഹം അവിടെ കുടിയിരുന്നു. ഇപ്പോൾ ശാസ്താവ് ക്ഷേത്രപാലകനായി കണക്കാക്കപ്പെടുന്നു. ശബരിമല സീസണിൽ മാലയിടലും കെട്ടുനിറയും നടക്കുന്നത് ഈ നടയിലാണ്.
ബാധോപദ്രവം മൂത്ത് ഇവിടെ വരുന്നവരെ മേൽക്കാവിലമ്മ ശാസ്താവിനടുത്തേയ്ക്ക് പറഞ്ഞുവിടും. ശാസ്താവിന്റെ നടയിലെത്തുമ്പോൾത്തന്നെ മിക്ക ബാധകളും ഒഴിഞ്ഞുപോകും. തന്നെക്കൊണ്ട് ഒഴിപ്പിയ്ക്കാൻ കഴിയാത്ത ബാധകളെ ശാസ്താവ് കീഴ്ക്കാവിലമ്മയ്ക്കടുത്തേയ്ക്ക് പറഞ്ഞുവിടും. അവിടെവച്ച് എല്ലാം തീർന്നുകിട്ടും. അങ്ങനെയുള്ള ബാധകളെല്ലാം കീഴ്ക്കാവ് ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള പാലമരത്തിൽ ആണികൊണ്ട് തളച്ചിടും. അതിനുള്ള ദൃഷ്ടാന്തങ്ങൾ ഒരുപാടുണ്ട്.
മഹാപണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരക്ക് ഭ്രഷ്ട് വന്നതും അദ്ദേഹം അപ്രതൃക്ഷനായതും ചോറ്റാനിക്കരയിൽ വച്ചാണത്രേ. തൻറെ ഭക്തനെ രക്ഷിക്കാൻ അമ്മ ഒരു യക്ഷിയെ വെട്ടിക്കൊന്ന കഥ പ്രസിദ്ധമാണ്. ദേവിയുടെ ഭക്തവാത്സല്യം തെളിയിക്കുന്ന ഒട്ടനവധി അത്ഭുത കഥകൾ ആധുനികർക്കും പറയുവാനുണ്ട്.
ചോറ്റാനിക്കരയും പ്രാന്തപ്രദേശങ്ങളും ഉൾപ്പെട്ട ഭൂവിഭാഗം 'വേന്ദനാട്' എന്ന പേരിലാണ് പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്. വേദപണ്ഡിതന്മാരും മന്ത്രതന്ത്രാദികളിൽ നിപുണന്മാരുമായ നമ്പൂതിരിമാരുടെ ഒട്ടേറെ ഭവനങ്ങൾ ഈ ഗ്രാമത്തിലുണ്ടായിരുന്നു
ചോറ്റാനിക്കര ക്ഷേത്രത്തിൻറെ ആദ്യത്തെ ഭരണകർത്താക്കളിൽ എടാട്ടു നമ്പൂതിരിമാരായിരുന്നു പ്രമാണികൻ. പിന്നീട് അയിനിക്കാട്ട് നമ്പൂതിരിമാരുടെ ഭരണമായിരുന്നു. ഇക്കാലത്ത് ക്ഷേത്രത്തിൻറെ ഐശ്വര്യവും ദേവിയുടെ ചൈതന്യവും പതിന്മടങ്ങ് വർദ്ധിച്ചതായി പറയപ്പെടുന്നു.
അയിനിക്കാട് ഇല്ലം അന്യം നിന്നപ്പോൾ ക്ഷേത്ര ഭരണം കൊച്ചി രാജാവ് ഏറ്റെടുത്തു. 1950 ലെ ഒരു ആക്ട് പ്രകാരം പിന്നീട് ഭരണം കൊച്ചി ദേവസ്വം ബോർഡിൽ നിക്ഷിപ്തമായി.തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കാണ് തന്ത്രാധികാരം. മേൽശാന്തി ദേവസ്വം ബോർഡിന്റെ നിയമിയ്ക്കുന്ന വ്യക്തിയാണ്.
0 comments:
Post a Comment