Saturday, 20 June 2015

പ്രാര്‍ത്ഥന എങ്ങനെ നടത്തണം.....

കുളിച്ച് ശുദ്ധിയായി, ശുദ്ധമായ ഒരു സ്ഥലത്ത് ഇരുന്ന് മനസ്സില്‍ നിന്ന് ഉതിരുന്ന രണ്ടു വാക്കെങ്കിലും ഉച്ഛരിച്ച് ഭഗവാനെ ധ്യാനിക്കുക. പൂക്കളോ ഹാരങ്ങളോപോലും വേണമെന്നില്ല. പക്ഷെ ആ ഒരു നിമിഷം നിങ്ങള്‍ സ്വയം ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക. ‘ഞാന്‍ ആരുമല്ല, ഒന്നും ചെയ്യാന്‍ കരുത്തനുമല്ല, എല്ലാം അങ്ങയുടെ മഹിമ-ഇനിയും എല്ലാം അങ്ങയുടെ ഇഷ്ടം, ഞാന്‍ ഒന്നും യാചിക്കുന്നില്ല-എല്ലാം അറിയുന്ന അങ്ങ് എന്റെ ദു:ഖവും സുഖവും അറിയുന്നുണ്ടല്ലോ. അങ്ങയുടെ ഇഷ്ടം നടക്കട്ടെ!’ ഇത്രയും ആയിരിക്കട്ടെ നിങ്ങളുടെ പ്രാര്‍ത്ഥനയുടെ പൊരുള്‍. അപ്പോള്‍ ഏതു വലിയവനാണെന്ന് അഹങ്കരിക്കുന്ന മനുഷ്യനും തീരെ ചെറുതായിതീരുന്നു. അഹം അവിടെ നഷ്ടപ്പെടുന്നു. പിന്നെ എന്തൊരു ശാന്തിയാണ്. നിങ്ങളുടെ ഏതു ദു:ഖത്തിലും ഈശ്വരന്‍ നിങ്ങളെ കൈവിടില്ല. പരീക്ഷണങ്ങള്‍ പലതും തരണംചെയ്യേണ്ടിവന്നേക്കാം. പക്ഷേ വിജയം നിങ്ങളുടേതുതന്നെ ഉറച്ചുവിശ്വസിച്ചുകൊള്ളുക. വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. എല്ലാം ദൈവത്തിനു ആര്‍പ്പിക്കുന്ന നിങ്ങള്‍ക്ക് ഭാരംകൂറഞ്ഞതായി തോന്നും. ജീവിതത്തിന്റെ പിരിമുറക്കത്തിനു അയവുവന്നതായി തോന്നും. ശാന്തിയും സമാധാനവുമില്ലാതെ ഓടിത്തളരുന്ന മനുഷ്യന് പ്രാര്‍ത്ഥനമാത്രമേ കരണീയമായിട്ടുള്ളൂ. നമ്മുടെ ഗൃഹങ്ങളിലൊക്കെ പ്രാര്‍ത്ഥനയ്ക്കും ഭജനയ്ക്കും സ്ഥാനമുണ്ടായിരുന്നു. ഇന്നത്തെ ഗൃഹങ്ങള്‍ ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു. അന്യ സംസ്‌കാരങ്ങള്‍ അനാവശ്യമായി സ്വീകരിച്ച് ആനയിച്ച് ഗൃഹാന്തരീക്ഷത്തിന്റെ പരിശുദ്ധിയും ശാന്തിയും നമുക്ക് നഷ്ടപ്പെട്ടുപോയി. സന്ധ്യാനാമങ്ങള്‍ കേള്‍ക്കുന്ന നാമജപത്തിന്റെ സ്ഥാനത്ത് ടി.വിയിലൂടെയുള്ള അട്ടഹാസങ്ങളും കോപ്രായങ്ങളുമാണിന്ന്. നമ്മുടെ കുട്ടികളെ നിങ്ങള്‍ ഈശ്വരമഹിമയെപ്പറ്റി ബോധവാന്മാരാക്കൂ. എത്ര മഹത്തായ വിദ്യാഭ്യാസം നേടിയാലും അവര്‍ ഈശ്വരനെ അറിയുന്നില്ലെങ്കില്‍ അവര്‍ ഒന്നും നേടാന്‍ പോകുന്നില്ല. എന്ന വാക്യം മനസ്സിലാക്കി സ്വന്തം ഗൃഹങ്ങളെ ക്ഷേത്രങ്ങളെപോലെ പരിശുദ്ധമാക്കൂ. എല്ലാ അശാന്തിക്കും സമാധാനം ഇവിടെ നിങ്ങള്‍ക്കു ലഭിക്കും. പ്രാര്‍ത്ഥന-അതു നിങ്ങളുടെ ഊന്നുവടിയാണ്. നിത്യവും പ്രാര്‍ത്ഥിക്കുക! മനശ്ശാന്തി കൈവരിക്കുക! വിശേഷിച്ചു കലിയുഗത്തില്‍ കീര്‍ത്തനത്തിനും കീര്‍ത്തനശ്രവണത്തിനും പ്രത്യേകമാഹാത്മ്യമുണ്ടെന്ന് ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഹൃദയത്തില്‍ ഭക്തി തുളിമ്പിനില്‍ക്കുന്ന ഒരുവന്‍ നല്‍കുന്ന വെറും അശുദ്ധജലംപോലും അവിടുത്തേക്ക് പ്രിയമെന്നല്ലേ ശ്രീരാമദേവന്‍ പറഞ്ഞത്. ശബരിയടെ ഉച്ഛിഷ്ടംപോലും അമൃതുപോലെ അവിടുന്നു ഭൂജിച്ചില്ലേ?!. സാക്ഷാല്‍ ഭക്തന്മാര്‍ക്ക് കൈമുതല്‍ ഭക്തിയും കരുണയും നിറഞ്ഞ മനസ്സുമാത്രം. ‘ഭക്തനു നന്നായി പ്രകാശിക്കും ആത്മാവിതു’ സിദ്ധിയും സാധനയും സാധാരണക്കാരന് അപ്രാപ്യമായിരിക്കാം. വേണമെന്നില്ല. തപോധനന്മാരായ ആചാര്യന്മാരുമായുള്ള സത്സംഗം നിങ്ങളെ ഈശ്വരനില്‍ അടുപ്പിക്കുന്നു. ആര്‍ഷഭാരതത്തില്‍ ജനിച്ച നമുക്ക് മാര്‍ഗ്ഗദര്‍ശകരായി അനേകമനേകം ആചാര്യന്മാര്‍ ഉണ്ടായിട്ടില്ലേ?. ഭക്തിക്കും മുക്തിക്കും പിന്നെ എന്തുവേണം. അവരുടെ വചനങ്ങള്‍ ശ്രവിക്കുക. സത്സംഗം തേടുക. അവരെ പൂജിക്കുക. കൈവല്യം കൈവരിക്കുക.

0 comments:

Post a Comment