Saturday, 20 June 2015

നിലവിളക്ക്

സൂര്യന്‍ കിഴക്ക് ഉദിക്കുന്നു. പ്രഭാതത്തില്‍ നിലവിളക്കിന്‍റെ തിരി കിഴക്കോട്ടു വെച്ചു കത്തിക്കണം. വൈകിട്ട് കിഴക്കും പടിഞ്ഞാറും തിരികളിട്ടു കത്തിക്കണം.ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്‌ എന്നീ ക്രമത്തില്‍ തിരി കത്തിക്കാം. മൂന്ന് തിരി ഇടുമ്പോള്‍ ഒന്ന് കിഴക്ക്, ഒന്ന് പടിഞ്ഞാറ്, മറ്റൊന്ന് വടക്കു ദിശയിലും ആയിരിക്കണം. അഞ്ചു തിരി ഇടുമ്പോള്‍ നാലു ദിശയിലും ഓരോന്നു വീതവും അഞ്ചാം തിരി വടക്കു കിഴക്കേ ദിക്കിലും ആയിരിക്കണം. കത്തിക്കുമ്പോള്‍ ഏറ്റവും മുന്നില്‍ തുടങ്ങി പ്രദക്ഷിണം (ഇടത്തുനിന്നു വലത്തോട്ട്) ആയി കത്തിച്ചു വരണം. ഒരു വൃത്തം പൂര്‍ത്തിയായാല്‍ പിന്നെ മുന്നോട്ട് എടുക്കരുത്. കത്തിച്ചുവന്ന വഴിയേ തന്നെ തിരിച്ചെടുത്ത്, കത്തിക്കാന്‍ ഉപയോഗിച്ച ദീപം (കൊടിവിളക്ക് / ചങ്ങലവട്ട) കെടുത്തിവെയ്ക്കണം. താന്ത്രികപൂജയിലാകട്ടെ പ്രഭാതത്തില്‍ ഒരു തിരിയും, മദ്ധ്യാഹ്നത്തില്‍ മൂന്ന് തിരിയും, സായാഹ്നത്തില്‍ അഞ്ചു തിരിയും എന്നാണ് നിയമം.
നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. ശാസ്ത്രവിധിയില്‍ നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലത്രേ! അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം.
വിളക്കിന്‍റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്നയെയും, മുകള്‍ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു. ദീപം കത്തുന്നതോടെ ഓംകാരത്തിന്‍റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന തിരിയില്‍ എണ്ണ നിരന്തരം ചലിച്ച് വായുവുമായി സങ്കരം ഉണ്ടാകുമ്പോള്‍ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ധ്വനി ഉണ്ടാകുന്നു. ഇതാണ് പ്രണവതത്വമായ ഓംകാരധ്വനി. അതുകൊണ്ട് പ്രത്യേകമായ ജപാദികര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെങ്കിലും കത്തിച്ചുവെച്ചിരിക്കുന്ന നിലവിളക്കിന്‍റെ പവിത്രമായ മന്ത്ര സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുന്നതാണ്.
വിളക്കു കെടുത്തുന്നതിനും ചില നിയമങ്ങള്‍ വിധിപ്രകാരം അനിഷ്ഠിക്കേണ്ടതുണ്ട്. ഇത് മൂന്നുതരത്തിലാണ്. ഒന്ന്, തിരി കത്തിത്തീരുംമുമ്പ്; രണ്ട്, തനിയെ അണയുംവരെ കത്താന്‍ അനുവദിക്കുക; മൂന്ന്, അല്‍പ്പം എണ്ണ ദീപത്തില്‍ വീഴ്ത്തിയോ തിരി പിന്നോട്ട് എടുത്ത് എണ്ണയില്‍ മുക്കിയോ അണയ്ക്കണം. വായ കൊണ്ട് ഊതി കെടുത്തരുത്.
അലങ്കാരവിളക്കെന്നും, അനുഷ്ഠാനവിളക്കെന്നും രണ്ടുതരം വിളക്കുകളുണ്ട്. മയില്‍ തുടങ്ങിയ ചിഹ്നങ്ങള്‍ പിടിപ്പിച്ചതും, തിരിത്തട്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതും അലങ്കാര വിളക്കുകളാണ്. പൂജാകാര്യങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ പാടില്ല. സാധാരണ നിലവിളക്കാണ് (അനുഷ്ഠാനവിളക്ക്) പൂജയ്ക്ക് ഉപയോഗിക്കേണ്ടത്.

0 comments:

Post a Comment