Tuesday, 14 July 2015

ശ്രീ വടക്കുംനാഥ ക്ഷേത്രം , തൃശൂർ

തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി എന്നിവരാണ് പ്രധാനദേവതകൾ. ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിക്കുന്നത്
ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമൻ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവർക്ക് ആരാധന നടത്താൻ ക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണർക്ക് ആരാധന നടത്താനായി പരശുരാമൻ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. അവയിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നിൽ ഒരുഐതിഹ്യമുണ്ട്. അതിങ്ങനെ:
ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമൻ താൻ പുതുതായി നിർമ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ ആദ്യം ശിവൻ വിസമ്മതിച്ചു. പിന്നീട് പാർവ്വതീദേവി അഭ്യർത്ഥിച്ചപ്പോൾ മാത്രമാണ് ഭഗവാൻ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാർഷദന്മാരായ നന്തികേശ്വരൻ, സിംഹോദരൻ, ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാർഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവർ ഭാർഗ്ഗവഭൂമിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ പെട്ടെന്നൊരു സ്ഥലത്തുവച്ച് പെട്ടെന്ന് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമൻ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. ശിവൻ ഉടനെത്തന്നെ പാർവ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതിർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായത്. ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ആൽമരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടർന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമൻ തന്നെ ഇന്നത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകൾ കഴിച്ച അദ്ദേഹം തുടർന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിൽ അന്തർദ്ധാനം ചെയ്തു. ഇന്ന് അവിടെ പരശുരാമസ്മരണയിൽ ദീപപ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
വടക്കുംനാഥക്ഷേത്ര നിർമ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചൻറെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.. ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ വടക്കുംനാഥക്ഷേത്രം ആദിദ്രാവിഡക്ഷേത്രമായ കാവുകളിൽ ഒന്നായിരുന്നു. പിന്നീട് ബുദ്ധ-ജൈന പാരമ്പര്യം നിലനിൽക്കുകയും അതിനുശേഷം ശൈവ-വൈഷ്ണവ സ്വാധീനത്തിലമരുകയും ചെയ്തു. പാറമേക്കാവ് ഭഗവതിയും ആദ്യകാലങ്ങളിൽ ഈ ക്ഷേത്രത്തിൽ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. പഴക്കത്തിൽ കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ), ഊരകം അമ്മത്തിരുവടി ക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം എന്നിവയോളം വടക്കുംനാഥ ക്ഷേത്രത്തിനു പഴക്കമില്ല എന്നു ക്ഷേത്ര സ്തോത്രമാലയിൽ നിന്നും മനസ്സിലാവുന്നു.

ശിവപെരുമാളിന്റെ സ്ഥലം എന്നർത്ഥമുള്ള തിരു-ശിവ-പേരൂർ ആണ് തൃശ്ശിവപേരൂരും പിന്നീട് തൃശ്ശൂരും ആയിതീർന്നത്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തികൾ മൂന്നാണ്; ശ്രീപരമശിവൻ, ശ്രീരാമസ്വാമി, ശങ്കരനാരായണമൂർത്തി. ശിവപെരുമാൾ ഏറ്റവും വടക്കുഭാഗത്തും ശ്രീരാമൻ തെക്കുഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തും കുടികൊള്ളുന്നു. വടക്കുഭാഗത്തുള്ള ശിവപെരുമാൾക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം പ്രാധാന്യവും, പ്രശസ്തിയും. വടക്കേ അറ്റത്തുള്ള ശിവന്റെ പേരിൽ അറിയപ്പെട്ട ക്ഷേത്രം പിന്നീട് വടക്കുംനാഥക്ഷേത്രമായതായും കരുതുന്നു .കേരളം ശൈവാധിപത്യത്തിൽ ആയിരുന്നതിനാൽ വടക്കെ അറ്റത്ത് പ്രതിഷ്ഠിച്ച ശിവനാണ് നാഥൻ എന്നു പിന്നീട് സങ്കല്പമുണ്ടായി. “വടക്ക് നാഥൻ“ എന്ന ശൈവ സങ്കല്പം കാലാന്തരത്തിൽ വടക്കുന്നാഥൻ എന്ന പേർ നേടിക്കൊടുത്തു.

20 ഏക്കറിലധികം വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. ഇത്രയും വലിയ മതിലകം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനുമില്ല. ഗംഭീരമായ ആനപ്പള്ളമതിലാണ് ക്ഷേത്രത്തിനുചുറ്റും പണിതീർത്തിരിയ്ക്കുന്നത്. ക്ഷേത്രസങ്കേതത്തിൽ ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതിനാൽ ക്ഷീണം തോന്നുന്ന ഭക്തർക്ക് അതിന്റെ തണലിലിരുന്ന് വിശ്രമിയ്ക്കാവുന്നതാണ്. നാലുഭാഗത്തും വലിയ ഗോപുരങ്ങൾ പണിതീർത്തിട്ടുണ്ട്. അതിമനോഹരമായ നിർമ്മിതികളാണ് അവയിലെല്ലാം. നാലുഗോപുരങ്ങൾക്കും കൂറ്റൻ ആനവാതിലുകളുണ്ട്. പടിഞ്ഞാറേ ഗോപുരമാണ് അവയിൽ പ്രധാനം. ഗോപുരത്തിന് സമീപം ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നു.

പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് ഒരു ശിലയാണ്. കലിശില എന്നറിയപ്പെടുന്ന ഈ ശില ഓരോ ദിവസവും വലുതായിക്കൊണ്ടിരിയ്ക്കുകയാണെന്നും ഇത് ഗോപുരത്തോളം ഉയരം വച്ചാൽ അന്ന് ലോകം അവസാനിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതുകഴിഞ്ഞാൽ വടക്കുഭാഗത്ത് കൂത്തമ്പലം കാണാം. കേരളത്തിൽ ഇന്ന് നിലനിൽക്കുന്നവയിൽ വച്ച് ഏറ്റവും വലുതും ലക്ഷണയുക്തവുമായ കൂത്തമ്പലമാണിത്. വിശേഷദിവസങ്ങളിൽ ഇവിടെ കൂത്തും കൂടിയാട്ടവുമുണ്ടാകും. കൂത്തമ്പലത്തിലെ ശില്പങ്ങൾ വളരെ മനോഹരമായി നിർമ്മിച്ചിരിയ്ക്കുന്നു. ചെമ്പ് മേഞ്ഞ ഈ നാട്യഗൃഹത്തിന് 23½ മീറ്റർ നീളവും 17½ മീറ്റർ വീതിയുമുണ്ട്. കേരളത്തിലെ പ്രസിദ്ധരായ കൂടിയാട്ട വിദഗ്ദ്ധന്മാർ ഇവിടെ പല തവണ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.

നാലമ്പലത്തിന്റെ വലുപ്പവും വളരെ രസകരമായ ഒരു പ്രത്യേകതയാണ്. കേരളത്തിലെ ഏറ്റവും വലിയ നാലമ്പലവും ഇവിടെത്തന്നെയാണ്. നാലമ്പലത്തിന്റെ പുറംചുവരുകളെ ചുറ്റി വിളക്കുമാടം പണിതീർത്തിരിയ്ക്കുന്നു. അകത്തേയ്ക്ക് കടന്നാൽ വലിയ മൂന്ന് ശ്രീകോവിലുകൾ കാണാം. അവയിൽ വടക്കേയറ്റത്തെ ശ്രീകോവിലിൽ അനഭിമുഖമായി ശിവനും പാർവ്വതിയും, നടക്കുള്ള ശ്രീകോവിലിൽ ശങ്കരനാരായണനും, തെക്കേയറ്റത്തെ ശ്രീകോവിലിൽ ശ്രീരാമനും കുടികൊള്ളുന്നു. മൂന്ന് ശ്രീകോവിലുകളും അത്യപൂർവ്വമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. എന്നാൽ ഫലപ്രദമായ ഇടപെടലില്ലാത്തതുമൂലം അവയിൽ പലതും നാശോന്മുഖമാണ്. ഏറ്റവും വലിയ ശ്രീകോവിൽ ശിവന്റേതാണ്. മൂന്ന് ശ്രീകോവിലുകൾക്കുമുന്നിലും നമസ്കാരമണ്ഡപങ്ങളുണ്ട്. ശിവന്റെ ശ്രീകോവിലിന് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി സ്ഥിതി ചെയ്യുന്നു.

നാലമ്പലത്തിനും പ്രവേശനദ്വാരത്തിനുമിടയിൽ ഇടുങ്ങിയ ഒരു വിടവുണ്ട്. അവയിൽ ശിവന്റെ നടയ്ക്കുനേരെയുള്ള വിടവിനുസമീപമായി ഭഗവദ്വാഹനമായ നന്തിയുടെ ഒരു കൂറ്റൻ പളുങ്കുവിഗ്രഹമുണ്ട്. നന്തിയെ ഇവിടെ ഉപദേവനായി കരുതിവരുന്നു. നന്തിവിഗ്രഹത്തിന്റെ ഇരുവശത്തുമായി രണ്ട് ചുവർച്ചിത്രങ്ങളുണ്ട്. ഒന്ന്, അത്യപൂർവ്വമായ വാസുകീശയനരൂപത്തിലുള്ള ശിവനാണ്; മറ്റേത്, 20 കൈകളോടുകൂടിയ നൃത്തനാഥനും. രണ്ടിടത്തും വിശേഷാൽ പൂജകളും വിളക്കുവയ്പും നടത്തിവരുന്നു.

വടക്കുകിഴക്കുഭാഗത്ത് ഒരു വലിയ കുഴിയുണ്ട്. കാട്ടാളനായി വന്ന് തന്നെ പരീക്ഷിച്ച ശിവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ അർജുനൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ വില്ലായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിനാൽ വിൽക്കുഴിയെന്ന് പറയപ്പെടുന്നു. ഇവിടെ സ്ഥിരം ജലമുണ്ടാകും. ഏത് കടുത്ത വേനൽക്കാലത്തും ഇത് വറ്റിപ്പോകില്ല എന്നതാണ് അദ്ഭുതം. ഇവിടെ കാലുകഴുകിവേണം ക്ഷേത്രദർശനം നടത്താൻ എന്നതാണ് ആചാരം. വടക്കേഗോപുരത്തോടുചേർന്ന് ശിവന്റെ ഒരു പളുങ്കുശില്പം കാണാം. അതിനുചുറ്റും വെള്ളം പരന്നുകിടക്കുന്നു. ഭഗവാന്റെ ജടയിൽ നിന്ന് ഗംഗ ഉതിർന്നുവീഴുന്ന രൂപമാണ് ഇത്.

ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുകിഴക്കേമൂലയിലായി രണ്ട് കുളങ്ങളുണ്ട്. ഒന്ന് സൂര്യപുഷ്കരിണിയെന്നും മറ്റേത് ചന്ദ്രപുഷ്കരിണിയെന്നും അറിയപ്പെടുന്നു. രണ്ട് കുളങ്ങളും ഒരുകാലത്ത് ശോച്യാവസ്ഥയിലായിരുന്നു. ഒടുവിൽ 2015ൽ നടന്ന നവീകരണകലശത്തിന്റെ ഭാഗമായാണ് അവ വൃത്തിയാക്കിയത്. ശാന്തിക്കാരും ഭക്തരും ഈ കുളങ്ങളിൽ കുളിച്ചുവേണം ദർശനം നടത്താൻ എന്നാണ് ആചാരം. എന്നാൽ, ഇന്ന് അത് പ്രായോഗികമല്ല.
കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ലക്ഷദീപങ്ങൾ തെളിയിച്ചും പുഷ്പങ്ങളാൽ അലങ്കരിച്ചും ആഘോഷിക്കുന്ന ശിവരാത്രി ഉത്സവമാണ് ഇവിടെ പ്രധാനം. അന്ന് തൃശ്ശൂർ പൂരത്തിനു വരുന്ന ക്ഷേത്രങ്ങളിൽ നിന്ന് ദേവിദേവന്മാർ എഴുന്നള്ളിവന്ന് വടക്കുംനാഥനെ വന്ദിച്ച് മടങ്ങുന്നു. അവ പാറമേക്കാവ്, തിരുവമ്പാടി, ചെമ്പുക്കാവ്, കണിമംഗലം, ലാലൂർ, അയ്യന്തോൾ, നൈതലക്കാവ്, ചൂരക്കോട്, കാരമുക്ക്, പനേക്കമ്പിള്ളി, അശോകേശ്വരം എന്നീ ക്ഷേത്രങ്ങളിൽ നിന്നാണ്. ശിവരാത്രിയോടനുബന്ധിച്ച് രാവിലെയും വൈകുന്നേരവും 1001 കതിനവെടിയും ദിവസം മുഴുവൻ നെയ്യഭിഷേകവും നടത്താറുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ കലാപരിപാടികളുമുണ്ടാകും.

ലോക പ്രസിദ്ധമായ തൃശൂർ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക. തൃശൂർ പൂരം നാളിൽ കൈലാസനാഥനെ കണ്ട് വന്ദിക്കാൻ ചുറ്റുവട്ടത്തിൽനിന്നു ദേവിദേവന്മാർ എഴുന്നള്ളിയെത്തും. തൃശൂർ പൂരമെന്നത് പല പല ക്ഷേത്രങ്ങളിൽ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്രമൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. അതിൽ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വടക്കുന്നാഥൻ ഈ പൂരത്തിന്റെ സാക്ഷി മാത്രമാണ്. ഓരോരുത്തരും വന്നുപോകുന്നു, അത്രമാത്രം. പാറമേക്കാവ് ഭഗവതി മതിൽക്കെട്ടിനകത്തേക്ക് കടക്കുന്നതിന്റെ ഐതിഹ്യമിതാണ്:

കൊച്ചിരാജാവിന്റെ കീഴിലെ ധീരയോദ്ധാവായിരുന്ന അപ്പാട്ട് കുറുപ്പാൾ തികഞ്ഞ ദേവീഭക്തനായിരുന്നു. എല്ലാമാസവും അദ്ദേഹം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്ക് ദർശനത്തിനുപോകുമായിരുന്നു. വാർദ്ധക്യത്തെത്തുടർന്ന് അദ്ദേഹത്തിനുപോകാൻ കഴിയാതെ വരുമെന്ന അവസ്ഥ വന്നപ്പോൾ അവസാനദർശനത്തിനുശേഷം അദ്ദേഹം ഭഗവതിയോട് തന്റെ വീടിനടുത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഭക്തവത്സലയായ തിരുമാന്ധാംകുന്നിലമ്മ ആ ആവശ്യം സ്വീകരിച്ചു. തിരിച്ചെത്തിയ കുറുപ്പാൾ വടക്കുന്നാഥനെയും തൊഴുതശേഷം വടക്കുപടിഞ്ഞാറുവശത്തുള്ള ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്ന് തന്റെ കുടയുമെടുത്ത് യാത്രചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ അപ്പോഴേക്കും കുട ഉറച്ചുകഴിഞ്ഞിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ജ്യോത്സ്യന്മാർ കുടയിൽ ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തി. അവിടെ ദിവസവും വിളക്കുവച്ച് പൂജയും നടത്തിവന്നു.
കാലക്രമത്തിൽ ഭഗവതിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ഒരു ചെറുപുഴയുടെ കരയിലെ പാറയുടെ മുകളിൽ പ്രതിഷ്ഠിച്ചു. പാറയുടെ മുകളിൽ പ്രതിഷ്ഠിച്ചതിനാൽ പാറമേക്കാവ് എന്ന പേരുവന്നു. ഭഗവതിയുടെ മൂലസ്ഥാനമായതുകൊണ്ടാണ് പൂരത്തിന് മതിൽക്കെട്ടിനകത്ത് ഇലഞ്ഞിത്തറയിൽ പാണ്ടിമേളം നടത്തുന്നത്. ഹിന്ദുനിയമപ്രകാരം പാണ്ടിമേളം മതിൽക്കെട്ടിനകത്ത് നടത്താൻ പാടില്ല. കാരണം അത് ആസുരവാദ്യമാണ്. ദേവവാദ്യമായ പഞ്ചാരിമാത്രമേ പാടുള്ളൂ. എന്നാൽ സമൂഹത്തിലെ ബ്രാഹ്മണമേധാവിത്വത്തോടുള്ള പ്രതിഷേധമായാണ് നഗരപിതാവായ ശക്തൻ തമ്പുരാൻ ഇങ്ങനെ ചെയ്തത്.
തൃശ്ശുർ വടക്കുംനാഥക്ഷേത്ര ഭരണച്ചുമതല വഹിച്ചിരുന്ന നമ്പൂതിരിമാരാണ് യോഗാതിരിമാർ എന്നറിയപ്പെട്ടിരുന്നത്. കേരളത്തിൽ നമ്പൂതിരിമാർ ആധിപത്യം സ്ഥാപിച്ചതോടെ വടക്കുംനാഥൻ ക്ഷേത്രം തൃശ്ശൂർ ഗ്രാമക്കാരായ നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായി. തൃശ്ശൂർ യോഗസങ്കേതത്തിൽനിന്നും തിരഞ്ഞെടുക്കുന്നയാളായ യോഗാതിരിപ്പാടാണ് ക്ഷേത്രത്തിൻറെ ഭരണാധികാരിയായിരുന്നത്. ശക്തൻ തമ്പുരാന്റെ കാലത്തിനു മുൻപ് യോഗാതിരി അവരോധം അവസാനിപ്പിച്ചു. പിന്നീട് കൊച്ചിരാജാവ് നേരിട്ട് ക്ഷേത്രഭരണം ഏറ്റെടുക്കുകയും നിരവധി ക്ഷേത്രാചാര പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇന്ന് കൊച്ചി ദേവസ്വം ബോർഡിൻറെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.

0 comments:

Post a Comment